Sunday, 6 Oct 2024
AstroG.in

ഏറ്റുമാനൂരപ്പൻ സർവാഭീഷ്ടദായകൻ ; ഉൽസവബലി ദർശനം മഹാപുണ്യം

സർവാഭീഷ്ടദായകനായ അഘോരമൂർത്തി തിരു ഏറ്റുമാനൂരപ്പന്റെ ഈ വർഷത്തെ ഉത്സവബലി തുടങ്ങി. വെള്ളിയാഴ്ച മുതൽ എട്ടു ദിവസം തുടർച്ചയായി ഉത്സവബലി ഉണ്ടാകും. ഇതിനിടയിൽ 2022 മാർച്ച് 10 നാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം.

ചിദംബരത്ത് തപസ്‌ ചെയ്ത ഖരമഹർഷിക്ക് മൂന്നു ശിവലിംഗങ്ങൾ ലഭിച്ചു. അത് മൂന്നിടത്തായി പ്രതിഷ്ഠിച്ചതാണ് വൈക്കം, ഏറ്റുമാനൂർ, കടത്തുരുത്തി ക്ഷേത്രങ്ങൾ. വലതുകൈയിലെ ശിവലിംഗം വൈക്കത്തും ഇടതുകൈയിലെ ശിവലിംഗം ഏറ്റുമാനൂരും കഴുത്തിൽ ഇറുക്കി പിടിച്ചത് കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചത്രേ. വൈക്കത്ത് പ്രഭാതത്തിൽ ദക്ഷിണാമൂർത്തിയും ഉച്ചയ്ക്ക് കിരാതമൂർത്തിയും വൈകിട്ട് പാർവ്വതീസമ്മേതനായ സാംബശിവനുമാണ് സങ്കല്പം. ഏറ്റുമാനൂരിൽ ഭഗവാൻ ആഘോരമൂർത്തിയാണ്. തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ സമർപ്പിച്ച ഏഴരപൊന്നാന ഏറ്റുമാനൂരിലെ വൈശിഷ്ട്യമാണ്. ഖരമഹർഷി കഴുത്തിൽ ഇറുക്കിപ്പിടിച്ചു വിഗ്രഹം പ്രതിഷ്ഠിച്ചതു കൊണ്ടാണ് കടുത്തുരുത്തി എന്ന പേരുണ്ടായതെന്ന് കരുതുന്നു. കടുത്തുരുത്തിയിൽ ഉപദേവതമാരായി വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനുമുണ്ട്. ഈ മൂന്ന് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യപ്രദമാണ്. ഉൽസവബലിക്ക് ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രമാണ് ഏറ്റുമാനൂർ. 2046 വരെയുള്ള ഉൽസവബലിയുടെ ബുക്കിഗ് കഴിഞ്ഞു. വർഷത്തിൽ എട്ട് ഉൽസവബലി മാത്രമാണ് ക്ഷേത്രത്തിലുള്ളത്. രണ്ടാം ഉൽസവം മുതൽ ഒൻപതാം ഉൽസവം വരെയാണ് അത്.

2022 മാർച്ച് 3 വ്യാഴാഴ്ച ഉത്സവ കൊടിയേറ്റ് നടന്ന ഏറ്റുമാനൂരിൽ വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ആദ്യ ഉത്സവബലി നടന്നത്. ഉത്സവബലിയുടെ ചടങ്ങുകൾ ഇങ്ങനെ: രാവിലത്തെ ആനപ്പുറത്ത് ശീവേലി പത്ത് മണിക്ക് അവസാനിക്കും. ശേഷം പതിവുപോലെ ഉച്ചപൂജ, ഉച്ചശീവേലി കഴിഞ്ഞ് 12.30 ന് നട അടയ്ക്കും. ശേഷം തന്ത്രിയും മേൽശാന്തിയും ക്ഷേത്രത്തിനകത്ത് കിഴക്കുള്ള വാലംകുളത്തിൽ കുളിച്ച് ശുദ്ധിവരുത്തി ശ്രീകോവിലിൽ പ്രവേശിച്ച് വിളക്ക് വച്ച് മരപ്പാണി കൊട്ടി ഒരു മണിക്ക് ഉൽസവബലി ചടങ്ങുകൾ ആരംഭിക്കും. രണ്ടര മണിക്ക് സപ്തമാതൃക്കൽ ബലി തൂവുന്ന സമയത്താണ് ഭക്തർക്ക് ബലിദർശനവും കാണിക്കയും.

ഈ സമയത്ത് ഭഗവാന്റെ വലിയ തിടമ്പും അതിന്റെ മുന്നിൽ അഘോരമൂർത്തീ ബിംബവും പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിച്ച് വയ്ക്കും. മൂന്ന് മണിയ്ക്ക് അഘോരമൂർത്തീ ബിബം പുറത്തേയ്ക്ക് എഴുന്നള്ളിച്ച് ഏഴ് പ്രദക്ഷിണം നടത്തും. ആദ്യ പ്രദക്ഷിണ ശേഷം ബലിക്കൽപുരയിലെ ചടങ്ങുകൾ നടത്തും. തന്ത്രി ബലി തൂവുമ്പോൾ ബിംബം എഴുന്നള്ളിക്കുക മേൽശാന്തി ആണ്. അവസാനത്തെ പ്രദക്ഷിണം വടക്കുഭാഗത്ത് എത്തുമ്പോൾ അവസാനമായി ക്ഷേത്രപാലകന് ബലി തൂവുന്നു. ശേഷം ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ച് ഭഗവാന് നേദ്യവും ദീപാരാധനയും നടത്തും. വൈകിട്ട് അഞ്ചുമണിയോടെ ഉൽസവബലി ചടങ്ങുകൾ തീരും.

തന്ത്രി, മേൽശാന്തി, മുട്ടുശാന്തി, കീഴ്ശാന്തി തുടങ്ങി ഉൽസവബലിയുടെ ഭാഗമായവർക്കെല്ലാം വഴിപാടുകാരൻ ദക്ഷിണ നൽകുന്ന ചടങ്ങ് അവസാനം നടക്കുന്നു. ഏറ്റുമാനൂരിലെ ഉൽസവബലി ദർശനം മഹാപുണ്യമാണ്.


Story Summary: Importance of Ulsavabali the rare ritual at Ettumanoor Temple

error: Content is protected !!