Saturday, 23 Nov 2024
AstroG.in

ഒക്ടോബർ 25 ന് സൂര്യഗ്രഹണം;
ഈ നക്ഷത്രക്കാർക്ക് കടുത്ത ദോഷം

2022 ഒക്ടോബർ 25 ചൊവ്വാഴ്ച തുലാക്കൂറിൽ നടക്കുന്ന കേതുഗ്രസ്ത സൂര്യഗ്രഹണം ചിത്തിര അവസാന പകുതി, ചോതി, വിശാഖം 1, 2, 3 പാദം നക്ഷത്രജാതരെ വളരെ ദോഷകരമായി ബാധിക്കാം. അന്ന് ഇന്ത്യൻ സമയം പകൽ 14:28:21 മണിക്ക് തുടങ്ങുന്ന ഗ്രഹണം വൈകിട്ട് 18:32:11 മണിക്ക് അവസാനിക്കും. കേരളത്തിൽ ഗ്രഹണ സ്പർശം വൈകിട്ട് 5:30 മണിക്കും മോക്ഷം 5:55 മണിക്കും ആണ്. പരമാഗ്രസം 2.7 ശതമാനമാണ്. പരമാഗ്രസം 25 ശതമാനത്തിൽ കുറവായതിനാൽ ഇവിടെ ആചരിക്കില്ല. ഇന്ത്യയിൽ ദൃശ്യമാകാത്തതിനാൽ ഈ ഗ്രഹണ ഫലങ്ങൾ പൊതുവേ നമ്മെ കൂടുതൽ ബാധിക്കില്ല.

എന്നാൽ സൂര്യന്റെ നീചരാശിയായ തുലാം രാശിയിൽ സംഭവിക്കുന്ന ഗ്രഹണം ആ രാശിജാതരെ വളരെയധികം ദോഷകരമായി ബാധിക്കാം. സൂര്യൻ നീചരാശിയായ തുലാത്തിൽ നിൽക്കുമ്പോൾ ഗ്രഹണം നടക്കുന്നതിനാൽ മാത്രമല്ല ഈ രാശിക്കാർക്ക് ഇപ്പോൾ കണ്ടകശനിയാണ്. പോരാത്തതിന് ആറിൽ വ്യാഴം, രാശിയിൽ കേതുവും എഴിൽ സർപ്പനുമുണ്ട്. ആകെക്കൂടി ഈ കൂറുകാർക്ക് ദുരിതങ്ങൾ വർദ്ധിച്ചിരിക്കുന്ന സമയമാണ്. അതിന്റെ കൂടെ കേതുവിനൊപ്പം നീചനായി നിൽക്കുന്ന സുര്യന്റെ ഗ്രഹണം കൂടി സംഭവിക്കുന്നതിനാൽ ഗ്രഹണ ദിവസവും തുടർന്നു വരുന്ന 7 ദിവസങ്ങളിലും പ്രസ്തുത കൂറിൽ ജനിച്ച ചിത്തിര അവസാന പകുതി, ചോതി, വിശാഖം 1, 2, 3 പാദം നക്ഷത്രക്കാർ വളരെയധികം സൂക്ഷിക്കണം.

അതുപോലെ സൂര്യൻ ദശാനാഥനായിട്ടുള്ള കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രജാതർക്കും ചിങ്ങക്കൂറിലെ മകം, പൂരം, ഉത്രം ആദ്യ കാൽ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും , കേതു ദശാനാഥനായി വരുന്ന അശ്വതി, മകം, മൂലം നക്ഷത്രക്കാർക്കും ഈ ഗ്രഹണം കുറച്ച് ദോഷം ചെയ്യും. അതിനാൽ തുലാം, ചിങ്ങം കൂറുകളിൽ ജനിച്ചവരും കാർത്തിക, ഉത്രം, ഉത്രാടം,അശ്വതി, മൂലം നക്ഷത്രത്തിൽ ജനിച്ചവരും കേതു ഗ്രസ്ത സൂര്യഗ്രഹണത്തെ അതീവ ജാഗ്രതയോട സമീപിക്കണം. ഇവരെല്ലാം അപകടങ്ങൾ, അഗ്നിബാധ, രോഗദുരിതങ്ങൾ കരുതിയിരിക്കണം. ഈ നക്ഷത്രക്കാരെല്ലാം ദോഷപരിഹാരമായി ശിവക്ഷേത്ര ദർശനം, പ്രാർത്ഥന, വഴിപാടുകൾ എന്നിവ യഥാശക്തി നടത്തണം. ഗണപതി ഹോമം വളരെയധികം ഫലപ്രദമായ വഴിപാടാണ്. ഗ്രഹണ ദിവസമായ തുലാം 8 ചൊവ്വാഴ്ച മന:ശുദ്ധിയോടെ ദാനം തുടങ്ങിയ പുണ്യകർമ്മങ്ങൾ ചെയ്യുന്നതും പുണ്യ തീർത്ഥങ്ങളിൽ സ്‌നാനം ചെയ്യുന്നതും ഓം ആദിത്യായ നമഃ, ഓം നമഃ ശിവായ, ഓം ഗം ഗണപതയേ നമഃ എന്നീ മൂലമന്ത്രങ്ങളും ആദിത്യ ഗായത്രിയും 108 തവണ വീതം ജപിക്കുന്നതും ഉത്തമമായ
ദോഷ പരിഹാരമാണ്.

രാഹുവും കേതുവും ആയി ഏത് ഗ്രഹത്തിന് ബന്ധം ഉണ്ടായാലും അവയ്ക്ക് ഗ്രഹണം വരാം. ഇതിൽ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം എന്നിവയാണ് പ്രധാനം. രാഹു, കേതു, സൂര്യൻ, ചന്ദ്രൻ എന്നിവരാണ് പ്രധാനമായും ഗ്രഹണവുമായി ബന്ധപ്പെട്ടവർ. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും. ചന്ദ്രൻ, സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുകയും സൂര്യൻ ഭാഗികമായോ പൂർണ്ണമായോ മറയപ്പെടുകയും ചെയ്യും. സൂര്യഗ്രഹണം അമാവാസിക്ക് മാത്രമേ സംഭവിക്കാറുള്ളൂ. അമാവാസി അവസാന നേരം പകൽ വന്നാലേ ഗ്രഹണം ദൃശ്യമാകൂ. സൂര്യഗ്രഹണത്തിൽ സ്പർശ കാലം പുണ്യകാലമാണ്. ഈ സമയം പുണ്യകർമ്മങ്ങൾക്ക് ഉത്തമമാണ്.

സൂര്യ ചന്ദ്രന്മാരുടെ ഗ്രഹണമുണ്ടായാൽ തുടർന്നുള്ള മൂന്നു ദിവസങ്ങൾ എല്ലാ ശുഭകാര്യങ്ങൾക്കും ഒഴിവാക്കണം. സൂര്യഗ്രഹണത്തിനു ശേഷം 5 ദിവസം ഒഴിവാക്കണമെന്നും 7 ദിവസങ്ങൾ ഒഴിവാക്കണമെന്നും ആചാര്യന്മാർക്ക് ഇടയിൽ അഭിപ്രായമുണ്ട്. മൂന്നു ദിവസമെങ്കിലും ശുഭകാര്യങ്ങൾക്ക് ഉപയേഗിക്കരുത്.

ജ്യോതിഷ രത്നം വേണു മഹാദേവ് ,

+91 9847475559

Story summary: Astrological effects of Partial Solar Eclipse
Solar eclipse on October 25, 2022

error: Content is protected !!