ഒരോ മാസത്തെയും ഷഷ്ഠി വ്രതത്തിന് പ്രത്യേകം ഫലം; ഈ വർഷത്തെ ഷഷ്ഠികൾ
മംഗള ഗൗരി
ഒരോ മാസത്തെയും ഷഷ്ഠി വ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മാസന്തോറും വെളുത്ത പക്ഷത്തിലെ ഷഷ്ഠിതിഥിയാണ് ഷഷ്ഠിവ്രതമായി ആചരിക്കുന്നത്. ഷഷ്ഠിയുടെ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ അഷ്ടോത്തരം, സുബ്രഹ്മണ്യ പഞ്ചരത്നം, സുബ്രഹ്മണ്യ കവചം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീസ്തുതി എന്നിവ കഴിയുന്നത്ര ജപിക്കണം. സുബ്രഹ്മണ്യ സ്തോത്രങ്ങൾ, സ്‌കന്ദപുരാണം എന്നിവ പാരായണം ചെയ്യണം. വഴിപാടുകള്‍, അന്നദാനം ഇവ നടത്തണം.
ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കിആഹാരം കഴിക്കാം. ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളവർ അതിനനുസരിച്ച രീതിയിൽ വ്രതമെടുക്കുക. ഷഷ്ഠി വ്രതം കണക്കാക്കുന്നത് കറുത്ത വാവ് കഴിഞ്ഞ് വരുന്ന
ശുക്ലപക്ഷ ഷഷ്ഠിയിലാണ്. മാസം കണക്കാക്കുന്നത് ഓരോ മാസവും പൗർണ്ണമി വരുന്ന നക്ഷത്രമാണ്.
ഉദാഹരണത്തിന് കാർത്തിക നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന മാസം കാർത്തിക മാസം. ചൈത്ര നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന മാസം ചൈത്ര മാസം . 2023 – 24 വർഷത്തിൽ ആചരിക്കേണ്ട ഷഷ്ഠി ദിനങ്ങൾ:
2023 ഡിസംബർ 18
പ്രണവത്തിന്റെ അര്‍ത്ഥമറിയാത്ത ബ്രഹ്മാവിനെ കാരാഗ്രഹത്തിലടച്ച പാപത്തിന് പ്രായശ്ചിത്തമായി സുബ്രഹ്മണ്യന്‍ സര്‍പ്പരൂപിയായി മാറി. അമ്മ പാര്‍വതി ഒൻപത് വർഷം 108 ഷഷ്ഠിവ്രതം നോറ്റ് മകനെ ഈ പാപത്തിൽ നിന്നും വിഷ്ണു സ്പര്‍ശത്താൽ മോചിപ്പിച്ചു. മാർഗ്ഗശീർഷത്തിലെ ഷഷ്ഠിനാളില്‍ കര്‍ണാടകയിലെ സുബ്രഹ്മണ്യത്ത് വച്ചാണ് ഇപ്രകാരം സംഭവിച്ചതെന്നാണ് ഐതിഹ്യം. അതിനാൽ ഇത് സുബ്രഹ്മണ്യ ഷഷ്ഠിയായി. ഈ വ്രതമെടുത്താൽ സര്‍പ്പശാപം, മഹാരോഗങ്ങള്‍, സന്തതിദുഃഖം, പാപദോഷം മുതലായവയില്‍ നിന്ന് മോചനം കിട്ടും. ഒരു വർഷത്തെ ഷഷ്ഠി വ്രതാചരണം തുടങ്ങുന്നത് ഈ ഷഷ്ഠിക്കാണ്. 2023 ഡിസംബർ 18 നാണ് ഈ ഷഷ്ഠി. തിഥി സമയം: ഡിസംബർ 17 വൈകിട്ട് 5:33 മുതൽ 18 പകൽ 3:14 വരെ. ഈ ഷഷ്ഠി
ചമ്പാഷഷ്ഠിയായും അറിയപ്പെടുന്നു
2024 ജനുവരി 16
പൗഷ മാസം ( ധനു – മകരം) ഷഷ്ഠിയില്‍ സ്‌കന്ദനെയും സൂര്യനാരായണനെയും പൂജിച്ചാല്‍ ജ്ഞാന പ്രാപ്തി ഉണ്ടാകും. സൂര്യന്‍ വിഷ്ണുരൂപം പ്രാപിച്ച ദിവസമാണിത്. 2024 ജനുവരി 16 നാണ് ഈ ഷഷ്ഠി. (ഷഷ്ഠി തിഥി സമയം: ജനുവരി 16 വെളുപ്പിന് 2:16 മുതൽ രാത്രി 11:58 വരെ)
2024 ഫെബ്രുവരി 15
മാഘ മാസത്തിലെ (മകരം – കുംഭം) ശുക്ലപക്ഷ ഷഷ്ഠി വരുണ ഷഷ്ഠിയായി അറിയപ്പെടുന്നു. അന്ന് വരുണനെയും സ്‌കന്ദനെയും പൂജിച്ചാല്‍ ധനസമൃദ്ധി ഫലം. (2024 ഫെബ്രുവരി 15 നാണ് വരുണഷഷ്ഠി. തിഥി സമയം: ഫെബ്രുവരി 14 പകൽ 12:15 മുതൽ 15 ന് പകൽ 10:17 വരെ)
2024 മാർച്ച് 15
ഫല്‍ഗുണ ഷഷ്ഠിയില്‍ ( കുംഭം – മീനം) ശിവനെയും മുരുകനെയും പൂജിച്ചാല്‍ കൈലാസ പ്രാപ്തി ഫലം.
2024 മാർച്ച് 15 നാണ് ഈ ഷഷ്ഠി. തിഥി സമയം: മാർച്ച് 14 രാത്രി 11:31 മുതൽ 15 ന് രാത്രി 10:15 വരെ)
2024 ഏപ്രിൽ 14
ചൈത്രം ഷഷ്ഠിനാളില്‍ (മീനം – മേടം) വ്രതം നോറ്റ് സ്‌കന്ദനെ പൂജിച്ചാല്‍ തേജസും ദീര്‍ഘായുസ്സുമുള്ള ഒരു
പുത്രനെയും രോഗശാന്തിയും ലഭിക്കും. സ്‌കന്ദൻ താരകാസുരനെ വധിച്ചതോടെ അവന്റെ രക്തം പ്രവഹിച്ച് നിരവധി മുനിമാര്‍ മരിച്ചു. ഇത് കണ്ടു സ്‌കന്ദന്‍ അമൃത് കൊണ്ട് അവരെ പുനര്‍ജനിപ്പിക്കുകയും താരകാസുരന്റെ ശരീരത്തില്‍ നിന്നും ഉത്ഭവിച്ച രക്തത്തെ പര്‍വ്വതമാക്കി. അങ്ങനെ അത് സ്‌കന്ദപര്‍വ്വതമായി. അവിടെ സ്‌കന്ദന്‍ സ്ഥിരവാസം ആകുകയും ചെയ്തു. 2024 ഏപ്രിൽ14 നാണ് കുമാരവ്രതം എന്ന പേരിൽ അറിയപ്പെടുന്ന ഈ ഷഷ്ഠി. തിഥി സമയം: ഏപ്രിൽ 13 പകൽ 12:04 മുതൽ 14 ന് പകൽ 11:49 വരെ.
2024 മേയ് 13
വൈശാഖത്തിലെ ഷഷ്ഠിയില്‍ (മേടം – ഇടവം) വ്രതമെടുത്ത് സ്കന്ദനെ പൂജിച്ചാല്‍ മാതൃസൗഖ്യം ഫലം. 2024 മേയ് 13 നാണ് ഈ ഷഷ്ഠി. തിഥി സമയം: മേയ് 13 രാവിലെ 2:07 മുതൽ 14 ന് രാവിലെ 2:53 വരെ.
2024 ജൂൺ 12
ജ്യേഷ്ഠ ഷഷ്ഠിയില്‍ (ഇടവം – മിഥുനം) വ്രതമെടുത്ത് സ്കന്ദനെ പൂജിച്ചാല്‍ പുണ്യലോക പ്രാപ്തി ഫലം. തിഥി സമയം: ജൂൺ 11 വൈകിട്ട് 5:33 മുതൽ 12 ന് വൈകിട്ട് 7:20 വരെ.
2024 ജൂലൈ 12
ആഷാഢത്തിലെ ഷഷ്ഠിനാളില്‍ (മിഥുനം – കർക്കടകം)
വ്രതം അനുഷ്ഠിച്ച് യഥാവിധി സ്‌കന്ദനെ പൂജിച്ചാല്‍ ശിവപാര്‍വ്വതിമാരുടെ അനുഗ്രഹത്താൽ സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. കാര്യസിദ്ധിയും ലഭിക്കും. ഇതിനെ കുമാര ഷഷ്ഠിയെന്ന് അറിയപ്പെടുന്നു. 2024 ജൂലൈ 12 നാണ് ഈ ഷഷ്ഠി. തിഥി സമയം: ജൂലൈ 11 പകൽ 10:05 മുതൽ 12 ന് പകൽ 12:34 വരെ
2024 ആഗസ്റ്റ് 10
ശ്രാവണത്തിലെ ഷഷ്ഠിനാളില്‍ ( കര്‍ക്കടകം – ചിങ്ങം)
വ്രതം അനുഷ്ഠിച്ച് സ്‌കന്ദനെയും ലളിതാദേവിയെയും പൂജിച്ചാല്‍ ഫലം ആഗ്രഹസാഫല്യം – ഈ ഷഷ്ഠിയെ ചന്ദനഷഷ്ഠി, സൂര്യ ഷഷ്ഠി എന്നെല്ലാം അറിയപ്പെടുന്നു. അന്നു തന്നെയാണ് ലളിതാവ്രതവും. 2024 ആഗസ്റ്റ് 10 നാണ് ഈ ഷഷ്ഠി. തിഥി സമയം: ആഗസ്റ്റ് 10 വെളുപ്പിന് 3:15 മുതൽ 11 വെളുപ്പിന് 5:50 വരെ.
2024 സെപ്തംബർ 09
ഭാദ്രപദത്തിലെ ഷഷ്ഠിനാളില്‍ (ചിങ്ങം – കന്നി) സ്‌കന്ദനെയും കാത്യായനീ ദേവിയെയും പൂജിച്ചാല്‍ ഫലം ഭര്‍ത്തൃലാഭം, സന്താന ലാഭം എന്നിവയാണ്. ഈ ഷഷ്ഠിയെ കപിലഷഷ്ഠി എന്നും പറയുന്നു. 2024 സെപ്തംബർ 9 നാണ് ഈ ഷഷ്ഠി. തിഥി സമയം : സെപ്റ്റംബർ 8 രാത്രി 7:56 മുതൽ 9 ന് രാത്രി 9.51 വരെ. ഈ ഷഷ്ഠിയെ കപിലഷഷ്ഠി എന്നും പറയുന്നു.
2024 ഒക്ടോബർ 09
ആശ്വിനത്തിലെ ഷഷ്ഠി ( കന്നി – തുലാം) പൊതുവേ വരുന്നത് നവരാത്രികാലത്താണ്. അന്ന് സ്‌കന്ദനെയും കാത്യായനീദേവിയെയും പൂജിച്ചാല്‍ഫലം ഭര്‍തൃലാഭം, സന്താന ലാഭം. ഈ ഷഷ്ഠി കപിലഷഷ്ഠി എന്നും
2024 ഒക്ടോബർ 09 നാണ് കപില ഷഷ്ഠി. തിഥി സമയം: ഒക്ടോബർ 8 പകൽ 11:25 മുതൽ 9ന് രാവിലെ 12:20 വരെ.
2024 നവംബർ 07
കാർത്തികത്തിലെ ( തുലാം – വൃശ്ചികം) ഷഷ്ഠിയെ സക്ന്ദഷഷ്ഠി എന്നാണ് പറയുക. ഷഷ്ഠി വ്രതങ്ങളിൽ ഏറ്റവും പ്രധാനം സക്ന്ദഷഷ്ഠിയാണ്. ശിവതേജസില്‍ നിന്നും അവതാരമെടുത്ത സുബ്രഹ്മണ്യൻ അന്നാണ്
ദേവന്മാരുടെ ജീവിതം തകർത്ത ശൂരപദ്മാസുരനെ നിഗ്രഹിച്ചത്. ശത്രുനാശവും സന്താന ലാഭവുമാണ്
സക്ന്ദഷഷ്ഠി അനുഷ്ഠാനത്തിന്റെ ഫലം. 6 ദിവസം വ്രതമെടുത്തും ഒരു ദിവസം വ്രതമെടുത്തും ഇത് ആചരിക്കാറുണ്ട്. തുലാമാസത്തിൽ അവസാനിക്കും വിധം 6 മാസം ഷഷ്ഠിയെടുത്താൽ 12 ഷഷ്ഠി നോറ്റ അനുഗ്രഹം ലഭിക്കുമെന്നും വിശ്വസിക്കുന്നു. ചൊവ്വാ ദോഷം പരിഹരിക്കാൻ സക്ന്ദഷഷ്ഠി വ്രതം ഉത്തമമാണ്.
2024 നവംബർ 07 നാണ് സക്ന്ദഷഷ്ഠി. തിഥി സമയം: നവംബർ 7 രാത്രി 0:44 മുതൽ 8 ന് രാത്രി 0:37 വരെ.
2024 ഡിസംബർ 07
സ്‌കന്ദന്‍ താരകാസുരനെ വധിച്ചത് കണ്ടു ബ്രഹ്മാവ് സ്തുതിച്ചത് മാര്‍ഗ്ഗശീര്‍ഷത്തിലെ, (വൃശ്ചികത്തിലോ – ധനുവിലോ വരാം) ഷഷ്ഠി നാളില്‍ ആയിരുന്നു. ഈ ദിവസം മുരുകനെ പൂജിച്ചാല്‍ കീര്‍ത്തിമാനാകുമെന്നാണ് വിശ്വാസം. 2024 ഡിസംബർ 7 നാണ് ഈ ഷഷ്ഠി. തിഥി സമയം: ഡിസംബർ 6 ന് പകൽ 12:07 മുതൽ 7 ന് പകൽ 11:05 വരെ.
സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
ഷഷ്ഠീദേവീ മന്ത്രം
ഓം ഹ്രീം ഷഷ്ഠീദേവ്യേ സ്വഹാ
സുബ്രഹ്മണ്യ ദ്വാദശനാമ മന്ത്രം
ഓം സേനാന്യൈ നമഃ
ഓം ക്രൗഞ്ചരയേ നമഃ
ഓം ഷണ്‍മുഖായ നമഃ
ഓം ഗുഹായ നമഃ
ഓം ഗാംഗേയായ നമഃ
ഓം കാര്‍ത്തികേയായ നമഃ
ഓം സ്വാമിനെ നമഃ
ഓം ബാലരൂപായ നമഃ
ഓം ഗ്രഹാഗ്രണ്യൈ നമഃ
ഓം ചാടപ്രിയയായ നമഃ
ഓം ശക്തിധത്യാരായ നമഃ
ഓം ദൈത്യാരയേ നമഃ
ഷഷ്ഠീദേവീസ്തുതി
ഷഷ്ഠാംശം പ്രകൃതേശുദ്ധാം
പ്രതിഷ്ഠാപ ച സുപ്രഭാം
സപുത്രദാം ച ശുഭദാം
ദയാരൂപാം ജഗത്പ്രസൂം
ശ്വേതചമ്പക വര്‍ണാഭ്യാം
രത്‌നഭൂഷണ ഭൂഷിതാം
പവിത്രരൂപാം പരമാം
ദേവസേനാം പരേഭജേ
Story Summary: Significance of Shashi Vritham: All Shashi dates in 2023 – 24 and Shashi Tithi Timing