കന്നി ആയില്യം; നാഗപൂജയ്ക്കുംവഴിപാടിനും പെട്ടെന്ന് ഫലം കിട്ടും
മംഗള ഗൗരി
ജീവിതദുഃഖങ്ങൾ പരിഹരിക്കാൻ നാഗാരാധന പോലെ
ഫലപ്രദമായി മറ്റൊരു ഉപാസനാ മാർഗ്ഗമില്ല. അതിവേഗം അനുഗ്രഹിക്കുന്ന നാഗദേവതകളെ ആരാധനയിലൂടെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിവസമാണ് കന്നിമാസത്തിലെ ആയില്യം. ഈ ദിവസം നാഗപൂജകളും വഴിപാടുകളും നടത്തി സർപ്പപ്രീതി നേടിയാൽ ധനലാഭം, ദാമ്പത്യസുഖം, സന്താനസൗഖ്യം, സന്താനലാഭം, ഗർഭാശയ രോഗമുക്തി, ആരോഗ്യ വർദ്ധനവ്, ത്വക്‌രോഗശമനം,
ദീർഘായുസ് തുടങ്ങി എല്ലാ ഐശ്വര്യങ്ങളും ലഭിക്കും.
2023 ഒക്ടോബര്‍ 9 നാണ് ഇക്കുറി കന്നിമാസ ആയില്യം.
ഇത് അതിവിപുലമായി ആഘോഷിക്കുന്നത്
വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിലാണ്. സര്‍പ്പപ്രതിഷ്ഠ
ആദ്യമായി നടന്ന ക്ഷേത്രം ആയതിനാലാണ് വെട്ടിക്കോട്
ആയില്യത്തിന് ഈ പ്രാധാന്യം കൈവന്നത്. ഇത് കാരണം
വെട്ടിക്കോട് ക്ഷേത്രത്തെ ആദിമൂലം ശ്രീ നാഗരാജസ്വാമി ക്ഷേത്രമെന്ന് അറിയപ്പെടുന്നു. കായംകുളത്തിനടുത്ത് പള്ളിക്കലാണ് ക്ഷേത്രം. കായംകുളം – പുനലൂര്‍ റോഡില്‍ 10 കി. മീ. പോയാല്‍ വെട്ടിക്കോട് ക്ഷേത്രത്തില്‍ എത്താം.
സന്താനഭാഗ്യം ഇല്ലാതിരിക്കുക, ദാരിദ്ര്യം, കഠിനമായ സാമ്പത്തിക ഞെരുക്കം, വിവാഹ തടസം, ഉദരരോഗം, ത്വക് രോഗം തുടങ്ങിയ സര്‍പ്പദോഷങ്ങള്‍ പരിഹരിക്കാൻ ഉത്തമമാണ് വെട്ടിക്കോട് നാഗരാജ ക്ഷേത്ര ദര്‍ശനവും വഴിപാടുകളും. മണ്ണാറശാല ഒഴികെയുളള പ്രധാന നാഗരാജ സന്നിധികളായ പാമ്പുംമേക്കാട്, അനന്തന്‍ കാട്, വടക്കുമ്പാട്ട്, പാതിരിക്കുന്നത്ത് ഇവിടങ്ങളിലെല്ലാം കന്നിമാസ ആയില്യമാണ് പ്രധാനം.
വെട്ടിക്കോട് ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ മറ്റു നാഗക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കന്നിയിലെ പൂയം നാളില്‍ മാത്രമേ ഇവിടെ ദീപാരാധനയുള്ളൂ. മറ്റ് ദിവസങ്ങളില്‍ വൈകുന്നേരം സാധാരണ വിളക്ക് വയ്പ് മാത്രം നടക്കും. കന്നിയിലെ ആയില്യത്തിന് 7 ദിവസം മുമ്പ് വിശേഷാല്‍ പൂജകൾ, ഭാഗവത സപ്താഹ യജ്ഞം ഇവ ആരംഭിക്കും. പൂയം ദിവസം സന്ധ്യയ്ക്ക് സര്‍വ്വാഭരണ വിഭൂഷിതരായ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ദീപാരാധന നടക്കും. ആയില്യംനാൾ വെളുപ്പിന് നട തുറന്ന് നിര്‍മ്മാല്യം കഴിഞ്ഞാല്‍ അഭിഷേകം, ഉഷപൂജ, ഉച്ച:പൂജ നൂറും പാലും എന്നിവ നടക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാഗാരാജാവിനെ മേപ്പള്ളില്‍ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഇത് തൊഴുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് വിഷഭയമുണ്ടാകില്ല എന്നാണ് വിശ്വാസം.
നാലുകെട്ടില്‍ എഴുന്നള്ളിച്ച് ഇരുത്തി നാഗാരാജാവിനെ പൂജാകര്‍മ്മങ്ങള്‍ക്കുശേഷം ക്ഷേത്രത്തിലേക്കു തിരിച്ച് എഴുന്നള്ളിക്കും. പുള്ളവന്‍മാരുടെ സ്തുതി ഗീതങ്ങളുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത്. സന്ധ്യയ്ക്കാണ് സര്‍പ്പബലി. രാത്രി 10 മണിയോടെ നട അടയ്ക്കും. മകം ദിവസം രാവിലെ ഇളനീരഭിഷേകം, ശുദ്ധികലശം എന്നിവ നടത്തി ചടങ്ങ് പൂര്‍ണ്ണമാകും.
എല്ലാ ഞായറാഴ്ചകളും വെട്ടിക്കോട് ഏറെ പ്രധാനമാണ്. മാസന്തോറും ആയില്യത്തിന് നൂറും പാലും നടത്താറുണ്ട്. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെ എല്ലാ ഞായറാഴ്ചകളിലും നൂറും പാലും പതിവാണ്. കുംഭത്തിലെ ആയില്യം, ശിവരാത്രി, മേടമാസത്തിലെ ആയില്യം ദിവസങ്ങളിലും വിശേഷാല്‍ ചടങ്ങുകള്‍ നടക്കുന്നുണ്ട്.
സര്‍പ്പരാജാവ് അനന്തനെ ആ രൂപത്തിൽ വെട്ടിക്കോട്
പ്രതിഷ്ഠിച്ചിരിക്കുന്നു. ഇങ്ങനെ പ്രതിഷ്ഠിച്ച കേരളത്തിലെ ഏക നാഗക്ഷേത്രവും ഇതാണ്. പ്രജാപതിയായ കശ്യപന് ദക്ഷന്റെ പുത്രി കദ്രുവില്‍ ജനിച്ച പുത്രനാണ് അനന്തന്‍. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായ ബലഭദ്രരാമന്‍ അനന്തന്റെ അംശാവതാരമാണ്. ഭക്തരുടെ എല്ലാവിധ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന മൂർത്തിയാണ് വെട്ടിക്കോട്ട് ശ്രീനാഗരാജാവ്. മറ്റു സ്ഥലങ്ങളിലെ സര്‍പ്പക്കാവുകളിലെ ചൈതന്യം ആവാഹിച്ച് വെട്ടിക്കോട്ട് കുടിയിരുത്താറുണ്ട്. ഇതിനുള്ള പ്രത്യേക കാവാണ് ക്ഷേത്രകുളത്തിന് സമീപം മതിലിനു വെളിയിലുള്ള ആഗമ സര്‍പ്പക്കാവ്. ഇവിടെ വര്‍ഷത്തിൽ ഒരിക്കല്‍ തുലാമാസത്തിലെ ആയില്യം കഴിഞ്ഞുവരുന്ന ഞായറാഴ്ച നൂറും പാലും നടത്താറുണ്ട്.
നാഗാരാധനയ്ക്ക് ഏറ്റവും നല്ല ദിനം ഞായറാഴ്ചയാണ്. തിഥികളില്‍ പഞ്ചമിയാണ്. കറുത്തവാവ് കഴിഞ്ഞ്
വരുന്ന പഞ്ചമിക്ക് ഏറെ പ്രാധാന്യമുണ്ട്. നക്ഷത്രങ്ങളില്‍ ആയില്യം നാൾ തന്നെ. ഈ ദിവസങ്ങളിലെ നാഗാരാധന അതിവേഗം ഫലം കാണും. നല്ലെണ്ണ, കരിക്ക്, പാല്‍, തേന്‍, പനിനീര്‍, മഞ്ഞള്‍പ്പൊടി, കളഭം, കമുകിന്‍ പൂക്കുല, പിച്ചി, മുല്ല, അരളി, തുളസി, തെറ്റി ഇവ നാഗര്‍ക്ക് സമര്‍പ്പിക്കാം. നിവേദ്യങ്ങളില്‍ പ്രിയങ്കരം കദളിപ്പഴം, വെള്ളച്ചോറ്, പാല്‍ പായസം, അപ്പം, അട, ശര്‍ക്കരപായസം, തെരളി എന്നിവ ആണ്. സര്‍പ്പഭീതി ഒഴിവാക്കുന്നതിനും നാഗദേവതകളുടെ അനുഗ്രഹത്തിനും ഇനി പറയുന്ന നാഗമന്ത്രങ്ങള്‍ എന്നും
ജപിക്കണം.
നാഗരാജ മൂലമന്ത്രം
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ
നാഗയക്ഷി മൂലമന്ത്രം
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീം യക്ഷിണീ സ്വാഹാ നമഃ
സര്‍പ്പദോഷ നിവാരണ മന്ത്രം
ഓം കുരു കുല്ലേ ഹും ഫട് സ്വാഹ
അനന്ത ധ്യാനം
സൗമ്യോ അനന്തശ്ചതുര്‍ ബാഹു:
സര്‍വാഭരണ ഭൂഷിതാ:
ജപാപുഷ്പനിഭാകാര: കരണ്ഡ മകുടാന്വിത:
സിതവസ്ത്രധര: ശാന്തസ്ത്രി നേത്ര:
പത്മ സംസ്ഥിത: അഭയം വരദം ടങ്കം
ശൂലം ചൈവ ധൃതോവതു
വാസുകി ധ്യാനം
ഫണാഷ്ട ശത ശേഖരം ദ്രുത സുവര്‍ണ്ണ പുഞ്ജപ്രഭം
വരാഭരണ ഭൂഷണം തരുണ ജാലതാമ്രാംശുകം
സവജ്ര വരലക്ഷണം നവസരോജരക്തേക്ഷണം
നമാമി ശിരസാ സുരാസുര നമസ്‌കൃതം വാസുകിം
നാഗരാജ ഗായത്രി
ഓം നാഗരാജായ
വിദ്മഹേ
ചക്ഷു: ശ്രവണായ ധീമഹി
തന്നോ സര്‍പ്പ: പ്രചോദയാത്
അനന്ത ഗായത്രി
ഓം സഹസ്ര ശീര്‍ഷായ
വിദ്മഹേ
വിഷ്ണു തല്പായ ധീമഹി
തന്നോ ശേഷ: പ്രചോദയാത്
വാസുകി ഗായത്രി
ഓം സര്‍പ്പരാജായ
വിദ്മഹേ
പത്മഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്
Story Summary: Significance of Kanni Masa Ayilyam
( Vettikkodu Ayilyam )