Saturday, 23 Nov 2024
AstroG.in

കടബാദ്ധ്യത അകറ്റി ധനപുഷ്ടിക്ക് ഋണ വിമോചന നൃസിംഹ സ്തോത്രം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

കടബാദ്ധ്യത അകറ്റുന്നതിനും അതിവേഗം ധനപുഷ്ടി നൽകുന്നതിനും ഏറ്റവും ഉത്തമമാണ് ഋണ വിമോചന നൃസിംഹ സ്തോത്രം. ഇത് പതിവായി ജപിക്കുന്നത് ഉത്തമമാണ്. ചൊവ്വാഴ്ചകളിലും ചോതി നക്ഷത്രത്തിലും വ്രതശുദ്ധി പാലിച്ച് ജപിക്കുന്നത് കൂടുതൽ ഫലപ്രദമായിരിക്കും. നരസിംഹാവതാരം ത്രിസന്ധ്യാ നേരത്തായതിനാൽ ആ സമയത്ത്‌ ഭക്തിയോടെ ഋണ വിമോചന നൃസിംഹ സ്തോത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം. ഭഗവാൻ ശ്രീമഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് നരസിംഹ അവതാരം. കൃതായുഗത്തിലെ ഭഗവാൻ്റെ നാല് അവതാരങ്ങളിൽ അവസാനത്തേതാണ് ഇത്. സിംഹത്തിൻ്റെ മുഖവും മനുഷ്യൻ്റെ ഉടലുമാണ് ഈ അവതാരത്തിനുള്ളത്. സ്വന്തം മകൻ പ്രഹ്ളാദനെ വിഷ്ണുഭക്തിയുടെ പേരിൽ അതിക്രൂരമായി ഉപദ്രവിച്ച അസുരരാജാവ് ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമൂര്‍ത്തിയായത്. ശത്രുസംഹാരത്തിന് ഉടലെടുത്ത ഉഗ്രദേവനാണെങ്കിലും ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂര്‍ത്തി. കടബാദ്ധ്യതകൾ അകറ്റുന്നതിനും അകാരണ ഭയം നീക്കാനും ദുരിതമോചനത്തിനും രോഗമുക്തിക്കും നരസിംഹമൂര്‍ത്തിയെ ആരാധിക്കുക വളരെ നല്ലതാണ്.

ഋണവിമോചന നൃസിംഹ സ്തോത്രം

1
ദേവതാ കാര്യസിദ്ധ്യർത്ഥം സഭാസ്തംഭ സമുദ്ഭവം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
2
ലക്ഷ്മ്യാലിംഗിത വാമാംഗം ഭക്താനാം വരദായകം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
3
ആന്ത്രമാലാധരം ശംഖചക്രാബ്ജായുധ ധാരിണം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
4
സ്മരണാത് സർവ്വപാപഘ്നം കടൂർജ്ജ വിഷനാശനം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
5
സിംഹനാദേന മഹതാ ദിഗ്ദന്തി ഭയനാശനം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
6
കോടി സൂര്യ പ്രതീകാശം ആഭിചാരിക നാശനം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
7
പ്രഹ്ളാദവരദം ശ്രീശം ദൈത്യേശ്വര വിദാരണം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
8
ക്രൂരഗ്രഹൈ: പീഡിതാനാം ഭക്താനാമഭയപ്രദം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
9
വേദവേദാന്ത യജ്ഞേശ്വരം ബ്രഹ്മ രുദ്രാദി വന്ദിതം
ശ്രീ നൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
10
യ ഇദം പഠതേ നിത്യം ഋണമോചന സംജ്ഞിതം
അനൃണീജായതേ സദ്യോ ധനം ശീഘ്രമവാപ്നുയാത്

അർത്ഥം
1
ദേവന്മാരുടെ കാര്യസിദ്ധിക്കായി സഭയിലെ തൂണിൽ നിന്നുത്ഭവിച്ച മഹാവീരനായ ശ്രീ നരസിംഹമൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
2
ലക്ഷ്മീ ഭഗവതിയാൽ ആലിംഗനം ചെയ്യപ്പെടുന്ന വാമഭാഗത്തോടു കൂടിയവനും ഭക്തന്മാർക്ക് വരത്തെ നൽകുന്നവനുമായ മഹാവീരനായ ശ്രീ നരസിംഹ മൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
3
കുടൽമാല അണിഞ്ഞിരിക്കുന്നവനും ശംഖ്, ചക്രം, താമര, ആയുധങ്ങൾ എന്നിവ ഏന്തിയിട്ടുള്ളവനുമായ മഹാവീരനായ ആ നരസിംഹമൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
4
സ്മരണ കൊണ്ടുതന്നെ എല്ലാ പാപത്തെയും ഇല്ലാതാക്കുന്നവനും അതിശക്തമായ വിഷത്തെപ്പോലും നശിപ്പിക്കുന്നവനുമായ മഹാവീരനായ ആ നരസിംഹ മൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
5
വലുതായ സിംഹനാദത്താൽ ദിഗ്ഗജങ്ങളുടെ ഭയത്തെ പോലും നശിപ്പിക്കാൻ കഴിവുള്ള മഹാവീരനായ ആ നരസിംഹമൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിന് ഞാൻ നമിക്കുന്നു.
6
കോടിസൂര്യന്മാരുടെ പ്രകാശത്തോടു കൂടിയവനും ആഭിചാര ദോഷങ്ങളെ നശിപ്പിക്കുന്നവനുമായ മഹാവീരനായ ആ നരസിംഹമൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
7
പ്രഹ്ളാദനു വരം നൽകിയവനും ലക്ഷ്മീപതിയും അസുരേശ്വരനായ ഹിരണ്യകശിപുവിന്റെ മാറു പിളർന്നവനുമായ മഹാവീരനായ ആ നരസിംഹ മൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
8
പാപഗ്രഹങ്ങളൽ പീഡിപ്പിക്കപ്പെടുന്ന ഭക്തന്മാർക്ക് അഭയം നൽകുന്ന മഹാവീരനായ ആ നരസിംഹ മൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
9
വേദം, വേദാന്തം, യജ്ഞം ഇവയ്ക്കെല്ലാം നാഥനും ബ്രഹ്മാവ്, ശിവൻ തുടങ്ങിയവരാൽ വന്ദിക്കപ്പെടുന്നവനും ആയ മഹാവീരനായ ആ നരസിംഹമൂർത്തിയെ കടത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ നമിക്കുന്നു.
10
യാതൊരുവനാണോ ഋണമോചനമെന്നു പേരുള്ള ഈ സ്തോത്രം നിത്യവും ചൊല്ലുന്നത് , അയാൾ വേഗത്തിൽത്തന്നെ കടമില്ലാത്തവനായിത്തീരുകയും വേഗം ധനത്തെ പ്രാപിക്കുകയും ചെയ്യും.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559
Story Summary: Debt Removing payer of Lord Narasimha

error: Content is protected !!