Monday, 7 Oct 2024
AstroG.in

ഒരു വർഷത്തെ ഷഷ്ഠിവ്രതാചരണം വൃശ്ചികത്തിൽ തുടങ്ങണം

സന്താനങ്ങളുടെ ക്ഷേമത്തിനും കുടുംബ ഐശ്വര്യത്തിനും ഉദ്ദിഷ്ട കാര്യസിദ്ധിക്കും അത്യുത്തമമാണ് സുബ്രഹ്മണ്യ പ്രീതിക്കായുള്ള ഷഷ്ഠിവ്രതാചരണം. വിഘ്‌നങ്ങള്‍ നീക്കി ജീവിതവിജയം കൈവരിക്കാന്‍ സുബ്രഹ്മണ്യ പത്‌നിയായ ദേവസേനയെ പ്രീതിപ്പെടുത്താനും ഷഷ്ഠിവ്രതമെടുക്കുന്നത് നല്ലതാണ്. 
വെളുത്തപക്ഷത്തിലെ ഷഷ്ഠിദിവസം സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ വലിയ വിശേഷമാണ്. അന്നാണ് ഷഷ്ഠിവ്രതമെടുക്കേണ്ടത്.

എന്നാൽ കറുത്തപക്ഷത്തിലെ ഷഷ്ഠി സാധാരണ വ്രതദിവസമല്ല. സുര്യോദയ ശേഷം ആറുനാഴിക ഷഷ്ഠി തിഥി ഉള്ള ദിവസമാണ് വ്രതമനുഷ്ഠിക്കേണ്ടത്. വെളുത്ത പക്ഷത്തിലെ പഞ്ചമിനാള്‍  ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിനാളില്‍ കാലത്ത് കുളി കഴിഞ്ഞ് സുബ്രഹ്മണ്യക്ഷേത്രദര്‍ശനം, സുബ്രഹ്മണ്യപൂജ മുതലായവയ്ക്കു ശേഷം ഉച്ചപൂജ തൊഴുത് ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന നിവേദ്യച്ചോറ് കഴിക്കണം.  വൈകിട്ട്  ഷഷ്ഠി സ്തുതി ചൊല്ലണം. പിറ്റേന്ന് രാവിലെ തുളസീ തീർത്ഥം കഴിച്ച് വ്രതം മുറിക്കാം. ഉദ്ദിഷ്ടകാര്യസിദ്ധി, സന്താനഭാഗ്യം, സന്താനക്ഷേമം, ദാമ്പത്യ വിജയം തുടങ്ങിയവയ്ക്ക് വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം അതീവഫലപ്രദമാണെന്നാണ് അനുഭവം.

വൃശ്ചികമാസത്തിലെ  ചമ്പാഷഷ്ഠിക്ക് ഒരു പ്രത്യേകതയുണ്ട്.  വൃശ്ചികമാസത്തിൽആരംഭിച്ച് തുലാമാസത്തില്‍ അവസാനിക്കുന്ന വിധത്തിൽ  ഷഷ്ഠി വ്രതാചരണം തുടങ്ങുന്ന മാസമാണിത്. സന്താന ദുരിതങ്ങൾക്കും സന്താനങ്ങളുടെ ഉയർച്ചയ്ക്കും രോഗശാന്തിക്കും കുടുംബഭദ്രതയ്ക്കും ദുരിത ദു:ഖ നിവാരണത്തിനും ഒരു വർഷം തുടർച്ചയായി  ഷഷ്ഠിവ്രതമെടുക്കുന്നത് നല്ലതാണ്. 2019 ഡിസംബർ 2, വൃശ്ചികം 16നാണ് ഇത്തവണ ചമ്പാഷഷ്ഠി. ഒന്‍പതു വര്‍ഷങ്ങള്‍ കൊണ്ട് നൂറ്റി എട്ട് ഷഷ്ഠി എന്ന നിലയിലും പലരും ഷഷ്ഠി  വ്രതമനുഷ്ഠിക്കാറുണ്ട്. ആ വ്രതം തുടങ്ങുന്നതിനും വൃശ്ചികമാസത്തിലെ ഷഷ്ഠി നല്ലതാണ്.
കാര്‍ത്തികമാസത്തില്‍ മിക്കവാറും തുലാമാസത്തിൽ വരുന്ന ഷഷ്ഠി ശൂരസംഹാരം നടന്ന സ്‌കന്ദഷഷ്ഠി എന്നാണറിയപ്പെടുന്നത്. അന്നു തന്നെ സൂര്യഷഷ്ഠിവ്രതമെടുക്കുന്നു. ഈ ദിവസം  വ്രതത്തോടെ ആദിത്യപൂജചെയ്താല്‍ ധന, ധാന്യ, പുത്ര, പൗത്ര, സുഖ സമൃദ്ധിയുണ്ടാകും. ചര്‍മ്മ, നേത്രരോഗങ്ങളുണ്ടാകില്ല.

ഭാദ്രപദമാസത്തില്‍, മിക്കവാറും  കന്നിമാസത്തില്‍ വരുന്ന കറുത്ത ഷഷ്ഠി ഫലഷഷ്ഠി ബലരാമജയന്തി കാർഷിക വ്യവസായിക വളർച്ചയ്ക്ക് ആചരിക്കേണ്ടതാണ്. അന്ന് അന്നാഹാരമോ, പശുവിന്‍ പാലോ കഴിക്കരുത്.  ഈ ഷഷ്ഠിക്ക് കപിലഷഷ്ഠി എന്നും പേരു പറയും. മാര്‍ഗ്ഗശീര്‍ഷമാസത്തില്‍ വരുന്ന അതായത് വൃശ്ചികത്തിലെ ചമ്പാഷഷ്ഠി അഥവാ കുമാര ഷഷ്ഠിയും ബഹുവിശേഷമത്രേ. മകരത്തിലെ വെളുത്ത ഷഷ്ഠിയ്ക്ക് ശീതളാഷഷ്ഠി എന്നു  പറയുന്നു.

പുലര്‍ച്ചയ്ക്ക് കുളി, ക്ഷേത്രദര്‍ശനം  ഷഷ്ഠി ദേവിയുടെ മന്ത്രം സദാ ജപിച്ചു കൊണ്ട് പ്രദക്ഷിണം, തീര്‍ത്ഥം സേവിച്ച് വ്രതമാരംഭിക്കല്‍, ഒരിക്കലൂണ്, പഞ്ചാമൃതം, ഭസ്മാഭിഷേകം വഴിപാടുകൾ സ്‌കാനന്ദപുരാണ പാരായണം, അന്നദാനം ഇവയാണ് ഷഷ്ഠിവ്രതത്തിന്റെ പ്രധാന ഘടകങ്ങള്‍. ഷഷ്ഠി ദേവി മന്ത്രവും സ്തുതിയും സദാ ജപിക്കുന്നത് സുബ്രഹ്മണ്യസ്വാമിക്ക് വളരെ പ്രിയങ്കരമാണ്. മുരുക ഭക്തരെ സല്‍ക്കരിച്ച് അന്നദാനം ചെയ്യുന്നത് വളരെ ഉത്തമമത്രെ. കേരളീയാചാരപ്രകാരം പ്രധാന ഷഷ്ഠികള്‍ തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി വൃശ്ചികത്തിലെ കുമാരഷഷ്ഠി, ധനുവിലെ ഷഷ്ഠി മകരത്തിലെ ശീതളാഷഷ്ഠി എന്നിവയത്രെ.

അമാവാസി മുതല്‍ ഷഷ്ഠിവരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വ്രതമനുഷ്ഠിച്ച് വിധിപ്രകാരമുള്ള ആഹാരം മാത്രം കഴിച്ച് തിരുച്ചെന്തൂർ പോലുള്ള മഹാസുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ തന്നെ ആ ദിവസങ്ങളില്‍ ഭജനം പാർത്ത് അനുഷ്ഠിക്കുന്ന കഠിന ഷഷ്ഠിയുമുണ്ട്. ജാതകത്തിലെ ചൊവ്വാദോഷശാന്തിക്കായി ആ ദശാകാലത്ത് സുബ്രഹ്മണ്യഭജനമാണ് നടത്തേണ്ടത്. ഇങ്ങനെയുള്ളവര്‍ ഷഷ്ഠിവ്രതമനുഷ്ഠിക്കുന്നത് അത്യധികം ഫലപ്രദമായിരിക്കും.

ഷഷ്ഠീദേവീ സ്തുതി:

ഷഷ്ഠാംശംപ്രകൃതേശുദ്ധാം

പ്രതിഷ്ഠാ ച സുപ്രഭാം

സുപുത്രദാം ച ശുഭദാം ദയാരൂപാം ജഗത് പ്രസൂം

ശ്വേതചമ്പകവര്‍ണാഭ്യാം

രത്‌നഭൂഷണഭൂഷിതാം

പവിത്രരൂപാം പരമാം ദേവസേനാംപരേഭജേ

ഷഷ്ഠീദേവിമന്ത്രം:

ഓം ഹ്രീം ഷഷ്ഠീദേവ്യൈ സ്വഹാ

-പാലക്കാട് ടി.എസ്.ഉണ്ണി

Mobile: +91 9847118340

error: Content is protected !!