Friday, 22 Nov 2024
AstroG.in

കണ്ണനെ കണി കണ്ടാൽ സമ്പൽ സമൃദ്ധി; ഒരുക്കണ്ടതെങ്ങനെ; കാണേണ്ടത് എപ്പോൾ?

ജ്യോതിഷരത്നം വേണു മഹാദേവ്

വിഷുവിനെ സമ്പൽസമൃദ്ധമാക്കുന്ന ആചാരമാണ് വിഷുക്കണി. വരുന്ന വർഷം മുഴുവൻ ഐശ്വര്യവും ആഹ്ലാദവും ലഭിക്കാൻ വഴി ഒരുക്കുന്ന ദർശന പുണ്യം. സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുവിന് സൂര്യോദയത്തിന് മുൻപ് കണികാണുന്ന മംഗളകരമായ വസ്തുക്കളെ ആശ്രയിച്ചാണ് തുടർന്ന് വരുന്ന വർഷത്തെ ഭാഗ്യനിർഭാഗ്യവും നന്മതിന്മകളും. കണ്ണിനും മനസിനും കുളിരേകി കത്തുന്ന നിലവിളക്കും കണിക്കൊന്നയും മറ്റ് മംഗല വസ്തുക്കളും വിഷുവിന് ആദ്യമായി കണി കണ്ട് ഏവരും ശുഭഫലങ്ങൾ സ്വപ്നം കാണുന്നു. വിഷുദിവസം സൂര്യനെ കണികാണരുത്. അങ്ങനെ സംഭവിച്ചാൽ അപകീർത്തിയും അപമാനവും ഉണ്ടാകും എന്നാണ് വിശ്വാസം.

ഇത്തവണ മേടവിഷു സംക്രമം ഏപ്രിൽ 13 ശനിയാഴ്ച രാത്രി 8:51 മണിക്കാണ്. അതിനാൽ 14 ഞായറാഴ്ച
പുലർച്ചെയാണ് വിഷുക്കണി. ഗുരുവായൂർ, ശബരിമല, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി എല്ലാ ക്ഷേത്രങ്ങളിലും വിഷുക്കണി വിശേഷമാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വെളുപ്പിന് 2:42 മണിക്ക് വിഷുക്കണി ആരംഭിക്കും. 3:42 വരെ വിഷുക്കണിക്ക് ഗുരുവായൂർ ദേവസ്വം സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകളിൽ കണികാണാൻ ശുഭ സമയം അന്ന് പുലർച്ചെ 4:30 മുതൽ 5:40 വരെയാണ്. എന്തായാലും ഉദയത്തിന്
മുൻപ് കണി കണ്ടിരിക്കണം.

മുപ്പത്തിമുക്കോടി ദേവകളുണ്ടെങ്കിലും ശ്രീകൃഷ്ണനെ വിഷുക്കണി കാണാനാണ് എല്ലാവർക്കും ഇഷ്ടം. വിഷുവിന്റെ തലേദിവസം രാത്രി വീട്ടിലെ പ്രായം കൂടിയ വ്യക്തിയുടെ നേതൃത്വത്തിൽ പൂജാമുറിയിൽ അല്ലെങ്കിൽ
ഏറ്റവും വൃത്തിയുള്ള പ്രധാന മുറിയിൽ ശ്രീകൃഷ്ണ വിഗ്രഹത്തിന് ചുറ്റും വിഷുക്കണി ഒരുക്കുന്നു.

വിഷുക്കണിക്ക് ഒരുക്കേണ്ടത്

1 നിലവിളക്ക്
2 ഓട്ടുരുളി
3 ഉണക്കലരി
4 നെല്ല്
5 നാളികേരം
6 സ്വർണ്ണ നിറമുള്ള കണിവെള്ളരി
7 ചക്ക
8 മാങ്ങ, മാമ്പഴം
9 കദളിപ്പഴം
10 വാൽക്കണ്ണാടി (ആറന്മുള കണ്ണാടി)
11 ശ്രീകൃഷ്ണവിഗ്രഹം
12 കണിക്കൊന്ന പൂവ്
13 എള്ളെണ്ണ (വിളക്കെണ്ണ പാടില്ല )
14 വിളക്ക്തിരി
15 കോടിമുണ്ട്
16 ഗ്രന്ഥം
17 നാണയങ്ങൾ
18 സ്വർണ്ണം
19 കുങ്കുമം
20 കണ്മഷി
21 വെറ്റില
22 അടക്ക
23 ഓട്ടുകിണ്ടി
24 വെള്ളം

വിഷുക്കണി എങ്ങനെ ഒരുക്കാം ?

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.

ഓരോ വസ്‌തുവും സത്വ, രജോ , തമോ ഗുണമുള്ളവയാണ്. ഇതിൽ വിഷു കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.

ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.

സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്.

ഇത്രയുമായാൽ വാൽക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കൽപമുണ്ട്.

ശ്രീകൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണ്ണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനുമൊപ്പം വേണം വയ്‌ക്കാൻ.

ലക്ഷ്‌മിയുടെ പ്രതീകമാണ് സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.

ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്…
ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹം മാത്രമല്ല ഏത് ഇഷ്ട ദൈവത്തിന്റെയും പ്രതിമയോ ചിത്രമോ ആകാം.

ശ്രീകൃഷ്ണവിഗ്രഹം നടുക്ക് വച്ച് ഒരു ഓട്ടുരുളിയിൽ ഉണക്കലരിയിട്ട് അതിൽ ചക്ക, മാങ്ങ, വെള്ളരിക്ക, മുന്തിരി, ആപ്പിൾ തുടങ്ങി ഇഷ്ടമുള്ള ഫലങ്ങളെല്ലാം വയ്ക്കണം. ഒപ്പം ചെത്തിയ കരിക്ക് വയ്ക്കണം. അതില്ലെങ്കിൽ നാളികേരം മതി. ഇതിനെല്ലാം ഏറ്റവും മുകളിലായി ആവശ്യം പോലെ കണിക്കൊന്ന വയ്ക്കുക. ശ്രീകൃഷ്ണന്റെ പ്രതിമ മാല ചാർത്തി അലങ്കരിക്കാം. സമീപം നെയ്യൊഴിച്ച് ഒരു വിളക്ക് കൊളുത്തി വയ്ക്കണം.

ഇങ്ങനെ രാത്രിയിൽ തയ്യാറാക്കുന്ന വിഷുക്കണി വിഷുദിവസം ബ്രാഹ്മമുഹൂർത്തത്തിൽ കുടുംബത്തിൽ എല്ലാവരും കാണണം.

വീട്ടിലെ പ്രായമായ വ്യക്തിയാണ് എല്ലാത്തിനും നേതൃത്വം വഹിക്കേണ്ടത്. കുടുംബാംഗങ്ങളെ ഓരോരുത്തരെയായി പൂജാമുറിക്ക് മുമ്പിൽ കണ്ണു പൊത്തിക്കൊണ്ട് വരണം. വിളക്കും ഭഗവാനെയും ദ്രവ്യങ്ങളും കാണാൻ പാകത്തിൽ നിർത്തിയ ശേഷം കണ്ണ് തുറപ്പിക്കണം.

ഒരു വർഷം മുഴുവനും ഐശ്വര്യം ഉണ്ടാകാനുള്ള പ്രാർത്ഥനയാണ് ഇതിലൂടെ നിറവേറ്റുക. വർഷത്തിന്റെ ആരംഭത്തിന്റെ മംഗളകരമായ തുടക്കം കുറിക്കലാണ് വിഷുക്കണിയുടെ പൊരുൾ.

വിഷുക്കൈനീട്ടം ആരു നൽകണം ?

വിഷുക്കണി കണ്ടു കഴിഞ്ഞാൽ വിഷുക്കൈ നീട്ടം നൽകണം. ശ്രീകൃഷ്ണ വിഗ്രഹത്തിന് മുമ്പിൽ നിന്നും കണിക്കൊന്നയും ചേർത്ത് ഒരു നാണയം ഗൃഹനാഥനോ ഗൃഹനാഥയോ എല്ലാവർക്കും നല്കുന്നതാണ്
വിഷുക്കൈനീട്ടം.

കണികണ്ട് കഴിഞ്ഞാലുടനെ ഈ വർഷം സമൃദ്ധം ആകട്ടെയെന്ന അനുഗ്രഹത്തോടെ വിഷുക്കൈനീട്ടം കൊടുക്കുകയാണ് വേണ്ടത്. പ്രായത്തിൽ മുതിർന്ന എല്ലാവരും കൈനീട്ടം തരാൻ യോഗ്യരാണ്.

മൂന്നാളുകാരിൽ നിന്നും വേധ നക്ഷത്രജാതരിൽ നിന്നും അഷ്ടമ രാശിക്കാരിൽ നിന്നും കൈനീട്ടം വാങ്ങുന്നത് നല്ലതല്ല എന്ന് വിശ്വസിക്കുന്നവർ ഉണ്ട്. പറ്റുമെങ്കിൽ അവരിൽ നിന്നും കൈനീട്ടം വാങ്ങുന്നത് ഒഴിവാക്കണം.

കൈനീട്ടം ലഭിക്കുന്ന നാണയം അടുത്ത ഒരു വർഷം ബാഗിലോ, മേശയിലോ, പേഴ്‌സിലോ സൂക്ഷിക്കുന്നത് നല്ലതാണ്. കൈനീട്ടം വാങ്ങാൻ ഉത്സാഹിച്ചാൽപ്പോര, പ്രായം കൊണ്ടും സാമ്പത്തിക സ്ഥിതി കൊണ്ടും നമുക്ക് താഴെയുള്ളവർക്ക് കൈനീട്ടം കൊടുക്കുകയും വേണം. ക്ഷേത്രത്തിൽ വിഷു ദിവസം അന്നദാനം നടത്തുന്നതും നല്ലതാണ്.

ജ്യോതിഷരത്നം വേണുമഹാദേവ്
+91 9847575559

Story Summary: Vishu Rituals: Items and arrangements for Vishukanni

Copyright 2024 Neramonline.com. All rights reserved

error: Content is protected !!