ഓച്ചിറ 12 വിളക്ക് തൊഴുതാൽ ഐശ്വര്യം
പ്രകൃതിയും ഈശ്വരനും മനുഷ്യനും ഒന്നാണെന്ന ദർശനത്തിന്റെ സന്ദേശം പകരുന്നദിവ്യ സന്നിധിയാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. അമ്പലമില്ലാതെ, പ്രതിഷ്ഠയില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന ഓച്ചിറ പരബ്രഹ്മ ദർശനം കൈലാസ ദർശനം പോലെ പുണ്യകരമാണെന്ന് ആചാര്യന്മാർ പറയുന്നു.
മറ്റ് ഈശ്വര സന്നിധികളിൽ നിന്നും തികച്ചും വിഭിന്നമാണ് ഓച്ചിറയിലെ ക്ഷേത്രസങ്കല്പം. സാമ്പ്രദായിക രീതിയിലുള്ള പൂജകളും പൂജാരിയുമില്ലാത്ത ഈ ക്ഷേത്രത്തിൽ ദേവന് നൈവേദ്യവും അഭിഷേകവുമൊന്നുമില്ല. മഞ്ഞും മഴയും വെയിലും ചൂടും ഏറ്റ് ഇവിടെ ആൽച്ചുവട്ടിൽ ശ്രീ പരമേശ്വരൻ വാണരുളുന്നു. ഓച്ചിറ പരബ്രഹ്മമേ പാഹിമാം എന്ന നാമജപവും അന്നദാനവും കഞ്ഞിവീഴ്ത്തും ഭിക്ഷയും എട്ടുകണ്ടം നേർച്ചയുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ.
ദുരിതമകലാനും പാപമോചനത്തിനും പിതൃപ്രീതിക്കും അന്നദാനം വഴിപാട് സഹായിക്കും. ഭിക്ഷ നല്കിയാൽ ദുരിതങ്ങൾ അകന്ന് സാമ്പത്തികാഭിവൃദ്ധി കൈവരും. എട്ടുകണ്ടം നേർച്ചയിലൂടെ ശനിദോഷ ശാന്തിയും സർവ്വാഭീഷ്ട സിദ്ധിയുമുണ്ടാകും. അതിനാൽ 12 വിളക്ക് കഴിഞ്ഞാൽ ശനിയാഴ്ചകളിൽ ഇവിടെ വലിയ തിരക്കാണ്. മരത്തടിയിൽ നിർമ്മിച്ച ആൾരൂപങ്ങളും മനുഷ്യ അവയവങ്ങളുടെ ലോഹരൂപങ്ങളും നടയ്ക്കുവച്ച് രോഗശാന്തിയും ദോഷശമനവും തേടുന്ന ഒരേയൊരു ക്ഷേത്രവുമാണിത്.
ഇവിടുത്തെ പ്രധാന വിശേഷമാണ് വൃശ്ചികം ഒന്നാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ നടക്കുന്ന പന്ത്രണ്ട് വിളക്ക് മഹോത്സവം. പറച്ചിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുപേരും പരബ്രഹ്മത്തെ ധ്യാനിച്ചു നടത്തിയ പൂജകളെ അനുസ്മരിച്ചാണ് പന്ത്രണ്ടു വിളക്ക് മഹോത്സവം ആഘോഷിക്കുന്നത്. ഇതിനെ ഓർമ്മിപ്പിക്കുന്ന പന്ത്രണ്ടുവിളക്കുകളും ഇവിടെയുണ്ട്. ഈ പന്ത്രണ്ട് ദിവസങ്ങളിൽ ഇവിടെ കുടിലുകെട്ടി ഭജനമിരുന്ന് വ്രതമനുഷ്ടിച്ചാൽ മുജ്ജന്മ ദോഷങ്ങൾ പോലുമകന്ന് സർവ്വ ഐശ്വര്യങ്ങളും ലഭിക്കും. നവംബർ 17 മുതൽ 28 വരെയാണ് ഇത്തവണ ഓച്ചിറ വിളക്കുത്സവം. ഓച്ചിറ വിളക്ക് സമയത്തെ ക്ഷേത്ര ദർശനം പുണ്യകരവും ഐശ്വര്യദായകവുമാണ്.
ഉത്‌സവകാലത്ത് ജാതിമതഭേദമന്യേ ക്ഷേത്രത്തില്‍ നൂറു കണക്കിനാളുകളാണ് കുടിലുകള്‍കെട്ടി താമസിച്ച് ഭജനമിരിക്കാൻ എത്തുന്നത്. പരബ്രഹ്‌മ സന്നിധിയിലെത്തി കുടിലുകളൊരുക്കിയ ഭക്തര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് അരയാല്‍ത്തറകളിലും ഒണ്ടിക്കാവിലും ശാസ്‌താക്ഷേത്രത്തിലും മഹാലക്ഷ്‌മിക്കാവിലുമൊക്കെ വലം വച്ച് തൊഴുതുവന്ന് കുടിലുകളില്‍ നിലവിളക്ക് തെളിക്കുന്നു. ഇതാണ് വൃശ്ചികപ്പുലരിയിലെ ആദ്യ ചടങ്ങ്. ഓരോ കാര്യനിർവ്വഹണത്തിനും ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രത്യേകം കമ്മിറ്റികളുണ്ട്. 1500 ൽ ഏറെ ചെറുകുടിലുകളാണ് ഈ പുണ്യഭൂമിയില്‍ ഈ സീസണിൽ ഉയരുന്നത്. ചെറുകുടിലുകളിലും അരയാല്‍ത്തറകളിലുമൊക്കെയായി 12 ദിനരാത്രങ്ങളില്‍ പരബ്രഹ്മഭജനത്തിന് ആയിരങ്ങള്‍ കുടുംബസമേതം വരുന്നു.ഇതോടനുബന്ധിച്ച് മതസമ്മേളനങ്ങള്‍, സര്‍വമത സമ്മേളനം, വനിതാ സമ്മേളനം, യുവജന സമ്മേളനം, കാര്‍ഷിക വ്യാവസായിക സമ്മേളനം, സാംസ്‌കാരിക സമ്മേളനം, ആരോഗ്യ സമ്മേളനം തുടങ്ങിയവയും നടത്താറുണ്ട്. മറ്റു പല ക്ഷേത്രങ്ങളിലും 12 വിളക്ക് മഹോത്സവം ഉണ്ടെങ്കിലും ഓച്ചിറയിലേത് അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.
ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരകവാടം മുതല്‍ 22 ഏക്കര്‍ സ്‌ഥലത്ത് 2 ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രം.പരബ്രഹ്‌മ ചൈതന്യത്തിന്റെ മൂലസ്‌ഥാനമായ ഓച്ചിറയില്‍ എത്തിയാല്‍ ആദ്യം കാണുന്നത് അലങ്കരിച്ച് പ്രദക്ഷിണത്തിന് കൊണ്ട് വരുന്ന ശിവ വാഹനമായ കാളയെയാണ്. ശ്രീകോവിലും പ്രതിഷ്‌ഠയും ഇല്ലാത്ത മൂലസ്‌ഥാനത്തിനു ചുറ്റും ത്രിശൂലങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. ഭസ്‌മമാണ് പ്രസാദം. ഇവിടെ ഭസ്‌മം ശിവവിഭൂതിയായും ത്രിശൂലം ഭഗവാന്റെ ആയുധമായും സങ്കല്പിക്കുന്നു.
വൃശ്‌ചിക മഹോത്‌സവം കരകൂടല്‍ ഘോഷയാത്രകളോടെയാണ് തുടങ്ങുന്നത്. ക്ഷേത്രത്തിന് വടക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര ആശാന്റെ മുക്കില്‍ നിന്നും തെക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര മുതുകാട്ടുകര ദേവീക്ഷേത്രത്തില്‍ നിന്നുമാണ് ആരംഭിക്കുന്നത്. വാദ്യമേളങ്ങളും വേലകളിയും ഘോഷയാത്രയ്‌ക്ക് പകിട്ടേകും. നൂറനാട്ട് നടന്ന പടയോട്ടത്തിന്റെയും പടവെട്ടിന്റെയും ചരിത്രസ്‌മരണ ഉണര്‍ത്തുന്നതാണ് കരകൂടല്‍ ചടങ്ങ്. യുദ്ധം നീണ്ടുപോയപ്പോള്‍ സമാധാന കാംക്ഷികളായ നൂറനാട്ടെ കരനാഥന്മാര്‍ പാഴൂര്‍ മനയിലെത്തി തമ്പുരാനെ മധ്യസ്‌ഥനായി ക്ഷണിച്ചുവരുത്തി പടവെട്ട് അവസാനിപ്പിച്ചവെന്ന് ചരിത്രം പറയുന്നു. പാഴൂര്‍ തമ്പുരാന്റെ ഓര്‍മ്മയ്‌ക്കായി എല്ലാവര്‍ഷവും വൃശ്‌ചികച്ചിറപ്പിന് കിഴക്കുവശത്തായി കുടില്‍ സ്‌ഥാപിച്ച് അദ്ദേഹത്തിന്റെ വാളും പീഠവും പൂജിച്ച് കെടാവിളക്ക് വെയ്‌ക്കുന്നത് ഇന്നും തുടരുന്നു.
– പി.എം. ബിനുകുമാർ +919447694053