Sunday, 6 Oct 2024
AstroG.in

ഏറ്റവും അധികം ധാര നടക്കുന്ന ശ്രീകണ്ഠേശ്വരന്റെ അത്ഭുതങ്ങൾ

അത്ഭുതകരമായ സിദ്ധിവിശേഷങ്ങളും ഫലദാന ശേഷിയുമുള്ള മൂർത്തിയാണ് തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തപ്പൻ. കേരളത്തിൽ ശിവഭഗവാന് ഏറ്റവും കൂടുതൽ ധാര നടക്കുന്ന സന്നിധിയാണ് ഇത്. വൃത്താകൃതിയിലാണ് ശ്രീ കാേവിൽ. ഗർഭഗൃഹം സദാ നനവോടെ ഇരിക്കുന്ന ക്ഷേത്രം എന്നാണ് ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തെ ഇവിടുത്തെ നമ്പിമാർ വിശേഷിപ്പിക്കുന്നത്. മാർത്താണ്ഡ വർമ്മ മഹാരാജാവ് പള്ളിവാൾ ശ്രീപത്മനാഭന് അടിയറ വച്ച് സ്വയം ഭഗവാന്റെ ദാസനായതിനെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇവിടെ ഓരോ നമ്പിമാരും മഹാദേവനെ പരിചരിക്കുന്ന ചുമതല ഏറ്റെടുക്കുന്നത്. പുറപ്പെടാ ശാന്തിമാരാണ് അവർ. അതു കൊണ്ട് തന്നെ ഇവിടെ ഭഗവാന് നടത്തുന്ന ഓരോ പൂജയും നമ്പിമാർ ഏറ്റവും മനസ്സർപ്പിച്ചു തന്നെയാണ് നടത്തുന്നത്.

ആശ്ചര്യകരമായ ശുഭാനുഭവങ്ങൾ തന്റെ ഭക്തർക്ക് സമ്മാനിക്കുന്ന ശ്രീകണ്ഠേശ്വരന് ഏറ്റവും ഇഷ്ടം ജലധാരയാണ്. കേവലം ഒരു ജലധാര നടത്തിയാൽ ഭഗവാൻ സംപ്രീതനാകും. പുലർച്ചെ നാലു മണി മുതൽ ഉച്ചയ്ക്ക് നട അടയ്ക്കുന്ന പതിനൊന്നര മണി വരെയും തുടർച്ചയായി ധാര നടക്കുന്നു എന്ന പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഫലസിദ്ധിയുള്ളതുമായ വഴിപാടും ജലധാരയാണ്. ഇതിൽ തന്നെ 108 കുടം ജലധാരയ്ക്കാണ് കൂടുതൽ ഫലപ്രാപ്തി. ക്ഷീരധാരയും ജലധാര പോലെ തന്നെ പ്രധാനമാണിവിടെ. എപ്പോഴും ധാര നടത്തുന്നതിലൂടെ ഭഗവാന്റെ രൗദ്രത കുറയും. തണുത്ത്, ശാന്തനായി മാറും. ഈ സമയത്ത് ഭക്തരുടെ അപേക്ഷകളെല്ലാം സാധിച്ചു കൊടുക്കും – ഇങ്ങനെയാണ് വിശ്വാസം.

പുരാതന കേരളത്തിലെ 108 ശിവാലയങ്ങളിൽ ഒന്നാണിത്. സ്വയം ഭൂസങ്കല്പത്തിലാണ് പ്രതിഷ്ഠ. കിഴക്ക് ദർശനം. ഭഗവാന്റെ രൗദ്രതയ്ക്ക് കുറവ് വരുത്താനാണ് ക്ഷേത്രത്തിനു മുന്നിൽ വിസ്താരമേറിയ തീർത്ഥം നിർമ്മിച്ചിരിക്കുന്നത്. ഈ കുളം ജാതകുണ്ഡ തീർത്ഥം എന്ന് അറിയപ്പെടുന്നു. നിത്യേന 5 പൂജകൾ: ഉഷ പൂജ, എതൃത്തു പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ. ഉച്ച പൂജയ്ക്ക് എട്ടു കൂട്ടം വിഭവങ്ങളോടെയാണ് നിവേദ്യം – തോരൻ, പരിപ്പ്, മോര്, ശർക്കരപ്പായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി എന്നിവയാണ് നിവേദ്യച്ചോറിനൊപ്പമുള്ള വിഭവങ്ങൾ. ഇത് എട്ട് കുഴിയുള്ള കിണ്ണത്തിലാണ് ഭഗവാന് നേദിക്കുക. അത്താഴപൂജയുടെ ഭാഗമായി ക്ഷേത്രത്തിൽ നിത്യേന ഭജനയുണ്ട്. ശിവഭജനയും ഹരിനാമകീർത്തനവും പതിവാണ്. ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ , നാഗരാജാവ്, ഹനുമാൻ, സുബ്രഹ്മണ്യൻ എന്നിവർ ദേവതമാരാണ്. ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് ദുർഗ്ഗാ സന്നിധിയുണ്ട്.

ധനു മാസത്തിൽ തിരുവാതിര ആറാട്ടായി 10 ദിവസത്തെ ഉത്സവവും ശിവരാത്രിയുമാണ് പ്രധാന വിശേഷങ്ങൾ. ശിവരാത്രിക്ക് 24 മണിക്കൂറും ഘൃതധാര നടക്കുന്നു. അന്ന് പുലർച്ചെ മുതൽ പിറ്റേന്ന് പുലർച്ചെ വരെയാണ് നെയ്യ് ധാര. ഈ ദിവസം മറ്റ് ധാരകളൊന്നും നടത്തില്ല.

മൂന്ന് സങ്കല്പത്തിലാണ് ഭഗവാൻ ശ്രീകണ്ഠേശ്വരത്ത് കുടികൊള്ളുന്നത്. വെളുപ്പിന് നാലു മണി മുതൽ പതിനൊന്നര വരെ പാർവതീ സമേതനായാണ് അനുഗ്രഹിക്കുന്നത്. പതിനൊന്നര മുതൽ വെെകിട്ട് 6 വരെ ദക്ഷിണാമൂർത്തി ഭാവത്തിലായിരിക്കും.
വൈകിട്ട് 6 മണി കഴിഞ്ഞാൽ നടരാജ സങ്കല്പത്തിലാണ് പൂജകൾ. സന്ധ്യാവേളയിൽ നടേശാലങ്കാരത്തിലാണ് ദീപാരാധന. നടേശാലങ്കാരം നേർച്ചയായാണ് നടത്തുന്നത്. ഒരു വർഷം മുൻപ് ഇതിന്റെ ബുക്കിംഗ് പൂർത്തിയാകും. ഭഗവാന് ഇവിടെ സങ്കല്പം മൂന്നാണെങ്കിലും പൂജകൾ ഒന്നു തന്നെയാണ്. എന്നാൽ ഈ ഓരോ സമയത്തും ഭഗവാനെ വണങ്ങി അഭീഷ്ട സിദ്ധിക്ക് പ്രാർത്ഥിച്ചാൽ ആ ആഗ്രഹം തീർച്ചയായും സഫലമാകും എന്നത് അനുഭവ സാക്ഷ്യം.

ശ്രീകണ്ഠേശ്വരത്തെ നിർമ്മാല്യ ദർശനം പ്രസിദ്ധമാണ്. 41 ദിവസം വെളുപ്പിന് ഇവിടെ നിർമ്മാല്യം തൊഴുതാൽ നടക്കാത്തതായി ഒന്നുമില്ലെന്നാണ് ഭക്തരുടെ വിശ്വാസം. ഈ നിർമ്മാല്യ ദർശനത്തിന് വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നു വരെ ഭക്തർ ഇവിടെ എത്തി ഭജനം പാർക്കാറുണ്ട്.

മൃത്യുഞ്ജയ ഹോമമാണ് ശ്രീകണ്ഠേശ്വരത്തെ മറ്റാെരു പ്രധാന വഴിപാട്. എല്ലാ ദിവസവും മൃത്യുഞ്ജയ ഹോമം രാവിലെ പത്തു മണിയോടെ ഇവിടെ നടത്താറുണ്ട്. രോഗതീവ്രതയാൽ വിഷമിക്കുന്ന ധാരാളം രോഗികളും ബന്ധുക്കളും ഇവിടെയെത്തി മൃത്യുഞ്ജയ ഹോമം നടത്തുന്നു. ശ്രീകണ്ഠേശ്വരന്റെ അനുഗ്രഹത്താൽ രോഗതീവ്രത കുറയുകയോ രോഗം തന്നെ മാറുകയോ ചെയ്യുമെന്നതിനും ധാരാളം അനുഭവങ്ങൾ ഉണ്ട്.

പുഷ്പാഭിഷേകം പതിവുള്ള ക്ഷേത്രം എന്നതും ശ്രീകണ്ഠേശ്വരത്തെ ശ്രദ്ധേയമാക്കുന്നു. പുഷ്പാഭിഷേകത്തിൽ പ്രധാനം എരുക്കാണ്. എരുക്കിൻ പൂവിന് കടുത്ത ചൂടാണ്. പുഷ്പാഭിഷേകത്തിന്റെ പിറ്റേന്ന് രാവിലെ അതേ വഴിപാട് കാരന്റെ പേരിൽ ക്ഷീര ധാര നടത്തുന്ന പതിവും ക്ഷേത്രത്തിലുണ്ട്.

ഋഷഭവാഹനത്തിൽ ശ്രീകണ്ഠേശ്വരന്റെ എഴുന്നള്ളത്ത് നടക്കുന്നു എന്നതാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. അപൂർവം ക്ഷേത്രങ്ങളിലേ ഈ പതിവുള്ളൂ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള ക്ഷേത്രത്തിന്റെ തന്ത്രം വഞ്ചിയൂർ അത്തിയറ മഠത്തിന് ആണ് .

പി.എം. ബിനുകുമാർ
+91 9447694053

Summary: Sreekanteswaram Mahadeva Temple: Festivals, Main offerings and Deities

1 thought on “ഏറ്റവും അധികം ധാര നടക്കുന്ന ശ്രീകണ്ഠേശ്വരന്റെ അത്ഭുതങ്ങൾ

  1. ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ

Comments are closed.

error: Content is protected !!