Friday, 22 Nov 2024
AstroG.in

കടങ്കഥയായി ചില അരുതുകള്‍

എസ്. ശ്രീനിവാസ് അയ്യര്‍

ആകാം എന്നും അരുത് എന്നും ഉള്ളത് ഏത് പ്രാമാണിക ശാസ്ത്രത്തിന്റെയും ചില പ്രധാന ഉള്ളടക്കമായിരിക്കും. ശിഷ്യന്റെ മുന്നില്‍ ചൂരല്‍ വടിയുയര്‍ത്തി വ്യക്തമായ വഴികള്‍ തെളിച്ചുകൊടുക്കുന്ന ആചാര്യന്റെ ചിത്രം ജ്യോതിഷ വിദ്യയിലുണ്ട്. അവര്‍ക്ക് അതിന് മിക്കപ്പോഴും വ്യക്തമായ നിയമങ്ങളുടെ പിന്‍ബലവും ഉണ്ടായിരിക്കും. അല്ലാതെ അവര്‍ ആകാം അല്ലെങ്കിൽ അരുത് ശാസനകള്‍ക്ക് മുതിരില്ല. മേടം തുടങ്ങി മീനം വരെയുള്ള പന്ത്രണ്ട് രാശികള്‍ എന്തൊക്കെ കാര്യത്തിനുളള മുഹൂര്‍ത്തത്തിന് സ്വീകരിക്കാം എന്നതിന് കൃത്യമായ ഉത്തരമുണ്ട്. ഓരോ രാശിയിലും എന്തൊക്കെ കര്‍മ്മങ്ങള്‍ ചെയ്യാം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്, പണ്ടേക്കുപണ്ടേ. ഇത് ‘കരണീയകര്‍മ്മങ്ങള്‍’ എന്ന് വിളിക്കപ്പെടുന്നു.

എന്നാല്‍ ഓരോ രാശിയിലും മുഖ്യമായി എന്ത് അരുത് എന്ന് സംക്ഷേപിച്ച് പറയുന്ന ഒരു പഴയ ശ്ലോകമുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ കവിതയുടെ ലാളിത്യം അതില്‍ നിറയുന്നു. പഴയകാല ആചാര്യന്മാരുടെ വാമൊഴി വഴക്കത്തിലൂടെ വന്ന് ഗ്രന്ഥത്തില്‍ ഇടം പിടിച്ച സരളമായ അനുഷ്ടുപ്പ് ശ്ലോകമാണിത്.

കെട്ടി ഉരുട്ടിപ്പോകരുത്
നട്ടു കണ്ടു കുളിക്കരുത്
നാട്ടി ഉഴുത് കുഴിക്കരുത്
കേറി ചെരച്ച് പഠിക്കരുത്

ഇതിലെ ഓരോ പദവും/ക്രിയയും മേടത്തില്‍ തുടങ്ങി മീനം വരെയുള്ള പന്ത്രണ്ട് രാശികളില്‍ എന്തൊക്കെ മുഖ്യമായും ചെയ്യരുത് അഥവാ ഏത് കാര്യത്തിന് ആ രാശി മുഹൂര്‍ത്തമായി സ്വീകരിക്കരുത് എന്ന് വ്യക്തമാക്കുകയാണ്.

1. കെട്ടരുത് : ഇതാണ് ആദ്യപദം. ആദ്യരാശിയായ മേടം വിവാഹ മുഹൂര്‍ത്തത്തിന് സ്വീകരിക്കാന്‍ പാടില്ല എന്നാണ് ആശയം.
2. ഉരുട്ടരുത്: രണ്ടാം വാക്കാണിത്. രണ്ടാം രാശിയായ ഇടവം ഏത് കര്‍മ്മത്തിന് മുഹൂര്‍ത്തമായി കൊള്ളരുതെന്നാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.? ഉത്തരം ഇതാണ്. പിണ്ഡം ഉരുട്ടരുത്, അഥവാ സപിണ്ഡി പോലുള്ള മരണാനന്തര കാര്യങ്ങള്‍ക്ക് ഇടവം രാശി സ്വീകരിക്കരുത്. അതാണ് വിവക്ഷ.
3. പോകരുത്: മൂന്നാം പദമാണിത്. മൂന്നാം രാശി മിഥുനവും യാത്രപോകാന്‍ മിഥുനം രാശി കൊള്ളരുതെന്ന് സാരം.
4. നടരുത്: നാലാം പദം; നാലാം രാശി കര്‍ക്കടകം. നടുതല നടുവാന്‍ കര്‍ക്കടകം രാശി സ്വീകരിക്കരുത്.
5. കാണരുത്: അഞ്ചാം പദമാണ് ഇത്. അഞ്ചാം രാശി ചിങ്ങവും. ബന്ധുവിനെ കാണാന്‍ ചിങ്ങം നന്നല്ല എന്ന് സൂചിപ്പിക്കുകയാണ്.
6. കുളിക്കരുത്: ആറാം പദം; ആറാം രാശി കന്നി. കുളിക്കാന്‍ അരുത്, കന്നി രാശി എന്നാണ് സൂചന. കുളി എന്നാല്‍ വിശേഷ സ്‌നാനം ആയിരിക്കും ഉദ്ദേശിക്കപ്പെടുന്നത്. (പനി മാറിക്കുളിക്കാനോ, അഭ്യംഗ സ്‌നാനത്തിനോ ഒക്കെ)
7. നാട്ടരുത്: ഇത് ഏഴാം വാക്കാണ്; തുലാം രാശിയെ സൂചിപ്പിക്കുന്നു. ഈ രാശിയില്‍ ഗൃഹാരംഭം അരുത് എന്ന് അര്‍ത്ഥം.
8. ഉഴരുത്: നിലം ഉഴരുത്. ഇത് എട്ടാമത്തെ അരുതാണ്. വൃശ്ചികം ആണല്ലോ എട്ടാം രാശി. അതില്‍ കൃഷി കര്‍മ്മാരംഭം പാടില്ലെന്നാവും പൊരുള്‍.
9. കുഴിക്കരുത്: കിണര്‍, കുളം ഇവ കുഴിക്കാന്‍ ധനുരാശി വര്‍ജ്യം.
10. കയറരുത്: മകരം രാശിയില്‍ ആന, കുതിര മുതലായവയില്‍ കയറരുത്.
11. ക്ഷൗരമരുത് : എന്നതാണ് ചെരയ്ക്കരുത് എന്നതിന്റെ ആശയം. കുംഭം രാശിയെ സംബന്ധിച്ചതാണ് ഈ നിയമം.
12. പഠിക്കരുത് : എന്നത് മീനരാശിയുടെ’ അരുത്’ ആണ്. വിദ്യാ കാരകനായ ബുധന്റ നീചരാശി എന്നതാവാം കാരണം.

ഇവിടെ പറഞ്ഞ നിയമങ്ങള്‍ ഒരുകാലത്ത് ആളുകൾ പാലിച്ചിരിക്കാം. സമയവുമായും സാഹചര്യവുമായും മത്സരിച്ച് ജീവിക്കുന്ന ഇന്നത്തെ മനുഷ്യന് എല്ലാം അതേപടി നടപ്പിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. ചില നിയമങ്ങള്‍ കാലോചിതമായി വ്യാഖ്യാനിക്കുകയും വേണം. ഓരോ രാശിയെയും സംബന്ധിച്ച ഈ ‘അരുതായ്കകള്‍ ‘ എന്തുകൊണ്ട് എന്ന് സൂക്ഷ്മ ഗ്രാഹികളായ വിദ്വജ്ജനങ്ങളില്‍ നിന്നറിയേണ്ടതുണ്ട്. ഗൗരവബുദ്ധ്യാ ജ്യോതിഷം പഠിക്കുന്നവര്‍ അതിന് മുതിരുക തന്നെ വേണം.

എസ്. ശ്രീനിവാസ് അയ്യര്‍,
+91 98460 23343
അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം

കൂടുതല്‍ വായിക്കാനും മറ്റു നാളുകളെക്കുറിച്ചറിയാനും ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക…
https://avanipublicationstvm.blogspot.com/
Story Summary: Do’s and don’ts during each Rashi

error: Content is protected !!