Saturday, 23 Nov 2024
AstroG.in

കടുംപായസം കാര്യവിജയമേകും, ചുവന്നപട്ട് തടസ്സം മാറ്റും ; ഭദ്രകാളിക്ക് ചില വഴിപാടുകൾ

മംഗള ഗൗരി
ഓരോ ദേവതകൾക്കും പ്രാധാന്യമുള്ള ചില വിശേഷ ദിവസങ്ങൾ പറഞ്ഞിട്ടുണ്ട്. പ്രസ്തുത ദിവസങ്ങളിൽ ഈ മൂർത്തികൾക്ക് വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചാൽ അവരെ പെട്ടെന്ന് പ്രീതിപ്പെടുത്തി അനുഗ്രഹം നേടാം. വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയി തൊഴുതു പ്രാർത്ഥിച്ചാൽ സാധാരണ തൊഴുന്നതിന്റെ ഇരട്ടി ഫലസിദ്ധിയും പുണ്യവും ലഭിക്കുമെന്നാണ് ആചാര്യന്മാർ പറയുന്നത്. ഇത്തരത്തിൽ ഭദ്രകാളി ഭഗവതിയെ ഭജിച്ചാൽ അതിവേഗം കാര്യസിദ്ധി ലഭിക്കുന്ന ദിനങ്ങളാണ് ഭരണി നക്ഷത്രം, അഷ്ടമി തിഥി, ചൊവ്വ, വെള്ളി ദിവസങ്ങൾ. ഈ ദിനങ്ങളിൽ വേണം ഭദ്രകാളിക്ക് വഴിപാട് ചെയ്യാൻ. ഒരോ വഴിപാടിനും വ്യത്യസ്ത ഫലങ്ങളാണ് പറഞ്ഞിട്ടുള്ളത്. കടുംപായസം വഴിപാടിന്റെ ഫലം കാര്യവിജയമാണ്. ചുവന്നപട്ട് സമർപ്പണം തടസ്സ നിവാരണത്തിന് ഉത്തമം. കരിക്ക് അഭിഷേകം ചെയ്താൽ രോഗശാന്തി ലഭിക്കും. മഞ്ഞൾ അഭിഷേകം കുടുംബഭദ്രതയ്ക്ക് നല്ലതാണ്. ദേവിക്ക് ചാന്താട്ടം നടത്തിയാൽ ശത്രുദോഷശാന്തി, പാപശാന്തി എന്നിവ ലഭിക്കും. കുങ്കുമാഭിഷേകം ദാമ്പത്യഭദ്രതയും പ്രേമസാഫല്യവും സമ്മാനിക്കും കുങ്കുമാർച്ചന കാര്യസിദ്ധിക്കായി നടത്താം. പട്ടുംതാലിയും സമർപ്പണം വിവാഹതടസം നീക്കും, ദാമ്പത്യഭദ്രത നൽകും.
ചെമ്പരത്തിമാല ദൃഷ്ടിദോഷനിവാരണത്തിന് ഉത്തമമാണ്. കമുകിൻ പൂങ്കൂലമാലയായികെട്ടിയത് തടസങ്ങൾ നീക്കി കർമ്മങ്ങൾക്ക് ഫല പ്രാപ്തിയേകും.
എണ്ണ അഭിഷേകം രോഗശാന്തിക്കും രക്തപുഷ്പാഞ്ജലി അലച്ചിൽ മാറാനും ആഭിചാരദോഷശാന്തിക്കും നല്ലതാണ്. ഗുരുതിപുഷ്പാഞ്ജലി ശത്രുദോഷനിവാരണം നൽകും. പൂമൂടൽ ദുരിതശാന്തിക്കും, അലച്ചിൽ മാറാനും ഗുണകരം. പുഷ്പാഭിഷേകം ഐശ്വര്യമേകും.
സഹസ്രനാമാർച്ചന കാര്യവിജയവും, കർമ്മലാഭവും സമ്മാനിക്കും. ഭാഗ്യസൂക്താർച്ചന ഭാഗ്യം തെളിയാൻ നല്ലതാണ്. അഷ്‌ടോത്തരശതനാമാർച്ചന തടസ്സ നിവാരണവും സർവാഭീഷ്ട സിദ്ധിയും പ്രദാനം ചെയ്യും. പുഷ്പാഞ്ജലി ഐശ്വര്യാഭിവൃദ്ധിയും പനിനീരാഭിഷേകം കർമ്മവിജയവും നൽകും. കളഭം ചാർത്ത് സാമ്പത്തിക അഭിവൃദ്ധിക്കും ഭാഗ്യം തെളിയുന്നതിനും ദുരിതങ്ങൾ മാറുന്നതിനും ഫലപ്രദമാണ്. കാളീസൂക്ത പുഷ്പാഞ്ജലി ശത്രുദോഷം മാറാനുള്ളതാണ്.

Story Summary: Powerful offerings for pleasing Goddess Bhadrakali

error: Content is protected !!