ഒരു തവണ രാമ നാമം ജപിച്ചാൽ മതി പാപ മുക്തി ; സഹസ്രനാമജപത്തിന് തുല്യം
ഗിരീഷ് എം നായർ
സർവ്വൈശ്വര്യത്തിനും എല്ലാ ജന്മങ്ങളിലെയും പാപങ്ങൾ ഇല്ലാതാകുന്നതിനും രണ്ടക്ഷരം ജപിച്ചാൽ മതി – രാമ എന്ന രണ്ടക്ഷരം. ഒരു തവണ രാമ നാമം ജപിക്കുന്നത് സഹസ്രനാമ ജപത്തിന് തുല്യമാണെന്ന് ഭഗവാൻ ശ്രീ പരമേശ്വരൻ ശ്രീപാർവ്വതിയോട് പറഞ്ഞിട്ടുണ്ട്. ഏത് മന്ത്രവും ആരംഭിക്കുന്നത് ഓംകാരത്തിലാണ്. എന്നാൽ താരക മന്ത്രമായ രാമനാമത്തിന് മുൻപ് അതിന്റെ ആവശ്യമില്ല. ഓം നമോ നാരായണായ എന്ന
അഷ്ടാക്ഷര മന്ത്രത്തിലെ രാ യും ഓം നമ:ശിവായ എന്ന പഞ്ചാക്ഷരിയിലെ മ യും സംയോജിപ്പിച്ചാണ് രാമനാമം ഉണ്ടായത്. രാമ നാമം തിരിച്ചുച്ചരിച്ചാൽ മാര എന്നാകും . മാരൻ എന്നാൽ കാമൻ എന്നാണ് അത്ഥം. അതുകൊണ്ട് രാമനാമത്തിന് മനുഷ്യരിലെ കാമാസക്തിയെ ഹനിക്കുവാൻ ഉപകരിക്കുമെന്നും വിശ്വസിക്കുന്നു.
രാമനാമ മാഹാത്മ്യം വർണ്ണിക്കുന്ന ഒട്ടേറെ കഥകൾ പ്രാരത്തിലുണ്ട്. ഒരു മഹർഷി തന്റെ ആശ്രമത്തിന്റെ ചുമതല ശിഷ്യനെ ഏല്പിച്ച് 4 ദിവസത്തെ യാത്ര പോയ സമയത്ത് അറിയാതെ സംഭവിച്ചു പോയ
ഗോവധത്തിന് പ്രായശ്ചിത്തം ചെയ്യണമെന്ന ആവശ്യവുമായി ഒരു ബ്രാഹ്മണൻ ആശ്രമത്തിലെത്തി. രണ്ടു തവണ രാമനാമം ഉച്ചരിക്കാൻ ശിഷ്യൻ ഉപദേശിച്ചു. തിരിച്ചു വന്നപ്പോൾ ഗുരു ഇതറിഞ്ഞ് ശിഷ്യനെ വല്ലാതെ ശകാരിച്ചു: രാമ നാമത്തിന്റെ ശക്തിയറിയാത്ത നീ വെറും വിഡ്‌ഢി തന്നെയാണ്. രാമ എന്ന് ഒരു തവണ ജപിക്കുമ്പോൾ തന്നെ ഏത് പാപവും നശിക്കും എന്നിരിക്കെ എന്തിന് രണ്ടു തവണ ജപിക്കുവാൻ നീ ഉപദേശിച്ചു എന്നാണ് ഗുരു ചോദിച്ചത്.
രാവണനിഗ്രഹ ശേഷം ലങ്കാധിപതിയായ വിഭീഷണന്റെ മുന്നിൽ ഒരു ദിവസം ഒരാളെത്തി. അപകടത്തിൽ പെട്ട് കടലിൽ ഒഴുകി അവശനായി എത്തിയതായിരുന്നു അയാൾ. ചികിത്സിച്ച് സുഖപ്പെടുത്തിയ ശേഷം വിഭീഷണൻ ഒരു പൊതി സമ്മാനിച്ച് അയാളെ യാത്രയാക്കി. ഇത് കയ്യിൽ വച്ചാൽ മതി സുഗമമായി കടൽ താണ്ടിപ്പോകാം എന്നും പറഞ്ഞു. അങ്ങനെ അയാൾ അനായാസം കടൽ കടന്ന് പോകുമ്പോൾ പൊതിയിൽ എന്താകുമെന്ന ആകാംക്ഷയാൽ നടുക്കടലിൽ വച്ച് അത് തുറന്നു നോക്കി. ഒരു ഓലയിൽ രാമ എന്ന് മാത്രം എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ ഓ .. ഇതായിരുന്നോ എന്ന് പുച്ഛം തോന്നി. ആ നിമിഷം അയാൾ കടലിൽ താണുപോയി.
രാമനാമം ജപിച്ചാണ് ഹനുമാൻ സ്വാമി സമുദ്രം താണ്ടി ലങ്കയിലെത്തിയത്. രാമനാമം ജപിക്കുന്നിടത്തെല്ലാം ഹനുമാൻ സ്വാമിയുടെ സാന്നിദ്ധ്യം ഉണ്ടാകും. ശ്രീരാമ ജയം എന്ന് ജപിച്ചാൽ മതി ഹനുമാൻ സ്വാമി പ്രസാദിക്കും. ബുദ്ധി, ബലം ധൈര്യം, ഐശ്വര്യം ഇവയെല്ലാം നൽകി അനുഗ്രഹിക്കും. ഭക്തഹനുമാന്റെ രാമ നാമ ജപം ഒരിക്കൽ ശ്രീരാമ ദേവനെ തന്നെ വിഷമത്തിലാക്കിയ ഒരു കഥ പുരാണത്തിലുണ്ട്:
ശ്രീരാമൻ അയോദ്ധ്യ വാഴുന്ന കാലം. ശകുന്തൻ എന്ന മഹാരാജാവ്, അദ്ദേഹത്തിൻ്റെ സഭയിൽ വസിഷ്ഠർ തുടങ്ങിയ ഋഷീശ്വരന്മാരെ ആദരിച്ചു. ഇതറിഞ്ഞ നാരദർ വിശ്വാമിത്ര മഹർഷിയെ ചെന്നു കണ്ടു. ശകുന്തൻ വസിഷ്ഠനെ മാത്രം ബഹുമാനിച്ച് വിശ്വാമിത്രനെ നിന്ദിക്കുന്നത് എന്തിനെന്ന് ആരാഞ്ഞു. കോപിഷ്ടനായ വിശ്വാമിത്രൻ ശിഷ്യനായ ശ്രീരാമനോട് നാളെ സൂര്യൻ മറയും മുൻപ് ശകുന്തൻ്റെ ശിരസ്സ് തൻ്റെ കാലടികളിൽ വയ്ക്കണമെന്ന് ആജ്ഞാപിച്ചു. ഗുരുകല്പന പാലിക്കാൻ ശകുന്തനുമായി യുദ്ധം ചെയ്യാൻ ശ്രീരാമൻ പുറപ്പെട്ടു. ഈ സമയത്ത് ജീവരക്ഷയ്ക്കായി ഹനുമാനെ അഭയം പ്രാപിക്കുവാൻ നാരദൻ ശകുന്തനെ ഉപദേശിച്ചു. പ്രാണരക്ഷാർത്ഥം ശകുന്തൻ ഹനുമാന്റെ അടുത്തെത്തി. ശകുന്തന്റെ എതിരാളി തന്റെ ശ്രീരാമദേവനാണെന്ന് അറിയാതെ രക്ഷിക്കാമെന്ന് രാമ നാമത്തിൽ ഹനുമാൻ സത്യം ചെയ്തു. എന്നിട്ട് വാലുകൊണ്ട് ഒരു കോട്ട നിർമ്മിച്ച് ശകുന്തനെ ഉള്ളിലിരുത്തി അതിന് മുകളിൽ കയറി ഇരുന്ന് രാമനാമം ജപിച്ചു. രാമ നാമം ജപിച്ച് ധ്യാനലീനനായിരുന്ന ആഞ്ജനേയൻ്റെ വാലിലെ ഒരു രോമത്തെ സ്പർശിക്കാൻ പോലും രാമബാണത്തിന് കഴിഞ്ഞില്ല. അവസാനം ശക്തി മുഴുവൻ സംഭരിച്ച് ശ്രീരാമൻ അസ്ത്രമെടുത്ത് മന്ത്രജപമാരംഭിച്ച് ശകുന്തനെ വധിക്കാൻ ഒരുങ്ങിയപ്പോൾ നാരദർ അപകടം മനസിലാക്കി. ഭഗവാൻ ഭക്തനേക്കാൾ അശക്തനാകുന്നത് യുക്തമല്ല; അതിനാൽ ശകുന്തനെ വിശ്വാമിത്രൻ്റെ സമീപം അയച്ച് മാപ്പപേക്ഷിക്കാൻ തീരുമാനിച്ചു.
മാരുതിക്കെതിരായുള്ള അസ്ത്ര പ്രയോഗത്തിന് മന്ത്രം ജപിച്ച ശ്രീരാമൻ്റെ കോപം തണുപ്പിക്കുവാൻ സകല ദേവൻമാരും പ്രത്യക്ഷരായി പ്രാർത്ഥിച്ചു. ശകുന്തൻ നാരദൻ്റെ നിർദ്ദേശപ്രകാരം
വിശ്വാമിത്രനെ സമീപിച്ച് മാപ്പു ചോദിച്ച് അനുഗ്രഹം വാങ്ങി. രാമനാമത്തിൻ്റെ ശക്തിയിൽ സാക്ഷാൽ ശ്രീരാമനെത്തന്നെ എതിർത്തു നിന്ന ഹനുമാനെ, ഒടുവിൽ ശ്രീരാമചന്ദ്രൻ ഗാഢമായി ആശ്ലേഷിച്ച് അനുഗ്രഹിച്ചു.
ഗിരീഷ് എം നായർ, ധർമ്മപുരി
+91 7845150 541