Sunday, 6 Oct 2024
AstroG.in

എവിടെയും എപ്പോഴും അതിവേഗം വിജയിക്കാൻ ഇതാണ് വഴി

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

വിജയവും വീര്യവും വിവേകവും നൽകി അനുഗ്രഹിക്കുന്നതാണ് ശ്രീവിനായക മന്ത്രങ്ങൾ. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത ഭഗവാനാണ് ഗണേശൻ. അതിവേഗം ഫലസിദ്ധിയേകും
എന്നതാണ് ഗണേശ മന്ത്രങ്ങളുടെ വലിയ പ്രത്യേകത.

വിവാഹം, തൊഴിൽ, ഗൃഹപ്രവേശം, നവീന സംരംഭങ്ങൾ തുടങ്ങി എന്ത് കാര്യം ആരംഭിക്കും മുൻപും ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്നത് നമ്മുടെ ശീലമാണ്. വിഘ്നങ്ങളകറ്റുന്ന വിനായകൻ എവിടെയും വിജയിക്കാൻ വേണ്ട അറിവും ബുദ്ധിയും ധൈര്യവും നൽകി അനുഗ്രഹിക്കും.

പതിവായി ജപിക്കാൻ പറ്റിയ ചില ഗണേശമന്ത്രങ്ങൾ പറയാം. ഈ മന്ത്രങ്ങൾ ജപിക്കും മുൻപ് കുളിച്ച് ശുദ്ധിയാകണം. വൃത്തിയും ശുദ്ധിയും പാലിക്കണം. തികഞ്ഞ ഏകാഗ്രതയോടെ ആവശ്യാനുസരണം ഓരോ മന്ത്രവും 108 തവണ വീതം കത്തിച്ചുവച്ച നിലവിളക്കിന് മുന്നിലിരുന്ന് എല്ലാ ദിവസവും ജപിക്കണം. നേരിടുന്ന എല്ലാ ജീവിത പ്രശ്‌നങ്ങൾക്കും എപ്പോഴും പരിഹാരമാണ് ഗണേശ സ്തുതി:

1 വക്രതുണ്ഡഗണേശ മന്ത്രം
വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിർവിഘ്‌നം കുരുമേ സ്വാഹ
സർവകാര്യേഷു സർവദാ

ഗണേശമന്ത്രങ്ങളുടെ കൂട്ടത്തിൽ അതി പ്രശസ്തമായ ഒന്നാണിത്. വളഞ്ഞ തുമ്പികൈയുള്ള ഭഗവാനെ, വലിയ ശരീരമുള്ള ഭഗവാനെ, കോടി സൂര്യന്മാരുടെ പ്രഭ ചൊരിയുന്ന ഭഗവാനെ എന്റെ എല്ലാ കർമ്മങ്ങളും എക്കാലവും തടസരഹിതമാക്കണേ – എന്നാണ് സാധകൻ ഈ മന്ത്രത്തിലൂടെ ഭഗവാനോട് പ്രാർത്ഥിക്കുന്നത്.

ജീവിതത്തിൽ നേരിടുന്ന സകല തടസങ്ങളും പതിവായുള്ള ഈ മന്ത്രജപം അകറ്റും. ഗൃഹത്തിൽ സന്തോഷവും സമാധാനവും വിജയവും കൊണ്ടുവരും. എന്ത് നല്ല കാര്യവും – നവീന സംരംഭങ്ങൾ, വിവാഹം, ഗൃഹപ്രവേശം എന്നിവ തുടങ്ങും മുൻപ് അതിന്റെ വഴിയിൽ സംഭവിക്കാവുന്ന തടസങ്ങൾ ഈ മന്ത്രജപം അകറ്റിത്തരും.

2 ഗണേശ ഗായത്രി
ഓം ഏക ദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്നോദന്തി പ്രചോദയാത്

ഒറ്റക്കൊമ്പനായ ഭഗവാനേ, എവിടെയും നിറഞ്ഞു നിൽക്കുന്ന ദേവനെ, വളഞ്ഞിരിക്കുന്ന തുമ്പിക്കൈയുള്ള മൂർത്തിയെ ഞങ്ങളുടെ ചിന്തയും ബുദ്ധിയും മനസും അറിവ്‌ നിറച്ച് പ്രകാശിപ്പിക്കണേ.

ഈ മന്ത്രജപം വിവേകം, ബുദ്ധിശക്തി, അറിവ്, വിജയം എന്നിവ പ്രദാനം ചെയ്യും. വ്യക്തികളിലുള്ള എല്ലാത്തരം ദ്വന്ദങ്ങളും പ്രതികൂലചിന്തകളും ഇത് അകറ്റിത്തരും.

3 ഗണപതിമന്ത്രം
ഓം ഗം ഗണപതയേ നമ:

ഗണേശഭഗവാന്റെ അനുഗ്രഹത്തിനായി ഞാൻ
ശിരസ് കുമ്പിടുന്നു എന്നാണ് മന്ത്രത്തിന്റെ പൊരുൾ.

നമ്മുടെ മനസിലും ശരീരത്തിലുമുള്ള എല്ലാ പ്രതികൂലതകളും ഭയവും ഈ മന്ത്രം നിരന്തരം
ജപിച്ചാൽ അകലും. ദിവസം ആരംഭിക്കും മുൻപ്
എന്നും ഇത് ജപിക്കുന്നത് ഉത്തമമാണ്.
ജ്ഞാനവും വിവേകവും ബുദ്ധിശക്തിയും തന്ന് അനുഗ്രഹിക്കുന്നതാണ് ഈ മന്ത്രം.

4 നാമാവലി ഗണേശമന്ത്രങ്ങൾ

ഭഗവാൻ ശ്രീവിനായകന്റെ നാമങ്ങൾ ആസ്പദമാക്കി ധാരാളം മന്ത്രങ്ങളുണ്ട്. ഒരോ നാമവും ഭഗവാന്റെ വ്യത്യസ്ത ഭാവങ്ങളും ഗുണങ്ങളും വ്യക്തമാക്കുന്നതാണ്. ഈ മന്ത്രങ്ങൾ ജപിക്കുന്നതിലൂടെ ഭഗവാന്റെ ആ ഗുണങ്ങൾ നമുക്കും സ്വന്തമാക്കാം.

ഓം ഗണാദ്ധ്യക്ഷായ നമ:

ഗണങ്ങളുടെ അതായത് കൂട്ടത്തിന്റെ അദ്ധ്യക്ഷൻ എന്നാണ് ഇതിന്റെ പൊരുൾ. ഒരു സംഘത്തിന്റെ നായകൻ എന്ന് പറയാം.

നേതൃഗുണം വർദ്ധിപ്പിക്കും എന്നതാണ് ഈ മന്ത്രജപത്തിന്റെ വലിയ ഗുണം. സ്വയം ശരിയായ വഴിയേ നീങ്ങാനും നമ്മുടെ ഗണത്തെ അതായത് സംഘത്തെ ശരിയായ ദിശയിൽ നയിച്ച് വിജയത്തിലെത്തിക്കാനും ഈ മന്ത്രജപം സഹായിക്കും.

 ഓം ഗജാനനായ നമ:

ഗജത്തിന്റെ ശിരസുള്ള ഭഗവാനേ എന്നാണ് ഈ മന്ത്രത്തിന്റെ സാരം. ഒരു വലിയ പാഠമാണ് ഈ മന്ത്രം പകർന്നു തരുന്നത്. അതിബലവാനായ ആനയുടെ ശിരസ് സ്വീകരിച്ചിട്ടു പോലും യാതൊരു അഹന്തയും ഇല്ലാതെ സ്വകർമ്മങ്ങളെല്ലാം ഭഗവാൻ അനുഷ്ഠിക്കുന്നു. പിന്നെ സാധാരണ മനുഷ്യർക്ക് എന്തിനാണ് ഇത്രമാത്രം അഹന്ത.

ഈ മന്ത്രജപം നമ്മെ വിനയാന്വിതരാക്കുന്നു. യാതൊരു
പ്രയോജനവും ചെയ്യാത്ത അഹന്ത ഇത് നമ്മളിൽ നിന്നും എടുത്തു കളയുന്നു.

ഓം വിഘ്‌നനാശായ നമ:

വിഘ്‌നം എന്നാൽ തടസം; നാശം നശിപ്പിക്കുന്നത് –
തന്റെ ഭക്തർ നേരിടുന്ന എല്ലാ തടസങ്ങളും തട്ടിയകറ്റി അവരുടെ ജീവിതം സുഗമമാക്കുന്നത് ഗണേശ ഭഗവാനാണ്. ഈ മന്ത്രജപം നമ്മുടെ കർമ്മങ്ങളിലെ
വിഘ്നങ്ങൾ അകറ്റിത്തരും. ജോലിയും പഠനവുമെല്ലാം അത് ലളിതമാക്കും.

ഓം ലംബോദരായ നമ:

ഉയർന്ന ഉദരം ഉള്ളവൻ എന്നാണ് ഈ മന്ത്രത്തിന്റെ അർത്ഥം. ഗണപതി ഭഗവാന്റെ ആഹാര പ്രേമവും ഉയർന്ന കുംഭയും പ്രസിദ്ധമാണ്. ഈ മന്ത്രജപം ജീവിത രസങ്ങൾ ആസ്വദിക്കാൻ നമ്മെ അനുഗ്രഹിക്കും. ആഹാരത്തോട് വിരക്തിയുള്ളവർ ഈ മന്ത്രം ജപിച്ചാൽ അതിനോട് പ്രതിപത്തി വർദ്ധിക്കും.

ഓം സുമുഖായ നമ:

പ്രസാദാത്മകമായ വദനമുള്ളവനേ എന്നാണ് ഈ മന്ത്രത്തിന്റെ അർത്ഥം. ആനയുടെ ശിരസാണ് തലയിൽ ഏറ്റിയിരിക്കുന്നതെങ്കിലും വിനയവും ശാന്തതയുമാണ് ഗണേശന്റെ മുഖപ്രസാദം.

നമ്മുടെ കുറവുകൾ ഒരിക്കലും നമ്മുടെ കർമ്മശേഷിക്ക് തടസമാകില്ല എന്ന് ഈ മന്ത്രജപം പഠിപ്പിക്കുന്നു. എന്ത് കുറവുണ്ടായാലും എളിമയുണ്ടെങ്കിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ഒരു തടസവും ഉണ്ടാകില്ല. കുറവുകൾ മറക്കാനും കഴിവുകൾ ഉദ്ദീപിപ്പിക്കാനും മികച്ച വ്യക്തിത്വമുണ്ടാക്കാനും ഈ ജപം സഹായിക്കും.

ഓം ഗജകർണ്ണകായ നമ:

ഗജം എന്നാൽ ആന. കർണ്ണം കാത്. ഗണേശഭഗവാന് ആനച്ചെവിയാണുള്ളത് – ചെറിയ ശബ്ദം പോലും പിടിച്ചെടുക്കാനും തിരിച്ചറിയാനും നല്ലതും ദോഷവും മനസിലാക്കാനും കഴിയുന്നു.

ഈ മന്ത്രജപം തിരിച്ചറിവുകൾക്ക് നമ്മെ സഹായിക്കും. എല്ലാം ശ്രദ്ധിക്കാനും ജാഗ്രതയോടെ കഴിയാനും കേൾവി ശക്തി വർദ്ധിപ്പിക്കാനും ഇത് നല്ലതാണ്.

5 ഋണഹരണമന്ത്രം
ഓം ഗണേശ ഋണം ചിന്തി
വരേണ്യം ഹും നമ: ഫട്

ഗണേശഭഗവാനെ ഞാൻ അങ്ങയോട് വളരെ കടപ്പെട്ടിരിക്കുന്നു. എനിക്കുള്ള എല്ലാ കടങ്ങളും തീർത്ത് എന്നെ ഋണമുക്തനാക്കണേ. എല്ലാ കടങ്ങളിൽ നിന്നും ഈ മന്ത്രജപം നിങ്ങളെ മോചിപ്പിക്കും. ഇത് ജീവിതത്തിൽ ധനവും ഐശ്വര്യവും സമ്മാനിക്കും. ശാന്തിയും സമാധാനവും കൊണ്ടുവരും. കേരളത്തിൽ അത്ര പ്രചാരത്തിലില്ലാത്ത ഈ മന്ത്രം ഉത്തരേന്ത്യയിൽ പ്രസിദ്ധമാണ്.

6 സിദ്ധി വിനായകമന്ത്രം
ഓം നമോ സിദ്ധി വിനായകായ
സർവകാര്യ കർതൃയേ
സർവ വിഘ്‌ന പ്രശമന്യേ
സർവജയ വശ്യകരണ്യേ
സർവജന
സർവസ്ത്രീ പുരുഷാകർഷണായ
ശ്രീം ഓം സ്വാഹ

ജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും ഭഗവാനെ, എല്ലാം സംരംഭങ്ങളും വിജയിപ്പിക്കുന്ന ദേവനെ, അങ്ങാണ് എല്ലാ തടസങ്ങളും അകറ്റുന്നത്. പ്രപഞ്ചത്തിലെ എല്ലാറ്റിലും നിറഞ്ഞിരിക്കുന്നത്. അവിടുന്നാണ്.കേരളത്തിൽ അത്ര പ്രചാരത്തിലില്ലാത്ത ഈ മന്ത്രം ഉത്തരേന്ത്യയിൽ പ്രസിദ്ധമാണ്.

ജീവിതത്തിൽ നേരിടുന്ന എല്ലാ തടസങ്ങളും ഈ മന്ത്ര ജപം അകറ്റിത്തരും. വിജയം സമ്മാനിക്കും.
വിവേകം നൽകും. ഐശ്വര്യവും സമൃദ്ധിയുമുണ്ടാകും

7 ശക്തി വിനായകമന്ത്രം
ഓം ഹ്രീം ഗ്രീം ഹ്രീം

പരമോന്നതനായ ഭഗവാന്റെ മുന്നിൽ ഞാൻ കുമ്പിടുന്നു എന്നാണ് ഈ മന്ത്രത്തിന്റെ അർത്ഥം. ഈ മന്ത്രജപം ജ്ഞാനവും ബുദ്ധിയും നൽകും. എന്ത് തടസവും പ്രശ്‌നവും നേരിടാൻ ഇത് സഹായിക്കും. മനശാന്തി നൽകും.

8 മഹാഗണപതി മന്ത്രം
ഓം ശ്രീം ഹ്രീം ക്‌ളീം
ഗ്ലൗം ഗം ഗണപതയേ
വരവരദ സർവജനം മേ
വശമാനയസ്വാഹ

എല്ലാ തടസങ്ങളും അകറ്റി ശാന്തിയും ധൈര്യവും ബുദ്ധിയും തന്ന് അനുഗ്രഹിക്കണേ എന്നാണ് ഈ പ്രാർത്ഥന.

ഈ മന്ത്രം പതിവായി ജപിക്കുന്നവർക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. ആരും ബഹുമാനിക്കും. ഭാഗ്യവും സമാധാനവും ബുദ്ധിയും ജ്ഞാനവും ലഭിക്കും. ജീവിതത്തിൽ നേരിടുന്ന എല്ലാ തടസങ്ങളും മാറും. സന്തോഷവും സമാധാനവും കൊണ്ടുവരും. അഹങ്കാരം നശിക്കും. സൽസ്വഭാവം ആർജ്ജിക്കും. ഗണപതി മന്ത്രങ്ങളിൽ ഏറ്റവും ഫലപ്രദമായ മന്ത്രമാണിത്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

error: Content is protected !!