Friday, 20 Sep 2024
AstroG.in

ഓരോ നക്ഷത്രക്കാരും ദോഷം അകറ്റാൻ നടത്തേണ്ട വഴിപാടുകൾ

ജ്യോതിഷരത്നം വേണു മഹാദേവ്
ഒരോരുത്തർക്കും അവരവരുടെ ജനന സമയത്തെ ഗ്രഹനിലയെക്കാൾ ഗുണദോഷങ്ങൾ അനുഭവത്തിൽ വരുന്നത് ചാരവശാലും ദശാപഹാരകാലത്തും സംഭവിക്കുന്ന ഗ്രഹനിലയ്ക്കനുസരിച്ചാണ്.
മുജ്ജന്മ ഫലമാണ് ഓരോരുത്തരുടെടെയും
ജാതകത്തിൽ തെളിയുന്നത്. ജനന സമയത്തെ ഗ്രഹനില (ജാതകം) എത്ര ദോഷകരമായാലും ഭൂമിയിൽ പിറന്ന ശേഷം ഓരോ കാലയളവിലും
നമ്മൾ ശീലിക്കുന്ന ഈശ്വരാനുഷ്ഠാനങ്ങൾ, വ്രതം,
പ്രാർത്ഥന, ജപം, ദാനധർമ്മങ്ങൾ തുടങ്ങിയ
സത്കർമ്മങ്ങൾ നമ്മുടെ പുണ്യം വർദ്ധിപ്പിക്കും. മറ്റൊരാൾക്ക് ഒരു ഗുണവും ചെയ്തില്ലെങ്കിലും അവരെ ദ്രോഹിക്കാതിരുന്നാൽ മതി പുണ്യം കൂടും.
ഒപ്പം ദശാപഹാരാദികളിൽ ഈശ്വര പ്രാർത്ഥനയോടെ മുന്നോട്ട് പോയാൽ തീർച്ചയായും ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരും.

ജാതക പരിശോധന നടത്തി ദശ, അപഹാരം, ചാരവശാൽ ഗ്രഹങ്ങളുടെ ഗുണദോഷസ്ഥിതി ഇവ വിലയിരുത്തി അനുഷ്ഠാനങ്ങൾ, പ്രീതിപ്പെടുത്തേണ്ട ഗ്രഹങ്ങൾക്ക് അനുസൃതമായ വ്രതം, ജപം, ധ്യാനം. മന്ത്രം, ദാനം എന്നിവ തിരഞ്ഞെടുക്കണം.
തീർച്ചയായും ഓരോ നക്ഷത്രജാതർക്കും വിവിധ ദശാകാലങ്ങളിലൂടെ കടന്നു പോകേണ്ടിവരും. ഈ സമയങ്ങളിൽ നക്ഷത്ര ദേവതയോ രാശ്യാധിപന്മാരെയോ വന്ദിക്കുന്നതും കഴിവിനൊത്ത വഴിപാടുകൾ നടത്തുന്നതും ദോഷഫലങ്ങൾ കുറയ്ക്കും. ഓരോ മാസത്തിലെയും പക്കപ്പിറന്നാൾ
ദിവസം ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് വളരെ ഉത്തമമാണ് .

അശ്വതി
പ്രധാനമായും ഗണപതിപ്രീതികരമായ കർമ്മങ്ങളാണ് അശ്വതി നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ടത്. അശ്വതിനാളിലും അനുജന്മനക്ഷത്രങ്ങളായ മൂലം, മകം നാളുകളിലും ഇവർ ക്ഷേത്രദർശനം നടത്തണം. പക്കപ്പിറന്നാൾ തോറും ഗണപതിഹോമം നടത്തുന്നത് ഉത്തമമാണ്. അശ്വതിയും ചൊവ്വാഴ്ചയും ഒത്തുവരുന്ന ദിവസം സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനവും മന്ത്രജപവും നടത്തണം. ചൊവ്വ, വ്യാഴം, സൂര്യദശാകാലങ്ങളിൽ ഈശ്വരാധീനം വർദ്ധിപ്പിക്കണം. കേതുപ്രീതിക്ക് ഗണപതിയുടെയും ചൊവ്വ പ്രീതിക്ക് സുബ്രഹ്മണ്യന്റെയും ദുർഗ്ഗാദേവിയുടെയും മന്ത്രങ്ങൾ എല്ലാ ദിവസവും ജപിക്കണം.

ഭരണി
ദോഷപരിഹാരത്തിന് ഭരണി നക്ഷത്രജാതർ ദേവീപ്രീതി വരുത്തുകയാണ് ഉത്തമം. ഈ നക്ഷത്ര ദിവസവും അനുജന്മനക്ഷത്രങ്ങളായ പൂരം,
പൂരാടം എന്നീ നാളുകളിലും ദേവീ ക്ഷേത്രദർശനവും കടുംപായസ വഴിപാടും നടത്തണം. രാഹു, ശനി, ചന്ദ്രൻ എന്നിവയുടെ ദശാപഹാരകാലത്ത് ഈശ്വരാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കണം.

കാർത്തിക
ചൊവ്വ, വ്യാഴം, ശനി ദശാപഹാരകാലത്ത് കാർത്തിക നക്ഷത്രജാതർ ഈശ്വരാധീനം വർദ്ധിപ്പിച്ച് ദോഷപരിഹാരങ്ങൾ ചെയ്യണം. സൂര്യനെയും
സൂര്യന്റെ അധിദേവതയായ മഹാദേവനെയും
എന്നും ഭജിക്കണം. കാർത്തികയും ഞായറാഴ്ചയും ഒത്തുവരുന്ന ദിവസം വ്രതമനുഷ്ഠിക്കുക. പക്കപ്പിറന്നാൾ തോറും ശിവക്ഷേത്രത്തിൽ ധാര, കൂവളമാല സമർപ്പണം, അർച്ചന തുടങ്ങിയവ നടത്തണം. കാർത്തിക നക്ഷത്രത്തിലും അനുജന്മ നക്ഷത്രങ്ങളായ ഉത്രം, ഉത്രാടം നക്ഷത്രദിനത്തിലും ശിവക്ഷേത്രദർശനം നടത്തണം. ഓം നമ:ശിവായ മന്ത്രവും ആദിത്യഹൃദയ മന്ത്രവും എന്നും ജപിക്കണം.

രോഹിണി
ദേവീ പ്രീതിക്കുള്ള കർമ്മങ്ങളാണ് രോഹിണി നക്ഷത്രജാതർ അനുഷ്ഠിക്കേണ്ടത്. ചന്ദ്രന്
പ്രാധാന്യള്ള തിങ്കളാഴ്ചകളിൽ വ്രതമെടുക്കുന്നത് ഉത്തമം. രോഹിണിയും തിങ്കളാഴ്ചയും ഒത്തുവരുന്ന ദിവസവും പൗർണ്ണമിക്കും വ്രതമെടുത്ത് ദേവീക്ഷേത്ര ദർശനം നടത്തണം. രോഹിണി നക്ഷത്രത്തിലും അനുജന്മ നക്ഷത്രങ്ങളായ അത്തം, തിരുവോണം നക്ഷത്ര ദിനത്തിലും ദേവീക്ഷേത്ര ദർശനം നടത്തി അർച്ചന, കടുംപായസം എന്നീ വഴിപാടുകൾ നടത്തണം. രാഹു, കേതു, ശനി ദശാപഹാരങ്ങളിൽ ദോഷപരിഹാരം ചെയ്ത് ഈശ്വരാധീനം വർദ്ധിപ്പിക്കണം.

മകയിരം
ചൊവ്വാ പ്രീതിക്കുളള കർമ്മങ്ങളാണ് മകയിരം
നക്ഷത്രജാതർ അനുഷ്ഠിക്കേണ്ടത്. ചൊവ്വയുടെ അധിദേവതകളായ ഭദ്രകാളിയെയും സുബ്രഹ്മണ്യനെയും നിത്യവും ഭജിക്കണം. മകയിരം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ അവിട്ടം, ചിത്തിര നക്ഷത്രത്തിലും ക്ഷേത്രദർശനം നടത്തി കഴിവിനൊത്ത വഴിപാടുകൾ നടത്തുക. സാദ്ധ്യമെങ്കിൽ ദേവീപ്രീതികരമായ പൗർണമി
വ്രതവും സുബ്രഹ്മണ്യ പ്രീതികരമായ ഷഷ്ഠിവ്രതവും അനുഷ്ഠിക്കുക.

തിരുവാതിര
തിങ്കളാഴ്ചതോറും വ്രതം അനുഷ്ഠിച്ച് തിരുവാതിര
നക്ഷത്രജാതർ ശിവപ്രീതിവരുത്തണം. നിത്യവും ശിവപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം. കേതു, ശനി, സൂര്യ ദശാകാലയളവിൽ ഭക്തിയോടെ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കണം. പക്കപ്പിറന്നാൽ തോറും ശിവക്ഷേത്രത്തിൽ ധാര നടത്തുന്നത് ഉത്തമമാണ്. സർപ്പങ്ങൾക്ക് നൂറും
പാലും സമർപ്പിച്ച് നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും നന്ന്.

പുണർതം
വിഷ്ണുപ്രീതികരമായ കർമ്മങ്ങളാണ് പുണർതം നക്ഷത്രജാതർ അനുഷ്ഠിക്കേണ്ടത്. ബുധ,
ശുക്ര, ചന്ദ്ര ദശകളില്‍ പക്കപ്പിറന്നാൾ തോറും വിഷ്ണു, കൃഷ്ണ ക്ഷേത്ര ദർശനം നടത്തി പാൽപ്പായസം, തുളസിമാല, തൃക്കൈവെണ്ണ എന്നീ വഴിപാടുകൾ നടത്തണം. പുണർതം നക്ഷത്രത്തിൽ ശ്രീരാമ പ്രതിഷ്ഠയുള്ള ഹനുമാൻ ക്ഷേത്ര ദർശനം നടത്തുന്നതും നെയ്‌വിളക്ക്, വെറ്റിലമാല എന്നിവ സമർപ്പിക്കുന്നതും ദോഷപരിഹാരത്തിന് ഉത്തമം.

പൂയം
കാൽ ദോഷമുള്ള നക്ഷത്രം എന്നാണ് പൂയം പൊതുവെ അറിയപ്പെടുന്നത്. ജനസമയം അനുസരിച്ച് ഈ ദോഷത്തിന് മാറ്റം വരാം. അനിഴം, ഉത്തൃട്ടാതി, പൂയം നാളുകളിൽ ഈ നക്ഷത്രജാതർ നവഗ്രഹ ദർശനം നടത്തി വഴിപാട് സമർപ്പിക്കണം. ആയുസിന്റെ കാരകനായ ശനിയെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം. കേതു, ചൊവ്വ, സൂര്യൻ ദശാകാലങ്ങളിൽ ശാസ്താവിന് നീരാജനം, ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം എന്നിവ നടത്തുന്നത് ദോഷപരിഹാരമാണ്.

ആയില്യം
ഈ നക്ഷത്രജാതർ നാഗപ്രീതി വരുത്തണം.
ആയില്യം നക്ഷത്രം തോറും സർപ്പത്തിന് നൂറും
പാലും സമർപ്പിക്കണം. ശുക്രന്‍, ചന്ദ്രൻ, രാഹു ദശാകാലങ്ങളിൽ ബുധനാഴ്ച വ്രതവും പക്കപ്പിറന്നാൽ തോറും ശ്രീകൃഷ്ണ ക്ഷേത്ര
ദർശനവും ദോഷപരിഹാരമാണ്. ആയില്യം നക്ഷത്രത്തിലും അനുജന്മ നക്ഷത്രങ്ങളായ തൃക്കേട്ട, രേവതി നാളുകളിൽ സർപ്പക്ഷേത്ര ദർശനവും ഉത്തമമാണ്.

മകം
വിഘ്‌നനിവാരണനായ ഗണപതി ഭഗവാനെ മകം നക്ഷത്രക്കാർ നിത്യവും ഭജിക്കണം. പക്കപ്പിറന്നാൾ തോറും ഗണപതി ഹോമം നടത്തുന്നത് ഉത്തമം. മകം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ അശ്വതി, മൂലം എന്നീ നക്ഷത്രങ്ങളിലും ക്ഷേത്രദർശനം നടത്തി കഴിവിനൊത്ത വഴിപാടുകൾ സമർപ്പിക്കുക.
സൂര്യ, വ്യാഴം ,ചൊവ്വ ദശാകാലങ്ങളിൽ ഗണേശപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുക.

പൂരം
ദേവീ പ്രീതികരമായ കർമ്മങ്ങളാണ് പൂരം നക്ഷത്രജാതർ അനുഷ്ഠിക്കേണ്ടത്. മാസം തോറും പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. പൂരം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ പൂരാടം, ഭരണി നാളിലും ലക്ഷ്മിപൂജ നടത്തുന്നത് ഉത്തമം. രാഹു, ശനി, ചന്ദ്രൻ എന്നീ ദശാകാലയളവിൽ ചൊവ്വാ, വെള്ളി ദിനങ്ങളിൽ ദേവീക്ഷേത്ര ദർശനവും ലളിതാസഹസ്രനാമം ജപിക്കുന്നതും നന്ന്.

ഉത്രം
ഈ നക്ഷത്രജാതർ ശാസ്താപ്രീതി വരുത്തണം. ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദശാകാലങ്ങളിൽ ഉത്രം നക്ഷത്രം തോറും അന്നദാനം, ശാസ്താവിന് നീരാഞ്ജനം എന്നിവ നടത്തുന്നത് ദോഷ പരിഹാരമാണ്. ഉത്രം നക്ഷത്രത്തിലും അനുജന്മ നക്ഷത്രങ്ങളായ ഉത്രാടം, കാർത്തിക, എന്നീ നക്ഷത്രത്തിലും ശാസ്താ ക്ഷേത്ര ദർശനം നടത്തി കഴിവിനൊത്ത വഴിപാടുകൾ സമർപ്പിക്കുക. നിത്യവും ശാസ്താപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുക.

അത്തം
കാൽ ദോഷം വരുന്ന നക്ഷത്രമാണ് അത്തം.
ജനനസമയം അനുസരിച്ച് ഈ ദോഷത്തിന് മാറ്റം വരാം. ഈ നക്ഷത്രജാതർ ഗണപതി പ്രീതി വരുത്തുവാൻ ക്ഷേത്രത്തിൽ കറുകമാല സമർപ്പിക്കുക. ശനി, രാഹു, കേതു ദശാകാലത്ത് ദോഷപരിഹാരം നടത്തണം. നിത്യവും
ഗണപതിയെയും സൂര്യഭഗവാനെയും ഭജിക്കുന്നത് ദോഷപരിഹാരമാർഗ്ഗമാണ്.

ചിത്തിര
ചൊവ്വാ പ്രീതികരമായ കർമ്മങ്ങളാണ് ചിത്തിര നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ടത്. ചൊവ്വയുടെ അധിദേവതകളായ ഭദ്രകാളി, സുബ്രഹ്മണ്യൻ എന്നിവരെ എല്ലാ ദിവസവും ഭജിക്കണം. ചിത്തിര നക്ഷത്രത്തിലും അനുജന്മ നക്ഷത്രങ്ങളായ അവിട്ടം, മകയിരം നക്ഷത്രത്തിലും ക്ഷേത്രദർശനം നടത്തി കഴിയുന്ന വഴിപാടുകൾ നടത്തുക. സാദ്ധ്യമെങ്കിൽ ദേവീപ്രീതികരമായ പൗർണ്ണമി വ്രതവും സുബ്രഹ്മണ്യപ്രീതികരമായ ഷഷ്ഠിവ്രതവുമെടുക്കുക.

ചോതി
തിങ്കളാഴ്ചതോറും വ്രതം അനുഷ്ഠിച്ച് ചോതി
നക്ഷത്രജാതർ ശിവപ്രീതി വരുത്തണം. നിത്യവും ശിവപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം. കേതു, ശനി, സൂര്യ ദശാകാലയളവിൽ ഭക്തിയോടെ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കണം. പക്കപ്പിറന്നാൽ തോറും ശിവക്ഷേത്രത്തിൽ ധാര നടത്തുന്നത് ഉത്തമമാണ്. സർപ്പങ്ങൾക്ക് നൂറും പാലും സമർപ്പിച്ച് നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും നന്ന്. രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം.
വജ്രം ധരിക്കുന്നത് ശുക്രപ്രീതിക്കുത്തമമാണ്.

വിശാഖം
സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനമാണ് വിശാഖം നക്ഷത്രക്കാൻ പ്രധാനമായും നടത്തേണ്ട ദോഷപരിഹാരം. വിശാഖം നക്ഷത്രത്തിലും
അനുജന്മ നക്ഷത്രങ്ങളായ പൂരുരുട്ടാതി, പുണർതം നക്ഷത്രത്തിലുമാണ് ക്ഷേത്രദർശനം നടത്തേണ്ടത്.
വിശാഖവും ബുധനാഴ്ചയും ഒത്തുവരുന്ന ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് കഴിയുന്ന വഴിപാടുകൾ നടത്തണം. തുലാക്കൂറുകാർ ശുക്രപ്രീതി വരുത്താൻ ലക്ഷ്മി ദേവിയെയും വൃശ്ചികക്കൂറുകാർ ചൊവ്വാപ്രീതി വരുത്താൻ ദുർഗ്ഗയെയും സുബ്രഹ്മണ്യനെയും ഭജിക്കണം.

അനിഴം
സൂര്യൻ, ചൊവ്വ, കേതു ദശകളിൽ അനിഴം നക്ഷത്രക്കാർ ശിവ, ശാസ്താ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം.ചൊവ്വാ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും ഉത്തമം. പക്കപ്പിറന്നാൾ തോറും ശിവക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തണം.

തൃക്കേട്ട
ഈ നക്ഷത്രക്കാർ ശ്രീകൃഷ്ണക്ഷേത്ര ദർശനം
നടത്തി യഥാശക്തി വഴിപാടുകൾ നടത്തണം.
സൂര്യ, ശുക്ര, വ്യാഴം ദശാകാലയളവിൽ ബുധനാഴ്ച വ്രതം അനുഷ്ഠിച്ച് വിഷ്ണുപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുക. രാശ്യാധിപൻ ചൊവ്വ ആയതിനാൽ പക്കപ്പിറന്നാൾ തോറും ദുർഗ്ഗാ ക്ഷേത്രത്തിലോ സുബ്രഹ്മണ്യ ക്ഷേത്രത്തിലോ ദർശനം നടത്തുന്നത് ഉത്തമമാണ്.

മൂലം
ചൊവ്വ, വ്യാഴം, സൂര്യൻ എന്നീ ദശാകാലങ്ങളിൽ ഗണപതിപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. രാശ്യാധിപൻ വ്യാഴമായതിനാൽ അശ്വതി, മകം, മൂലം നാളുകളിൽ വിഷ്ണു ക്ഷേത്രദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തണം. മൂലവും വ്യാഴാഴ്ചയും ചേരുന്ന ദിവസം വ്രതമനുഷ്ഠിച്ച് വിഷ്ണു ക്ഷേത്രത്തിൽ പാൽപ്പായസം, തുളസിമാല എന്നിവ സമർപ്പിക്കുക. വ്യാഴാഴ്ചതോറും
ഭാഗ്യസൂക്ത അർച്ചന നടത്തുന്നതും ഉത്തമം.

പൂരാടം
കാൽ ദോഷമുള്ള നക്ഷത്രമാണ് പൂരാടം.
ജനനസമയം അനുസരിച്ച് ഈ ദോഷത്തിന് മാറ്റം വരാം. ശുക്രപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. പൂരാടം നക്ഷത്രത്തിലും അനുജന്മ നക്ഷത്രങ്ങളായ പൂരം, ഭരണി നക്ഷത്രങ്ങളിലും വിഷ്ണു, ലക്ഷ്മി ക്ഷേത്രദർശനവും യഥാശക്തി വഴിപാടുകളും നടത്തണം.

ഉത്രാടം
നക്ഷത്രാധിപനായ ആദിത്യനെയാണ് ഉത്രാടം നക്ഷത്രജാതർ പ്രീതിപ്പെടുത്തേണ്ടത്. ഇവർ എല്ലാ ദിവസവും ആദിത്യഹൃദയ മന്ത്രം ജപിക്കുന്നത് നല്ലതാണ്. ഞായറാഴ്ച ദിവസം സൂര്യനെയും ദേവതയായ ശിവനെയും ഒരുപോലെ ഭജിക്കുന്നത് ഉത്തമ ഫലം നൽകും. പക്കപ്പിറന്നാൾ ദിനത്തിലും അനുജന്മ നക്ഷത്രദിനത്തിലും ശിവക്ഷേത്രദർശനം നടത്തണം.

തിരുവോണം
വിഷ്ണു പ്രീതികരമായ കർമ്മങ്ങളാണ് തിരുവോണം
നക്ഷത്രക്കാർ നടത്തേണ്ടത്. വ്യാഴാഴ്ച തോറും വിഷ്ണുക്ഷേത്രദർശനം നടത്തി പാൽപായസവും തുളസിമാലയും വഴിപാടായി സമർപ്പിക്കുക. രാഹു, ശനി, കേതു ദശാകാലങ്ങളിൽ വ്യാഴാഴ്ചവ്രതം അനുഷ്ഠിക്കുന്നതും വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ദോഷകാഠിന്യം കുറയ്ക്കും.

അവിട്ടം
അവിട്ടം നക്ഷത്രക്കാർ ചൊവ്വാ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം.ചൊവ്വയുടെ അധിദേവതകളായ ഭദ്രകാളിയെയും
സുബ്രഹ്മണ്യസ്വാമിയെയും നിത്യവും ഭജിക്കണം.
അവിട്ടം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ ചിത്തിര, മകയിരം നക്ഷത്രത്തിലും ക്ഷേത്രദർശനം നടത്തി കഴിയുന്ന വഴിപാടുകൾ നടത്തുക. സാദ്ധ്യമെങ്കിൽ ദേവീപ്രീതികരമായ പൗർണ്ണമി
വ്രതവും സുബ്രഹ്മണ്യപ്രീതികരമായ ഷഷ്ഠിവ്രതവും അനുഷ്ഠിക്കുന്നത് ഉത്തമം.

ചതയം
രാഹുപ്രീതികരമായ കർമ്മങ്ങളാണ് ചതയം നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ടത്. നാഗക്ഷേത്രത്തിൽ മഞ്ഞൾപ്പൊടി, നൂറും പാലും എന്നിവ സമർപ്പിച്ച് പ്രാർഥിക്കണം. സൂര്യൻ, ശനി, കേതു എന്നീ ദശാകാലങ്ങളിൽ ചതയം നക്ഷത്രക്കാര്‍ ദോഷപരിഹാരം അനുഷ്ഠിക്കണം. രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്താൻ ശാസ്താവിന്
നീരാഞ്ജനം സമർപ്പിക്കുക.

പൂരുരുട്ടാതി
വിഷ്ണു പ്രീതികരമായ കർമ്മങ്ങളാണ്
പൂരുരുട്ടാതി നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ടത്.
ബുധ, ശുക്ര, ചന്ദ്ര ദശകളില്‍ പക്കപ്പിറന്നാൾ തോറും വിഷ്ണു, കൃഷ്ണ ക്ഷേത്രദർശനം നടത്തി പാൽപ്പായസം, തുളസിമാല, തൃക്കൈവെണ്ണ എന്നീ വഴിപാടുകൾ നടത്തണം. ചന്ദ്ര, ബുധ, ശുക്ര ദശയിൽ ദോഷപരിഹാരമായി വ്യാഴാഴ്ച വ്രതമെടുത്ത് വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുക.

ഉത്തൃട്ടാതി
ഈ നക്ഷത്രജാതരുടെ രാശിനാഥൻ വ്യാഴമാണ്. അതിനാൽ ഉത്തൃട്ടാതി നക്ഷത്രജാതർ വിഷ്ണുവിനെ നിത്യേന ഭജിക്കുന്നത് ഉത്തമമാണ്. സൂര്യൻ, കുജൻ, കേതു ദശാകാലങ്ങളിൽ ഈ നക്ഷത്രക്കാർ ദോഷപരിഹാരമായി ജന്മനക്ഷത്രം തോറും ശാസ്താവിന് നീരാഞ്ജനം, വിഷ്ണുവിന് പാൽപായസം എന്നിവ സമർപ്പിക്കുക. പൂയം, ഉത്തൃട്ടാതി, അനിഴം നാളുകളിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തണം.

രേവതി
ശ്രീകൃഷ്ണനെയും ബുധനെയും പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളാണ് രേവതി നക്ഷത്രജാതർ
അനുഷ്ഠിക്കേണ്ടത്. ബുധനാഴ്ചയും രേവതിയും ഒത്തുവരുന്ന ദിനത്തിൽ വ്രതം അനുഷ്ഠിച്ച് ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തി സ്വന്തം
കഴിവിനൊത്ത വഴിപാടുകൾ നടത്തണം. ശുക്രൻ, രാഹു, ചന്ദ്രൻ എന്നിവരുടെ ദശാകാലങ്ങളിൽ ദോഷപരിഹാരമായി ജന്മനക്ഷത്രം തോറും ശ്രീകൃഷ്ണ ഭഗവാന് തൃക്കൈവെണ്ണ നേദിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

error: Content is protected !!