Thursday, 21 Nov 2024
AstroG.in

ഒരേ പീഠത്തിൽ സ്വയംഭൂവായ രണ്ട് ശിവലിംഗം; മംഗല്യ ഭാഗ്യമേകും തൃപ്പംകുടം പാർവതിമംഗലം

ഡോ രാജേഷ് പുല്ലാട്ടിൽ
ഒരേ പീഠത്തിൽ സ്വയംഭൂവായ രണ്ട് ശിവലിംഗങ്ങളോട് കൂടിയ അപൂർവ്വ ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ
തൃപ്പക്കുടം മഹാശിവക്ഷേത്രം. ഇഷ്ട മംഗല്യസിദ്ധിക്ക് പാർവ്വതി മംഗലം എന്ന വിശിഷ്ട വഴിപാട് നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും തലയാഴം ഗ്രാമത്തിലെ ഈ ക്ഷേത്രത്തിനുണ്ട്. തലയോലപറമ്പിൽ നിന്നും പത്ത് കിലോമീറ്റർ മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തൃപ്പക്കുടം മഹാദേവരെ ക്ഷിപ്രപ്രസാദിയായ കിരാതമൂർത്തി, രോഗശാന്തി നൽകുന്ന വൈദ്യനാഥൻ
എന്നീ സങ്കല്പങ്ങളിൽ ഭജിക്കുന്നു. അന്നപൂർണ്ണേശ്വരി ആയ പാർവതീദേവിയുടെ പ്രത്യേക സാന്നിദ്ധ്യവും ഈ ക്ഷേത്രത്തിലുണ്ട്. ഗണപതിയും ധർമ്മശാസ്താവും ഉപദേവതകളാണ്. തൃപ്പക്കുടം ക്ഷേത്രത്തിൽ മാത്രമുള്ള ഒരു വഴിപാടാണ് പാർവതീമംഗലം. മംഗല്യഭാഗ്യത്തിന് പാർവതീ ദേവിയുടെ പ്രീതിക്കു വേണ്ടി നടത്തുന്ന വിശേഷാൽ സദ്യയാണിത്. തൃപ്പക്കുടത്ത് ഈ വഴിപാട് നടത്തിയാൽ ഉടൻ മംഗല്യം എന്ന് ചൊല്ലുണ്ട്. സന്താന സിദ്ധിക്കും മറ്റ് അഭീഷ്ട സിദ്ധിക്കുമെല്ലാം ഭക്തജനങ്ങൾ പാർവതീമംഗലം നടത്താറുണ്ട്. ഏകദേശം അയ്യായിരം രൂപയിൽ കൂടുതലാണ് ഇതിന് ചെലവ്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ ക്ഷേത്രം മേൽശാന്തി തന്നെയാണ് സദ്യയൊരുക്കുന്നത്. അകത്ത് ബ്രാഹ്മണഭോജനം കഴിഞ്ഞശേഷം പാർവതീമംഗല തറയിൽ ദേവതകൾക്ക് എന്ന സങ്കൽപ്പിച്ച് ചോറ് തൂവിയ ശേഷം ഭക്തർക്ക് അന്നദാനം നടത്തുന്നു. ഇതാണ് പാർവതീ മംഗലത്തിലെ പ്രധാന ചടങ്ങ്. തൃപ്പക്കുടത്ത് പാർവ്വതിമംഗലം നടത്തിയ യുവതീയുവാക്കൾക്ക് വളരെ വേഗം വിവാഹം നടക്കുന്നു എന്നതിന് ധാരാളം അനുഭവങ്ങളുണ്ട്. സ്വയംവരാർച്ചന, ജലധാര തുടങ്ങിയവയാണ് ക്ഷേത്രത്തിലെ മറ്റ് പ്രധാന വഴിപാടുകൾ. കിരാതമൂർത്തിയും വൈദ്യനാഥനുമായി തൃപ്പക്കുടത്തപ്പനെ സങ്കൽപ്പിക്കുന്നത് കൊണ്ട് വിഘ്‌നങ്ങൾ അകലുന്നതിനും രോഗശാന്തിക്കും ഇവിടെ വഴിപാടുകൾ നടത്തുന്നത് ഫലപ്രദമാണ്.

ശക്തൻതമ്പുരാന്റെ
പാർവതീമംഗലം

കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ ഇവിടെ പാർവതീമംഗലം നടത്തിയ കഥ പ്രസിദ്ധമാണ്. ഒരിക്കൽ തന്റെ രാജ്യത്തെ ക്ഷേമം അന്വേഷിക്കാൻ നാടോടിയുടെ വേഷത്തിൽ ശക്തൻ തമ്പുരാൻ തൃപ്പക്കുടത്തെത്തി. അങ്ങനെ പാർവ്വതീ മംഗലത്തെക്കുറിച്ച് അറിഞ്ഞു. ഈ വഴിപാടിന് എത്രതന്നെ അരിവച്ചാലും ഒരു കോരിക ചോറ് മാത്രമേ മിച്ചം വരികയുള്ളൂ എന്ന് അറിഞ്ഞ രാജാവ് അത്ഭുതപരതന്ത്രനായി. കൊട്ടാരത്തിൽ തിരിച്ചെത്തിയ ശക്തൻതമ്പുരാൻ രഹസ്യമായി ഒരു പാർവതീ മംഗലം നടത്തുവാൻ തീരുമാനിച്ചു. അതിന് കുതിരവണ്ടികളിലും കാളവണ്ടികളിലുമായി ധാരാളം അരിയും സാധനങ്ങളും എത്തിച്ചു. തമ്പുരാൻ പാർവതീമംഗലം നടത്തുന്ന വിവരം എങ്ങനെയോ കേട്ടറിഞ്ഞ് അനേകായിരം ജനങ്ങൾ നാടിന്റെ നാനാഭാഗത്തു നിന്നും എത്തിചേർന്നു. ഇത്രയും ആളുകൾ വന്നത് കണ്ട് തമ്പുരാൻ അമ്പരന്നുപോയി. തന്റെ അഹങ്കാരം ശമിപ്പിക്കുന്നതിനായുള്ള ഭഗവാന്റെ ലീലയാണിതെന്ന് തിരിച്ചറിഞ്ഞ് സമസ്താപരാധവും പൊറുക്കണമെന്ന് തിരുനടയിൽ ചെന്ന്‌ പ്രാർത്ഥിച്ചു. എന്നാൽ വന്നവരെല്ലാം സദ്യ കഴിച്ച് തൃപ്തരായി മടങ്ങി. ശേഷം തമ്പുരാൻ തിടപ്പള്ളിയിൽ അന്വേഷിച്ചപ്പോൾ കൃത്യം ഒരു കോരിക ചോറ് മാത്രമാണ് ബാക്കി വന്നത്. ഇന്നും ഇവിടെ പാർവതീ മംഗലത്തിന് ചോറ് ബാക്കി വരില്ല എന്നതും അത്ഭുതമായി നില നിൽക്കുന്നു. ഇതിന് ശേഷമാണത്രേ ശക്തൻ തമ്പുരാൻ തൃശൂരിൽ വച്ച് തിരുവാതിരകളി നടക്കുന്നതിന്റെ ഇടയിൽവച്ച് കണ്ടുമുട്ടിയ കരിമ്പറ്റ ചിമ്മുക്കുട്ടിയെ പരിണയിച്ചത്.

തൃപ്പക്കുടത്തപ്പൻ വൈദ്യനാഥൻ

തൃപ്പക്കുടത്തപ്പനെ വൈദ്യനാഥനായും ആരാധിക്കുന്നു. ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന പലരും തൃപ്പക്കുടത്തപ്പന്റെ അനുഗ്രഹം കൊണ്ട് ഏതു രോഗവും ശമിപ്പിക്കാൻ കഴിയുന്ന ഭിഷഗ്വരന്മാരായിട്ടുള്ളതായി ഐതിഹ്യമുണ്ട്. ഇവിടെ പതിവായി വഴിപാട് നടത്തിയാൽ രോഗശാന്തി സിദ്ധിക്കുന്നത് ഭക്തരുടെ അനുഭവമാണ്. ആശ്രയിക്കുന്നവർക്കെല്ലാം അഭയസ്ഥാനമാണിത്. പ്രദോഷം, തിങ്കളാഴ്ച, തിരുവാതിര എന്നീ ദിവസങ്ങളിലും ശിവരാത്രിക്കുമാണ് ക്ഷേത്രത്തിൽ പ്രാധാന്യം. പ്രദോഷദിവസങ്ങളിൽ പ്രത്യേക പൂജകൾ ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. മംഗല്യഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും വേണ്ടി തിങ്കളാഴ്ച ദിവസങ്ങളിൽ ഇവിടെ എത്തുന്നവർ നിരവധിയാണ്. ശിവരാത്രിക്കും തിരുവാതിരയ്ക്കും വൻ പ്രാധാന്യമുണ്ട്. കുംഭത്തിലെ ഉത്തൃട്ടാതിക്ക് കൊടിയേറി തിരുവാതിരയ്ക്ക് ആറാട്ടോടെ ഉത്സവം സമാപിക്കും.

ഉത്സവ എഴുന്നള്ളത്തിന് പിടിയാന
ഉത്സവ എഴുന്നള്ളത്തിന് പിടിയാനയാണ് തിടമ്പേറ്റുന്നത്. സ്വയംഭൂവായി ആവിർഭവിച്ച ശിവലിംഗത്തെ കൊമ്പനാന ഇളക്കാൻ ശ്രമിച്ചത് കൊണ്ടാണ് കൊമ്പനാനയ്ക്ക് ക്ഷേത്രമതിൽ കെട്ടിൽ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഒരിക്കൽ ക്ഷേത്ര ഭരണാധികാരികൾ പിടിയാനയ്ക്ക് പാലമരം കൊണ്ട് കൊമ്പുണ്ടാക്കി വച്ച് ക്ഷേത്രത്തിൽ എഴുന്നള്ളിച്ചു. ഉത്സവശേഷം ഇന്നത്തെ ഉഴുത്വാൽ മനയുടെ തെക്കുഭാഗത്ത് തളച്ച ആന അവിടെ ചരിഞ്ഞു. പിടിയാനയായിട്ടും കൊമ്പ് വച്ച് എഴുന്നള്ളിച്ചതാണ് അനർത്ഥത്തിന് കാരണമായതെന്നാണ് പ്രശ്‌നത്തിൽ തെളിഞ്ഞത്. അന്ന് പാലമരം കൊണ്ട് കൊമ്പുണ്ടാക്കിയ ക്ഷേത്രഭരണാധികാരികളായ പലർക്കും അനർത്ഥങ്ങൾ ഉണ്ടായി. അതിനുശേഷം പിടിയാനയെ മാത്രമേ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവരികയുള്ളൂ.

വടക്കുംനാഥന്റെ അനുഗ്രഹം
സ്വയംഭൂ ശിവലിംഗങ്ങൾ

കോട്ടയം ജില്ലയിലെ രാമമംഗലം, തോട്ടറ, മുരിയമംഗലം എന്നീ പ്രദേശങ്ങൾ ചേർന്ന ഭാഗം വേദനാട് എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത്. ഇത് പിന്നീട് വേന്ദനാടായി. വേന്ദനാടിന്റെ പരദേവത ചോറ്റാനിക്കര ദേവിയായിരുന്നു. പന്നിയൂർ ഗ്രാമത്തിൽ നിന്നും വന്ന ഏഴരഗ്രാമക്കാർ എന്നറിയപ്പെടുന്ന ബ്രാഹ്മണരായിരുന്നു വേന്ദനാടിന്റെ ഭരണാധികാരികൾ. ഇവരിൽ പ്രധാനിയായിരുന്നു ഉഴുത്വാൽ ഭട്ടതിരി. തികഞ്ഞ ശിവ ഭക്തനായ അദ്ദേഹം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ സംവത്സര ഭജനം ഇരിക്കാൻ തീരുമാനിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മാതാവ് രോഗമൂർച്ഛിതയായി എന്ന് ദൂതൻ വന്ന് അറിയിച്ചു. ക്ഷേത്രത്തിൽ തൃപ്പുക നടക്കുന്ന സമയത്താണ് ഇക്കാര്യം അറിയിച്ചത്. സംവത്സര ഭജനം മുടങ്ങിയല്ലോ എന്ന വിഷമത്തോടുകൂടി തൃപ്പുക ശേഷം ഉഴുത്വാൽ ഭട്ടതിരി ഗൃഹത്തിലേക്ക് തിരിച്ചു. ബ്രാഹ്മമുഹൂർത്തത്തിൽ നാട്ടിലെത്തിയ ഉഴുത്വാൽ ഭട്ടതിരി തന്റെ ഓലക്കുട കുളക്കടവിൽ വച്ച് കുളിക്കാനിറങ്ങി. കുളികഴിഞ്ഞ് കരയ്ക്കുകയറിയ ഭട്ടതിരി കുട എടുക്കാൻ നോക്കിയപ്പോൾ അനങ്ങിയില്ല. ഗൃഹത്തിൽ ചെന്ന് മാതാവിന്റെ വിവരം അന്വേഷിച്ചു വന്ന ഭട്ടതിരി കണ്ടത് ഓലക്കുട നിന്ന സ്ഥലത്ത് ഒരു ശിവലിംഗം സ്വയംഭൂവായി ഉയർന്നു വന്നിരിക്കുന്നതാണ്. വടക്കും നാഥൻ തന്നെ അനുഗ്രഹിക്കുന്നതിനായി ഒപ്പം വന്നതാണെന്ന് മനസ്സിലാക്കിയ ഭട്ടതിരി അവിടെ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചു. ശിവലിംഗം നിന്നിരുന്നത് ഉഴുത്വാൽ ഭട്ടതിരിയുടെയും പുതുവാമന തിട്ടപ്പിള്ളി എന്നീ ഇല്ലക്കാരുടെയും അതിർത്തികൾ ചേരുന്ന പ്രദേശത്തായിരുന്നു. ഉഴുത്വാൽ ഭട്ടതിരി ശിവലിംഗത്തെ തന്റെ ഭൂമിയിലേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. അതിനായി കൊമ്പനാനയെയും തിരുമുൽപ്പാടിനെയും ഏർപ്പാടു ചെയ്തു. കൊമ്പനാന ശിവലിംഗത്തിൽ പിടിച്ചപ്പോഴേക്കും അത് രണ്ടായി പിളരുകയും ആന മദമിളകി സമീപമുള്ള കുളത്തിൽ ചാടുകയും തൽക്ഷണം ശിലയായി മാറുകയും ചെയ്തു. ആനയുടെ കൂടെ ചെന്ന തിരുമുൽപ്പാടും ശിലയായി മാറി. ക്ഷേത്രത്തിനു സമീപത്തുള്ള കുളത്തിൽ ശിലയായി കിടക്കുന്ന ആനയെയും തിരുമുൾപ്പാടിനെയും ഇന്നും കാണാനാകും. ഇന്നും ക്ഷേത്രത്തിനുള്ളിലേക്ക് കൊമ്പനാനയ്ക്കും തിരുമുൽപ്പാടിനും പ്രവേശനമില്ല.

രണ്ടായി തീർന്ന ശിവലിംഗങ്ങൾ ഭൂമിയിൽ ഉറച്ചു. ആ സ്ഥാനത്ത് പുതുവാമന തിട്ടപ്പിള്ളി എന്നീ മനക്കാരുടെ കൂടി ഊരാൺമാ ഉടമസ്ഥതയിൽ ഉഴുത്വാൽ ഭട്ടതിരി ക്ഷേത്രം പണിതീർത്തു. പിന്നീട് പാലക്കാടുള്ള കുറൂർ എന്ന മനക്കാരും കീച്ചേരി പുല്ല്യാട് എന്ന് മനക്കാരും ഊരാൺമാ അവകാശികളായി. ക്ഷേത്ര നിർമ്മാണത്തിന് താമരക്കാട് ഇല്ലക്കാരും പങ്കാളികളായിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിലെ തൃപ്പുക കഴിഞ്ഞ് ഭട്ടതിരിയുടെ കുടപ്പുറത്തുകയറി വന്ന ദേവനായതുകൊണ്ട് ക്ഷേത്രത്തിന് തൃപ്പക്കുടം എന്ന പേരുവന്നു.

ഡോ രാജേഷ് പുല്ലാട്ടിൽ: 9895502025,
9847046270

Story Summary: History, Significance and Festival’s of Thrippamkkudam Sree Mahadeva Temple, Thalayazham

Copyright 2024 Neramonline.com. All rights reserved

error: Content is protected !!