ഐശ്വര്യത്തിന് കന്നി ആയില്യം; ഈ 3 നക്ഷത്രക്കാർ എന്നും ഉപാസിക്കണം
ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി
നാഗരാജാവിന്റെ അവതാര ദിവസമായി പ്രകീർത്തിക്കപ്പെടുന്ന കന്നിമാസത്തിലെ ആയില്യം നാഗാരാധനയ്ക്ക് അതിവിശേഷമാണ്. വെട്ടിക്കോടും അനന്തൻകാടും ഉൾപ്പെടെയുളള നാഗസന്നിധികളിൽ ഈ ദിവസമാണ് ആയില്യമഹോത്സവം. 2020 ഒക്ടോബർ 12 തിങ്കളാഴ്ചയാണ് ഇത്തവണ ആയില്യം. അന്ന് മണ്ണാറശാല ഉൾപ്പെടെ എല്ലാ നാഗസന്നിധികളിലും പ്രത്യേക പൂജകൾ നടക്കും. വെട്ടിക്കോട് പോലുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ എഴുന്നള്ളത്തുമുണ്ടാകും. സന്ധ്യയ്ക്ക് ദീപക്കാഴ്ചയും അത്താഴപൂജയ്ക്ക് ശേഷം സർപ്പബലിയുമുണ്ടാകും. ഇത്തവണ കോവിഡ് മഹാമാരി നിയന്ത്രണങ്ങൾ പാലിച്ചാണ് ആഘോഷം നടത്തുക. കുടുംബത്തിന്റെ ഐശ്വര്യത്തിനും സാമ്പത്തിക ഉന്നതിക്കും സന്താന ഭാഗ്യത്തിനും സന്താനക്ഷേമത്തിനും വിദ്യാഭ്യാസ വിജയത്തിനും ത്വക് രോഗശമനത്തിനുമെല്ലാം കന്നിമാസത്തിലെ ആയില്യ ദിവസം സർപ്പാരാധന നടത്തുന്നത് ഉത്തമമാണ്. തിരുവനന്തപുരം അനന്തൻകാട് ക്ഷേത്രത്തിൽ അതി വിശേഷമായാണ് ഈ ദിവസം ആയില്യ പൂജയും പ്രത്യേക ചടങ്ങുകളും നടത്തുന്നത്.
നാഗയക്ഷിക്കും നാഗരാജനും സമര്‍പ്പിക്കപ്പെടുന്ന ഈ ദിവസത്തെ നാഗപൂജയിലെ പ്രധാന വഴിപാട് നൂറും പാലുമാണ്. സര്‍പ്പദോഷം മാറാന്‍ ഈ നാളില്‍ സര്‍പ്പബലിയും നടത്താറുണ്ട്. ക്ഷേത്രങ്ങളില്‍ ഈ ദിനത്തില്‍ പുള്ളുവൻ പാട്ടും സർപ്പസൂക്താർച്ചനയും ധാരയും അഷ്ടനാഗ പൂജയും മഞ്ഞൾപ്പൊടിയും അപ്പവും പാലും പഴവും പാൽപായസ നിവേദ്യവും കളമെഴുത്തും പാട്ടുമെല്ലാം പതിവാണ്. കമുകിൻ പൂക്കുലയും കരിക്കും സമർപ്പിക്കുന്നതാണ് മറ്റൊരു പ്രധാന വഴിപാട്. രാഹു ദോഷപരിഹാരത്തിന് നാഗ പൂജ ഉത്തമമാണ്. കന്നിയിലെ ആയില്യ ദിവസം ആയില്യം പൂജ കണ്ട് തൊഴുതാൽ അടുത്ത ഒരു വര്‍ഷം സര്‍പ്പഭയം ഉണ്ടാകില്ലെന്നാണ് വിശ്വാസം.
ചില സര്‍പ്പക്ഷേത്രങ്ങളില്‍ സന്താന ലബ്ധിക്കാണ് ഭക്തർ ഉരുളി കമിഴ്ത്തുന്നത്. അനന്തൻകാട് ക്ഷേത്രത്തിൽ ഇതിന് തൊട്ടിൽ കെട്ടുന്നത് പതിവാണ്. പ്രമുഖ നാഗക്ഷേത്രങ്ങളിൽ മാത്രമല്ല എല്ലാ സര്‍പ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും ഈ ദിവസം വിശേഷാൽ പൂജകളും വഴിപാടുകളും മറ്റും നടത്തുന്നു. പ്രമുഖ നാഗസന്നിധികളിൽ ഈ ദിവസം ദർശനം സാധിക്കാത്തവർ കഴിയുന്ന ഏതെങ്കിലും സർപ്പസന്നിധിയിൽ തൊഴുത് പ്രാർത്ഥിക്കണം. നക്ഷത്ര ദേവത സര്‍പ്പമായത് കൊണ്ടാണ് ആയില്യത്തിന് പ്രാധാന്യം കൈവന്നത്. നക്ഷത്രങ്ങളില്‍ ഒമ്പതാമത്തെതാണ് ആയില്യം. എല്ലാ മാസത്തെയും ആയില്യം സർപ്പാരാധനയ്ക്ക് ഉത്തമമാണ്. ഞായറാഴ്ചകളിലോ ജന്മനക്ഷത്ര
ദിവസമോ സർപ്പ ക്ഷേത്ര ദർശനം ഫലപ്രദമാണ്. തിരുവാതിര, ചോതി, ചതയം നക്ഷത്രജാതരുടെ നക്ഷത്രാധിപൻ രാഹു ആയതിനാൽ ഇവർ നിത്യവും സർപ്പപ്രീതി വരുത്തുന്നത് നല്ലതാണ്. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ സർപ്പപ്രീതിക്ക് വേണ്ടത് ചെയ്യണം.
ആയില്യ ദിവസം വ്രതമെടുക്കുന്നത് നാഗശാപം അകറ്റും. വ്രതദിവസം ഉപവാസമോ, ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളില്‍ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്. അന്ന് പഞ്ചാക്ഷരമന്ത്രം, ഓം നമ: ശിവായ കഴിയുന്നത്ര തവണയും ഇനി പറയുന്ന 8 മന്ത്രങ്ങള്‍ 12 പ്രാവശ്യം വീതവും ജപിക്കണം.
ഓം അനന്തായനമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാര്‍ക്കോടകായ നമ:
ഓം ഗുളികായനമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ:
മൂലമന്ത്രങ്ങൾ
1
നാഗരാജാവ്
ഓം നമ: കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമ:
2
നാഗയക്ഷി
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമ:
പ്രാർത്ഥനാ മന്ത്രങ്ങൾ
1
കയാനശ്ചിത്ര ആ ഭൂവദൂതീ
സദാവൃധ: സഖാകയാ
ശചിഷ്ഠയാവൃതാ
2
അന്യഥാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മാത് കാരുണ്യ ഭാവേന
രക്ഷ രക്ഷ ഫണീശ്വര
സംശയ പരിഹാരത്തിന് ബന്ധപ്പെടാം:
ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി,
മേൽശാന്തി, അനന്തൻകാട്
ശ്രീ നാഗരാജക്ഷേത്രം, തിരുവനന്തപുരം .
മൊബൈൽ +91 6282434247