Saturday, 23 Nov 2024
AstroG.in

ഒരോ മാസത്തെയും ഷഷ്ഠി വ്രതത്തിന് പ്രത്യേകം ഫലം; ഈ വർഷത്തെ ഷഷ്ഠികൾ

അനിൽ വെളി‌ച്ചപ്പാടൻ

ഒരോ മാസത്തെയും ഷഷ്ഠി വ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മാസന്തോറും വെളുത്ത പക്ഷത്തിലെ ഷഷ്ഠിതിഥിയാണ് ഷഷ്ഠിവ്രതമായി മിക്ക ആളുകളും ആചരിക്കുന്നത്. ഷഷ്ഠിയുടെ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീസ്തുതി എന്നിവ കഴിയുന്നത്ര ജപിക്കണം. സുബ്രഹ്മണ്യ സ്തോത്രങ്ങൾ, സ്‌കന്ദപുരാണം എന്നിവ പാരായണം ചെയ്യണം. വഴിപാടുകള്‍, അന്നദാനം ഇവ നടത്തണം.

ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കി ആഹാരം
കഴിക്കാം. ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളവർ അതിനനുസരിച്ച രീതിയിൽ വ്രതമെടുക്കുക. 2022 വർഷത്തിൽ ആചരിക്കേണ്ട ഷഷ്ഠി ദിനങ്ങൾ:

2022 ജനുവരി 8
സ്‌കന്ദന്‍ താരകാസുരനെ വധിച്ചത് കണ്ടു ബ്രഹ്മാവ് സ്തുതിച്ചത് മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ, അതായത് വൃശ്ചികം – ധനുവിലെ ഷഷ്ഠി നാളില്‍ ആയിരുന്നു. ഈ ദിവസം മുരുകനെ പൂജിച്ചാല്‍ കീര്‍ത്തിമാനാകുമെന്നാണ് വിശ്വാസം. 2022 ജനുവരി 8 നാണ് ഈ ഷഷ്ഠി. തിഥി സമയം : ജനുവരി 7 പകൽ 11:10 മുതൽ 8 പകൽ 10:43 വരെ.

2022 ഫെബ്രുവരി 6
മകരത്തിലെ (പൗഷ മാസം) ഷഷ്ഠിയില്‍ സ്‌കന്ദനെയും സൂര്യനാരായണനെയും പൂജിച്ചാല്‍ ജ്ഞാന പ്രാപ്തി ഉണ്ടാകും. സൂര്യന്‍ വിഷ്ണുരൂപം പ്രാപിച്ച ദിവസമാണിത്. (2022 ഫെബ്രുവരി 6 – ഷഷ്ഠി തിഥി സമയം: ഫെബ്രുവരി 6 വെളുപ്പിന് 3:47 മുതൽ 7 ന് വെളുപ്പിന് 4:38 വരെ)

2022 മാർച്ച് 8
കുംഭമാസത്തിലെ (മാഘ) ശുക്ലപക്ഷ ഷഷ്ഠി വരുണ ഷഷ്ഠിയെന്ന് അറിയപ്പെടുന്നു. അന്ന് വരുണനെയും സ്‌കന്ദനെയും പൂജിച്ചാല്‍ ധനസമൃദ്ധി ഫലം. (2022 മാർച്ച് 8 നാണ് വരുണ ഷഷ്ഠി. തിഥി സമയം: മാർച്ച് 7 രാത്രി 10:32 മുതൽ 9 ന് രാത്രി 12:31 വരെ)

2022 ഏപ്രിൽ 7
മീനത്തിലെ (ഫല്‍ഗുണം) ഷഷ്ഠിയില്‍ ശിവനെയും മുരുകനെയും പൂജിച്ചാല്‍ കൈലാസ പ്രാപ്തി ഫലം. 2022 ഏപ്രിൽ 7 നാണ് ഈ ഷഷ്ഠി. തിഥി സമയം: ഏപ്രിൽ 6 വൈകിട്ട് 6:01 മുതൽ 7 ന് രാത്രി 8:33 വരെ)

2022 മേയ് 7
മേടത്തിലെ (ചൈത്രം) ഷഷ്ഠിനാളില്‍ വ്രതം നോറ്റ് സ്‌കന്ദനെ പൂജിച്ചാല്‍ തേജസും ദീര്‍ഘായുസ്സുമുള്ള ഒരു പുത്രനെയും രോഗശാന്തിയും ലഭിക്കും. സ്‌കന്ദൻ താരകാസുരനെ വധിച്ചതോടെ അവന്റെ രക്തം പ്രവഹിച്ച് നിരവധി മുനിമാര്‍ മരിച്ചു. ഇത് കണ്ടു സ്‌കന്ദന്‍ അമൃത് കൊണ്ട് അവരെ പുനര്‍ജനിപ്പിക്കുകയും താരകാസുരന്റെ ശരീരത്തില്‍ നിന്നും ഉത്ഭവിച്ച രക്തത്തെ പര്‍വ്വതമാക്കി. അങ്ങനെ അത് സ്‌കന്ദപര്‍വ്വതമായി. അവിടെ സ്‌കന്ദന്‍ സ്ഥിരവാസം ആകുകയും ചെയ്തു. 2022 മേയ് 7 നാണ് കുമാരവ്രതം എന്ന പേരിൽ അറിയപ്പെടുന്ന ഈ ഷഷ്ഠി. തിഥി സമയം: മേയ് 6 പകൽ 12:33 മുതൽ 7 ന് പകൽ 2:27 വരെ.

2022 ജൂൺ 5
ഇടവത്തിലെ (വൈശാഖം) ഷഷ്ഠിയില്‍ വ്രതമെടുത്ത് സ്‌കന്ദനെ പൂജിച്ചാല്‍ മാതൃസൗഖ്യം ഫലം. 2022 ജൂൺ 5 നാണ് ഈ ഷഷ്ഠി. തിഥി സമയം: ജൂൺ 5 രാവിലെ 4:53 മുതൽ 6 ന് രാവിലെ 6:40 വരെ. 2022 ജൂലൈ 5 മിഥുനത്തിലെ (ജ്യേഷ്ഠം) ഷഷ്ഠിയില്‍ വ്രതമെടുത്ത് സ്‌കന്ദനെ പൂജിച്ചാല്‍ പുണ്യലോക പ്രാപ്തി ഫലം. തിഥി സമയം: ജൂലൈ 4 വൈകിട്ട് 6:33 മുതൽ 5 ന് വൈകിട്ട് 7:29 വരെ.

2022 ജൂലൈ 5
മിഥുനത്തിലെ (ജ്യേഷ്ഠം) ഷഷ്ഠിയില്‍ വ്രതമെടുത്ത് സ്‌കന്ദനെ പൂജിച്ചാല്‍ പുണ്യലോക പ്രാപ്തി ഫലം. തിഥി സമയം: ജൂലൈ 4 വൈകിട്ട് 6:33 മുതൽ 5 ന് വൈകിട്ട് 7:29 വരെ.

2022 ആഗസ്റ്റ് 3
കര്‍ക്കടകത്തിലെ ഷഷ്ഠിനാളില്‍ വ്രതം അനുഷ്ഠിച്ച് യഥാവിധി സ്‌കന്ദനെ പൂജിച്ചാല്‍ ശിവപാര്‍വ്വതിമാരുടെ അനുഗ്രഹത്താൽ സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. കാര്യസിദ്ധിയും ലഭിക്കും. ഇതിനെ കുമാര ഷഷ്ഠിയെന്ന് അറിയപ്പെടുന്നു. 2022 ആഗസ്റ്റ് 3 നാണ് ഈ ഷഷ്ഠി. തിഥി സമയം : ആഗസ്റ്റ് 3 രാവിലെ 5:42 മുതൽ 4 ന് വൈകിട്ട് 5:41 വരെ

2022 സെപ്തംബർ 2
ചിങ്ങത്തിലെ ഷഷ്ഠിനാളില്‍ വ്രതം അനുഷ്ഠിച്ച് സ്‌കന്ദനെയും ലളിതാദേവിയെയും പൂജിച്ചാല്‍ ഫലം ആഗ്രഹസാഫല്യം – ഈ ഷഷ്ഠിയെ ചന്ദനഷഷ്ഠി, സൂര്യ ഷഷ്ഠി എന്നെല്ലാം അറിയപ്പെടുന്നു. അന്നു തന്നെയാണ് ലളിതാവ്രതവും. 2022 സെപ്റ്റംബർ 2 നാണ് ഈ ഷഷ്ഠി. തിഥി സമയം: സെപ്റ്റംബർ 1 ഉച്ചയ്ക്ക് 2:49 മുതൽ 2 ഉച്ചയ്ക്ക് 1:51 വരെ.

2022 ഒക്ടോബർ 1
കന്നിയിലെ ഷഷ്ഠി നാളിൽ സ്‌കന്ദനെയും കാത്യായനീ ദേവിയെയും പൂജിച്ചാല്‍ ഫലം ഭര്‍ത്തൃലാഭം, സന്താന ലാഭം എന്നിവയാണ്. ഈ ഷഷ്ഠിയെ കപിലഷഷ്ഠി എന്നും പറയുന്നു. 2022 ഒക്ടോബർ 1 നാണ് ഈ ഷഷ്ഠി. തിഥി സമയം : സെപ്റ്റംബർ 30 രാത്രി 10:35 മുതൽ ഒക്ടോബർ 1 ന് രാത്രി 8.47 വരെ. ഈ ഷഷ്ഠിയെ കപിലഷഷ്ഠി എന്നും അറിയപ്പെടുന്നു.

2022 ഒക്ടോബർ 30
സക്ന്ദഷഷ്ഠി എന്നാണ് തുലാമാസത്തിലെ ഷഷ്ഠി അറിയപ്പെടുന്നത്. ഷഷ്ഠി വ്രതങ്ങളിൽ ഏറ്റവും പ്രധാനം തുലാമാസത്തിലെ ഷഷ്ഠിയാണ്. ശിവതേജസില്‍ നിന്നും അവതാരമെടുത്ത സുബ്രഹ്മണ്യൻ അന്നാണ് ദേവന്മാരുടെ ജീവിതം തകർത്ത ശൂരപദ്മാസുരനെ നിഗ്രഹിച്ചത്. ശത്രുനാശവും സന്താന ലാഭവുമാണ് സക്ന്ദഷഷ്ഠി അനുഷ്ഠാനത്തിന്റെ ഫലം. 6 ദിവസം വ്രതമെടുത്തും ഒരു ദിവസം വ്രതമെടുത്തും ഇത് ആചരിക്കാറുണ്ട്. തുലാമാസത്തിൽ അവസാനിക്കും വിധം 6 മാസം ഷഷ്ഠിയെടുത്താൽ 12 ഷഷ്ഠി നോറ്റ അനുഗ്രഹം ലഭിക്കുമെന്നും വിശ്വസിക്കുന്നു. ചൊവ്വാ ദോഷം പരിഹരിക്കാൻ സക്ന്ദഷഷ്ഠി വ്രതം ഉത്തമമാണ്. 2022 ഒക്ടോബർ 30 നാണ് സക്ന്ദ ഷഷ്ഠി. തിഥി സമയം: ഒക്ടോബർ 30 രാവിലെ 5:50 മുതൽ 31 ന് രാവിലെ 3:28 വരെ.

2022 നവംബർ 29
പ്രണവത്തിന്റെ അര്‍ത്ഥമറിയാത്ത ബ്രഹ്മാവിനെ കാരാഗ്രഹത്തിലടച്ച പാപത്തിന് പ്രായശ്ചിത്തമായി സുബ്രഹ്മണ്യന്‍ സര്‍പ്പരൂപിയായി മാറി. അമ്മ പാര്‍വതി 9 വർഷം 108 ഷഷ്ഠിവ്രതം നോറ്റ് മകനെ ഈ പാപത്തിൽ നിന്നും വിഷ്ണു സ്പര്‍ശനത്താൽ മോചിപ്പിച്ചു. വൃശ്ചികത്തിലെ ഷഷ്ഠിനാളില്‍ കര്‍ണാടകയിലെ സുബ്രഹ്മണ്യത്ത് വച്ചാണ് ഇപ്രകാരം സംഭവിച്ചതെന്നാണ് ഐതിഹ്യം. അതിനാൽ ഇത് സുബ്രഹ്മണ്യ ഷഷ്ഠിയായി. ഈ വ്രതമെടുത്താൽ സര്‍പ്പശാപം, മഹാരോഗങ്ങള്‍, സന്തതിദുഃഖം, പാപദോഷം മുതലായവയില്‍ നിന്ന് മോചനം കിട്ടും. ഒരു വർഷത്തെ ഷഷ്ഠിവ്രതാചരണം തുടങ്ങുന്നത് ഈ ഷഷ്ഠിക്കാണ്. ചിലർ തുലാം മുതൽ അടുത്ത തുലാം വരെ 13 ഷഷ്ഠി വ്രതമെടുക്കാറുണ്ട്.
2022 നവംബർ 29 നാണ് സുബ്രഹ്മണ്യ ഷഷ്ഠി. തിഥി സമയം: നവംബർ 28 ഉച്ചയ്ക്ക് 1:35 മുതൽ 29 ന് രാവിലെ 11:04 വരെ.
2022 ഡിസംബർ 28
സ്‌കന്ദന്‍ താരകാസുരനെ വധിച്ചത് കണ്ടു ബ്രഹ്മാവ് സ്തുതിച്ചത് മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ, അതായത് വൃശ്ചികം – ധനുവിലെ ഷഷ്ഠി നാളില്‍ ആയിരുന്നു. ഈ ദിവസം മുരുകനെ പൂജിച്ചാല്‍ കീര്‍ത്തിമാനാകുമെന്നാണ് വിശ്വാസം. 2022 ഡിസംബർ 28 നാണ് ഈ ഷഷ്ഠി. തിഥി സമയം : ഡിസംബർ 27 ന് രാത്രി 10:53 മുതൽ 28 ന് രാത്രി 8:44 വരെ.

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ

ഷഷ്ഠീദേവീ മന്ത്രം
ഓം ഹ്രീം ഷഷ്ഠീദേവ്യേ സ്വഹാ

സുബ്രഹ്മണ്യ ദ്വാദശനാമ മന്ത്രം
ഓം സേനാന്യൈ നമഃ
ഓം ക്രൗഞ്ചരയേ നമഃ
ഓം ഷണ്‍മുഖായ നമഃ
ഓം ഗുഹായ നമഃ
ഓം ഗാംഗേയായ നമഃ
ഓം കാര്‍ത്തികേയായ നമഃ
ഓം സ്വാമിനെ നമഃ
ഓം ബാലരൂപായ നമഃ
ഓം ഗ്രഹാഗ്ര ൈണ്യ നമഃ
ഓം ചാടപ്രിയയായ നമഃ
ഓം ശക്തിധത്യാരായ നമഃ
ഓം ദൈത്യാരയേ നമഃ

ഷഷ്ഠീദേവീസ്തുതി
ഷഷ്ഠാംശം പ്രകൃതേശുദ്ധാം
പ്രതിഷ്ഠാപ ച സുപ്രഭാം
സപുത്രദാം ച ശുഭദാം
ദയാരൂപാം ജഗത്പ്രസൂം
ശ്വേതചമ്പക വര്‍ണാഭ്യാം
രത്‌നഭൂഷണ ഭൂഷിതാം
പവിത്രരൂപാം പരമാം
ദേവസേനാം പരേഭജേ


അനിൽ വെളി‌ച്ചപ്പാടൻ
9497 134 134, 0476-296 6666
https://uthara.in/pradosham-2022/

Story Summary: Significance of Shashi Vritham: All Shashi dates in 2022 and Shashi Tithi Timing

Copyright 2021 Neramonline.com. All rights reserved


error: Content is protected !!