Monday, 7 Oct 2024
AstroG.in

ഐശ്വര്യം ചൊരിയുന്ന തൃക്കാര്‍ത്തിക ഈ ചൊവ്വാഴ്ച

പാലാഴി കടഞ്ഞപ്പോൾ സര്‍വ്വാലങ്കാര വിഭൂഷിതയായി മഹാലക്ഷ്മി വരണമാല്യവുമായി  ഉയര്‍ന്ന് വന്ന് വിഷ്ണുഭഗവാന്  ചാര്‍ത്തിയ പുണ്യദിനമാണ് തൃക്കാര്‍ത്തിക. ആദിയും അന്തവും ഇല്ലാത്ത പരാശക്തി ഐശ്വര്യത്തിന്റെ സര്‍വ്വപ്രതീകമായി മഹാലക്ഷ്മിയായി രൂപമെടുത്ത  ദിവസം. ദാരിദ്ര്യ ദു:ഖത്താൽ പരവശനായ കുചേലന് ശ്രീകൃഷ്ണന്‍ ഐശ്വര്യങ്ങള്‍ വാരിക്കോരി നല്‍കിയതും ഈ ദിവസമാണ്. തൃക്കാര്‍ത്തികയെപ്പറ്റി  പല ഐതിഹ്യങ്ങളുമുണ്ടെങ്കിലും ഏറ്റവും പ്രധാനം മഹാലക്ഷ്മി അവതാരമാണ്.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും  ദിനമായ തൃക്കാര്‍ത്തിക  ദിവസം ചെയ്യുന്ന ഏത് പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും പെട്ടെന്ന് ഫലം കിട്ടും. ഇഷ്ടകാര്യവിജയത്തിനും കാര്യസിദ്ധിക്കും തൃക്കാര്‍ത്തിക ആചരിക്കുന്നത് നല്ലതാണ്. തലേന്നും അന്നും സസ്യാഹാരമേ കഴിക്കാവൂ. അമിതാഹാരം ഒഴിവാക്കണം. ഉച്ചക്ക് ഊണ് കഴിക്കാം. രാവിലെയും വൈകിട്ടും ലളിത ഭക്ഷണം മാത്രം.. കഴിയുമെങ്കിൽ പൂര്‍ണ്ണ ഉപവാസം നല്ലത്. ഈ രണ്ടു ദിവസവും  ദേവീക്ഷേത്രദര്‍ശനം നിർബ്ബന്ധമായും നടത്തണം. ലക്ഷ്മി, ദുര്‍ഗ്ഗക്ഷേത്രങ്ങള്‍ ഉത്തമം. ഭദ്രകാളി, പാര്‍വ്വതി, തുടങ്ങിയ എല്ലാക്ഷേത്രങ്ങളും ആകാം. ദുർ ചിന്തകൾ വെടിഞ്ഞ് കഴിയുന്നത്ര പ്രാര്‍ത്ഥിക്കണം.

വൃശ്ചികമാസത്തിലെ സവിശേഷ ദിനങ്ങളിൽ  ഒന്നാണ് തൃക്കാർത്തിക. കാർത്തികമാസം എന്ന പേരിലും വൃശ്ചികം അറിയപ്പെടുന്നു. ദേവീപ്രീതിക്ക് ഏറ്റവും ഉത്തമമാണ് തൃക്കാർത്തിക. ഈ ദിവസം പ്രധാനമായും ലക്ഷ്മി ബീജമന്ത്രജപമാണ് ജപിക്കേണ്ടത്. ഓം ശ്രീം നമ: എന്നതാണ് ലക്ഷ്മീ ബീജമന്ത്രം. കാർത്തിക ആചരിക്കുമ്പോൾ കഴിയുന്ന തവണ ജപിക്കുക. തുടർന്നും നിത്യേന  36 തവണ വീതം  ജപിക്കുന്നത് നല്ലതാണ്. ഓം ശ്രീം മഹാലക്ഷ്‌മ്യൈ നമ:  എന്ന മന്ത്രവും  കാർത്തിക ആചരണത്തോട് അനുബന്ധിച്ച് 41 തവണവീതം ചൊല്ലുക.

അഗ്നിയാണ് കാർത്തിക നക്ഷത്രത്തിന്റെ ദേവത. ദേവി അഗ്നിസ്വരൂപിണിയും അഭീഷ്ടഫലദായിനിയുമാണ്. അതിനാലാണ് കാർത്തിക വിളക്കിന് വലിയ പ്രാധാന്യമുണ്ടായത്. തൃക്കാർത്തിക ദിവസം സന്ധ്യക്ക് ഗൃഹത്തിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക തന്നെ; തീർച്ചയായും ദേവീപ്രീതി ലഭിക്കും.

– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി   

+919447020655

error: Content is protected !!