Sunday, 24 Nov 2024
AstroG.in

കമ്പരാമായണത്തിൽ ചുരുളഴിയുന്ന രഹസ്യാത്മക വർണ്ണന

വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി
രാമായണം പല ഭാഷകളിൽ ലോകമെമ്പാടും
പ്രചാരത്തിലുണ്ട്. ആദികാവ്യമായി വിശേഷിപ്പിക്കപ്പെടുന്ന മൂലകൃതിയായ വാല്മീകീ രാമായണത്തിന് പല പാഠഭേദങ്ങളും വിവിധ ഭാഷകളിൽ വ്യാഖ്യാനങ്ങളും സ്വതന്ത്ര
രചനകളുമായി നൂറു കണക്കിന് കൃതികളുണ്ട്.
ഇതിൽ ഭക്തിഭാവം നിറഞ്ഞു നിൽക്കുന്ന
മലയാള കൃതിയായ എഴുത്തച്ഛൻ്റ അദ്ധ്യാത്മരാമായണം പോലെയാണ് തമിഴിൽ രാമാവതാരം എന്ന് പേരുള്ള കമ്പരുടെ കമ്പ രാമായണം. ദ്രാവിഡ ഭാഷകളിലെ രാമകഥ സംബന്ധിച്ച ഏറ്റവും പ്രാചീന കൃതിയാണ് കമ്പരാമായണം. വാല്മീകി രാമായണത്തിലെ ആറു കാണ്ഡങ്ങളിലെ മുഴുവൻ കഥയും സ്വതന്ത്ര രൂപത്തിൽ വർണ്ണിക്കുകയും അനേകം പുതിയ കഥകൾ ചേർക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുവർഷം
പന്ത്രണ്ടാം ശതകത്തിലാകണം ഇതിന്റെ രചന.

ഇതിലെ പ്രാരംഭത്തിലെ ധ്യാന ശ്ലോകത്തിൽ വളരെ രസകരമായ ഒരു വർണ്ണന ഏറ്റവും രഹസ്യാത്മകമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഐന്തിലേ ഒന്റു പെറ്റാൻ
ഐന്തിലേ ഒന്റെത്താവി
ഐന്തിലേ ഒന്റാറാകെ
ആരിയർക്കാക ഏകി
ഐന്തിലേ ഒന്റു പെറ്റ
അണങ്കൈ കണ്ടു
അയലാർ ഊരിൽ
ഐന്തിലേ ഒൻറൈ വൈത്താൻ
അവൻ നമ്മെ അളിത്തു കാപ്പാൻ

ഈ വർണ്ണനയുടെ പ്രത്യേകത ഒരിക്കൽ പോലും ഹനുമാൻ്റെ നാമമോ ലങ്കാപുരിയെന്നോ സമുദ്രമെന്നോ ഒന്നും പറയാതെ തന്നെ ഇവയെല്ലാം വർണ്ണിക്കുന്നു എന്നതാണ്

അഞ്ചിൽ ഒന്നിൻ്റെ പുത്രൻ
(വായു)
അഞ്ചിൽ ഒന്നിനെച്ചാടി
(സമുദ്രം – വരുണൻ – ആകാശമാർഗ്ഗം)
അഞ്ചിലൊന്നിൻ്റെ പുത്രിയെക്കാണാൻ
(ഭൂമി_ സീത)
അന്യൻ്റ ദേശത്തു ചെന്ന് അഞ്ചിൽ ഒന്ന് കൊളുത്തി
(അഗ്നി)
അവൻ നമ്മെ രക്ഷിക്കും

ഇങ്ങനെയാണ് അർത്ഥം.

കമ്പരാമായണം രചനയ്ക്കു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ആ കഥ ഇങ്ങനെ: ആദ്യമായി ലങ്കയിൽ പ്രവേശിച്ച ഹനുമാനെ, നഗരപാലിക ലങ്കാലക്ഷ്മി തടഞ്ഞു. ഒരു സ്ത്രീയെന്നു കരുതി ഹനുമാൻ അവരെ ക്രൂരമായി ദ്രോഹിക്കാതെ ഇടതുകൈ കൊണ്ട് ചെറുതായി ഒന്ന് അടിച്ചു. എന്നാൽ ആ അടിയേറ്റതും ചോര ഛർദ്ദിച്ച് ലങ്കാലക്ഷ്മി വീണു. അവർക്ക് ഹനുമദ് സ്പർശം
ശാപമോക്ഷമായിരുന്നു. പെട്ടെന്ന് ലങ്കാലക്ഷ്മിക്ക്
തന്റെ പൂർവ്വചരിതം ഓർമ്മവന്നു. ശ്രീരാമദൂതുമായി വന്ന് തന്നെ പ്രഹരിച്ച മാരുതിയെ പ്രശംസിച്ച്
വന്ദിച്ചു കൊണ്ട് നഗരത്തിലേക്കുള്ള വഴി കാട്ടി കൊടുത്ത ശേഷം പൂർവ്വനിശ്ചയ പ്രകാരം മറഞ്ഞു..

രാമരാവണയുദ്ധം കഴിഞ്ഞപ്പോൾ ലങ്കാലക്ഷ്മി
കൈലാസത്തിൽ എത്തി ശ്രീപരമേശ്വരനെ കണ്ട്
തനിക്ക് രാമരാവണയുദ്ധം കാണാനുള്ള ഭാഗ്യമുണ്ടായില്ല എന്ന് സങ്കടം പറഞ്ഞു. മഹാദേവൻ ദേവിയെ സാന്ത്വനപ്പെടുത്തി പറഞ്ഞു: നീ ദ്രാവിഡനാട്ടിൽ ചെന്ന് അവിടെയുളള “സ്വയംഭൂലിംഗ” ക്ഷേത്രത്തിൽ വസിക്കുക. ഞാൻ അവിടെ “കമ്പ”രായി അവതരിച്ച് തമിഴ് ഭാഷയിൽ രാമായണം രചിച്ച് പാവക്കൂത്ത് നടത്താം. അപ്പോൾ നേരിൽ കാണുന്നതിനേക്കാൾ വ്യക്തമായും ഭംഗിയായും സമ്പൂർണ്ണമായും ശ്രീരാമകഥ വിശേഷിച്ച് രാമരാവണയുദ്ധം കേട്ടും കണ്ടും രസിക്കാം.

അങ്ങനെ ലങ്കാലക്ഷ്മി തിരുവണ്ണനല്ലൂർ വന്ന്
സ്വയംഭൂലിംഗ ക്ഷേത്രത്തിൽ വാസമുറപ്പിച്ചു. അവിടെ ശങ്കരനാരായണൻ എന്നൊരു പണ്ഡിത ശ്രേഷ്ഠൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ചിങ്കാരവല്ലി സന്താന ഭാഗ്യത്തിന് വേണ്ടി ഭഗവാനെ ആരാധിച്ചു വരികയായിരുന്നു. വിധിവശാൽ അതിനിടെ വിധവയായിത്തീർന്ന ചിങ്കാരവല്ലിയുടെ സന്താനമായി ശ്രീമഹാദേവൻ അവതരിച്ചു.

അപവാദം ഭയന്ന് വല്ലി ക്ഷേത്രസങ്കേതത്തിൽ ആ കുട്ടിയെ ഉപേക്ഷിച്ചു. ഗണേശകൗണ്ടർ എന്നൊരാൾ
കുഞ്ഞിനെ എടുത്ത് ജയപ്പവള്ളൻ എന്ന കൗണ്ടപ്രമാണിക്ക് നൽകി. മക്കളില്ലാതിരുന്ന അദ്ദേഹം കൊടിമരത്തിൻ ചുവട്ടിൽ നിന്നും ലഭിച്ച ശിശുവിനെ “കമ്പൻ” എന്ന് പേരിട്ട് വളർത്തി.
അതിബുദ്ധിമാനായിരുന്നെങ്കിലും കമ്പർ അലസനായിരുന്നു.

യുവാവായപ്പോൾ കമ്പർ രാജസദസിലെ അംഗമായി.
പണ്ഡിതനും കവിയുമായിരുന്ന ചോളരാജാവ് രാമായണം രചിക്കാൻ കമ്പറെയും സദസിലെ
മറ്റൊരംഗമായ ഒറ്റക്കൂത്തനെയും ചുമതലപ്പെടുത്തി. സേതുബന്ധനം വരെ ഒറ്റക്കൂത്തനും രാമരാവണയുദ്ധം കമ്പരും രചിക്കണമെന്നായിരുന്നു രാജ നിർദ്ദേശം. ആറുമാസം കൊണ്ട് ഒറ്റക്കൂത്തൻ തന്നെ ചുമതലപ്പെടുത്തിയ ഭാഗം എഴുതിത്തീർത്തു. കമ്പർ ഒന്നും ചെയ്തില്ല . അതറിഞ്ഞ രാജാവ് നാളെത്തന്നെ രാമായണ കൃതി സദസ്സിൽ വായിക്കണമെന്ന് കല്പിച്ചു. ഒരു രാത്രികൊണ്ട് ഏല്പിച്ച ഭാഗം എഴുതാൻ ഇരുന്ന കമ്പർ ഒന്നും എഴുതാതെ ഉറങ്ങിപ്പോയി. വെളുപ്പിന് എഴുന്നേറ്റ് “വഴുതി വെടിഞ്ചുതേ അംബാ” എന്ന് കമ്പർ സങ്കടപ്പെട്ടപ്പോൾ “എഴുതിമുടിഞ്ചുതേ കമ്പ” എന്ന് അശരീരി മുഴങ്ങി. ഇങ്ങനെ അരുളി ചെയ്തിട്ട് ആ
ദിവ്യാകൃതി ഉടൻ അപ്രത്യക്ഷമായി. പൊടുന്നനെ
ബോധരഹിതനായ കമ്പർ ഉണർന്ന് നോക്കിയപ്പോൾ രാമായണം സമ്പൂർണ്ണമായി എഴുതി വച്ചിരിക്കുന്നത് കണ്ടു. സരസ്വതി ഭഗവതിയാണ് ആ കൃതി തനിക്ക്
എഴുതിത്തന്നതെന്ന് അത്ഭുതപര തന്ത്രനായ കമ്പർ മനസിലാക്കി. കമ്പരാമായണത്തിലെ യുദ്ധകാണ്ഡം അതിവിപുലവും കാവ്യഗുണ സമ്പൂർണ്ണവും പാവകൂത്തിനു ഉപയോഗിക്കത്തക്ക രീതിയിൽ
രചിക്കപ്പെട്ടതുമാണ്. അങ്ങനെ ശ്രീ കമ്പരാമായണം സർവ്വധന്യമായ ഒരു രചനയായി പരിണമിച്ചു.

ജയ് ശ്രീറാം, ജയ് ഹനുമാൻ

വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി

91 960 500 2047
(തിരുവനന്തപുരം, പാളയം, ഒ ടി സി ഹനുമാൻ സ്വാമി ക്ഷേത്ര മേൽശാന്തിയാണ് ലേഖകൻ)

error: Content is protected !!