Saturday, 23 Nov 2024
AstroG.in

ഐശ്വര്യ പൗർണ്ണമിയെ വീട്ടിൽ കുടിയിരുത്താൻ ഇതാ ഒരു ദിവസം

ജ്യോതിഷരത്നം വേണു മഹാദേവ്

ദേവീപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് പൗർണ്ണമി. ഈ ദിവസം ആർജ്ജിക്കുന്ന ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ കുടിയിരുത്താനാണ് പൗർണ്ണമി ദിനാചരണം എന്ന വിശ്വാസമുണ്ട്. ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ചിങ്ങത്തിലെ പൗർണമിവ്രതം കുടുംബ ഐക്യത്തിനും, കന്നിയിലേത് സമ്പത്ത് വർദ്ധനയ്ക്കും, തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിനും, വൃശ്ചികം സത്കീർത്തിക്കും, ധനുവിലെ വ്രതം ആരോഗ്യവർദ്ധനയ്ക്കും, കുംഭ വ്രതം ദുരിതനാശത്തിനും, മീനമാസത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിക്കുന്നതിനും, മേടത്തിലെ വ്രതം ധാന്യവർദ്ധനയും, ഇടവത്തിലെ വ്രതം വിവാഹതടസം മാറുന്നത്തിനും, മിഥുനം വ്രതം പുത്രഭാഗ്യത്തിനും, കർക്കടകമാസത്തിലെ വ്രതം ഐശ്വര്യവർദ്ധനയ്ക്കും സഹായകമാവുന്നു. 2021 ആഗസ്റ്റ് 22 ഞായറാഴ്ചയാണ് ചിങ്ങമാസ പൗർണ്ണമി.

പൗർണ്ണമി ആചരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  1. ബ്രാഹ്മമുഹൂർത്തത്തിൽ ഉറക്കമുണരുക. ഏറ്റവും കൂടുതൽ ശുഭോർജ്ജം ലഭിക്കുന്ന സമയമാണിത്. ഉദയത്തിന് ഏഴര നാഴിക, മൂന്ന് മണിക്കൂർ മുൻപുള്ള സമയമാണ് ബ്രാഹ്മമുഹൂർത്തം.
  2. വീടും പരിസരവും വൃത്തിയാക്കുക.

3. പൗർണമി ദിവസം ശരീരശുദ്ധി വരുത്തിയ ശേഷം നിലവിളക്കു കൊളുത്തി പ്രാർത്ഥിക്കുക. കഴിയുമെങ്കിൽ നിലവിളക്കിന് മുൻപിലോ പ്രധാന വാതിലിൽ നിന്നു കാണത്തക്ക രീതിയിലോ അഷ്ടമംഗല്യം ഒരുക്കി വയ്ക്കുക. പ്രധാന വാതിലിന് മുകളിൽ മാവില കൊണ്ട് അല്ലെങ്കിൽ ആലിലയും മാവിലയും ചേർത്ത് തോരണം ചാർത്തുക.

4. ഭഗവതിക്ക് നേദിക്കുക എന്ന സങ്കൽപ്പത്തിൽ അന്നപൂർണേ സദാ പൂർണേ ശങ്കര പ്രാണ വല്ലഭേ ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം ഭിക്ഷാം ദേഹി ച പാർവതി എന്ന് മൂന്നു തവണ ജപിച്ചു കൊണ്ട് അരിയിടുക.

5. നല്ല വസ്ത്രം ധരിച്ച് ക്ഷേത്ര ദർശനം നടത്തുക. നല്ല വസ്ത്രമെന്നാൽ അലക്കിയ വൃത്തിയുള്ള വസ്ത്രം എന്നാണ് അർത്ഥം. അലക്കാത്തതോ ചളി പുരണ്ട തോ ആയ വസ്ത്രം ധരിക്കരുത്.

6. വാക്കുകളേയും ചിന്തയേയും നിയന്ത്രിച്ച് ദേവി സ്തുതികളോ, മന്ത്രങ്ങളോ ജപിക്കുക.

7. വീട്ടിൽ നെയ്യ് വിളിക്ക് തെളിക്കുന്നത് ഉത്തമമാണ് .

8. പൂർണ്ണ ചന്ദ്രനെ കണ്ടതിന് ശേഷം മാത്രം ഉപവാസം അവസാനിപ്പിക്കണം.

പൗർണ്ണമിക്ക് ജപിക്കേണ്ട മന്ത്രങ്ങൾ

1
യാ ദേവി സർവ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ

2
ഓം ആയുർ ദേഹി
ധനം ദേഹി
വിദ്യാം ദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹി മേ പരമേശ്വരി

3
ലളിതേ സുഭഗേ ദേവി
സുഖ സൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോ നമ:

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847475559

Story Summary: Significance of Sravana powrnami


error: Content is protected !!