കടല എണ്ണയിൽ ദീപം തെളിച്ചാൽ കടം, കലഹം
നിലവിളക്ക് കൊളുത്തുമ്പോൾ തെളിയുന്നദീപനാളം ഐശ്വര്യ ദേവതയായ ലക്ഷ്മിദേവിയുടെയും നാളത്തിലെ പ്രഭാപൂരം അറിവിൻ്റെ ദേവതയായ സരസ്വതിയുടെയും അതിൽ നിന്നും വമിക്കുന്ന താപം ദുഷ്ടശക്തികളിൽ നിന്നും നമ്മെ രക്ഷിക്കുന്ന ദുർഗ്ഗാദേവിയുടെയും പ്രതീകമാണ്.
ഒരോ ആവശ്യത്തിനും നമുക്ക് ദീപത്തിൽ ഉപയോഗിക്കാവുന്ന എണ്ണയും ഫലവും:
ശുദ്ധമായ നെയ്യിൽ ദീപം തെളിച്ചാൽ ഐശ്വര്യം, ആരോഗ്യം, സന്തോഷം എന്നിവ ലഭിക്കും. വെളിച്ചെണ്ണയിൽ ദീപം കൊളുത്തിയാൽ തടസ്സമകറ്റാൻ ഗണപതി പ്രസാദിക്കും.
എള്ളെണ്ണയിൽ തിരിതെളിച്ചാൽ നമ്മെ വേട്ടയാടുന്ന തടസങ്ങളും ദുഷ്ടശക്തികളും അകന്നു പോകും. ശനിദശയിലും ഏഴര ശനി കാലത്തും മറ്റും ശനിദേവനെ പ്രീതിപ്പെടുത്താൻ എള്ളെണ്ണ ഒഴിച്ച് തിരികൊളുത്തുന്നത് നല്ലതാണ്.
വേപ്പെണ്ണ ഉപയോഗിച്ച് നിലവിളക്ക് തെളിക്കുന്ന വീട്ടിൽ ഐശ്വര്യം കളിയാടും. ആവണക്കെണ്ണ ഉപയോഗിച്ച് നിലവിളക്ക് തെളിച്ചാൽ പ്രശസ്തി, സന്തോഷം, ഈശ്വഭക്തി എന്നിവയുണ്ടാകും
മൺചെരാത് തെളിക്കാൻ പഞ്ചദീപ എണ്ണ – വെളിച്ചെണ്ണ, എള്ളെണ്ണ, വേപ്പെണ്ണ, ഇലുപ്പി എണ്ണ, നെയ്യ് എന്നിവ 3:2:1:2:2 അനുപാതത്തിൽ മിശ്രിതമാക്കി ഉപയോഗിച്ചാൽ ദുഷ്ടശക്തികൾ, ദുർചിന്തകൾ, രോഗ ദുരിതങ്ങൾ, എന്നിവയിൽ നിന്നും അത് ആ വീട്ടിലുള്ളവരെ രക്ഷിക്കും. ഈ പഞ്ചദീപ എണ്ണ ചില പൂജാദ്രവ്യസ്റ്റോറുകളിൽ വാങ്ങാൻ കിട്ടും. ഇത് തെളിക്കുന്ന വീട്ടിൽ സമൃദ്ധിയും ആഹ്ളാദവും സൽസന്താനങ്ങളും നിറയും.
കടല എണ്ണ, സൂര്യകാന്തി എണ്ണ എന്നിവ പൂജയ്ക്ക് നിലവിളക്ക് തെളിക്കാൻ ഉപയോഗിക്കരുത്. അങ്ങനെ ചെയ്താൽ കടം ഒഴിയില്ല. ആ വീട്ടിൽ കഴിയുന്നവർ പണത്തെച്ചൊല്ലി കലഹിക്കും.
(വിളക്ക് കൊളുത്തിയ ശേഷം കൈയ്യിൽ പറ്റുന്ന എണ്ണ തലയിൽ തേച്ചാൽ എന്താണ് ദോഷം? അടുത്ത പോസ്റ്റ് നോക്കുക)