Saturday, 23 Nov 2024
AstroG.in

ഐശ്വര്യത്തിനും അഭീഷ്ട സിദ്ധിക്കും
കർക്കടകത്തിൽ ഭഗവതിസേവ

ജ്യോതിഷരത്‌നം വേണു മഹാദേവ്
ഐശ്വര്യ ലബ്ധിക്കായി നടത്തുന്ന ദേവീ പ്രീതികരമായ സ്വാത്വിക പൂജയാണ് ഭഗവതിസേവ. സന്ധ്യയ്ക്ക് ശേഷം ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഇത് നടത്താറുണ്ട്.
വീടുകളിൽ പൊതുവേ ഗൃഹപ്രവേശത്തോടനുബന്ധിച്ച് രാവിലെ ഗണപതി ഹോമവും വൈകിട്ട് ഭഗവതിസേവയും പതിവാണ്. സസ്യയ്ക്ക് നടത്തുന്ന ഭഗവതി സേവയിൽ ദുർഗ്ഗാദേവിയെയാണ് സാധാരണയായി പൂജിക്കുന്നത്.

ഉപാസകർ അസ്തമയത്തോടു ചേർന്ന് നിത്യോപാസന അനുഷ്ഠിച്ച ശേഷം ഭഗവതിസേവ ചെയ്യുകയാണ് പതിവ്. ആദ്യം അരിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ കൊണ്ട് കളം വരയ്ക്കണം. പിന്നീട് അതിൽ നന്നായി വൃത്തിയാക്കിയ നിലവിളക്ക് വച്ച് നെയ്യൊഴിച്ച് 5 തിരിയിട്ട് കത്തിക്കണം. നാല് ദിക്കിലേക്കും വടക്കുകിഴക്കേ മൂലയിലേക്കുമാണ് അഞ്ചു തിരി ഇടേണ്ടത്. ഇതിന്റെ വടക്കുവശത്ത് മറ്റൊരു വിളക്ക് വച്ച് രണ്ടു തിരി കൊളുത്തി വയ്ക്കണം. ഈ വിളക്ക് ഗണപതിയെ സങ്കല്പിച്ചാണ് വയ്‌ക്കേണ്ടത്. പദ്മം എന്നാണ് സേവയ്ക്ക് വരയ്ക്കുന്ന കളത്തെ വിളിക്കുക.

പൂജകൻ പടിഞ്ഞാറ് അഭിമുഖമായിരുന്ന് ദുർഗ്ഗാമന്ത്രം കൊണ്ട് ദേഹശുദ്ധി, ശംഖുപുരാണം, ആത്മാരാധനാ എന്നിവ ചെയ്ത് ഗണപതിക്ക് നിവേദ്യം സമർപ്പിക്കണം. പിന്നീട് ദേവിയെ സങ്കല്പിച്ച് വിളക്ക് പൂജിക്കുന്നു. പായസം, പാൽപ്പായസം, വെള്ളനിവേദ്യം, അപ്പം, അട, ത്രിമധുരം, വട, എള്ളുണ്ട, കരിക്ക് തുടങ്ങി യഥാശക്തി ദ്രവ്യങ്ങൾ നിവേദിക്കും. നിവേദ്യം കഴിഞ്ഞാൽ പുഷ്പാഞ്ജലി ചെയ്യണം. ദുർഗ്ഗാ മന്ത്രം, ത്രിപുര സുന്ദര മന്ത്രം, ദേവീ സൂക്തം, ദേവീ മഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായം എന്നിങ്ങനെ മന്ത്രങ്ങളും സ്തോത്രങ്ങളും ഉപയോഗിച്ച് ഭഗവതിയെ പൂജിച്ച ശേഷം ലളിതാസഹസ്രനാമം ജപിച്ച് പുഷ്പാഞ്ജലി നടത്തി പൂജ അവസാനിപ്പിക്കും.

ഭഗവതിസേവ ലളിതമായും വിപുലമായും നടത്താറുണ്ട്. വിപുലമായി രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നടത്തുന്നതിന് ത്രികാലപൂജ എന്ന് പറയും. ദുരിത മോചനത്തിനാണ് ത്രികാല പൂജയായി ഭഗവതി സേവ നടത്താറുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ ശാന്തി ദുർഗ്ഗാ മന്ത്രം പ്രത്യേകം ഉപയോഗിക്കും. മുഖ്യ നിവേദ്യം മൂന്ന് നേരവും വ്യത്യസ്തമാണ്. രാവിലെ മഞ്ഞ പൊങ്കൽ, ഉച്ചയ്ക്ക് പാൽപ്പായസം വൈകിട്ട് കടുംപായസം എന്നിവ ആണ് നിവേദ്യങ്ങൾ. താമര പൂവ് നിർബന്ധമാണ്. തെറ്റി മുതലായ ചുവന്ന പുഷ്പങ്ങളാണ് മറ്റു പൂക്കളായി വേണ്ടത്. എത്രയും കൂടതൽ പൂവ് ഉണ്ടോ അത്ര നല്ലത്.

ശാന്തി ദുർഗ്ഗാ മന്ത്രത്തോടൊപ്പം ഓരോ കാര്യത്തിനായി ഓരോ മന്ത്രങ്ങൾ ഉപയോഗിച്ച് ദേവിയെ പൂജിക്കുന്ന പതിവുമുണ്ട്. മംഗല്യ സിദ്ധിക്കായി സ്വയവരമന്ത്രവും സർവ്വ കാര്യവിജയത്തിനായി ജയ ദുർഗ്ഗ മന്ത്രവും ബാധ പ്രവേശ ശമനത്തിന് ആഗ്നേയ തൃഷ്ട്ടുപ്പും ഭയത്തിൽ നിന്നുള്ള മോചനത്തിന് വനദുർഗ്ഗമന്ത്രവും ഇത്തരത്തിൽ പ്രത്യേകം ഉപയോഗിക്കുന്ന മന്ത്രങ്ങളാണ്.

ഭഗവതി സേവയിൽ ലളിതാസഹസ്രനാമ പുഷ്പാഞ്ജലി നടത്തുന്നത് സർവ്വാഭീഷ്ടസിദ്ധിക്ക് അത്യുത്തമമാണ്. സഹസ്രനാമ സ്‌തോത്രവും നാമാവലിയും ആകാം. പുഷ്പാഞ്ജലിക്ക് താമര ഉപയോഗിച്ചാൽ ധനലബ്ധിയും ചെമ്പരത്തി ശത്രുദോഷശാന്തിയും തുളസി മന:ശാന്തിയും മുല്ല പ്രേമസാഫല്യവും ദാമ്പത്യസൗഖ്യവും മംഗല്യവും നൽകും. കൂവളമുപയോഗിക്കുന്നത് തൊഴിൽപരമായ അഭിവൃദ്ധിക്കും കറുകയുപയോഗിക്കുന്നത് രോഗശാന്തി നേടുന്നതിനും നന്ത്യാർവട്ടവും ചെത്തിയും വിദ്യാഭ്യാസ അഭിവൃദ്ധിക്കും പ്രയോജനപ്പെടും. ലളിതാത്രിശതിയാൽ കുങ്കുമം അർച്ചിക്കുന്നത് ശത്രുദോഷം ശമിക്കാനും ആഭിചാരകർമ്മങ്ങളെ അതിജീവിക്കുന്നതിനും എല്ലാവിധ തടസങ്ങളും മാറാനും ജീവിതവിജയത്തിനും നല്ലതാണ്.

സാധാരണയായി വൈകിട്ട് ഒരു നേരം കടുംപായസം മാത്രം നേദിച്ച് ലളിതമായ പൂജയാണ് നടത്താറുള്ളത്. 3, 7,12 തുടങ്ങിയ ദിവസങ്ങളിൽ അടുപ്പിച്ചു നടത്തുന്നതും പതിവാണ്. മാസംതോറും സ്വന്തം ജന്മനക്ഷത്ര ദിവസം പതിവായി ഇത് ക്ഷേത്രത്തിൽ നടത്തുന്നത് വളരെയേറെ നല്ലതാണ്. പൗർണ്ണമി ദിവസം ഭഗവതിസേവ വീട്ടിൽ നടത്തുന്നത് ദേവി പ്രീതിക്ക് ഏറ്റവും ശ്രേഷ്ഠമാണ്. കർക്കടക മാസത്തിൽ ദിവസവും ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്നവർക്ക് ഐശ്വര്യാഭിവൃദ്ധിക്ക് മറ്റ് കർമ്മങ്ങളുടെ ആവശ്യമില്ല. ഇതൊന്നും ചെയ്യാൻ സാധിച്ചില്ലെങ്കിൽ മുടങ്ങാതെ ലളിത സഹസ്രനാമം ചൊല്ലിയാൽ മതി.

ജ്യോതിഷരത്‌നം വേണു മഹാദേവ്

+91 9847475559

Story Summary: Bhagavati Seva, the most powerful Devi Pooja to fulfill wishes, relieve misery and restore balance in the world.


error: Content is protected !!