Wednesday, 26 Jun 2024
AstroG.in

ഏകാദശി, പ്രദോഷം, പൗർണ്ണമി, ബക്രീദ്; ഈ ആഴ്ചത്തെ സമ്പൂർണ്ണ വാരഫലം

(2021 ജൂൺ 16- 22)
ജ്യോതിഷരത്നം വേണു മഹാദേവ്

2024 ജൂൺ 16 ന് കന്നിക്കൂറിൽ അത്തം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ നിർജല ഏകാദശി, പ്രദോഷ വ്രതം, സാവിത്രി വ്രതം, പൗർണ്ണമി, ബക്രീദ് എന്നിവയാണ്. ആത്മാർപ്പണത്തിന്റെ ആഘോഷമായി മുസ്ലിങ്ങൾ കൊണ്ടാടുന്ന ബലി പെരുന്നാൾ തിങ്കളാഴ്ചയാണ്. ഈദ് നമസ്കാരമാണ് ബക്രീദ് ആഘോഷത്തിലെ പ്രധാന ചടങ്ങ്. നിർജല ഏകാദശി ജൂൺ 18 ചൊവ്വാഴ്ചയാണ്. തലേന്ന് ദശമിയിൽ ഒരിക്കലെടുത്ത് പിറ്റേന്ന് ജലപാനം പോലും ഉപേക്ഷിച്ച് ഏകാദശി നോറ്റാൽ ഒരു വർഷത്തെ മുഴുവൻ ഏകാദശിയും ( 24 ) അനുഷ്ഠിച്ച ഫലം ലഭിക്കും. തലേന്ന് രാത്രി 12 മണി മുതൽ 18 ന് പകൽ 1 മണി 1 മിനിട്ട് വരെ ആണ് ഹരിവാസരം. ഐശ്വര്യവും ദീർഘായുസുമാണ് നിർജല ഏകാദശിയുടെ ഫലം. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ജലപാനം മുടക്കി വ്രതം എടുക്കരുത്. ജൂൺ 19 ബുധനാഴ്ചയാണ് പ്രദോഷം. അന്ന് വൈകിട്ടാണ് പ്രദോഷപൂജ. ശിവപാർവതി പ്രീതികരമായ പ്രദോഷ വ്രതം പൂർണ്ണ ഉപവാസത്തോടെ ആചരിക്കണം. അതിന് കഴിയാത്തവർക്ക് ഫലമൂലാദികൾ ഭക്ഷിക്കാം. വ്രതമെടുക്കുന്നവർ അന്ന് വൈകിട്ട് ഒരു മണിക്കൂർ മുൻപ് കുളിച്ച് പ്രദോഷ പൂജയിൽ പങ്കെടുക്കണം. പ്രദോഷവ്രതം നേറ്റാൽ ആരോഗ്യം, ആഗ്രഹസാഫല്യം, ധനം എന്നിവ ലഭിക്കും. വ്രതമെടുക്കുന്നവർ ഓം നമഃ ശിവായ ജപ ശേഷം ശിവ അഷ്ടോത്തരം, ശിവാഷ്ടകം, ശങ്കരധ്യാന പ്രകാരം, ഉമാമഹേശ്വര സ്തോത്രം എന്നിവ ജപിക്കുക നല്ലതാണ്. ജൂൺ 21 നാണ് വടസാവിത്രി വ്രതവും പൗർണ്ണമി വ്രതവും. സുമംഗലികളാണ് സാവിത്രി വ്രതം നോൽക്കുന്നത്. ദാമ്പത്യഭദ്രതയാണ് ഫലം. ഐശ്വര്യ പൂജയും പൗർണ്ണമി പൂജയും അന്നു തന്നെ. 2024 ജൂൺ 22 ന് പൂരാടം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ദീർഘകാല നിക്ഷേപങ്ങൾ നടത്തിയാൽ നല്ല വരുമാനം ലഭിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.
മാനസിക പിരിമുറുക്കം കുറയും. ജീവിത പങ്കാളിക്കൊപ്പം സ്നേഹപൂർവ്വം ഏറെസമയം ചെലവഴിക്കാൻ കഴിയും.
പ്രമോഷൻ ലഭിക്കാൻ സാധ്യത കാണുന്നു. ബിസിനസിൽ വിജയം നേടാൻ കഴിയും. കഠിനാധ്വാനത്തിന് നല്ല ഫലം കിട്ടും. പരീക്ഷയിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാനാകും. നിത്യവും 108 തവണ വീതം ഓം ശരവണ ഭവ: ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. സാംസ്കാരിക പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അവസരങ്ങൾ
കൂടുതൽ പ്രയോജനപ്പെടുത്തും. കുടുംബജീവിതത്തിൽ ബുദ്ധിപൂർവം ചില തീരുമാനങ്ങൾ എടുക്കും. ശരിയായ പരിചരണം നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. നിയമപരമായ രേഖകൾ ശ്രദ്ധാപൂർവം വായിക്കാതെ വ്യാപാരികൾ ഒപ്പിടരുത്. ദാമ്പത്യത്തിൽ സമയം വളരെ നല്ലതായിരിക്കും. കണ്ണിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. ദിവസവും ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കണം.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1 , 2 , 3 )
ജീവിതത്തിൽ പ്രധാനപ്പെട്ടതും ഗുണപരവുമായ ചില മാറ്റങ്ങൾ ഉണ്ടാകും. മാനസികവും ശാരീരികവുമായി ആരോഗ്യം മെച്ചപ്പെടുത്തും. ചെറിയ പരിശ്രമത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കും. സാമ്പത്തികമായി ശരാശരിയിലും നല്ല ഫലങ്ങൾ ലഭിക്കും. സമൂഹത്തിൽ നിലയും വിലയും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. പ്രമോഷൻ കിട്ടും. ഓഫീസിലെ ശത്രുക്കളും നിങ്ങളുടെ ചങ്ങാതിമാരാകും. നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം)
കുടുംബാംഗങ്ങളുമായി യാത്ര പോകാൻ ആലോചിക്കും. ധാരാളം പണം ചെലവഴിക്കും. ദിനചര്യയിൽ ആവശ്യമായ
മാറ്റം വരുത്തണം. വീട്ടിലെ അന്തരീക്ഷം പിരിമുറുക്കം കുറയ്ക്കും. ജോലിയിൽ എല്ലാം ഉത്തരവാദിത്തത്തോടെ കേന്ദ്രീകൃതമായി സംഘടിപ്പിക്കും. വിദേശ കമ്പനിയിൽ‌ ചേരാനുള്ള അവസരം കിട്ടും. ചില സന്ദർഭങ്ങളിൽ വെറും കാഴ്ചക്കാരായി നിൽക്കുകയാണ് നല്ലത് എന്ന വസ്തുത തിരിച്ചറിയും. ദാമ്പത്യം സാധാരണയേക്കാൾ നല്ലതാകും. ദിവസവും ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആരോഗ്യം വളരെധികം മെച്ചപ്പെടും. സന്തോഷകരമായ ചില വാർത്തകൾ കേൾക്കും. സാമ്പത്തികമായി ഈ സമയം വളരെ ശുഭകരമായിരിക്കും. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കുടുംബ സമാധാനം നശിപ്പിക്കും.
പങ്കാളിയുമൊത്ത് യാത്ര പോകും. കഠിനാധ്വാനത്തിന്റെ പൂർണ്ണ ഫലങ്ങൾ നേടണമെങ്കിൽ ശുഭാപ്തിവിശ്വാസം
നിലനിർത്താൻ ശ്രമിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിൽ മികച്ച ചില വിജയങ്ങൾ നേടാൻ കഴിയും. ദിവസവും ലളിതാ സഹസ്രനാമം ജപിക്കുന്നത് വളരെ നല്ലതാണ്.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ആത്മവിശ്വാസം വർദ്ധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകും. സാമ്പത്തിക ആസൂത്രണം വിജയകരമാകണമെന്നില്ല. പണം കടം വാങ്ങേണ്ടി വരും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. ഔദ്യോഗികമായി കാര്യങ്ങൾ അനുകൂലമായിരിക്കും. ഭാഗ്യം നിങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കും. എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂർത്തിയാക്കാൻ കഴിയും. വാഹനം മാറ്റി വാങ്ങും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ആരോഗ്യം മെച്ചപ്പെടും, കായിക പ്രവർത്തനങ്ങളിൽ സജീവമാകും. പണത്തിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടും. ചില ബന്ധുക്കളുമായുള്ള ബന്ധം പുതുക്കാൻ കഴിയും. ദീർഘകാലമായി മുടങ്ങിക്കിടന്ന വീട്ടുജോലികൾ പൂർത്തിയാക്കാൻ സമയം കിട്ടും. പങ്കാളിത്ത ബിസിനസ്സ് നടത്തുന്നവർക്ക് മുൻകാല നഷ്ടങ്ങൾ മറികടക്കാൻ കഴിയും. ജോലിയിൽ നല്ല സമയമായിരിക്കും. പദ്ധതികൾ ആസൂത്രണം ചെയ്യും. ബിസിനസ്സ് വിപുലീകരിക്കും. നിത്യവും ഓം ശ്രീം നമഃ 108 തവണ വീതം ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
ബിസിനസ്സ് നല്ല വിജയത്തിലേക്ക്‌ നീങ്ങും. ജോലിയിലെ നിരാശകൾ മറികടക്കാൻ കഴിയും. ഗൃഹത്തിൽ നിന്ന് മാറി നിൽക്കും. കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. വിരുന്ന് സൽക്കാരം ആസൂത്രണം ചെയ്യും. അല്ലെങ്കിൽ സുഹൃത്തുക്കളെ സന്ദർശിക്കാൻ സാധ്യത. മാനസിക സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടും. പഴയ തെറ്റുകളിൽ നിന്ന് പഠിക്കാതെ ആവർത്തിക്കും. വിദ്യാഭ്യാസത്തിൽ പ്രതികൂല ഫലങ്ങൾ നേരിടേണ്ടി വരും. സർപ്പ പ്രീതിക്ക്: ഓം കുരു കുല്ലേ ഹും ഫട് സ്വാഹ നിത്യവും ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ജീവിത പങ്കാളിയുമായി ചില കാര്യങ്ങൾ പങ്കിടാൻ കഴിയാതെ വിഷമിക്കും. സാഹചര്യങ്ങൾ മനസ്സിലാക്കി പെരുമാറാൻ സാധിക്കാതെ വരും. ഔദ്യോഗികമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് ശുഭകരമായിരിക്കും. എല്ലാ ജോലിയും ഊർജ്ജസ്വലതയോടെ ചെയ്യാൻ കഴിയും. കമ്മീഷൻ, ഡിവിഡന്റ് അല്ലെങ്കിൽ റോയൽറ്റി വഴി വൻ നേട്ടമുണ്ടാകും. കുടുംബത്തിലെ ചില അംഗങ്ങളുടെ ആരോഗ്യം മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കും. ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
വളരെക്കാലമായി കാണാൻ ആഗ്രഹിക്കുന്ന അടുത്ത ബന്ധുവിനെ കാണാനാകും. കുടുംബ പ്രശ്‌നങ്ങൾ സമ്മർദ്ദത്തിലാക്കും. ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ പാടില്ല. ദാമ്പത്യ ജീവിതത്തിൽ ഊർജ്ജസ്വലത, പുതുമ ഉണ്ടാകും. ജോലിയിൽ കാര്യങ്ങൾ പുരോഗമിക്കും. വിജയത്തിന് സഹായിച്ച എല്ലാ സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും നന്ദി പറയും. വിദ്യാഭ്യാസ രംഗത്ത് വിജയം വരിക്കും. പുതിയ കരാർ പ്രയോജനം ചെയ്യില്ല. ഓം ഹം ഹനുമതേ നമഃ ദിവസവും 100 തവണ ജപിക്കുക.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ചില സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കും. വരുമാനം വർദ്ധിക്കും. എത്ര ലാഭകരമായി കണ്ടാലും നിയമത്തിൻ്റെ സംരക്ഷണം കിട്ടാത്ത നിക്ഷേപങ്ങൾ ഒഴിവാക്കണം. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ തുടരും. വാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക. മോശം പെരുമാറ്റം ബന്ധങ്ങളെ ബാധിക്കാം. പുതിയ ജോലി ആരംഭിക്കും. നിത്യവും ഓം ഭദ്രകാള്യൈ നമഃ 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ആർഭാടം സാമ്പത്തിക ബുദ്ധിമുട്ടിന് കാരണമാകും. ഒരു അടുത്ത കുടുംബാംഗം ധനസഹായം ആവശ്യപ്പെടും. പക്ഷേ അത് നൽകാൻ കഴിയാതെ വിഷമിക്കും. പുതിയ പദ്ധതികളെല്ലാം വിജയിക്കുന്നത് ആത്മവിശ്വാസം കൂട്ടും. പ്രണയത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഒരു സുഹൃത്തിന്റെ സഹായത്തോടെ അവരെ അനുനയിപ്പിക്കാൻ കഴിയും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്ക് കൂടും. ജോലിയിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. നിത്യവും ഓം നമോ ഭഗവതേ വാസുദേവായ ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!