ഐശ്വര്യത്തിനും അഭീഷ്ട സിദ്ധിക്കും മന:ശാന്തിക്കും അത്ഭുതമന്ത്രം
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയെ ഉപാസിച്ചാൽ ലഭിക്കാത്തതായി യാതൊന്നുമില്ല. ദേവി എന്നല്ല, അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെ വിളിക്കുന്നത്. ഇത്രയും ആത്മബന്ധമുള്ള മറ്റൊരു മൂർത്തിയില്ല. വാത്സല്യ മൂർത്തിയായ ഭദ്രകാളി അധർമ്മത്തെ നിഗ്രഹിക്കുന്ന ഭഗവതിയുമാണ്. അതുകൊണ്ടാണ് ഭദ്രകാളിയെ ആരാധിക്കുന്നവരുടെ ശത്രുദോഷവും ദൃഷ്ടിദോഷവും അകലുന്നത്. അതിവേഗം അമ്മയുടെ അനുഗ്രഹം ലഭിക്കുന്നത്. മുൻജന്മപാപങ്ങൾ പോലും അകറ്റി മനസിന് സന്തോഷവും സമാധാനവും അഭീഷ്ട സിദ്ധിയും നൽകുന്ന അത്ഭുതശക്തിയുള്ള മഹാകാളിമന്ത്രമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ മന്ത്രം 48 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. ജപം തുടങ്ങുമ്പോഴും ജപാന്ത്യത്തിലും ധ്യാനശ്ലോകം മൂന്ന് പ്രാവശ്യം ചൊല്ലണം. മുടങ്ങാതെ 28 ദിവസം ചെയ്യണം. യാതൊരു വ്രതവും വേണ്ട. മത്സ്യമാംസാദി ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. ബ്രഹ്മചര്യവും വേണ്ട. എന്നാൽ ഈ മന്ത്രങ്ങൾ ജപിക്കുന്നതിന് മന്ത്രോപദേശം നിർബന്ധമാണ്. വടക്ക് അഭിമുഖമായിരുന്ന് ജപിക്കണം. വെളുത്ത വസ്ത്രമാണ് ജപസമയത്ത് ധരിക്കേണ്ടത്. പൂജാമുറിയിൽ ദിക്ക് പ്രധാനമല്ല.
2022 ഫെബ്രുവരി 8 മകര ഭരണി, ഈ മന്ത്ര ജപാരംഭത്തിന് വളരെ നല്ലതാണ്. അല്ലെങ്കിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ജപം ആരംഭിക്കാം. ശവത്തിന്റെ മുകളിൽ ഇരിക്കുന്ന കാളിയെ പൂജിക്കുന്നവർക്ക് സകല ഐശ്വര്യവും സിദ്ധിക്കും.
മഹാകാളി ധ്യാനം
ധ്യായേദ് കാളീം മഹാകായാം
ത്രിനേത്രാം ബഹുരൂപിണീം നരമുണ്ഡം തഥാ
ഖഡ്ഗം കമലം ച വരം തഥാ ചതുർഭുജാം
ചലജ്ജിഹ്വാം പൂർണ്ണചന്ദ്രനിഭാനനാം
നീലോല്പലദളശ്യാമാം ശത്രുസംഘവിദാരിണീം
നിർഭയാം രക്തവദനാം ദ്രംഷ്ട്രാളീഘോര രൂപിണീം
സാട്ടഹാസനിരസ്താരീം സർവ്വദാം ചദിഗംബരീം
ശവാസനസ്ഥിതാം ദേവീം മുണ്ഡമാലാവിഭൂഷിതാം
ഘോര രൂപാം ഭീഷണാസ്യാം മഹാകാളീം സദാസ്മരേദ്
(അസുരശിരസ് കോർത്ത് മാലയണിഞ്ഞ് ശവത്തിന്റെ മുകളിൽ ഇരിക്കുന്ന ഭയാനക ചിത്രമാണ് മഹാകാളിയുടേത്. മുകളിൽ പറഞ്ഞിരിക്കുന്ന ധ്യാനശ്ലോകം മൂന്ന് പ്രാവശ്യം ജപിച്ച് മനസിൽ ദേവിഭാവം ഉറപ്പിക്കണം. അതിനു ശേഷം മഹാകാളിമന്ത്രം ജപിക്കാം. സുമുഖീ കാളീ ധ്യാനം, സുമുഖീ കാളീ മന്ത്രം എന്നും ഇത് അറിയപ്പെടുന്നു. )
മഹാകാളിമന്ത്രം
ഓം ഉച്ഛിഷ്ട ചണ്ഡാലിനീ
സുമുഖീ ദേവീ മഹാകാളീ
കാലഭൈരവപ്രിയംകരീം
മഹാകാളീ പിശാചിനി
വേദാന്തർഗതേ നിത്യേ
സർവ്വപാപശമനം ദേഹി
ദദാപയ ഹ്രീം ക്രീം നമ: സ്വാഹാ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 944702 0655
Story Summary : Powerful Bhadrakali Mantra for peace and prosperity ( Sumuki Kali Mantra )