ഒറ്റത്തിരി തെക്ക് ദിക്കിലേക്ക് കൊളുത്തരുത്, ഊതി കെടുത്തരുത്, കരിന്തിരി കത്തരുത്
കളരിക്കൽ രതീഷ് പണിക്കർ
മംഗളകർന്മങ്ങൾക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് നിലവിളക്ക്. ഭഗവതി സേവയിൽ ദേവതയെ ആവാഹിക്കുന്നത് നിലവിളക്കിലേക്കാണ്. മനസ്സ്, ബിന്ദു, കല, നാദം, പഞ്ചഭൂതം എന്നിവയുടെ പ്രതീകമാണ് നിലവിളക്ക്.
രണ്ട് തട്ടുകൾ ഉള്ളതും ഓടിൽ നിർമ്മിച്ചതുമായ നിലവിളക്കാണ് ഭവനങ്ങളിൽ കത്തിക്കാൻ ഉത്തമം. തൂക്ക് വിളക്ക്, അലങ്കാരമുള്ളത്, കൂടുതൽ തട്ടുകൾ ഉള്ളത്, എണ്ണ കളയുന്നത്, കരിപിടിച്ചത്, പൊട്ടിയത് തുടങ്ങിയ നിലവിളക്കുകൾ വീട്ടിൽ തെളിക്കരുത്.
ഒരു തിരിയായി വിളക്ക് കൊളുത്തരുത്. രണ്ട് തിരികൾ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്ക് വച്ച് കൊളുത്തണം. പ്രഭാതത്തിൽ ഒരു ദീപം കിഴക്കോട്ടും സന്ധ്യയ്ക്ക് രണ്ട് ദീപങ്ങൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും വയ്ക്കണം.
പൂജാദികർമ്മങ്ങൾക്കും ക്ഷേത്രങ്ങളിലുമാണ് രണ്ടിലധികം ദീപങ്ങൾ ഉപയോഗിക്കുന്നത്. അഞ്ച് തിരിയിട്ടും ഭവനങ്ങളിൽ വിശേഷാവസരങ്ങളിൽ
വിളക്ക് തെളിയിക്കാം.
അഞ്ചുതിരി : നാലുദിക്കിലേക്കും പിന്നെ ഒന്ന് വടക്ക് കിഴക്ക് ദിക്കിലും കൊളുത്തണം. ഏഴ് തിരി: നാലുദിക്കിലേക്കും പിന്നെ ഒരോന്നും വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് എന്നിങ്ങനെ കൊളുത്തണം.
ഒറ്റത്തിരി തെക്ക് ദിക്കിലേക്ക് കൊളുത്തരുത്.
കൂടുതൽ തിരികൾ കൊളുത്തുന്ന കൽവിളക്കുകളിൽ തിരികൾ വടക്ക് വശത്ത് നിന്നും കൊളുത്തിത്തുടങ്ങണം. പ്രദക്ഷിണമായി കൊളുത്തിത്തുടങ്ങി അവസാന തിരിയും കൊളുത്തിയ പ്രദക്ഷിണം പൂർത്തിയാക്കാതെ തിരിച്ചുവരണം. എന്നിട്ട് കത്തിക്കാൻ ഉപയോഗിച്ച ദീപം കെടുത്തണം.
നിലവിളക്ക് ഊതി കെടുത്തരുത്. തിരി പിന്നിലേക്ക് നീക്കി എണ്ണയിൽ മുക്കിയാണ് കെടുത്തേണ്ടത്.
ദീപം കരിത്തിരി കത്തി അണയുന്നത് അശുഭമാണ്.
നിലവിളക്ക് കൊളുത്തുമ്പോഴും അതിനെ വന്ദിക്കുമ്പോഴും ജപിക്കേണ്ട ശ്ലോകം ചുവടെ ചേർക്കുന്നു:
ദീപോജ്യോതിഃ പരം ബ്രഹ്മ
ദീപോജ്യോതിർ ജനാർദ്ദന
ദീപോഹരതുമേ പാപം
സന്ധ്യാദീപ നമോസ്തുതേ
ശുഭം ഭവതു കല്യാണം
ആയുരാരോഗ്യവർദ്ധനം
മമഃ ശത്രുവിനാശായ
ദീപജ്യോതിർ നമോ നമഃ.
കളരിക്കൽ രതീഷ് പണിക്കർ
+91 965614 5514
(കൈലാസം അസ്ട്രോ സൊല്യൂഷൻസ്, രാമനാട്ടുകര, കോഴിക്കോട് )
Story Summary: Sanctity of Nilavilakku, Procedure of lighting