Friday, 20 Sep 2024
AstroG.in

എവിടെയും വിജയം നേടാൻ ഹരിദ്രാഗണപതിയെ ഭജിച്ചോളൂ …

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഗണേശഭഗവാനെ കുറിച്ചുള്ള അതിപ്രാചീന ഗ്രന്ഥങ്ങളിൽ ഒന്നായ മുദ്ഗലപുരാണത്തിൽ ഭഗവാന്റെ 32 ഭാവങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അതിൽ ഒന്നാണ് ഹരിദ്രാഗണപതി. ഹരിദ്രാ എന്ന പദത്തിന്റെ അർത്ഥം മഞ്ഞൾ എന്നാണ്. സർവ്വമംഗളവും ഭാഗ്യവും ചൊരിയുന്ന ഈ ഗണേശഭഗവാനെ മഞ്ഞൾ കൊണ്ടാണ് സൃഷ്ടിക്കുന്നത്. സ്വർണ്ണ സിംഹാസനത്തിൽ ഉപവിഷ്ടനായി, സ്വർണ്ണം പോലെ ജ്വലിക്കുന്ന ഹരിദ്രാ ഗണപതി മഞ്ഞ വസ്ത്രങ്ങളാണ് അണിയുന്നത്. മൂന്ന് കണ്ണുകൾ; നാല് കരങ്ങൾ – ഈ കരങ്ങളിൽ പാശം, അങ്കുശം അതായത് കയറും തോട്ടിയും മോദകവും ഒടിഞ്ഞു പോയ സ്വന്തം കൊമ്പുമാണ് ധരിച്ചിരിക്കുന്നത്. ഈ പാശത്താലാണ് ഭഗവാൻ യഥാർത്ഥ ഭക്തരെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത്. അങ്കുശം ഉപയോഗിച്ച് അവരെ നേർവഴിക്ക് നയിക്കുന്നു. ഹരിദ്രാ ഗണപതിയെ പൂജിച്ചാൽ എവിടെയും വിജയം ലഭിക്കും. എല്ലാ കർമ്മങ്ങളിലും പ്രത്യേകിച്ച് ജോലിയിലും ഉദ്യോഗത്തിലും ശോഭിക്കും. ഏറ്റെടുക്കുന്ന ചുമതലകളെല്ലാം ഭംഗിയായി നിർവഹിക്കും. ഭൗതിക നേട്ടങ്ങളും സന്താനഭാഗ്യവും ലഭിക്കും. ഗണേശ ഭഗവാന്റെ താന്ത്രിക ഭാവമായാണ് ഹരിദ്രാഗണപതിയെ സങ്കല്പിക്കുന്നത്. സമ്പത്തിനും സന്താനഭാഗ്യത്തിനും ക്ഷേമത്തിനുമാണ് പൊതുവേ മിക്കവരും ഹരിദ്രാഗണപതി സങ്കല്പത്തിൽ വിനായകനെ ഭജിക്കുകയും കർമ്മങ്ങൾ അനുഷ്ഠിക്കുകയും
ചെയ്യുന്നത്.

ഹരിദ്രാഗണേശ രൂപം വീട്ടിൽ പണപ്പെട്ടി അതായത് ലോക്കർ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തും പൂജാമുറിയിലും സൂക്ഷിക്കുന്നത് ഐശ്വര്യപ്രദമാണ്. വ്യാപാര സ്ഥാപനങ്ങളിൽ ഹരിദ്രാഗണേശ രൂപം സൂക്ഷിക്കുന്നത് ധനവർദ്ധനയും ഭാഗ്യവും സമ്മാനിക്കും. ജാതകത്തിലെ ബുധൻ, വ്യാഴം ഗ്രഹദോഷങ്ങൾക്ക് ഉത്തമമായ പരിഹാരമാണ് ഹരിദ്രാഗണപതി ഉപാസന. ബുധ ആദിത്യ യോഗ ദോഷങ്ങൾ തീർക്കുന്നതിനും നീചഭംഗരാജയോഗ ഫലം ലഭിക്കുന്നതിനും ഈ ഭാവത്തിൽ ഗണേശാരാധന നല്ലതാണ്. എതിർപ്പുകളും വെല്ലുവിളികളും ശത്രു ദോഷവും മറികടക്കുന്നതിനും ഹരിദ്രാഗണപതിയുടെ അനുഗ്രഹം തുണയാകും. ഓം ഹരിദ്രാ ഗണപതയേ നമ:

ഹരിദ്രാഗണപതി ധ്യാനശ്ലോകം
ഹരിദ്രാഭം ചതുർബാഹും
ഹരിദ്രവദനം പ്രഭും
പാശാങ്കുശധരം ദേവം
മോദകം ദന്തമേവച
ഭക്താഭയപ്രദാതാരം
വന്ദേവിഘ്‌നവിനാശനം

ഹരിദ്രാഗണപതി മന്ത്രം
ഛന്ദസ്‌ : മദനഋഷി:
അനുഷ്ടപ് ച്ഛന്ദ:
ഹരിദ്രാഗണനായകോ ദേവതാ

ഓം ഹും ഗം ഗ്ലൗം
ഹരിദ്രാഗണപതയേ വരവരദ
സർവ്വജനഹൃദയം
സ്തംഭയ സ്തംഭയ സ്വാഹാ

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91-944 702 0655

error: Content is protected !!