Monday, 23 Sep 2024
AstroG.in

ഏത് വിഷമത്തിനും പോംവഴി ഹനുമദ് പ്രീതി

ശ്രീരാമദേവൻ കഴിഞ്ഞേ ആഞ്ജനേയന് മറ്റ് എന്തു മുള്ളു. രാമഭക്തിയുടെ അവസാനവാക്കാണ്  മാരുതി ദേവൻ. ശ്രീരാമനോട് ഹനുമാൻ കാട്ടിയ   ഭക്തിയിൽ  സന്തോഷവതിയായി സീതാദേവിയാണ്  ഹനുമാനെ ചിരഞ്ജീവിയാകാൻ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം  ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം. നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും  വേദനകളും  അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരികക്‌ളേശങ്ങളും മാറും. മന്ത്രജപം, നാമജപം, രാമായണപാരായണം എന്നിവയിലൂടെ ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താം.

വെറ്റിലമാല, സിന്ദൂരംചാര്‍ത്തല്‍, വടമാല
വെണ്ണചാര്‍ത്തല്‍,  എന്നിവയാണ് ഹനുമാനുള്ള  പ്രധാന വഴിപാടുകള്‍.

രാമദൂതുമായി ലങ്കയിലെത്തിയ ഹനുമാന്‍ സ്വാമി,  തന്റെ ഭഗവാന്‍ എത്രയും പെട്ടെന്ന് വന്ന് ദേവിയെ മോചിപ്പിക്കുമെന്ന് അറിയിച്ചു. ഇത്  കേട്ട് സന്തോഷവതിയായ ദേവി അടുത്തു കണ്ട വെറ്റില  പറിച്ച് ഹനുമാന്റെ ശിരസ്സില്‍ വച്ച്  നീ ചിരഞ്ജീവി ആയി ഇരിക്കട്ടെ എന്നു അനുഗ്രഹിച്ചു.  ഭക്തര്‍ ഓരോ തവണ വെറ്റില ചാര്‍ത്തുമ്പോഴും ഹനുമാന്‍ ഈ സംഭവം ഓര്‍ത്ത് ആഹ്‌ളാദിക്കുമെന്ന്  വിശ്വാസം. അങ്ങനെ ഹനുമാനെ പ്രസാദിപ്പിച്ച് ദുരിതമോചനവും  ജീവിത വിജയവും നേടാനാണ് ഭക്തര്‍ വെറ്റിലമാല അണിയിക്കുന്നത്.


സീതാദേവി  നെറ്റിയില്‍ സിന്ദൂരമിട്ടിരിക്കുന്നത് കണ്ട്  അതെന്തിനുവേണ്ടിയാണെന്ന് ഒരിക്കല്‍ ഹനുമാന്‍ ആരാഞ്ഞു. തന്റെ ഭര്‍ത്താവ് ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാന്‍വേണ്ടി എന്ന്  ദേവി പറഞ്ഞു. ഇതുകേട്ടതും  ഹനുമാന്‍ സ്വന്തം ശരീരം മുഴുവന്‍ സിന്ദൂരം വാരി പൂശി.  മിക്ക ഹനുമാന്‍ ക്ഷേത്രങ്ങളിലും അഭിഷേകത്തിനും പൂജയ്ക്കും ശേഷം വിഗ്രഹത്തില്‍ എണ്ണ തേച്ച് സിന്ദൂരം പൂശാറുണ്ട്. ഈ സിന്ദൂരം ഭക്തര്‍നെറ്റിയില്‍ തൊടും. ദീര്‍ഘായുസ്സാണ് ഹനുമാന്റെ സിന്ദൂര പ്രസാദം തൊടുന്നതിന്റെ ഫലം.തിരുവനന്തപുരം പാളയം ഹനുമാൻ ക്ഷേത്രത്തിലെപ്പോലെ ചില  ഹനുമാന്‍ കോവിലുകളിൽ  ഭക്തര്‍ക്ക് നേരിട്ട് സിന്ദൂരം ചാര്‍ത്താന്‍ ഒരു കൊച്ചു ഹനുമാന്‍ പ്രതിമയുണ്ടാകും. 

വെണ്ണചാര്‍ത്തി ഹനുമാനെ പൂജിക്കുന്നത് ഏറെ വിശേഷപ്പെട്ട വഴിപാടാണ്. വെണ്ണ ഉരുകും പോലെ ഹനുമാന്‍ സ്വാമിയുടെ  മനസ്‌ രാമനാമ ജപത്തില്‍ അലിയും. തണുപ്പേകുന്ന വെണ്ണ ഉഷ്ണം ബാധിച്ച ഭഗവത് ശരീരത്തെ തണുപ്പിക്കും. അതിനാല്‍ ഹനുമാന്‍ സ്വാമിയുടെ ശരീരത്തിന് കുളിര്‍മയേകാനാണ് വെണ്ണ ചാര്‍ത്തുന്നത്. ഇങ്ങനെ ആരാധിക്കുന്ന ഭക്തരെ ദു:ഖദുരിതങ്ങളായ ഉഷ്ണങ്ങളില്‍ നിന്നും ഹനുമാന്‍ സ്വാമി മോചിപ്പിക്കും. 

തനിക്ക് എന്ത് കിട്ടിയാലും അതില്‍ രാമനുണ്ടോ എന്ന് പരിശോധിക്കുക ആഞ്ജനേയന്റെ ശീലമാണ്. ഒരിക്കല്‍ സീതാദേവി സമ്മാനിച്ച  മുത്തുമാല ചവച്ചരച്ചിട്ട്  അതില്‍ രാമസുഖം ഇല്ല എന്നു പറഞ്ഞ് ഹനുമാന്‍ മാല  പൊട്ടിച്ച് എറിഞ്ഞെന്ന് ഒരു കഥയുണ്ട്. ഭക്തര്‍ രാമനാമം ജപിച്ച് ഭക്തിപൂര്‍വ്വം തനിക്ക് സമര്‍പ്പിക്കുന്ന വടമാല ഹനുമാന്‍സ്വാമി  അതുപോലെ  രുചിച്ചു നോക്കുകയും ഭക്തരില്‍ പ്രസാദിക്കുകയും ചെയ്യുന്നു എന്നാണ്  വിശ്വാസം. 


ഹനുമാന്റെ മുന്നില്‍ നിന്ന് ശ്രീരാമജയം എന്ന് പ്രാര്‍ത്ഥിച്ചാല്‍ എന്ത് വിഷമത്തിനും പോംവഴി കാണാം.

error: Content is protected !!