Saturday, 21 Sep 2024
AstroG.in

ഓച്ചിറ 12 വിളക്ക് തൊഴുതാൽ
ശനിദോഷ ശാന്തി, സർവ്വാഭീഷ്ട സിദ്ധി

എല്ലാ ഈശ്വര സന്നിധികളിൽ നിന്നും വിഭിന്നമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രസങ്കല്പം. സമ്പ്രദായിക രീതിയിലുള്ള പൂജകളും പൂജാരിയുമില്ലാത്ത ഈ ക്ഷേത്രത്തിൽ ദേവന് നൈവേദ്യവും അഭിഷേകവും ഒന്നുമില്ല. മഞ്ഞും മഴയും വെയിലും ചൂടും ഏറ്റ് ഇവിടെ ആൽച്ചുവട്ടിൽ ശ്രീ പരമേശ്വരൻ വാണരുളുന്നു. വൃശ്ചികം ഒന്നിന് തുടങ്ങുന്ന 12 വിളക്കാണ് ഓച്ചിറയിലെ പ്രധാന ഉത്സവം. അമ്പലമില്ലാതെ, പ്രതിഷ്ഠയില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന ഓച്ചിറ പരബ്രഹ്മ ദർശനം കൈലാസ ദർശനം പോലെ പുണ്യകരമാണെന്ന് ആചാര്യന്മാർ പറയുന്നു. ഓച്ചിറ പരബ്രഹ്മമേ പാഹിമാം എന്ന നാമജപത്തോടെ ഇവിടെ വഴിപാടുകൾ നടത്തിയാൽ ശനിദോഷ ശാന്തിയും സർവ്വാഭീഷ്ട സിദ്ധിയുമുണ്ടാകും. മരത്തടിയിൽ നിർമ്മിച്ച ആൾരൂപങ്ങളും മനുഷ്യ അവയവങ്ങളുടെ ലോഹരൂപങ്ങളും നടയ്ക്കുവച്ച് രോഗശാന്തിയും ദോഷശമനവും തേടുന്ന ഒരേയൊരു ക്ഷേത്രവുമാണിത്. ദുരിതമകലാനും പാപമോചനത്തിനും പിതൃപ്രീതിക്കും ഇവിടെ നടത്തുന്ന വഴിപാടുകൾ സഹായിക്കും.

പറച്ചിപെറ്റ പന്തിരുകുലത്തിലെ 12 പേരും പരബ്രഹ്മത്തെ ധ്യാനിച്ചു നടത്തിയ പൂജകളെ അനുസ്മരിച്ചാണ് വൃശ്ചികം ഒന്ന് മുതൽ 12 വരെ നടക്കുന്ന പന്ത്രണ്ട് വിളക്ക് മഹോത്സവം. ഇതിനെ ഓർമ്മിപ്പിക്കുന്ന പന്ത്രണ്ടു വിളക്കുകളും ഇവിടെയുണ്ട്. ഈ പന്ത്രണ്ട് ദിവസങ്ങളിൽ ഇവിടെ ഭജനമിരുന്ന് വ്രതമനുഷ്ടിച്ചാൽ മുജ്ജന്മ ദോഷം പോലുമകന്ന് സർവ്വ ഐശ്വര്യങ്ങളും ലഭിക്കും. ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ കാരണം കുടിൽ കെട്ടി ഭജനം ആചാരത്തിന് വേണ്ടി 2 കുടിലുകൾ മാത്രമായിരിക്കും. എന്നാൽ ക്ഷേത്രത്തിന്റെ തീർത്ഥാടന സത്രവും ഒങ്കാര സത്രവും ഭജനം പാർക്കാൻ തുറന്നു കൊടുക്കും. ഉത്സവ ആഘോഷങ്ങൾ, സമ്മേളനങ്ങൾ ഇവ ഇത്തവണയും ഉണ്ടാകില്ല. നിയന്ത്രണങ്ങൾ പാലിച്ച് ഭക്തർക്ക് ദർശനം അനുവദിക്കും. നവംബർ 16 മുതൽ 27 വരെയാണ് ഓച്ചിറ വിളക്കുത്സവം. ഈ സമയത്തെ ക്ഷേത്ര ദർശനം പുണ്യകരവും ഐശ്വര്യദായകവുമാണ്. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്ത കാലത്ത്‌ ജാതിമതഭേദമന്യേ നൂറു കണക്കിനാളുകളാണ് കുടിലുകള്‍കെട്ടി താമസിച്ച്‌ ഭജനമിരിക്കാൻ എത്തിയിരുന്നത്.
ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരകവാടം മുതല്‍ 22 ഏക്കര്‍ സ്‌ഥലത്ത്‌ 2 ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ക്ഷേത്രം. പരബ്രഹ്‌മ ചൈതന്യത്തിന്റെ മൂലസ്‌ഥാനമായ ഓച്ചിറയില്‍ എത്തിയാല്‍ ആദ്യം കാണുന്നത്‌ അലങ്കരിച്ച് പ്രദക്ഷിണത്തിന് കൊണ്ട്‌ വരുന്ന ശിവ വാഹനമായ കാളയെയാണ്‌. ശ്രീകോവിലും പ്രതിഷ്‌ഠയും ഇല്ലാത്ത മൂലസ്‌ഥാനത്തിനു ചുറ്റും ത്രിശൂലങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. ഭസ്‌മമാണ്‌ പ്രസാദം. ഇവിടെ ഭസ്‌മം ശിവവിഭൂതിയായും ത്രിശൂലം ഭഗവാന്റെ ആയുധമായും സങ്കല്പിക്കുന്നു.

പി.എം. ബിനുകുമാർ
+91 9447694053

Story Summary: Ochira Parabrahma Temple 12 Vilakku Festival

error: Content is protected !!