Saturday, 23 Nov 2024
AstroG.in

ഓണവിൽ വാങ്ങി വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യം

മംഗള ഗൗരി

ശ്രീപത്മനാഭസ്വാമിക്ക് തിരുവോണ നാളിൽ ഓണവില്ല് സമര്‍പ്പിക്കുന്ന ചടങ്ങിന് ക്ഷേത്രത്തോളം പഴക്കമുണ്ട്.  പാതാളത്തിലേക്ക് ചവിട്ടിത്തുന്ന സമയത്ത്,  ഭഗവാന്റെ വിശ്വരൂപം കാണണമെന്ന ആഗ്രഹം മഹാബലി പ്രകടിപ്പിച്ചു. ഭഗവാൻ അത് സാധിച്ചു കൊടുത്തപ്പോൾദശാവതാര ദര്‍ശനം സാധ്യമാക്കണമെന്ന്  അപേക്ഷിച്ചു.  ഭഗവാൻ വിശ്വകര്‍മ്മാവിനെ പ്രത്യക്ഷപ്പെടുത്തി. മഹാബലി നാട്ടിൽ എഴുന്നെള്ളുന്ന ഓരോ കാലത്തും അവതാര ചിത്രങ്ങൾ വരച്ച് ഭഗവത് സന്നിധിയിൽ വച്ച് മഹാബലിയെ കാട്ടണമെന്ന്  നിര്‍ദേശിച്ചു. ഇങ്ങനെ മഹാബലിയെ വിഷ്ണുവിന്റെ അവതാര ചിത്രങ്ങള്‍  കാട്ടാനാണ് ശ്രീപത്മനാഭ സന്നിധിയിൽ ഓണവില്ല്  സമർപ്പിക്കുന്ന ചടങ്ങ് തുടങ്ങിയത് എന്നാണ് വിശ്വാസം.
ശ്രീപത്മനാഭസ്വാമി ക്ഷേത്ര ശില്പികളുടെ പരമ്പരയിലെ വിശ്വകർമ്മ കുടുംബമാണ് ചിങ്ങത്തിലെ തിരുവോണ ദിവസം പുലർച്ചെ ഭഗവാന്  ഓണവില്ല് സമർപ്പിക്കുന്നത് .  വഞ്ചിയുടെ മാതൃകയാണ് ഓണവില്ലിന്. വില്ലൊരുക്കിയ ശേഷം അതിൽ മഹാവിഷ്ണുവിൻ്റെ സൗമ്യഭാവമുള്ള അവതാര കഥകൾ പഞ്ചവർണ്ണങ്ങളിൽ – പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളപ്പ് നിറങ്ങളില്‍ ചിത്രീകരിക്കും. ഈ ഓണവില്ല് തയ്യാറാക്കി സമർപ്പിക്കുന്നതിന് അവകാശം കരമന, മേലാറന്നൂർ, വിളയിൽ കുടുംബത്തിനാണ്. 41 ദിവസം വ്രതം നേറ്റാണ് മഞ്ഞക്കടമ്പ്, മഹാഗണി എന്നീ ദേവഗണത്തിലെ തടികളിൽ അവർ വില്ല് ഒരുക്കുന്നത്. മിഥുന മാസത്തിൽ ശുഭ മുഹൂർത്തം നോക്കിയാണ് വില്ല് നിർമ്മാണം തുടങ്ങുക.


മഞ്ഞക്കടമ്പ്  ഒരു കാലത്ത് ഇവിടെ സുലഭമായിരുന്നു. എന്നാല്‍ ഇപ്പോൾ തമിഴ്നാട്ടില്‍ നിന്നാണ്  എത്തിക്കുന്നത്. ഓണവില്ല് തയ്യാറാക്കുന്ന മുക്കാല്‍ ഇഞ്ച് കനമുള്ള പലകയ്ക്ക് വഞ്ചിയുടെയും കേരളത്തിന്റെയും ആകൃതിയാണ്. അവതാരങ്ങള്‍ വരയ്ക്കുന്ന പലകകള്‍ക്ക് വിവിധ നീളവും വീതിയുമാണ്. ആറ് ജോഡി വില്ലുകളാണ്  സമര്‍പ്പിക്കുന്നത്. ഏറ്റവും വലിയ വില്ല് നാലര അടി നീളത്തിലുള്ള അനന്തശയനമാണ്. നാലടി നീളത്തിലുള്ള പലകകളിൽ ദശാവതാരം, ശ്രീരാമപട്ടാഭിഷേകം, ശാസ്താവ് എന്നീ മൂന്ന് കഥകള്‍ രണ്ടാമതായി വരയ്ക്കുന്നു. മൂന്നര അടി നീളത്തിലുള്ള വില്ലില്‍ ശ്രീകൃഷ്ണലീല, വിനായകന്‍ എന്നിവരുടെ കഥകൾ ചിത്രീകരിക്കുന്നു. വലിയ വില്ലുകൾ രണ്ടും ശ്രീപത്മനാഭസ്വാമിയുടെ ഉദരഭാഗത്തെ വിഗ്രഹത്തിന് ഇരുവശങ്ങളിൽ ചാർത്തും. ദശാവതാരവില്ല് നരസിംഹ മൂർത്തിയുടെ വിഗ്രഹത്തിലും പട്ടാഭിഷേകം വില്ല് ശ്രീരാമ വിഗ്രഹത്തിലും ചാർത്തുന്നു. ശാസ്താവ്, ശ്രീകൃഷ്ണൻ, വിനായകൻ എന്നീ വില്ലുകൾ അതത് വിഗ്രഹങ്ങളിൽ ചാർത്തും. മൊത്തം ആറു ജോഡി വില്ലുകളാണ് ക്ഷേത്ര പ്രതിഷ്ഠകളിൽ ചാർത്തുന്നത്. തിരുവോണത്തിന് ചാർത്തുന്ന ഈ വില്ലുകൾ അവിട്ടം, ചതയം നാളുകളിൽ പുജിക്കും. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിന് വരുന്നവർക്ക് വില്ല് ദർശിക്കാം. നാലാം ദിവസം പുറത്തെടുക്കുന്ന വില്ലുകൾ രാജകുടുംബത്തിന്റെ പൂജാമുറിയിലേക്ക് മാറ്റും. ഒരു വർഷം അവിടെ പൂജിക്കുന്നതാണ് ആചാരം. ഭക്തർ മുൻകൂട്ടി ബുക്ക് ചെയ്യുന്ന വില്ലുകളും ഇപ്രകാരം പൂജിക്കും. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ ഓണവിൽ ക്ഷേത്രത്തിൽ നിന്നും വാങ്ങി വീട്ടിൽ പൂജാമുറിയിൽ സൂക്ഷിക്കുന്നത് ഐശ്വര്യാഭിവൃദ്ധി സമ്മാനിക്കുമെന്ന് വിശ്വസിക്കുന്നു. 
– മംഗള ഗൗരി


Story Summary :  Onavillu charthal : The Dedication Ceremony Of The Colourful Bows To Sri Padmanabha Swamy On Thiruvonam day, the birthday of Lord Mahavishnu

error: Content is protected !!