Sunday, 24 Nov 2024
AstroG.in

ഏകാദശി, പ്രദോഷം, നരസിംഹാവതാരം,ബുദ്ധപൂർണ്ണിമ ; ഈ ആഴ്ചത്തെ നക്ഷത്രഫലം

( 2021 ഏപ്രിൽ 30 – മേയ് 6 )

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2023 ഏപ്രിൽ 30 ന് ചിങ്ങക്കൂറിൽ മകം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ തൃശൂർ പൂരം, ഏകാദശി, പ്രദോഷം, നരസിംഹാവതാരം, ബുദ്ധപൂർണ്ണിമ, പൗർണ്ണമി എന്നിവയാണ്. ഏപ്രിൽ 30 ന് ഞായറാഴ്ചയാണ് തൃശൂർ പൂരം. തിങ്കളാഴ്ചയാണ് ഏകാദശി. മേടമാസത്തിലെ ശുക്ലപക്ഷ ഏകാദശിയെ മോഹിനി ഏകാദശി എന്ന് വിളിക്കുന്നു. അന്ന് പകൽ 3:42 മണി മുതൽ മേയ് 2 വെളുപ്പിന് 4:24 വരെയാണ് ഹരിവാസരം. ദശമിയിൽ ഒരിക്കൽ എടുത്ത് ഏകാദശി നാൾ ഉപവസിച്ച്, ഹരിവാസര വേളയിൽ വിഷ്ണു നാമജപത്തിൽ മുഴുകി, ദ്വാദശി നാൾ രാവിലെ പാരണ വിടാം. മേയ് 3 നാണ് പ്രദോഷ വ്രതം. ശിവപാർവതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന കറുത്തപക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി തിഥിയിലെ സായാഹ്ന സന്ധ്യാവേളയാണ് പ്രദോഷ പൂജ നടത്തുന്നത്. എല്ലാ ദേവതകളും ശിവ പാർവതി സവിധത്തിൽ സന്നിഹിതരാകുന്ന പ്രദോഷ പൂജയിൽ പങ്കെടുത്താൽ സർവാനുഗ്രഹങ്ങളും ലഭിക്കും. നരസിംഹാവതാര ജയന്തി ആചരണം മേയ് 4 വ്യാഴാഴ്ചയാണ്. വൈശാഖത്തിലെ ചതുർദ്ദശി ദിവസമാണ് നരസിംഹജയന്തി. ഈ ദിവസം വ്രതം എടുക്കുന്നതും ഉഗ്രം വീരം മഹാവിഷ്ണും എന്ന് തുടങ്ങുന്ന നരസിംഹ മന്ത്രം കഴിയുന്നത്ര തവണ ജപിക്കുന്നതും ശ്രേയസ്കരമാണ്. അന്ന് തന്നെയാണ് ബുദ്ധപൂർണ്ണിമയും കൂർമ്മ ജയന്തിയും പൗർണ്ണമിയും. ദേവീ പ്രീതികരമായ കർമ്മങ്ങൾക്ക് ഉത്തമമാണ് പൗർണ്ണമി നാളിലെ വ്രതവും പൂജയും. വൈശാഖത്തിലെ പൗർണ്ണമി ദിവസമാണ് വിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മ ജയന്തി. വിഷ്ണു സഹസ്രനാമ ജപം, അന്നദാനം എന്നിവയ്ക്ക് കൂർമ്മ ജയന്തി ദിവസം നല്ലതാണ്. ഒരു വിഭാഗം ഹിന്ദുക്കൾ വിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായി കരുതി ആരാധിക്കുന്ന ശ്രീ ബുദ്ധ ജയന്തിയും വൈശാഖ പൗർണ്ണമിയിൽ തന്നെയാണ് വരുന്നത്. നേപ്പാളിലും ലങ്കയിലുമെല്ലാം ബുദ്ധമത വിശ്വാസികൾ വൻ ആഘോഷത്തോടെയാണ് ബുദ്ധപൂർണ്ണിമ കൊണ്ടാടുന്നത്. വൈശാഖ പൗർണ്ണമി ഗണപതി ഭഗവാനും ദുർഗ്ഗാ ഭഗവതിക്കും വിശേഷമാണ്. 2023 മേയ് 6 ന് വൃശ്ചികക്കൂറിൽ അനിഴം നക്ഷത്രത്തിൽ വാരം അവസാനിക്കും.

ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സാമ്പത്തിക സ്ഥിതി ഭദ്രമാകും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടും. നവീന സംരംഭങ്ങൾക്ക് രൂപം നൽകും. സ്വജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. അകന്ന ബന്ധുവിൽ നിന്നും നല്ല വാർത്തകൾ കേൾക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം സംജാതമാകും. ബുദ്ധി, വിവേകം പ്രദർശിപ്പിക്കും. ആഗ്രഹങ്ങൾ തുറന്നു പറയാൻ കഴിയും. സർക്കാറിന്റെ സഹായം ലഭിക്കും. ജോലിയിൽ നിന്നും വിട്ടു നിൽക്കും. വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ഓം നമഃ ശിവായ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
മന:സമാധാനം നഷ്ടമാകും. ജീവകാരുണ്യ പ്രവർത്തനം നടത്തും. വരുമാനം വർദ്ധിപ്പിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും. പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും. കൃഷിയിൽ നിന്നും ആദായം കൂടും. സാമ്പത്തിക ക്രയവിക്രയങ്ങൾ വർദ്ധിക്കും. ഔദ്യോഗിക ജീവിതത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കും. വിവാഹം തീരുമാനിക്കും. ജീവിത പങ്കാളിയുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. നയപരമായ പെരുമാറ്റം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ എളുപ്പത്തിൽ നേരിടാൻ സഹായിക്കും. ഓം നമോ നാരായണായ ജപിക്കണം

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ സംഭവിക്കും. അതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടും. നവീനമായ പദ്ധതികൾ നടപ്പിലാക്കും. തെറ്റിദ്ധാരണ പരിഹരിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. മികച്ച നിക്ഷേപം നടത്തും. ഉന്നത വ്യക്തികൾ സഹായിക്കും. സാമൂഹ്യ രംഗത്ത് പേരും പ്രശസ്തിയും സമ്പാദിക്കും. മറ്റുള്ളവരെ സഹായിക്കും. കളത്രത്തിന്റെ നേട്ടങ്ങളിൽ അഭിമാനം തോന്നും. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടാൻ കഴിയും. മഹാവിഷ്ണുഅഷ്ടോത്തരം എല്ലാ ദിവസവും ജപിക്കുക.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ആഗ്രഹങ്ങൾ സഫലമാകും. സുപ്രധാന ചുമതലകൾ ഏറ്റെടുക്കും. കുടുംബ സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. മാതാപിതാക്കളുടെ സഹായങ്ങൾ ലഭിക്കും. പണം തൽക്കാലം ഓഹരി വിപണിയിൽ നിക്ഷേപിക്കരുത്. ഒരു കുടുംബാംഗത്തിന്റെ വിവാഹം തീരുമാനിക്കും. പുതിയ കാര്യങ്ങൾ പഠിക്കും. സൗഹൃദം ശക്തമാകും. ദാമ്പത്യത്തിൽ ഊഷ്മളത നിലനിർത്താൻ പരമാവധി ശ്രമിക്കും. തെറ്റുകൾ തിരുത്താൻ ശ്രമിക്കും. ജോലിക്കാര്യത്തിൽ സമയം വളരെ നല്ലതായിരിക്കും. അനാവശ്യമായി യാത്ര ചെയ്യേണ്ടിവരും. നിത്യവും 108 തവണ വീതം ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1)
പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ കഴിയും. ജീവിത പങ്കാളിയോട് മുമ്പത്തേതിനേക്കാൾ കൂടുതൽ താല്പര്യം /ഇഷ്ടം തോന്നും. അവരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. ഔദ്യോഗിക രംഗത്ത് പുരോഗതി കൈവരിക്കാൻ പല അവസരങ്ങൾ ലഭിക്കും. പണച്ചെലവ് നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കും. ആവശ്യപ്പെട്ടാൽ മക്കൾ മടികൂടാതെ സഹായിക്കും. അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങളുണ്ടാകും. ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കും. പേരും പ്രശസ്തിയും കൂടും. നിത്യവും 108 തവണ ഓം നമഃ ശിവായ ജപിക്കണം.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
ധനപരമായ കാര്യങ്ങളിൽ ജാഗ്രത വേണം. ആരെയും അന്ധമായി വിശ്വസിക്കുന്നത്. കുടുംബ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയുമുണ്ടാകും. ആത്മവിശ്വാസവും കാര്യക്ഷമതയും വർദ്ധിക്കും. സ്നേഹം പ്രകടിപ്പിക്കാനും തുറന്ന മനസ്സോടെ സംസാരിക്കാനും കഴിയും. ദാമ്പത്യ ബന്ധം കൂടുതൽ തിളക്കമുള്ളതാകും. ഔദ്യോഗികമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം നല്ലതായിരിക്കും. യാത്രകൾ ഒഴിവാക്കാൻ കഴിയില്ല. വാക്ക് പാലിക്കാൻ ശ്രദ്ധിക്കും. വീട്, വാഹനം എന്നിവയുടെ അറ്റകുറ്റപ്പണി നടത്തും. ഓം ക്ലീം കൃഷ്ണായ നമഃ നിത്യേന ജപിക്കുക.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ആഗ്രഹങ്ങൾ സാധിക്കും. സാമ്പത്തികമായി നേട്ടങ്ങൾ കൈവരിക്കും. കിട്ടില്ല എന്ന് കരുതിയ ധനം ലഭിക്കും. നിശ്ചയദാർഢ്യം പ്രദർശിപ്പിക്കും. ഗൃഹനിർമ്മാണം ആരംഭിക്കും. ആരോഗ്യം സംരക്ഷിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ സംരംഭങ്ങൾക്ക് ശ്രമം നടത്തും. ദാമ്പത്യത്തിൽ മറ്റുള്ളവരുടെ ഇടപെടലുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കും. പുതിയ ആശയങ്ങളിലൂടെ ഒരു പരിചയക്കാരൻ ശ്രദ്ധ ആകർഷിക്കും. ആരെയും അന്ധമായി വിശ്വസിക്കരുത്. ഓം ശ്രീം നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
കർമ്മ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. ധാരാളം അവസരങ്ങൾ ലഭിക്കും. ഭൂമി ക്രയവിക്രയങ്ങൾ നടത്തും. സഹോദരങ്ങൾ സഹായിക്കും. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. സ്ഥാനമാനങ്ങൾ കൈവരും. വിദേശ യാത്ര നടത്തും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. വീട്ടിലെ ഒരു അംഗത്തിന്റെ ആരോഗ്യനില വഷളാകും. പല വഴികളിൽ പണം സമ്പാദിക്കാൻ കഴിയും. ഉറ്റ ബന്ധുക്കളുമായുള്ള ബന്ധം പുതുക്കാൻ സാധിക്കും. ജോലിഭാരം വർദ്ധിക്കും ഏറെക്കാലമായി തീർക്കാനാകാത്ത ജോലി തീർക്കും.
നിത്യവും രാവിലെ ഓം ഗം ഗണപതയേ നമഃ ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. വിദേശ കമ്പനിയിൽ‌ ചേരാനുള്ള അവസരം ലഭിക്കും. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കഴിയും. വിവാഹ കാര്യത്തിൽ തീരുമാനമെടുക്കും. മറ്റുള്ളവർക്ക് ഉപകാരപ്രദമായ പല കാര്യങ്ങളും ചെയ്യും. തൊഴിലിൽ ചില മാറ്റങ്ങൾ വരുത്തും. സന്താനങ്ങളുടെ നേട്ടങ്ങളിൽ സന്തോഷിക്കും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. മാനസിക സമ്മർദ്ദം വർദ്ധിക്കും. പങ്കാളിയുടെ അസ്ഥിരസ്വഭാവം വിഷമിപ്പിക്കും. ചില രഹസ്യനീക്കങ്ങൾ തിരിച്ചടിയാകും. ഓം നമോ നാരായണായ ജപിക്കണം

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സംയുക്ത ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നല്ല സമയമാണ്. നിയമവിരുദ്ധ നിക്ഷേപങ്ങൾ നടത്തി അബദ്ധത്തിൽ ചെന്ന് ചാടരുത്. രോഗങ്ങളിൽ നിന്നും പൂർണ്ണമായും മോചനം നേടും. സഹോദരങ്ങൾക്ക് ജീവിതത്തിലെ എല്ലാ മേഖലകളിലും വിജയം നേടാൻ കഴിയും. ജോലി അന്വേഷിക്കുന്നവർക്ക് മികച്ച ജോലി ലഭിക്കാനും ജോലിയുള്ളവർക്ക് സ്ഥാനക്കയറ്റം കിട്ടാനും സാധ്യത കാണുന്നു. വിദൂര യാത്രകൾക്ക് പദ്ധതിയിടും. മാറ്റി വച്ച കാര്യം നടക്കും. സ്വജനങ്ങളുടെ മനസറിഞ്ഞ് പ്രവർത്തിക്കും. ഓം ഹം ഹനുമതേ നമഃ ജപിക്കണം.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
പുതിയ ബിസിനസ് ആരംഭിക്കാൻ സമയം നല്ലതാണ്.
ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. അണുബാധ
കാരണം പ്രശ്‌നങ്ങൾ നേരിടേണ്ടിവരാം. അംഗീകാരം
ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാക്കാനാകും.
സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശ്രമിക്കും.
മാനസിക പിരിമുറുക്കം വർദ്ധിക്കും. വിദേശ യാത്രയ്ക്ക്
അവസരം ലഭിക്കും. ഒരു കുടുംബാംഗത്തിന്റെ പെരുമാറ്റം അസ്വസ്ഥത സൃഷ്ടിക്കും. ശത്രുക്കളുടെ ഉപദ്രവങ്ങൾ
വർദ്ധിക്കും. വിദ്യാർത്ഥികൾക്കും സമയം മികച്ചതാണ്.
ദിവസവും 108 ഉരു വീതം ഓം ഹനുമതേ നമഃ ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
അസാദ്ധ്യമെന്ന് കരുതിയ കാര്യം സാധിക്കും. പുതിയ
പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. ജീവിതപങ്കാളിയെ
ജോലി സ്ഥലത്ത് കൊണ്ടുപോകാൻ കഴിയും. ആരോഗ്യ
പ്രശ്‌നങ്ങൾ നേരിടേണ്ടി വരില്ല. സന്താനങ്ങളുടെ
നേട്ടത്തിൽ അഭിമാനിക്കും. പൊങ്ങച്ചവും ആഡംബരവും
കുറയ്ക്കണം. പണം സമ്പാദിക്കും. സുപ്രധാന ചടങ്ങിൽ
പങ്കെടുക്കാൻ ക്ഷണം ലഭിക്കും. തെറ്റിദ്ധാരണകൾ
ഒഴിവാക്കാൻ ശ്രമിക്കണം. സംസാരിക്കുമ്പോൾ ജാഗ്രത
പുലർത്തണം. കുടുംബ ജീവിതത്തിൽ സന്തോഷകരമായ
സന്ദർഭങ്ങൾ ഉണ്ടാകും. പൂർവ്വികസ്വത്ത് കൈവശം വരും.
ദിവസവും ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 8921709017
Summary: Predictions: This week for you

error: Content is protected !!