കന്നിയിലെ ഷഷ്ഠി വ്യാഴാഴ്ച ; ഇങ്ങനെഭജിച്ചാൽ പെട്ടെന്ന് ആഗ്രഹസാഫല്യം
മംഗള ഗൗരി
ശ്രീസുബ്രഹ്മണ്യ ഉപാസനയുടെ പ്രധാന സവിശേഷത
പെട്ടെന്നുള്ള ഫലസിദ്ധിയാണ്. ഷഷ്ഠിവ്രതമെടുത്ത് ശ്രീ മുരുകനെ പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും അതിവേഗം നീങ്ങും. സുബ്രഹ്മണ്യപ്രീതിക്ക് നോൽക്കുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതം. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലം പറയുന്നുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. കന്നിയിലെ ഷഷ്ഠിക്ക് സ്‌കന്ദനെയും കാത്യായനി ദേവിയെയും പൂജിച്ചാല്‍ ഫലം ഭര്‍ത്തൃലാഭം, സന്താന ലാഭം ഇവയാണ്. ഈ ഷഷ്ഠിയെ കപിലഷഷ്ഠി എന്നും പറയുന്നു. 2023 സെപ്തംബർ 21 നാണ് കന്നി മാസത്തിലെ ഷഷ്ഠി. തിഥി: സെപ്റ്റംബർ 20 പകൽ 2:15 മുതൽ 21 ന് പകൽ 2.16 വരെ. അന്നു തന്നെ ആണ് ലളിതാവ്രതവും.
ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവർ തലേന്ന് പഞ്ചമിക്ക്
ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീസ്തുതി എന്നിവ കഴിയുന്നത്ര ജപിക്കണം. സുബ്രഹ്മണ്യ സ്തോത്രങ്ങൾ, സ്‌കന്ദപുരാണം എന്നിവ പാരായണം ചെയ്യണം. വഴിപാടുകള്‍, അന്നദാനം ഇവ നടത്തണം. ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കി ആഹാരം കഴിക്കാം.
ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളവർ അതിനനുസരിച്ച രീതിയിൽ വ്രതമെടുക്കുക. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനും വേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
ഷഷ്ഠിനാളിൽ തുടങ്ങി 27 ദിവസം ഓം വചത്ഭുവേന നമഃ എന്ന മൂലമന്ത്രം 108 വീതം രണ്ട് നേരം ജപിച്ചാൽ കാര്യസിദ്ധിയാണ് ഫലം. അന്ന് തുടങ്ങി 28 ദിവസം 84 വീതം രണ്ട് നേരം ഓം സ്‌കന്ദായ നമഃ എന്ന മന്ത്രം ജപിച്ചാൽ ശത്രുദോഷ ശാന്തിയുണ്ടാകും. ഭാഗ്യം തെളിയുന്നതിന് ഈ ദിവസം തുടങ്ങി 41 ദിവസം 64 തവണ വീതം രണ്ട് നേരം ഓം ഇന്ദ്രായ നമഃ ജപിക്കണം.
ഓം സനത്കുമാരായ നമഃ എന്ന മന്ത്രം ഷഷ്ഠി ദിവസം മുതൽ 108 തവണ വീതം 2 നേരം 41 ദിവസം ജപിച്ചാൽ ഭാഗ്യം തെളിയുന്നതിനും കാര്യവിജയത്തിനും ഗുണകരം.
സുബ്രഹ്മണ്യപ്രീതിക്ക് നടത്താവുന്ന വഴിപാടുകൾ
ഇനി പറയുന്നവയാണ്: ധനാഭിവൃദ്ധിക്ക് നെയ്‌വിളക്ക്, ഭാഗ്യവർദ്ധനവിന് ത്രിമധുരം, ദൃഷ്ടിദോഷങ്ങൾ മാറാൻ നാരങ്ങാമാല, രോഗശാന്തിക്ക് പാൽ അഭിഷേകം,
കാര്യവിജയത്തിന് മഞ്ഞപ്പട്ട് ചാർത്തൽ. അംഗീകാരം, ജനനേതൃത്വം ലഭിക്കാൻ കളഭാഭിഷേകം, പാപങ്ങൾ ശമിക്കാൻ ഭസ്മാഭിഷേകം, കാര്യവിജയത്തിന് കാവടി.
മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
(108 തവണ ജപിക്കണം)
പ്രാർത്ഥനാ മന്ത്രം
ഓം ശരവണ ഭവഃ
( 21 തവണ ജപിക്കണം)
സുബ്രഹ്മണ്യ സ്തുതി
ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ
ആശ്ചര്യ വീരം സുകുമാര രൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്ക ഗൗരീ തനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി
സക്ന്ദായ കാർത്തികേയായ
പാർവതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രഹ്മണ്യായ തേ നമഃ
ഷഷ്ഠീദേവീ സ്തുതി
ഷഷ്ഠാംശം പ്രകൃതേശുദ്ധാം
പ്രതിഷ്ഠാ ച സുപ്രഭാം
സുപുത്രദാം ച ശുഭദാം ദയാരൂപാം ജഗത് പ്രസൂം
ശ്വേതചമ്പക വര്‍ണാഭ്യാം രത്‌നഭൂഷണ ഭൂഷിതാം
പവിത്രരൂപാം പരമാം ദേവസേനാം പരേഭജേ
ഷഷ്ഠീദേവിമന്ത്രം
ഓം ഹ്രീം ഷഷ്ഠീദേവ്യൈ സ്വഹാ
Story Summary: Shashti Vritham in Kanni Masam: Know about date, time and Significance