Sunday, 24 Nov 2024
AstroG.in

എവിടെയും ജയിക്കാനും ആയുരാരോഗ്യത്തിനും ഒരു മന്ത്രം

അഗസ്ത്യമഹര്‍ഷി ശ്രീരാമചന്ദ്രന് രാവണനെ ജയിക്കാൻ  യുദ്ധവേളയിൽ ഉപദേശിച്ചു  കൊടുത്ത ദിവ്യ മന്ത്രമാണ്   ആദിത്യഹൃദയ മന്ത്രം. രാവണനുമായുള്ള ഘോര യുദ്ധത്തിനിടെ തളർന്നു പോയ ശ്രീരാമന്റെ സമീപം ഋഷീശ്വരനായ അഗസ്ത്യർ  എത്തുകയും ശത്രുക്ഷയം വരുത്തുന്നതിന് അതീവ ഫലപ്രദമായ  ആദിത്യഹൃദയ മന്ത്രം പകർന്നു കൊടുക്കുകയും ചെയ്തു. വാല്മീകി രാമായണം യുദ്ധകാണ്ഡം 105-ാം സർഗ്ഗത്തിലാണ് 14 ലോകങ്ങളെയും തന്റെ രശ്മികൾ കൊണ്ട് സദാ രക്ഷിക്കുന്ന ആദിത്യ ഭഗവാന്റെ  ഈ മന്ത്രമുള്ളത്. അഗസ്ത്യരുടെ ഉപദേശ പ്രകാരം ആദിത്യഹൃദയമന്ത്രം മൂന്ന് തവണ ജപിച്ച് ബ്രഹ്മാസ്ത്രം എയ്ത്പ്പോൾ മാത്രമാണ്  ശ്രീരാമന് രാവണനെ നിഗ്രഹിക്കുവാൻ കഴിഞ്ഞത്. ബ്രഹ്മാസ്ത്രവും അഗസ്ത്യദത്തമായിരുന്നു. 

വനവാസവേളയിൽ ശ്രീരാമചന്ദ്രൻ സീതാസമേതം ആശ്രമത്തിൽ എത്തിയപ്പോഴാണ്  വിശ്വകർമ്മാവിനാൽ നിർമ്മിതമായ വൈഷ്ണവ ചാപവും സുര്യന് സമമായ പ്രഭയുള്ള ബ്രഹ്മാസ്ത്രവും
ഒരിക്കലും ഒടുങ്ങാത്ത ശരങ്ങളുള്ള രണ്ട് ആവനാഴികളും സ്വർണ്ണാലംകൃതമായ വെള്ളിവാളും   അഗസ്ത്യർ സമ്മാനിച്ചത്. 

അത്ഭുത ശക്തിയുള്ള ഭൂലോക വിക്രമനായ രാവണനെ നിഗ്രഹിക്കുന്നതിന് സാക്ഷാല്‍ വിഷ്ണുഭഗവാന്റെ അവതാരമായ ശ്രീരാമന് സാധിച്ചത് ആദിത്യ ഹൃദയമന്ത്രം കൊണ്ടാണെന്നു പറയുമ്പോള്‍ ആ മന്ത്രത്തിന്റെ ശക്തി എത്ര വലുതാണെന്നു  മനസിലാക്കാം. എല്ലാ ദേവന്മാരിലും ഏറ്റവും പ്രാധാന്യമുള്ള ദേവനാണ്  സൂര്യഭഗവാൻ.  നവഗ്രഹ നാഥനായ സൂര്യന് ജ്യോതിഷപരമായും പ്രഥമ സ്ഥാനമാണുള്ളത്. ആദിത്യനത്രേ  മറ്റ് ഗ്രഹങ്ങളെ അതാത് സ്ഥാനങ്ങളിൽ അവരോധിച്ചത്. മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ  ഗായത്രിമന്ത്രം സൂര്യോപാസനയാണ്. രാമായണം തന്നെ സാവിത്രീ മന്ത്രസ്വരൂപമാണ്; സവിതാവ് എന്നാൽ സൂര്യൻ.  24,000 തവണ ഗായത്രി ജപിക്കുന്നതിന് തുല്യമത്രേ ഒരു  രാമായണ പാരായണം.

ധാതാവ്, അര്യമാവ്, മിത്രൻ, ശക്രൻ , വരുണൻ, അംശുമാൻ, ഭഗൻ, വിവസ്വാൻ, പുഷാവ്, സവിതാവ്, ത്വഷ്ടാവ്, വിഷ്ണു എന്നിങ്ങനെ  മൊത്തം 12 ആദിത്യന്മാരുള്ളതിൽ വിവസ്വാൻ എന്ന ആദിത്യനെയാണ് സാധാരണ സൂര്യനായി കണക്കാക്കുന്നത്.  സൂര്യൻ ഏഴ് കുതിരകളെ പുട്ടിയ രഥത്തിൽ എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. ഗരുഡ സഹോദരനായ അരുണനാണ് തേരാളി. ഗായത്രി, ബൃഹതി, ഉഷ്ണിക്, ജഗതി, ത്രിഷ്ടുപ്, അനുഷ്ടുപ്, പംക്തി എന്നിവയാണ് ഏഴ് കുതിരകൾ. ഒരോ മാസവും ഓരോ സൂര്യനാണ് എഴുന്നള്ളി വരുന്നത്.  സൂര്യന് ഛായാ ദേവിയിൽ പിറന്ന പുത്രനാണ് ശനീശ്വരൻ.  ആദിത്യനെ സംബന്ധിച്ച് പ്രാധാന്യമേറിയതും  അതീവ ദിവ്യവുമാണ് ആദിത്യഹൃദയമന്ത്രം. 

വാല്മീകി  രാമായണം മലയാളത്തിൽ തർജ്ജമ ചെയ്ത മഹാകവി വള്ളത്തോൾ ഈ മന്ത്രജപത്തിന്റെ പ്രാധാന്യം  പ്രസ്തുത കൃതിയിൽ എടുത്തു പറയുന്നുണ്ട്. എല്ലാ മംഗളങ്ങളും ചൊരിയുന്നആദിത്യഹൃദയമന്ത്രം ശത്രുവിനാശം വരുത്തുമെന്നും സർവ്വപാപവും സർവ്വശോകവും നശിപ്പിച്ച് വിജയവും ആയുരാരോഗ്യവും സമ്മാനിക്കുമെന്നും മഹാകവി രേഖപ്പെടുത്തിയിരിക്കുന്നു.

അദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിൽ രാമ – രാവണ യുദ്ധസന്ദർഭത്തിലുള്ള അഗസ്ത്യാഗമനവും ആദിത്യസ്തുതിയും എന്ന ഭാഗം തുടർച്ചയായി  28 ദിവസം രാവിലെ പാരായണം ചെയ്താൽ എവിടെയും ജയിക്കാനും ആയുരാരോഗ്യം നേടാനും സാധിക്കും. ഈ ഭാഗത്താണ്  ആദിത്യഹൃദയ മന്ത്രം. ആപത്ത്, ശത്രുദോഷം, ദൃഷ്ടിദോഷം, ഭയം എന്നിവ നീങ്ങുന്നതിനും രോഗശാന്തിക്കും പാപശാന്തിക്കും ഇത് ഗുണകരമാണ്. ആയുരാരോഗ്യ സമൃദ്ധിക്ക് ക്ഷിപ്രഫല സിദ്ധിയുള്ളതാണ് ഈ മന്ത്രമെന്ന് സാക്ഷ്യപ്പെടുത്തുന്ന അനേകം അനുഭവസ്ഥരുണ്ട്. കഴിയുമെങ്കിൽ ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു….. എന്നു തുടങ്ങുന്ന രാമ – രാവണയുദ്ധാരംഭം മുതൽ …….പൂക്കിതു  ജന്യാവലോകനം ചെയ്തു നിന്നോർകളും എന്ന് അവസാനിക്കുന്ന രാവണവധം വരെയുള്ള ഭാഗം 28 ദിവസം തുടർച്ചയായി ജപിക്കുക. ഇത്  ക്ഷിപ്രഫലം നൽകും.

ആദിത്യഹൃദയമന്ത്രം മാത്രമായി നിത്യേന ജപിക്കുന്നതും സൂര്യപ്രീതിക്ക് നല്ലതാണ്. പ്രസ്തുത ഭാഗം എല്ലാ ദിവസവും പ്രാർത്ഥനാവേളയിൽ പാരായണം ചെയ്താൽ  സൂര്യന്റെയും ശ്രീരാമന്റെയും ശിവന്റെയും അനുഗ്രഹമുണ്ടാകും. ധൈര്യവും ആത്മവിശ്വാസക്കുറവുമുള്ളവർ, ഭയമുള്ളവർ, അലസർ, എന്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നവർ, പിതൃദുരിതവും പിതാവിൽ നിന്നും ഭാഗ്യക്കുറവ് നേരിടുന്നവർ എന്നിവരുടെ ജാതകത്തിൽ സൂര്യൻ ദുർബലമായിരിക്കും. ഇവരും ചതയം, ഉത്രട്ടാതി, തിരുവാതിര, പൂയം, ചോതി, അനിഴം നക്ഷത്രങ്ങളിൽ പിറന്നവരും ശനി, രാഹു, കേതു ഗ്രഹങ്ങളുടെ ദൃഷ്ടിയോ യോഗമോ ജാതകത്തിൽ സൂര്യനുമായുള്ളവരും തുലാം, മകരം, കുംഭം രാശികളിൽ സൂര്യൻ നിൽക്കുന്നവരും ആദിത്യഹൃദയ മന്ത്ര ജപം പതിവാക്കിയാൽ നല്ലതുവരും. സൂര്യദശയിൽ ഇപ്പറഞ്ഞ കൂട്ടർ നിശ്ചയമായും ആദിത്യോപാസന നടത്തണം. ആദിത്യ പ്രീതിക്ക് പൂജിക്കേണ്ട ദേവത  ശിവനാണ് . 

ഗണപതിയെയും  സൂര്യദേവനെയും അഗസ്ത്യരെയും വാല്മീകിയെയും എഴുത്തച്ഛനെയും സ്മരിച്ച് വേണം ആദിത്യഹൃദയ മന്ത്രം ജപിക്കാൻ. ഈ മഹാ മന്ത്രത്തിന്റെ ഋഷി അഗസ്ത്യരും ഛന്ദസ് അനുഷ്ടുപ്പും  ദേവത സൂര്യനാരായണനുമാണ്.ആർക്കും ജപിക്കാവുന്ന തരത്തിൽ ലളിതവും പുണ്യപ്രദവുമായ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ 
ആദിത്യഹൃദയമന്ത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്:

ആദിത്യഹൃദയമന്ത്രം

സന്താപനാശകരായ നമോ നമ:
അന്ധകാരാന്തകരായ നമോ നമ:
ചിന്താമണേ ചിദാനന്ദായതേ  നമ:
നീഹാരനാശകരായ നമോ നമ:
മോഹവിനാശകരായ നമോ നമ:
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമ:
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമ:
സത്വപ്രധാനായ തത്ത്വായതേ നമ:
സത്യസ്വരൂപായ നിത്യം നമോ നമ:
ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ
ശത്രുക്ഷയം വരുത്തീടുക സത്വരം

error: Content is protected !!