Tuesday, 26 Nov 2024
AstroG.in

കടുത്ത ശത്രുദോഷവും ദുരിതവും
മാറ്റുന്ന മാമാനിക്കുന്ന് ദേവി

തരവത്ത് ശങ്കരനുണ്ണി
കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലാണ് മാമാനിക്കുന്ന് ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠിച്ച കിഴക്കോട്ട് ദർശനമായുള്ള ശിവനാണ് മുഖ്യ പ്രതിഷ്ഠയെങ്കിലും ഭക്തർ ഭദ്രകാളിക്കാണ് പ്രാധാന്യം നൽകുന്നത്. വടക്ക് ദർശനമായിരിക്കുന്ന മാമാനിക്കുന്ന് ദേവിയെ കണ്ട് തൊഴുത് പരിഹാരങ്ങൾ ചെയ്താൽ എത്ര വലിയ ശത്രുദോഷവും ദുരിതവും തീരും എന്നാണ് വിശ്വാസം. കാശ്മീരി ശൈവ സമ്പ്രദായത്തിലുള്ള കൗളമാർഗ്ഗം അനുസരിച്ചുള്ള പൂജയാണ് ഇവിടെ നടക്കുന്നത്. പീഠവും വാളുമാണ് ഭദ്രകാളി പ്രതിഷ്ഠ.

തന്ത്രവിദ്യാപീഠം പ്രസിദ്ധീകരിച്ച രുരുജിത് വിധാനവും ബഹുബേര വിധാനവും എന്ന ഗ്രന്ഥത്തിൽ പറയുന്ന 14 ക്ഷേത്രങ്ങളിൽ ഒന്നാണ് മാമാനിക്കുന്ന് ക്ഷേത്രം. സകല തടസ്സങ്ങളും നീങ്ങാനായി തേങ്ങ കൊത്തുന്ന ചടങ്ങാണ് മുറിസ്തംഭനം. ഒരു നാളികേരം തറയിൽ വച്ച ശേഷം പൂജാരി തരുന്ന തിരി മൂന്നു പ്രാവശ്യം തലയ്ക്കുഴിഞ്ഞ് നാളികേരത്തിന് മുകളിൽ വയ്ക്കണം. അതിന്‌ശേഷം താഴെ ഉള്ള പടി മൂന്നുപ്രാവശ്യം മുന്നോട്ടും പിന്നോട്ടും കവച്ചുവച്ചശേഷം താഴെ ഇരിക്കുന്ന വാക്കത്തി എടുത്ത് രണ്ടുപ്രാവശ്യം ഓങ്ങിയശേഷം വെട്ടിപൊട്ടിക്കണം. പ്രാർത്ഥനാപൂർവ്വം ചെയ്യുന്ന ഈ ചടങ്ങ് കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും ഇല്ലെന്നത് ഒരു വസ്തുതയാണ്.

ശത്രുസംഹാരഹോമം, ശക്തിപൂജ, കരിങ്കലശം, കലശപൂജ, മുറിസ്തംഭനം നീക്കൽ എന്നിവയാണ് സാധാരണ ചെയ്യുന്ന പരിഹാരകർമ്മങ്ങൾ. ഗുരുതി തർപ്പണമാണ് പ്രധാനപൂജ. ഹോമകുണ്ഡത്തിലെ ഭസ്മവും മണലും വീടിന്റെ നാലുമൂലയ്ക്ക് കുഴിച്ചിട്ടാൽ ആഭിചാരദോഷം, സ്ഥലദോഷം എന്നിവ മാറി ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം. വിൽക്കാൽ കഴിയാത്ത വീടിന് ചുറ്റും ഈ ഭസ്മം ഇട്ടാൽ ഉടനെ വീടു വിറ്റുപോകും എന്നും ഭക്തർ പറയുന്നു. ഇരിക്കൂറിൽ മഹാമുനിമാർ തപസ്സ് ചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ സ്ഥലത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. ശ്രീകോവിലിൽ കരിങ്കല്ലിൽ കൊത്തിയ ശ്രീചക്രമാണ് ഇവിടെയുള്ളത്. പീഠത്തിനുമുകളിൽ ദേവിയുടെ വാൾ(നാന്ദകം) വച്ചിരിക്കുന്നു. അർത്ഥവൃത്താകൃതിയിലുള്ളകുന്ന് 30 മീറ്റർ ഉയരവും 60 മീറ്റർ വീതിയും ഉണ്ട്. മേരുചക്രത്തിന്റെ ബിന്ദുവായും ഈ കുന്ന് അറിയപ്പെടുന്നു. പതിനെട്ട് പടികയറി ശിവനെ തൊഴുത് , ശാസ്താവ് അഷ്ടമാതൃക്കൾ എന്നിവരെ വണങ്ങിയ ശേഷമാണ് ഭഗവതിയുടെ മുന്നിലെത്തുന്നത്. വീണ്ടും ശിവനെ തൊഴുത് ക്ഷേത്രപാലകനെയും നാഗത്തറയും തൊഴുത് മുറിസ്തംഭനം നീക്കുന്നു. പിടാരർ എന്ന്‌വിളിക്കുന്ന കാശ്മീരി ബ്രാഹ്മണരാണ് ഇവിടുത്തെ പൂജാരിമാർ.

മാതൃഗൃഹത്തിൽ 64 ദേവിമാരുടെ മദ്ധ്യത്തിലാണ് ദേവി ഇരിക്കുന്നതെന്നാണ് സങ്കൽപ്പം. ഗണപതിയെയും വീരഭദ്രനെയും ദേവിയുടെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവി വടക്കോട്ടും ശിവൻ കിഴക്കോട്ടുമായി ഇരിക്കുന്ന രണ്ടു ശ്രീ കോവിലുകൾ ഉണ്ട്. ശിവലിംഗം ശിലയിലുള്ളതാണ്. വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദേവിയുടെ ആരൂഢസ്ഥാനം മൂന്നു കിലോമീറ്റർ ദൂരെയുള്ള കണ്ണകോട് വിഷ്ണു ക്ഷേത്രമാണ്. മഹാമുനിക്കുന്ന് ലോപിച്ചാണ് മാമാനിക്കുന്നായി തീർന്നതത്രേ. രാവിലെ 5.30 ന് ഉഷപൂജയ്ക്ക് നട തുറക്കും. ഒന്നരമണിക്കൂറിന്‌ ശേഷം ഏഴു മണിക്ക് നട അടയ്ക്കും. 7.45 ന് വീണ്ടും നട തുറക്കുകയും 10.45 ന് അടയ്ക്കുകയും ചെയ്യും. 10.45 മുതൽ 12.15 വരെ ഉച്ചപൂജയ്ക്കായി നട അടയ്ക്കും. 12.45 മുതൽ 1.30 വരെ നട തുറന്നിരിക്കും. വൈകിട്ട് 5.30 ന് നട തുറക്കും. 6 ന് ദീപാരാധനയോടെ നട അടയ്ക്കും. 7.15 ന് വീണ്ടും നട തുറന്ന് ശത്രുസംഹാര ശക്തിപൂജ, ഗുരുതിതർപ്പണം കരിങ്കലശം എന്നിവ നടത്തി 7.30 ന് നട അടയ്ക്കും. ഭക്തർ അധികമുള്ള സമയങ്ങളിൽ മുഴുവൻ ആളുകളും ദർശനം ചെയ്തശേഷമായിരിക്കും നട അടയ്ക്കുക.

പൗർണ്ണമിയിലും അമാവാസിയിലും വിശേഷപൂജയുണ്ട്. കുടകിൽ നിന്നും മറ്റും ഈ ദിവസങ്ങളിൽ ധാരാളം ആളുകൾ വന്നു ചേരുന്നു. അന്യമതസ്ഥർക്കും പൂജകൾ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. ഗുരുതി കഴിഞ്ഞാൽ ക്ഷേത്രത്തിൽ ഇന്നും ആരും നിൽക്കാൻ ധൈര്യപ്പെടില്ല. അകത്ത് ഉരുളിനീക്കുന്നതിന്റെയും മണിയടിയുടെയുമൊക്കൊ ശബ്ദം കേൾക്കുമായിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.

മലബാർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രം ട്രസ്റ്റിയായി വരുന്നത് കല്ലാത്ത് താഴത്ത് വീട് കുടുംബത്തിലെ മുതിർന്ന അംഗമാണ്. കാട്ടുമഠം ഇളയിടത്ത് മഠത്തിലെ ഈശാനൻ നമ്പൂതരിയാണ് ഇപ്പോഴത്തെ തന്ത്രി. കണ്ണൂർ, പാലോട്ട് വഴി ഇരിക്കൂർ എത്താം. തലശേരി, അഞ്ചരക്കണ്ടി ചാലോട് വഴിയും ഇരിക്കൂർ വരാം. തളിപ്പറമ്പിൽ നിന്നും ഇരിക്കൂർ എത്തിച്ചേരാം. മൂന്ന് വഴിയിൽ വന്നാലും മുപ്പത് കിലോമീറ്ററാണ് ദൂരം.

തരവത്ത് ശങ്കരനുണ്ണി, + 91 9847118340

Story Summary: Mamanikkunnu Sri Mahadevi Temple History, Timings And Pooja Details

error: Content is protected !!