ഐശ്വര്യസമൃദ്ധിക്ക് വൈശാഖ പൗർണ്ണമിദുർഗ്ഗയ്ക്കും ഗണപതിക്കും അതിവിശേഷം
മംഗള ഗൗരി
വൈശാഖ പൗർണ്ണമി അതിവിശേഷമാണ്. പലപ്പോഴും വൈശാഖ മാസത്തിലെ ബുദ്ധപൂർണ്ണിമ മേടത്തിലാണ് വരുന്നത്. എന്നാൽ ഇത്തവണ ഇടവം 9 മേയ് 23നാണ് വൈശാഖ പൗർണ്ണമി.
പൊതുവേ എല്ലാ പൗർണ്ണമിയും ദുര്‍ഗ്ഗാപ്രീതിക്ക് പ്രധാനമാണ്. ദുർഗ്ഗാ ക്ഷേത്രങ്ങളിലെ ഐശ്വര്യ പൂജ
പൗർണ്ണമി നാളിലെ വലിയ വിശേഷമാണ്. മിക്ക ദുർഗ്ഗാ ക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും പൗർണ്ണമി
അതിവിശേഷമായതിൻ്റെ പ്രധാന കാരണം പരമശിവന്‍ ചന്ദ്രക്കലാധരനായത് തന്നെയാണ്. വിളക്കു പൂജ എന്ന
പേരിലും അറിയപ്പെടുന്ന ഐശ്വര്യ പൂജയിൽ കൂടുതലും സ്ത്രീകളാണ് പങ്കെടുക്കുന്നത്. ഐശ്വര്യസമൃദ്ധിയാണ് ഫലം.
എന്നാൽ വൈശാഖത്തിലെ പൗർണ്ണമി ദുർഗ്ഗാ ദേവിക്ക് മാത്രമല്ല ഗണപതി ഭഗവാനും വിശേഷമാണ്. ഇത് വിനായകപൗര്‍ണ്ണമി എന്ന പേരിൽ വ്രതം നോറ്റ് ഭക്തർ അനുഷ്ഠിക്കാറുണ്ട്. ഭഗവാൻ ശ്രീകൃഷ്ണന്റെ ഉപദേശാനുസരണം വിനായക പൗർണ്ണമി നാളിൽ വ്രതമെടുത്തിക്ക് കുചേലൻ ദാരിദ്ര്യമുക്തി നേടിയതെന്ന് ഐതിഹ്യമുണ്ട്. ഐശ്വര്യവും സമ്പദ് വർദ്ധനവുമാണ് ഈ വ്രതാനുഷ്ഠാനത്തിന്റെ ഫലം. വൈശാഖത്തിൽ പൗര്‍ണ്ണമിയും വിശാഖം നക്ഷത്രവും ഒത്തുചേരുന്ന ദിനമാണ് ബുദ്ധപൂര്‍ണ്ണിമയായി ആചരിക്കുന്നത്. സിദ്ധാര്‍ത്ഥൻ ശ്രീബുദ്ധനായി ജ്ഞാനോദയം നേടിയ ദിനമാണത്രെ ഇത്.
ദുര്‍ഗ്ഗാ ഭഗവതിയുടെ പ്രീതി നേടാൻ പൗര്‍ണ്ണമി വ്രതമെടുക്കുന്നത് അത്യുത്തമമാണ്. ചന്ദ്രന്‍ പൂർണ്ണ ബലം നേടുന്ന പൗര്‍ണ്ണമി നാളിൽ ചന്ദ്രദശാദോഷം അനുഭവിക്കുന്നവരും ജാതകവശാൽ ചന്ദ്രന് ബലക്കുറവുള്ളവരും വ്രതം അനുഷ്ഠിക്കണം. ഇക്കൂട്ടർ ദുർഗ്ഗാ ഭഗവതിയെ ഉപാസിച്ച് പ്രീതിപ്പെടുത്തിയാൽ എല്ലാ ജീവിത ഐശ്വര്യങ്ങളും മന:ശക്തിയും കൈവരും. സങ്കീർണ്ണമായ പ്രശ്നങ്ങളിൽ നിന്നും മോചനം നേടാനും പ്രതിസന്ധികൾ അതിജീവിക്കുവാനും രോഗശമനത്തിനും ഐശ്വര്യവർദ്ധനവിനും പൗർണ്ണമി വ്രതമെടുക്കാം.
പൗര്‍ണ്ണമി വ്രതം ഒരിക്കലായും പൂർണ്ണ ഉപവാസമായും ആചരിക്കാം. പതിവ് വ്രതനിഷ്ഠകളെല്ലാം പാലിക്കണം. ചിലർ പൗർണ്ണമിക്ക് മൗനവ്രതം നോൽക്കാറുണ്ട്. തലേന്ന് ഉച്ചയ്ക്ക് മാത്രം ആഹാരം കഴിച്ച് രാത്രിയിൽ ഉപവസിച്ചും അല്ലെങ്കിൽ പഴങ്ങൾ കഴിച്ചും വ്രതമെടുക്കുന്നവര്‍ പൗര്‍ണ്ണമിനാളിൽ ഉദയത്തിന് മുൻപ് കുളിച്ച് ശുദ്ധമായി വിളക്ക് തെളിച്ച് ഗണപതി ഭഗവാനെ വന്ദിക്കണം. തുടർന്ന് ദേവീസ്മരണയോടെ നെറ്റിയിൽ കുങ്കുമം ചാർത്തണം. തുടർന്ന് ദുർഗ്ഗാ ഭഗവതിയെ പ്രാർത്ഥിക്കണം. ദുർഗ്ഗാ മന്ത്രങ്ങള്‍, ലളിതസഹസ്രനാമം എന്നിവ ജപിക്കുന്നത് ഐശ്വര്യദായകമാണ്. രാവിലെയും വൈകിട്ടും ദുർഗ്ഗാക്ഷേത്രദര്‍ശനം നടത്തി കഴിവിനൊത്ത വഴിപാടുകൾ കഴിക്കണം. പൗര്‍ണ്ണമി ദിനങ്ങളില്‍ സന്ധ്യക്ക് ക്ഷേത്രദര്‍ശനം നടത്തുന്നത് പുണ്യകരമായി പണ്ടുപണ്ടേ വിശ്വസിച്ചു പോരുന്നു. അന്ന് സന്ധ്യയ്ക്ക് വിളക്ക് പൂജയോടെ പൗർണ്ണമി വ്രതം പൂര്‍ണമാകും.
ഭൂമിയിലെ സകല ചരാചരങ്ങളെയും ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ ബാധിക്കാറുണ്ട്. വേലിയേറ്റത്തിനും വേലിയിറക്കത്തിനും ഇതുമായി ബന്ധമുണ്ട്. അമാവാസി ദിവസം മാനസിക വിഷമങ്ങളും മന: പ്രയാസവും ആസ്ത് മ പോലുള്ള രോഗങ്ങളും ചില ആളുകളെ വല്ലാതെ ബുദ്ധിമുട്ടിക്കും. എന്നാൽ പൗർണ്ണമി പലർക്കും അനന്ദദായകമാണ്. മസ്തിഷ്കോർജ്ജം വർദ്ധിക്കുന്ന ദിവസമാണിത് . അതിനാലാണ് അന്ന് നവോന്മേഷം കൈവരുന്നത്.
Story Summary: Significance and Benefits of Vishaka Pornami observation
Copyright 2024 Neramonline.com. All rights reserved