ഏകാദശി, പ്രദോഷം, അമാവാസി; ഈ ആഴ്ചയിലെ നക്ഷത്ര ഫലം
(2024 ഫെബ്രുവരി 4 – 10 )
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2024 ഫെബ്രുവരി 4 ന് വിശാഖം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ഏകാദശി, പ്രദോഷം, അമാവാസി എന്നിവയാണ്. ഫെബ്രുവരി 6 ചൊവ്വാഴ്ചയാണ് മകരമാസത്തിലെ കറുത്തപക്ഷ ഏകാദശി. ഷട്തിലാ ഏകാദശി എന്ന് അറിയപ്പെടുന്ന ഈ ദിവസം പഞ്ചാമൃതത്തില്‍ എള്ള് ചേര്‍ത്ത് ഭഗവാന്‍ ശ്രീമഹാവിഷ്ണുവിന് അഭിഷേകം നടത്തുന്ന പതിവുണ്ട്. അന്ന് എള്ള് ചേര്‍ത്ത ആഹാരം കഴിക്കുകയും അത് ദാനം ചെയ്യുകയും വേണം. വൈകുണ്ഠ ലോകപ്രാപതിയാണ് മകര മാസത്തിലെ ഈ ഏകാദശിവ്രതം അനുഷ്ഠിക്കുന്നതുകൊണ്ടുള്ള ഫലം. ബുധനാഴ്ചയാണ് മകരത്തിലെ കറുത്തപക്ഷ പ്രദോഷം. ശിവപാർവതി പ്രീതിക്ക് വ്രതമെടുക്കാൻ ഉത്തമാണ് ഈ ദിവസം. അന്ന് ഉപവസിച്ച് വൈകിട്ട് പ്രദോഷപൂജയിൽ പങ്കെടുത്താൽ അഭീഷ്ടങ്ങളെല്ലാം സാധിക്കും. ശിവപഞ്ചാക്ഷരിയും മൃത്യുഞ്ജയ മന്ത്രവും ഉമാമഹേശ്വര സ്തോത്രവും ജപിക്കുന്നത് നല്ലതാണ്. 26 ന് വെള്ളിയാഴ്ചയാണ് മകരത്തിലെ അമാവാസി. ഈ ദിവസം പിതൃക്കൾക്ക് ബലിതർപ്പണം, പുരാണ പാരായണം, അന്നദാനം, തിലഹോമം ഇവ നടത്തുന്നത് നല്ലതാണ്. ഉച്ചയ്ക്കുമാത്രം ഊണ് കഴിക്കാം. രാവിലെയും, വൈകിട്ടും മിതാഹാരം ഭക്ഷിക്കുക. ഫെബ്രുവരി 10 ന് ചതയം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്ര ഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
എല്ലാ തരത്തിലുള്ള സാമ്പത്തിക ഇടപാടുകളിലും കഴിയുന്നത്ര ജാഗ്രത പാലിക്കുക. അതുമൂലം പ്രതികൂല സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി വരും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ മികച്ച ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആവശ്യമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അവിവാഹിതരുടെ വിവാഹം
നിശ്ചയിക്കാനോ പ്രണയത്തിലാകാനോ സാധ്യതയുണ്ട്. ഔദ്യോഗിക ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. മത്സര പരീക്ഷകളിൽ വിജയം അനായാസമല്ല.
ഓം ഭദ്രകാള്യൈ നമഃ നിത്യവും 108 തവണ ജപിക്കണം.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പുതിയ പലതരം നിക്ഷേപങ്ങളിലേക്ക് ആകർഷിക്കപ്പെടും. ഏതെങ്കിലും നിക്ഷേപത്തിന് മുൻപ് മുൻകരുതൽ വേണം. പങ്കാളിത്ത ബിസിനസുകളിൽ നിക്ഷേപം ഒഴിവാക്കണം. കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടും. മാനസികമായ
വിഷമങ്ങൾ നേരിടും. പങ്കാളിയെ പ്രീതിപ്പെടുത്താൻ ഇച്ഛയ്ക്ക് വിരുദ്ധമായി പലതും ചെയ്യും. ജോലിയിൽ ചില പുതിയ അവസരങ്ങൾ ലഭ്യമാകും. വിദേശ ഗുണം കിട്ടും.
ദിവസവും ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
സ്വന്തം കഴിവിൽ വിശ്വസിച്ച് പ്രവർത്തിക്കും. ആരെയും അന്ധമായി വിശ്വസിക്കരുത്. വിലപിടിപ്പുള്ള സ്വത്തുക്കൾ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. ചിന്താശേഷിയും സർഗ്ഗശേഷിയും വർദ്ധിക്കും. പുതിയതായി ഒന്നും തന്നെ പഠിക്കാനില്ല എന്ന ചിന്ത ഉപേക്ഷിക്കണം. പിതാവിന്റെ പെരുമാറ്റം അസ്വസ്ഥമാക്കും. കുടുംബത്തിൻ സമാധാനം നിലനിർത്താൻ പരുഷമായ രീതിയിലെ പ്രതികരണങ്ങൾ ഒഴിവാക്കണം. മേലുദ്യോഗസ്ഥർ പ്രശംസിക്കും. ഓം ക്ലീം കൃഷ്ണായ നമഃ എന്ന് ദിവസവും 108 തവണ ജപിക്കുക.
കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
വ്യാപാരികൾക്കും ബിസിനസുകാർക്കും ധാരാളം യാത്ര ചെയ്യേണ്ടി വരും. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പ്രതീക്ഷിച്ചതിലും വളരെ കൂടുതൽ പണം ചെലവാകും. കുടുംബത്തിൽ മംഗളകരമായ ഒരു കർമ്മം നടക്കും. പങ്കാളിക്ക് വേണ്ട പരിഗണന നൽകും. സ്നേഹം ശക്തമാകും. എതിരാളികൾ ദൗർബ്ബല്യം മുതലെടുത്ത് ഉപദ്രവിക്കാൻ സാധ്യത. കൂടപ്പിറപ്പിൽ നിന്നുള്ള പിന്തുണ ആത്മവിശ്വാസം വർദ്ധിപ്പിക്കും. വിദ്യാഭ്യാസത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കും. ഓം നമഃ ശിവായ ജപിക്കണം.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
ചെലവുകളിൽ ശ്രദ്ധയും നിയന്ത്രണവും വേണ്ടതാണ്. ശാരീരികവും മാനസികവുമായി കരുത്താർജജിക്കാൻ ധ്യാനവും യോഗയും പരിശീലിക്കേണ്ടതാണ്. സാമൂഹ്യ രംഗത്ത് പ്രശസ്തി കൈവരിക്കും. യാത്ര മാറ്റിവയ്ക്കും. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും വർദ്ധിക്കും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. മികച്ച ചില നിക്ഷേപങ്ങൾ നടത്താൻ യോഗം കാണുന്നു. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ലാഭകരമല്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കണം. നിത്യവും 108 തവണ വീതം ഓം ശരവണ ഭവഃ ജപിക്കണം.
കന്നിക്കൂറ്
( ഉത്രം 2, 3, 4 അത്തം, ചിത്തിര 1, 2 )
ആരോഗ്യകാര്യത്തിൽ സമയം നല്ലതാണ്. പുതിയൊരു നിക്ഷേപം നടത്തുകയാണെങ്കിൽ, സാമ്പത്തിക നഷ്ടം ഉണ്ടാകും. ഭൂമി, വീട്, സ്വത്ത് സംബന്ധമായ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് അനുകൂലമായി വരും. ഭാഗ്യവും
ഈശ്വരാധീനവും ഉണ്ടാകും. കുടുംബത്തിൽ സമാധാനം, സന്തോഷം എന്നിവ നിറയും. എതിർലിംഗത്തിലുള്ളവരെ സ്വാധീനിക്കാൻ കഴിയും. വ്യാപാരികൾ നിയമപരമായ രേഖകൾ ശരിയായി വായിച്ചു നോക്കതെ ഒപ്പിടരുത്. ഉന്നതവിദ്യാഭ്യാസത്തിൽ കാര്യങ്ങൾ ശുഭകരമായിരിക്കും. ദിവസവും ഓം നമോ നാരായണായ 108 ഉരു ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ധനപരവും സാമ്പത്തികവുമായ നേട്ടങ്ങൾ ഉണ്ടാകും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. അതുപോലെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ പൂർണ്ണമായും പ്രാപ്തരാകും. ആരോഗ്യത്തിലെ ഗുണപരമായ മാറ്റങ്ങൾ ജോലിസ്ഥലത്തും സാമൂഹിക ജീവിതത്തിലും ഗുണം ചെയ്യും. പൂർവ്വിക സ്വത്തിൽ നിന്ന് പെട്ടെന്നുള്ള നേട്ടങ്ങൾ ലഭിക്കും. കുടുംബജീവിതത്തിന് സമാധാനം ലഭിക്കും. വീടിന് കേടുപാടുകൾ തീർക്കും. പ്രണയ / ഭാര്യാഭർത്തൃ ബന്ധം പ്രത്യേക സാഹചര്യങ്ങൾ കാരണം വഷളാകാം. ഓം ഗം ഗണപതിയേ നമഃ ദിവസവും 108 ഉരു ജപിക്കുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
കുടുംബപ്രശ്‌നങ്ങൾ സമ്മർദ്ദത്തിലാക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ഒട്ടും അശ്രദ്ധ പാടില്ല. സ്വയം ചികിത്സിക്കുന്നത് ഒഴിവാക്കണം. സമ്പാദ്യം ഏതെങ്കിലും സ്കീമിൽ നന്നായി ചിന്തിച്ച ശേഷം നിക്ഷേപിക്കുക.
തെറ്റായ പ്രവർത്തികളിൽ നിന്നും അകന്നു നിൽക്കണം. മാതാപിതാക്കളുടെ പിൻതുണ മനോവീര്യം വർദ്ധിപ്പിക്കും.
ജോലിസ്ഥലത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. വലിയ പ്രശ്നങ്ങളിൽ ചെന്ന് പെടാൻ സാധ്യത കാണുന്നുണ്ട്.
വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ഭൂമി വാങ്ങാൻ കഴിയും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടാം. ക്ഷീണം അനുഭവപ്പെടും. മറ്റുള്ളവരിൽ നിന്ന് അകന്ന് നിൽക്കും. നിക്ഷേപങ്ങളിൽ നിന്ന് വിചാരിച്ചത്ര ലാഭമുണ്ടാകില്ല. സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. വ്യാപാരം
മെച്ചപ്പെടും. ഔദ്യോഗിക കാര്യത്തിൽ മികച്ച ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അച്ചടക്കത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി ശമ്പള വർദ്ധനവ് നേടാൻ കഴിയും. പ്രകോപനങ്ങൾക്ക് വശംവദരാകുത്.
വാഹനം മാറ്റി വാങ്ങാൻ കഴിയും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. ഓം ഹം ഹനുമതേ നമഃ ജപിക്കണം.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
മാനസിക സമ്മർദ്ദങ്ങൾ ശാരീരികമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. വരുമാനം വർദ്ധിപ്പിക്കാൻ നിരവധി അവസരങ്ങൾ കൈവരും. ജോലിസ്ഥലത്ത് നടക്കുന്ന സംഭവങ്ങൾ കുടുംബജീവിതത്തിലെ അസ്വസ്ഥതയ്ക്ക് കാരണമാകും. സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് സാധ്യത കാണുന്നു. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. സുഹൃത്തുക്കളുമായി ഒരു യാത്ര ആസൂത്രണം ചെയ്യും.
ഓം മഹാലക്ഷ്മ്യൈ നമഃ ദിവസവും 108 ഉരു ജപിക്കുക.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ഊർജ്ജസ്വലമായി പെരുമാറും. സാമ്പത്തികമായി സമയം വളരെ മികച്ചതായിരിക്കും. പഴയ ചില ഓർമ്മകൾ പുതുക്കുന്നതിന് സാഹചര്യം ഒത്ത് വരും. ദാമ്പത്യത്തിലെ പ്രശ്നങ്ങളിൽ മൂന്നാമതൊരു വ്യക്തിയെ ഇടപെടാൻ അനുവദിക്കരുത്. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും. എതിരാളികൾ ശല്യം ചെയ്യാൻ സാദ്ധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ ആരുമായും പങ്കിടരുത്. ചില കാര്യങ്ങളിൽ മടുപ്പ് ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കില്ല. ലക്ഷ്മി അഷ്ടോത്തരം എന്നും ജപിക്കണം.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
രോഗങ്ങളിൽ നിന്നും പരിപൂർണ്ണമായി മുക്തി നേടാൻ കഴിയും. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും.
പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സമയം കൂടുതൽ ശുഭകരമായിരിക്കും. പുതിയ വാഹനം,
ഭൂമി എന്നിവ സ്വന്തമാക്കാൻ കഴിയും. വിരുന്നുകളിൽ പങ്കെടുക്കും. ജോലിയും ഒഴിവുസമയവും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ പാലിക്കുക. അമിതമായി ജോലി ചെയ്യുന്നത് കുടുംബബന്ധങ്ങൾ തകർക്കുവാൻ കാരണമാകും. വിദ്യാഭ്യാസത്തിൽ മികച്ച പ്രകടനം നടത്തും. നിത്യവും ഓം ഹം ഹനുമതേ നമഃ ജപിക്കണം.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559