Thursday, 9 May 2024
AstroG.in

ഏറ്റുമാനൂരപ്പന് ഞായറാഴ്ച കൊടിയേറ്റ്; ഏഴരപ്പൊന്നാന കാഴ്ച ഐശ്വര്യദായകം

മംഗള ഗൗരി
ഏറ്റുമാനൂരപ്പൻ്റെ തിരുവുത്സവത്തിന് 2024 ഫെബ്രുവരി 11 ഞായറാഴ്ച കൊടിയേറും. ഏഴരപ്പൊന്നാന എഴുന്നള്ളത്ത് 2024 ഫെബ്രുവരി 18 ഞായറാഴ്ച നടക്കും. ആറാട്ട് 20 ന് ചൊവ്വാഴ്ചയാണ്.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ അത്യപൂർവ്വമായ കാഴ്ചയാണ് ഏഴരപ്പെന്നാന ദർശനം. എട്ടാം ഉത്സവമായ കുംഭത്തിലെ രോഹിണി നാളിൽ ഏഴരപ്പൊന്നാന ദർശനം നടക്കും. അർദ്ധരാത്രി മതിൽക്കകത്ത് പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ എഴുന്നള്ളിയാണ് ഏഴരപ്പെന്നാന ദർശനം നൽകിയിരിക്കുന്നത്.

ഏഴ് വലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിലുള്ള പൂർണ്ണരൂപത്തിലെ പ്രതിമകളാണ് ഏഴരപ്പൊന്നാന. പ്ലാവിൻ നിർമ്മിച്ച ഈ ആനകളെ എട്ടര മാറ്റുള്ള സ്വർണ്ണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയും ഉയരം വരും. ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. വാമനൻ ചെറുതാകയാൽ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ. ഈ അര പൊന്നാന പുറത്താണ് ഭഗവാൻ ആസ്ഥാന മണ്ഡപത്തിൽ ഇരിക്കുന്നത് .

മലയാള വർഷം 929-ൽ തിരുവതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ വടക്കുംകൂർ രാജ്യം ആക്രമിച്ചപ്പോൾ ഏറ്റുമാനൂർ ക്ഷേത്രം സ്വത്തുകൾക്കും സങ്കേതത്തിനും ധാരാളം നാശനഷ്ടങ്ങൾ സംഭവിച്ചു. തിരുവതാംകൂർ സൈന്യം ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ കടന്ന് അവിടുത്തെ പുരയിടങ്ങളിലെ കായ്ഫലമുള്ള എല്ലാ വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും ചെയ്തു. ഇതേതുടർന്ന് ഏറ്റുമാനൂരപ്പന്റെ അനിഷ്ടം കാരണം മഹാരാജവിനും കുടുംബത്തിനും പലവിധ അനർത്ഥങ്ങളും കഷ്ടപ്പാടുകളുമുണ്ടായി. ഇതിനെല്ലാം പ്രായശ്ചിത്തമായി മഹാരാജാവ് നടയ്ക്കു വച്ചതാണ് ഈ ഏഴരപ്പൊന്നാനകൾ.

ഏഴ് ആനകൾക്ക് ഓരോ തുലാം സ്വർണ്ണം വീതവും അര ആനയ്ക്ക് ഏകദേശം അര തുലാം സ്വർണ്ണവുമാണ് ഉപയോഗിച്ചിരിക്കുന്നത്. മൊത്തം ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വച്ചു എന്നാണ് കരുതുന്നത്. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നേർച്ച പ്രകാരമുള്ള ഈ പ്രായശ്ചിത്തച്ചാർത്തിന്റെ
രേഖകൾ ഇപ്പോഴും ദേവസ്വത്തിലുണ്ട്. എന്നാൽ നേർച്ച വഴിപാട് നടത്തുന്നതിന് മുമ്പ് 973 ൽ മാർത്താണ്ഡവർമ്മ നാടുനീങ്ങിയതിനാൽ അനന്തരം രാജ്യം ഭരിച്ച ധർമ്മരാജ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിനാണ് ഈ വഴിപാട് കഴിക്കാൻ ഭാഗ്യം ലഭിച്ചത്. കൊല്ലവർഷം 934 -ാം ആണ്ട് ഇടവം 12 ന് വെള്ളിയാഴ്ച ശുഭ മുഹൂർത്തത്തിൽ ഇവയെല്ലാം നടയ്ക്ക് വച്ചു. ഇതിൽ പഴുക്കാക്കുല മാത്രം ധർമ്മരാജവിന്റെ സമർപ്പണമാണ്. ഇതിന് പുറമേ മാണിക്യമംഗലം ദേശം മഹാരാജാവ് ക്ഷേത്രത്തിന് വിട്ടു കൊടുക്കുകയും ചെയ്തു.

വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് ഭക്തർക്ക് ഏഴരപ്പൊന്നാന ദർശനം ലഭിക്കുക. അന്ന് മാത്രമാണ് ഇത് പുറത്തെടുക്കുക. ക്ഷേത്രമണ്ഡപത്തിൽ അർദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം നടത്തുന്നത്. പൊന്നാനകളെ ദർശിച്ച് വലിയ കാണിക്ക അർപ്പിച്ച് ഏറ്റുമാനൂരപ്പനെ പ്രണമിക്കാൻ ആയിരങ്ങൾ അന്ന് ക്ഷേത്രത്തിലെത്തും. ഏഴരപ്പൊന്നാന ദർശനത്തിലൂടെ സർവ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളിൽ അർദ്ധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ് വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദർഭത്തിൽ അഷ്ടദിഗ്ഗജങ്ങളാൽ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് എത്താറുള്ളത്. ഏഴരപ്പൊന്നാന ദർശനത്തിനു മുന്നോടിയായി തങ്കത്തിൽ തീർത്ത കുട തലേന്ന് വൈകിട്ട് നടക്കുന്ന സേവയിൽ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവദിവസങ്ങളിൽ ഏഴരപൊന്നാനയെ ദർശനത്തിന് പുറത്തെടുക്കാറുണ്ട്. അര പൊന്നനയെ വിഷുദിവസം ദർശനത്തിന് വയ്ക്കും.

ഏഴരപൊന്നാനയെ കൂടാതെ, രത്നഅലക്കുകളുള്ള പൊന്നിൻകുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കൽ നാഗസ്വരം, സ്വർണവിളക്ക്, സ്വർണകുടങ്ങൾ, സ്വർണനാണയങ്ങൾ എന്നിവയടങ്ങായ വിശേഷ ശേഖരം ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.

Story Summary: Ettumanoor Mahadeva Temple Festival 2024: Significance, History and Benefits of Ezhara Ponnana Dershanam


error: Content is protected !!