Monday, 8 Jul 2024
AstroG.in

ഏതു കാര്യവും സാധിക്കാൻ പാളയം
ഹനുമാൻ സ്വാമിക്ക് ഫലതാംബൂല സമർപ്പണം

വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി

അയ്യാ വൈകുണ്ഠസ്വാമിക്ക് പാലമരച്ചുവട്ടിൽ വച്ച് ഹനുമാൻസ്വാമിയുടെ ദിവ്യദർശനം ലഭിച്ച ക്ഷേത്രമാണ് തിരുവനന്തപുരത്തെ പാളയം ഒ.റ്റി.സി (ഓഫീസേഴ്സ് ട്രെയിനിംഗ് ക്യാമ്പ്) ഹനുമാൻ സ്വാമി ക്ഷേത്രം. അന്ന് ഭഗവാൻ സ്വാമിക്ക് ദർശനം നൽകിയ ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് പുരാവൃത്തം.

ജോലി ലഭിക്കുന്നതിനും ജോലിയിലും ബിസിനസിലും ഉയർച്ച നേടാനും വിവാഹം, രോഗശമനം തുടങ്ങി ഏത് വിധ സങ്കടങ്ങൾക്കും പരിഹാരത്തിനും ഈ ഹനുമാൻ
ക്ഷേത്രത്തിൽ നടത്താവുന്ന ഉത്തമമായ വഴിപാടാണ് ഫലതാംബൂല സമർപ്പണം. വെറ്റില, അടയ്ക്കാ, നാണയം, ചെറുനാരങ്ങ, പഴം ഇവ ഓരോന്നു വീതം എടുത്ത്
ഹനുമാൻ സ്വാമിയുടെ മുമ്പിൽ പ്രാർത്ഥിച്ച് 11 വലം വച്ച് സമർപ്പിക്കുന്നതാണ് ചടങ്ങ്. കാര്യസാദ്ധ്യശേഷം കളഭം, പുഷ്പാഭിഷേകം, നിത്യപൂജ, വെണ്ണമുഴുക്കാപ്പ്, വടമാല, അവൽ പന്തിരുനാഴി, ഇടിച്ചുപിഴിഞ്ഞ പായസം ഇവ ഭക്തർ സ്വന്തം ശക്തിയ്ക്കൊത്ത് നടത്തണം.

ഹനുമാൻ സ്വാമി പ്രധാന ദേവനായുള്ള കേരളത്തിലെ അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് പാളയം ഹനുമാൻ സ്വാമിക്ഷേത്രം. അഞ്ചടിയോളം ഉയരമുള്ള ആയുധങ്ങളില്ലാതെ തല അൽപ്പം ചരിച്ചുപിടിച്ച് പല്ലുകൾ പുറത്തു കാട്ടി ചിരിച്ച് ഒരുകൈ കൊണ്ട് അനുഗ്രഹം ചൊരിഞ്ഞും മറുകൈ തുടയിലൂന്നിയും നിൽക്കുന്ന ഹനുമാൻ സ്വാമിയാണ് ഇവിടുത്തെ പ്രതിഷ്ഠ. അയ്യാ വൈകുണ്ഠസ്വാമിക്ക് ദർശനം ലഭിച്ച രൂപമാണിത്.

അവൽപ്പൊതി സമർപ്പണമാണ് ഇവിടുത്തെ ഒരു പ്രധാന വഴിപാട്. അവൽ നിവേദ്യം, അപ്പം, എള്ളുനിവേദ്യം, അഷ്ടാഭിഷേകം, പഞ്ചാമൃതം, അരവണ, പുഷ്പാഞ്ജലി, നീരാജനം, വെണ്ണ, പാദുകം, പാൽപ്പായസം, ഇവയും സ്വാമിയുടെ പ്രധാന വഴിപാടുകളാണ്. നിവേദ്യങ്ങളിൽ വെണ്ണ ചേർക്കുന്നു എന്നത് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

ഹനുമാൻ സ്വാമിയുടെ മുന്നിലുള്ള ചെമ്പകമരച്ചുവട്ടിൽ തന്നെയാണ് യക്ഷിയമ്മയുടെയും ബ്രഹ്മരക്ഷസിന്റെയും സ്ഥാനം. ആൽ, പ്‌ളാവ് എന്നിവ നാലമ്പലത്തിനകത്ത് കാണുന്നതാണ് ഇവിടുത്തെ ഒരു സവിശേഷത. ഗണപതി, ശിവൻ, നാഗങ്ങൾ എന്നിവരെയും ഹനുമാൻ സ്വാമിയുടെ പ്രധാന പ്രതിഷ്ഠ കൂടാതെ ബാലഹനുമാനെയും ഇവിടെ പൂജിച്ചു വരുന്നു. ബാലഹനുമാന് ഭക്തർക്ക് നേരിട്ട് കുങ്കുമം, വെറ്റിലമാല, ഇവ ചാർത്തുന്നതിനും നാമലിഖിത സമർപ്പണം നടത്തുന്നതിനും സൗകര്യമുണ്ട്. നിരവധി ഭക്തർ ബാലഹനുമാനെ തന്റെ ഗൃഹത്തിലെ അംഗമായി കരുതിപ്പോരുന്നു.

ഹനുമാൻസ്വാമിക്കും ഗണപതിക്കുമെല്ലാം വഴിപാടുകൾ നടത്തി സ്വാമിക്ക് പിന്നിൽ നാരങ്ങാദീപവും തെളിച്ച് ബാലഹനുമാന് സമർപ്പണവും നടത്തിയാൽ ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ഉറപ്പാണെന്ന് ഭക്തർ വിശ്വാസിക്കുന്നു.

വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി

9447384985, 9605002047

(പാളയം ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ മുൻപ് മേൽശാന്തിയായിരുന്നു ലേഖകൻ)

Story Summary: Phala Thamboola Samarppanam: A rare offering at Palayam Hanuman Swamy Temple

error: Content is protected !!