Saturday, 23 Nov 2024
AstroG.in

കാടാമ്പുഴയിൽ വാഴുന്നത് ഉഗ്രസ്വരൂപിണി; തടസം മാറ്റാൻ മുട്ടറുക്കൽ, വിശേഷം പൂമൂടൽ

പി എം ബിനുകുമാർ
സാധാരണ വഴിപാടുകൾക്കു പുറമേ പ്രത്യേകമായ രണ്ടു പ്രധാന വഴിപാടുകളുള്ള ക്ഷേത്രമാണ് കാടാമ്പുഴ ശ്രീപാർവതി ക്ഷേത്രം. മുട്ടറുക്കലും പൂവ് മൂടലുമാണ് ഇവിടുത്തെ വിശിഷ്ടമായ വഴിപാടുകൾ.

മുട്ടറുക്കൽ
ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ അഥവാ മുട്ടുകൾ ഉണ്ടാകുന്നത് മാറ്റുന്നതിനാണ് മുട്ടറുക്കൽ വഴിപാട് നടത്തുന്നത്. ആരോഗ്യ മുട്ട്, തൊഴിൽ മുട്ട്, വിദ്യാ മുട്ട്, മംഗല്യ മുട്ട്, ഗൃഹ മുട്ട്, സന്താനമുട്ട്, ദാമ്പത്യ മുട്ട്, കുടുംബ മുട്ട്, വാഹന മുട്ട്, ഭൂമി മുട്ട് തുടങ്ങിവയെല്ലാം മുട്ടറുക്കൽ വഴിപാടിലൂടെ പരിഹരിക്കപ്പെടുന്നു. ദേഹത്തിനും കാര്യങ്ങൾക്കും വിരോധികൾ മുട്ടുകെട്ടുന്നതിനുള്ള പ്രതിവിധിയായും കാടാമ്പുഴയിലെ മുട്ടറുക്കൽ പ്രകീർത്തിക്കുന്നു. ഉദ്ദിഷ്ടപ്രാർത്ഥന നടത്തിയ ശേഷം ഒരു നാളികേരം ഭവഗതിയുടെ ശ്രീകോവിലിലെ കല്ലിൽ ശാന്തിക്കാരൻ മുട്ടിപ്പൊട്ടിക്കുന്നതാണ് വഴിപാട്. മുട്ടിന്റെ ഗുണദോഷം ശാന്തിക്കാരൻ പറഞ്ഞുതരും. ഒരു നാളികേരവും ശാന്തിക്കാരന് ദക്ഷിണയും യഥാശക്തി സംഖ്യ നടയ്ക്കൽ വയ്ക്കലുമാണ് മുട്ടറുക്കലിന്റെ ചെലവ്. ആഭിചാര പ്രയോഗത്തിൽനിന്നും രക്ഷാമാർഗ്ഗം കിട്ടുന്നതിന് ഈ വഴിപാടു ധാരാളം പേർ കഴിച്ചുവരുന്നു. ആഭിചാര കർമ്മങ്ങളിൽ വിശ്വസിക്കുന്നവർക്ക് ഈ വഴിപാട് വലിയ ആശ്വാസമാണ്. മുട്ടറുക്കൽ വഴിപാട് ഏറ്റവും കൂടുതൽ നടക്കുന്നത് കാടാമ്പുഴയിലാണ്. തേങ്ങ പുറത്തു നിന്നും വാങ്ങാം. അത് പ്രത്യേകം തയ്യാറാക്കിയ ടാങ്കിൽ മുക്കിയ ശേഷമാണ് ഭക്തർ മുട്ടറുക്കലിന് ക്ഷേത്രത്തിൽ കടക്കുന്നത്. പേരും നാളും മുട്ടറുക്കൽ എന്തിന് വേണ്ടിയാണ് എന്നും പറഞ്ഞ് ശാന്തിക്കാരൻ


ശ്രീകോവിലിൽ നാളികേരം ഉടയ്ക്കും. ഉടയ്ക്കുന്ന ലക്ഷണം നോക്കി ശരിയായോ ദോഷം അവസാനിച്ചോ എന്ന് തിരിച്ചറിയാം. നാളികേരത്തിന്റെ രണ്ടു മുറികളും വഴിപാടുകാരന് തന്നെ നൽകും .

പൂമൂടൽ
കാടാമ്പുഴ ഭഗവതിക്ക് ഏറെ പ്രിയംകരമായ വഴിപാടാണ് പൂവുമൂടൽ. അർജ്ജുനൻ കിരാതമൂർത്തിയായ ശിവനിൽ പ്രയോഗിച്ച ശരങ്ങൾ ഭഗവതിയാണല്ലോ പൂക്കളായി മാറ്റിയത്. ഇതിനെ സ്മരിച്ചാണ് പൂവുമൂടൽ നടത്തുന്നത്. നാലുപറ തെച്ചിപ്പൂവ്, ഒരു പറ അരിനിവേദ്യം ഇടങ്ങഴി പാൽകൊണ്ടു പാൽപ്പായസം ഇവയാണ് പാരമ്പര്യ വിധി പ്രകാരം ഇതിന് വേണ്ടത്. ഇതിനോട് ചേർന്ന് മുൻപ് സദ്യയും ഭക്തർ സ്വന്തം കഴിവനുസരിച്ചു നടത്തിവന്നു. ഈ നടത്തിപ്പിന് കാലവ്യത്യാസങ്ങൾ അനുസരിച്ച് ചില മാറ്റം വന്നിട്ടുണ്ട്. എന്നാൽ മാറ്റം ഇല്ലാത്തതായി ഒന്നുണ്ട് – പൂവിന്റെ കാര്യത്തിൽ ഒട്ടും കുറവ് പാടില്ല എന്ന കാര്യം നിർബന്ധമാണ്. അസാദ്ധ്യം എന്ന് കരുതുന്ന അഭീഷ്ടം വരെ കാടാമ്പുഴ ദേവീകൃപ കൊണ്ട് അനായാസേന സാധിച്ച പലരും ശ്രേഷ്ഠമായ ഈ കർമ്മം നടത്തുന്നുണ്ട്.

2050 വരെ ബുക്കിംഗ് കഴിഞ്ഞു
വർഷങ്ങൾക്ക് അപ്പുറത്തേക്ക് പൂവുമൂടൽ വഴിപാടിന് അപേക്ഷകൾ സ്വീകരിച്ചു കഴിഞ്ഞു. ഇനിയുള്ളത് ഊഴം കാത്ത് നിൽക്കുന്നു. 2000ത്തിലാണ് ഒടുവിൽ പൂമൂടൽ വഴിപാടിൻ്റെ ബുക്കിംഗ് നടന്നത്. 50 വർഷത്തേക്കാണ് യിരുന്നു ബുക്കിംഗ് നടന്നത്. അതായത് 2050 വരെയുള്ള ബുക്കിംഗ് കഴിഞ്ഞു. ഒരു ദിവസം ഒരു പൂമൂടൽ മാത്രം ആണ് നടക്കുന്നത്. പൂമൂടൽ വഴിപാടുകളുടെ എണ്ണം ഒന്നിൽ കൂട്ടാതിരുന്നാൽ അടുത്ത ബുക്കിംഗ് 2050 ൽ നടക്കും. ബുക്ക് ചെയ്തവർക്ക് വഴിപാട് കഴിക്കാൻ കഴിയാതെ വന്നാൽ ബുക്കിംഗ് ചെയ്തയാളിന് തന്നെ മറ്റൊരാൾക്ക് മാറ്റി നൽകാമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.

ഐതിഹ്യം
സമുദ്രത്തിൽ നിന്നും കേരളം വീണ്ടെടുത്ത പരശുരാമൻ നൂറ്റെട്ടു ശിവാലയങ്ങളും നൂറ്റെട്ടു ദുർഗ്ഗാലയങ്ങളും സ്ഥാപിച്ചതായി ഐതിഹ്യമുണ്ട്. ഇക്കൂട്ടത്തിൽ എന്തോ കാടാമ്പുഴ പെട്ടിട്ടില്ല. അതിനാൽ പരശുരാമനാൽ പ്രതിഷ്ഠിതമല്ല ഈ ക്ഷേത്രമെന്നാണ് ഐതിഹ്യം. ഇവിടെ പ്രതിഷ്ഠ നടത്തിയത് ശ്രീ ശങ്കരാചാര്യർ എന്ന് വിശ്വസിക്കുന്നു. കാടമ്പുഴ ക്ഷേത്ര ഉല്പത്തിയെപ്പറ്റിയുള്ള ഐതിഹ്യം ഇങ്ങനെ:

കിരാതനും കിരാതിയും
പാശുപതാസ്ത്രം സമ്പാദിക്കാൻ അർജ്ജുനൻ പരമശിവനെ ധ്യാനിച്ചു. എന്നാൽ അർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവൻ തീരുമാനിച്ചു. അതിനുവേണ്ടി ശിവനും പാർവ്വതിയും കാട്ടാളവേഷത്തിൽ അർജ്ജുനൻ തപസ് ചെയ്യുന്ന സ്ഥലത്ത് എത്തി. ദുര്യോധനൻ മൂകാസുരൻ എന്ന അസുരനെ, അർജ്ജുനന്റെ തപസ് മുടക്കുവാൻ പന്നിയുടെ വേഷത്തിൽ അയച്ചു. ഇതു കണ്ടു നിന്ന ശിവൻ പന്നിയെ അമ്പെയ്തു. ഉപദ്രവിക്കാൻ വന്ന പന്നിയെ അർജ്ജുനനും അമ്പെയ്തു വീഴ്ത്തി. ഇരുഭാഗത്തെയും അമ്പുകൾ ഏറ്റുവാങ്ങി പന്നി ചത്തുവീണു. പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അർജ്ജുനനും തമ്മിൽ യുദ്ധമായി. അമ്പുകളേറ്റ് ശിവന്റെ ശരീരം മുറിഞ്ഞപ്പോൾ പാർവ്വതി അർജ്ജുനനെ ശപിച്ചു – എയ്യുന്ന ശരങ്ങൾ പുഷ്പങ്ങളായി വർഷിക്കട്ടെ എന്നായിരുന്നു ശാപം. കാട്ടാള വേഷം ധരിച്ചു വന്നത് ശിവനും പാർവ്വതിയുമാണെന്ന് മനസ്സിലാക്കിയ അർജ്ജുനൻ സാഷ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചപ്പോൾ ശിവനും പാർവ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു. ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിക്ക്. അർജ്ജുന ബാണങ്ങൾ പൂക്കളായി വർഷിച്ചതിന്റെ സ്മരണയ്ക്കായി പ്രതിഷ്ഠയ്ക്കു ശേഷം ശങ്കരാചാര്യരാണ് പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നാണ് ഐതിഹ്യം. ആചാര്യർ ആദ്യമായി തെറ്റിപ്പൂ കൊണ്ട് പൂമൂടൽ നടത്തിയ വൃശ്ചികത്തിലെ കാർത്തികയാണ്
ഉത്സവ ദിവസം. ചൊവ്വ, വെള്ളി, ഞായർ ദിനങ്ങളിലാണ് വലിയ തിരക്ക്. ക്ഷേത്രാചാരങ്ങളും പൂജകളും ചിട്ടകളും കൃത്യമായി പാലിക്കുന്നതിനാൽ ദേവിയുടെ ശക്തി സദാ വർദ്ധിക്കുന്നതായി കരുതുന്നു. ഈ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ പടിഞ്ഞാറ് കിരാത വേഷധാരിയായ ശിവന്
ഒരു ക്ഷേത്രമുണ്ട്.

ഉഗ്രത കുറയ്ക്കാൻ
ദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാൻ വേണ്ടി പ്രതിഷ്ഠാ വേളയിൽ സുദർശനമന്ത്രവും നരസിംഹ മന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തി. ദേവിയുടെ അമിത തേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിന്റെ മദ്ധ്യത്തിൽ കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിത്തീർത്തു എന്നാണ് വിശ്വാസം. ദേവി ഒരിക്കലും ഉഗ്രസ്വരൂപിണി ആകാതിരിക്കാൻ സുദർശനത്തേയും നരസിംഹത്തേയും ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

കണ്ണാടിബിംബം കാടമ്പുഴയിലെ വിഗ്രഹം പഞ്ചലോഹനിർമ്മിതമായ കണ്ണാടിബിംബമാണ്. കണ്ടാൽ ചെറിയ വാൽക്കണ്ണാടി പോലെ തോന്നും. ശ്രീകോവിലിൽ ഗണപതിയുടെയും വിഷ്ണുവിന്റെയും സങ്കല്പ പ്രതിഷ്ഠകളുമുണ്ട്. ദേവിയുടെ തേജസിന്റെ ഉഗ്രതയ്ക്കു ശമനം വരുത്താൻ ദേവീ പ്രതിഷ്ഠയുടെ നേരെ മുമ്പിൽ ശ്രീകോവിലിനു പുറത്ത് നരസിംഹ മൂർത്തിയുടെയും സുദർശനത്തിന്റെയും പ്രതിഷ്ഠകളുണ്ട്. അസാദ്ധ്യങ്ങളായ കാര്യങ്ങൾപോലും സാധിക്കുമെന്നുള്ള വിശ്വാസത്തിൽ ലൗകികരും ജഗദംബയുടെ ദിവ്യമായ ചൈതന്യം അനുഭവിക്കുന്നതിന് ഭക്തരും കാടാമ്പുഴയിൽ തൊഴുത് പൂർണ്ണമായ തൃപ്തി അനുഭവിക്കുന്നു.

പി എം ബിനുകുമാർ, +91 94476 94053

Story Summary: Kadampuzha Sree Parvathi Temple : Muttarukkal and Poomoodal, The rare offerings

Copyright 2022 Neramonline.com. All rights reserved

error: Content is protected !!