Sunday, 24 Nov 2024
AstroG.in

ഐശ്വര്യത്തിന്റെ വാതിൽ തുറക്കുന്ന ചക്കുളത്ത് പൊങ്കാല ഡിസംബർ 10 ചൊവ്വാഴ്ച

ഭക്തരെ ഏത് ആപത്തിൽ നിന്നും അത്ഭുതകരമായി രക്ഷിക്കുന്ന വാത്സല്യനിധിയായ ചക്കുളത്ത് അമ്മയുടെ ഇഷ്ട വഴിപാടായ വൃശ്ചികത്തിലെ കാർത്തിക പൊങ്കാല ഡിസംബർ 10 ചൊവ്വാഴ്ച പൗർണ്ണമി നാളിൽ നടക്കും. ചക്കുളത്ത്  ക്ഷേത്ര സന്നിധിയിലും പരിസരങ്ങളിലും ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാലയുണ്ടാക്കി അമ്മയ്ക്ക് സ്വയം സമർപ്പിച്ച് ദേവീകൃപ നേടും. 


പൊങ്കാലദിവസം രാവിലെ ശ്രീകോവിലിൽ നിന്ന് പകരുന്ന ഭദ്രദീപം പണ്ടാര അടുപ്പിൽ തെളിച്ച് ക്ഷേത്രത്തിലെ മുഖ്യകാര്യദർശി പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. പൊങ്കാല തിളച്ചു തൂവുമ്പോൾ തന്നെ ദേവീ കടാക്ഷം നമുക്ക് തിരിച്ചറിയാം.  തൂവുന്നത് കിഴക്കോട്ടാണെങ്കിൽ ഫലം ഏറ്റവും അനുകൂലം. പടിഞ്ഞാറേയ്ക്ക്  തൂകുന്നത് അനുകൂലമെന്ന് പറയാം. വടക്കോട്ടായാൽ ഫലപ്രാപ്തിക്ക് നേരിയ കാലതാമസമുണ്ടാകും. തെക്കോട്ട് തൂവുന്നത് നന്നല്ല. 


നിവേദ്യം പാകമാകുന്നതോടെ ശീവേലി ബിംബങ്ങളിലേക്ക് ദേവിയെ ആവാഹിക്കും. തുടർന്ന് ദേവിയെ എഴുന്നള്ളിച്ച്  പൊങ്കാല നേദിക്കും. ദേവിക്ക് നേദിച്ചശേഷം പ്രസാദം വിതരണം ചെയ്യും.മാസമുറമൂലം അശുദ്ധിയുള്ളവർ, പുലയും വാലായ്മയുള്ളവർ, ആറുമാസം പൂർത്തിയായ ഗർഭിണികൾ തുടങ്ങിയവർ പൊങ്കാലയിടരുത്. വ്രതശുദ്ധി നിർബന്ധം. പൊങ്കാലയിടുമ്പോൾ  കോടിവസ്ത്രമോ കഴുകി തേച്ച  വസ്ത്രമോ ധരിക്കണം. തെക്കോട്ട് നിന്ന് പൊങ്കാലയിടരുത്.

പൊങ്കാലയ്ക്ക് ആവശ്യമായ അരി, ശർക്കര, കലം, തവി, വിറക്, പാത്രങ്ങൾ, എണ്ണ, തിരി, കർപ്പൂരം തുടങ്ങി എല്ലാ സാധനങ്ങളും സ്വയം  കൊണ്ടുവരണം. പൊങ്കാല അടുപ്പിൽ തീ പകരുന്നതിനുമുമ്പ് കിഴക്കോട്ട്  നിന്ന് മനസ്സിൽ ദേവിയെ നിറച്ച് ദേവീമന്ത്രങ്ങൾ ജപിക്കണം. പൊങ്കാല തിളയ്ക്കുന്നതുവരെ  ദേവീസ്തുതികളോ മന്ത്രങ്ങളോ ലളിതാസഹസ്രനാമമോ ജപിക്കണം. പൊങ്കാല തിളയ്ക്കാതെ തീ കെടുത്തരുത്. നിവേദ്യം കഴിയാതെ  പോകരുത്.  


ഈ നിഷ്ഠകൾ പാലിച്ച് തൃക്കാർത്തികയ്ക്ക്  ചക്കുളത്ത് പൊങ്കാലയിട്ട്  ദേവിയെ പ്രസാദിപ്പിച്ചാൽ എല്ലാ കഷ്ടപ്പാടുകളും അവസാനിക്കും. നഷ്ടങ്ങളുണ്ടാകില്ല. നിരാശ മാറും.  കർമ്മത്തിന് പ്രത്യേക ഉത്സാഹം കൈവരും. ജീവിതഭദ്രത, കുടുംബക്ഷേമം, ഇഷ്ടകാര്യസിദ്ധി, ധനലാഭം തുടങ്ങിയവയാണ് മറ്റ് ഫലങ്ങൾ. ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ  ഏറ്റവും പ്രസിദ്ധം ചക്കുളത്തെ പൊങ്കാലയാണ്. ആലപ്പുഴ, തലവടിക്ക് അടുത്ത് തിരുവല്ലയിൽ നിന്ന് എടത്വയ്ക്കുള്ള വഴിയിൽ നീരേറ്റുപുറം ജംഗ്ഷന് സമീപമാണ് ക്ഷേത്രം.  മേൽക്കൂരയില്ലാത്ത ശ്രീകോവിലിലാണ് വനദുർഗ്ഗയായ ചക്കുളത്തമ്മ വാഴുന്നത്.പ്രധാന നിവേദ്യങ്ങൾ തെരളിയും പഴവുമാണ്. സന്താനങ്ങളുടെ ദേഹരക്ഷയ്ക്കും വിദ്യാഭിവൃദ്ധിക്കും ഈ വഴിപാട് കഴിച്ചാൽ ഫലംസുനിശ്ചിതമെന്ന് വിശ്വാസം.

നാരീപൂജയാണ് ചക്കുളത്തുകാവ് ക്ഷേത്രത്തിലെ ഒരു പ്രധാന വിശേഷം. സ്ത്രീകളുടെ പാദം കഴുകി പൂജിച്ച്  ആരാധിക്കുന്ന അനുഷ്ഠാനമാണിത്. സ്ത്രീകളെ പരാശക്തിയായും ശക്തിസ്വരൂപിണിയായും പ്രകൃതിയായും ആരാധിക്കണമെന്ന താന്ത്രിക സങ്കല്പമാണ് ഈ പൂജയ്ക്ക് അടിസ്ഥാനം. സ്ത്രീകൾക്കെതിരെ  അതിക്രമങ്ങൾ ഭീകരമായി വർദ്ധിക്കുന്ന ഇക്കാലത്ത് മഹത് സന്ദേശമാണ് നാരീപൂജ നൽകുന്നത്.
ഇവിടുത്തെ മറ്റൊരു പ്രധാന വിശേഷം കാർത്തിക സ്തംഭം കത്തിക്കലും ദീപക്കാഴ്ചയുമാണ്. വാഴക്കച്ചി, തണുങ്ങ്, ഓല തുടങ്ങിയവ ഉയരമുള്ള ഒരു തൂണിൽ പൊതിഞ്ഞ് കെട്ടി തയ്യാറാക്കുന്ന സ്തംഭമാണ് കാർത്തികസ്തംഭം. ഇതിലേക്ക് നാടിന്റെ തിന്മകളെയും ഭക്തരുടെ സർവ്വപാപങ്ങളെയും ആവാഹിക്കും. പിന്നീട് ദേവിയുടെ സാന്നിദ്ധ്യത്തിൽ കാർത്തികസ്തംഭം കത്തിക്കും. തിന്മയെ കത്തിച്ച്  നന്മ പുന:സ്ഥാപിക്കുന്നു  എന്നതാണ് ഇതിന്റെ സകല്പം. കാർത്തികസ്തംഭം കത്തിത്തീരുമ്പോൾ ക്ഷേത്രത്തിലും പരിസരത്തും നന്മയുടെ  പുതു ദീപങ്ങൾ തെളിയും. 

ധനുമാസത്തിൽ ഇവിടെ നടക്കുന്ന മറ്റൊരു പ്രധാന വിശേഷമാണ്തീരാദുഃഖത്തിന്  അറുതി വരുത്തുന്നവിളിച്ചുചൊല്ലി പ്രാർത്ഥന. ധനു ഒന്ന്  മുതൽ പന്ത്രണ്ട് വരെ വ്രതമനുഷ്ഠിക്കുന്ന പന്ത്രണ്ട് നോമ്പ് മഹോത്സവത്തിന്റെ ഭാഗമാണ് വിളിച്ചുചൊല്ലി പ്രാർത്ഥന. ഇതോട് അനുബന്ധിച്ച് ധനു 11–ാം തീയതി നടത്തിവരുന്ന ദിവ്യകലശാഭിഷേക വഴിപാട് നടക്കും.

-സി.എസ് പിള്ള 

error: Content is protected !!