Friday, 20 Sep 2024
AstroG.in

മകരവിളക്ക്, മകരച്ചൊവ്വ, ഷഷ്ഠി; ഈ ആഴ്ചയിലെ നക്ഷത്രഫലം

(2024 ജനുവരി 14 – 20 )
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
മകരസക്രമം, ശബരിമല മകരവിളക്ക്, ഉത്തരായന പുണ്യകാല ആരംഭം, മകരപൊങ്കൽ, മകരച്ചൊവ്വ, ഷഷ്ഠി,
മാട്ടുപൊങ്കൽ, മകര ഭരണി എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. മകരസംക്രമ പൂജ ജനുവരി 15ന് പുലര്‍ച്ചെ 2.46ന് നടക്കും. സുര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തം ഇക്കുറി പുലര്‍ച്ചെ 2.46 ആയതിനാലാണ് മകരസംക്രമ പൂജ അപ്പോൾ നടക്കുക. ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള മകരസംക്രമ പൂജ പുലർച്ചെയും തിരുവാഭരണം ചാര്‍ത്തിയുള്ള പ്രത്യേക ദീപാരാധന വൈകിട്ട് 6.30 നും നടക്കും. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും ഉദിച്ചുയരും. അന്ന് തന്നെയാണ് മകരപൊങ്കലും ഉത്തരായന പുണ്യകാല ആരംഭവും. മകരം ഒന്ന് മുതൽ മിഥുനം അവസാനം വരെയുള്ള ഈ കാലത്ത് ചെയ്യുന്ന എന്ത് കാര്യവും അങ്ങേയറ്റം ഫലസിദ്ധിയുള്ളതാണ്. ഈ ആറുമാസക്കാലത്ത് ചെയ്യുന്നതെല്ലാം ശുഭകരവും വിജയ പ്രദവുമാകും. ഇതിൽ തന്നെ ഉത്തരായനത്തിലെ വെളുത്തപക്ഷത്തിൽ നടത്തുന്ന പ്രാർത്ഥനകൾക്ക് അതിവേഗം ഫലസിദ്ധി ലഭിക്കും. ജനുവരി 16 നാണ് മകരച്ചൊവ്വ, മകരത്തിലെ ഷഷ്ഠി, മാട്ടുപൊങ്കൽ എന്നിവ. ഭദ്രകാളിക്കും സുബ്രഹ്മണ്യനും ഒരു പോലെ പ്രധാനമാണ് മകരച്ചൊവ്വ. മകരത്തിലെ ഷഷ്ഠി സുബ്രഹ്മണ്യന് പ്രധാനമായ ചൊവ്വാഴ്ച വരുന്നത് ഇരട്ടിഫലദായകമാണ്. ജനുവരി 19 നാണ് ഭദ്രകാളിക്ക് മുഖ്യമായ മകരഭരണി. ജനുവരി 14 ന് അവിട്ടം നക്ഷത്രത്തിൽ തുടങ്ങുന്ന വാരം 20 ന് രോഹിണി നക്ഷത്രത്തിൽ അവസാനിക്കും.ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
വിവിധ സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും. ഉയർച്ച താഴ്ചകൾ അസ്വസ്ഥരാക്കും. ആരോഗ്യം മെച്ചപ്പെടും. അടുത്ത സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. സ്വകാര്യ ജീവിതത്തിൽ ഒരു രഹസ്യം തുറന്നുകാട്ടിയത്
കാരണം ചില പ്രശ്നങ്ങൾ നേരിടേണ്ടിവരാം. വീഴ്ചകൾ തിരുത്താൻ ശ്രമിക്കും. അദ്ധ്വാനത്തേക്കാൾ ഭാഗ്യത്തെ ആശ്രയിച്ച് കാര്യങ്ങൾ സംഭവിക്കും. അവിവാഹിതർക്ക് മനസ്സിന് ഇണങ്ങിയ വ്യക്തിയെ കണ്ടുമുട്ടാൻ കഴിയും.
ഓം നമോ നാരായണായ നിത്യവും 108 ഉരു ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
പണച്ചെലവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. യോഗ, ധ്യാനം പരിശീലിക്കും. സ്വന്തം സുഖസൗകര്യങ്ങളേക്കാൾ
കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് മുൻ‌ഗണനകൾ നൽകും. ജോലിയിൽ ഗംഭീരമായ വളർച്ച കൈവരിക്കും.
ഒരു പ്രത്യേക വ്യക്തിയോടുള്ള ഇഷ്ടം എല്ലാവരുമായും പങ്കിടുന്നത് ദോഷം ചെയ്യും. മേലുദ്യോഗസ്ഥരോട് നേരിട്ട് കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിൽ മികച്ച പ്രകടനം നടത്തും. യാത്രകൾ
മാറ്റിവയ്ക്കും. നിത്യവും ലളിതാ സഹസ്രനാമം ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
തിടുക്കത്തിൽ നിക്ഷേപങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. രോഗദുരിതങ്ങൾക്ക് നല്ല ശമനം
ലഭിക്കും. ചുറ്റുമുള്ള ആളുകൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകും. വ്യാപാരത്തിൽ മികച്ച ലാഭം പ്രതീക്ഷിക്കാം. അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കും. കുടുംബത്തിലെ അന്തരീക്ഷം ഏറെ മനോഹരമാകും. ബന്ധുക്കളോ സുഹൃത്തുക്കളോ വീട് സന്ദർശിക്കാൻ സാധ്യതയുണ്ട്. പങ്കാളിയോട് നുണ പറയുന്നത് ഒഴിവാക്കേണ്ടതാണ്. ജോലിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. ഓം ഗം ഗണപതയേ നമഃ നിത്യവും 108 ഉരു ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
സാമ്പത്തിക തീരുമാനങ്ങളിൽ ചില തിരുത്തലുകൾക്ക് ശ്രമിക്കും. ദു:ശീലങ്ങൾ ഒഴിവാക്കാൻ കഴിയും. ജീവിത പങ്കാളിയെ പരിഹസിക്കുന്നത് തിരിച്ചടിയാകും. പുതിയ സംരംഭങ്ങൾക്ക് നേതൃത്വം നൽകും. നല്ല വാർത്തകൾ കുടുംബത്തിന് മുഴുവൻ സന്തോഷകരമായ നിമിഷങ്ങൾ സമ്മാനിക്കാൻ സാദ്ധ്യതയുണ്ട്. ഔദ്യോഗിക രംഗത്ത് വളരെയധികം ലക്ഷ്യബോധവും അത് നേടുന്നതിനുള്ള കഴിവും ഉണ്ടായിരിക്കും. ഒരു അകന്ന ബന്ധുവിനെ
ധനപരമായി സഹായിക്കും. ഓം ശ്രീം നമഃ ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
സാമ്പത്തിക കാര്യങ്ങൾ മാനസിക സമ്മർദ്ദത്തിന് കാരണമാകാം. ജോലിസ്ഥലത്തെയും ഗൃഹത്തിലെയും പ്രശ്നങ്ങൾ കാരണം ജീവിതം താളം തെറ്റും. ഭൂമി സംബന്ധമായ രേഖകൾ ശരിയാക്കാൻ കഴിയും. എല്ലാ വെല്ലുവിളികളും ബുദ്ധിയും വിവേകവും ഉപയോഗിച്ച് മറികടക്കും. സന്താനത്തിന്റെ വിവാഹം തീരുമാനിക്കും. ജോലിയുടെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കണം. മത്സരപരീക്ഷകൾക്ക് ഭാഗ്യത്തേക്കാൾ കൂടുതൽ കഠിനാദ്ധ്വാനത്തെ ആശ്രയിക്കേണ്ടതുണ്ട്. ഓം നമഃ ശിവായ നിത്യവും 108 തവണ വീതം ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ജീവിത പങ്കാളിക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കും. ശമ്പളം വർദ്ധിക്കും. ചില തീരുമാനങ്ങൾ കുടുംബത്തെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെടും. പ്രണയവുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ നിരാശ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. മുതിർന്നവരുടെയും സഹപ്രവർത്തകരുടെയും പിന്തുണ കിട്ടും. എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി പൂർത്തിയാക്കാൻ കഴിയും. ക്ഷമയോടെ നീങ്ങിയാൽ പല പ്രശ്‌നങ്ങളിൽ നിന്നും കരകയറുന്നതിൽ വിജയിക്കാൻ കഴിയും. ഓം ക്ലീം കൃഷ്ണായ നമഃ ദിവസവും ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
മാനസിക സമ്മർദ്ദങ്ങൾ മറികടന്ന് നിലകൊള്ളണം. പുതിയ നിക്ഷേപങ്ങൾ നടത്തും. ആരോഗ്യം മെച്ചപ്പെടും. എല്ലാവരുമായും ചിരിച്ചും തമാശ പറഞ്ഞും ഇടപഴകും. അപകടസാധ്യതയുള്ള എല്ലാത്തരം കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കേണ്ടതാണ്. മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കും. ഇഷ്ടങ്ങൾ തുറന്നു പറയാൻ കഴിയും. ജോലിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാനാകും. എല്ലാത്തരം നെഗറ്റീവ് ചിന്തകളിൽ നിന്നും സ്വയം അകന്നുനിൽക്കണം. പരീക്ഷയിൽ വിജയം നേടും. ഓം ഗം ഗണപതിയേ നമഃ നിത്യവും ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
മറ്റുള്ളവരെ അനുകരിച്ച് എന്തെങ്കിലും നിക്ഷേപങ്ങൾ നടത്തുകയാണെങ്കിൽ, സാമ്പത്തിക നഷ്ടം ഉണ്ടാകും.
മുതിർന്നവർക്ക് രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. സമൂഹത്തിൽ അന്തസ്സും ജനപ്രീതിയും കൂടും.
മംഗളകർമ്മങ്ങളിൽ വിശിഷ്ടാതിഥികളുടെ ശ്രദ്ധ നേടും. ദാമ്പത്യ ജീവിതം അനുകൂലമാകും. ജോലിക്കാര്യത്തിൽ സമയം നല്ലതായിരിക്കും. ഈ സമയത്ത് ഏതെങ്കിലും തകരാറുകൾ പരിഹരിക്കാൻ കഴിയും. ആത്മവിശ്വാസം കൂടും. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും ജപിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
വരുമാനം അതിവേഗത്തിൽ വർദ്ധിക്കും. എങ്കിലും സാമ്പത്തികമായി ചില പ്രതിസന്ധികൾ അനുഭവപ്പെടും. കുടുംബാംഗങ്ങളെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. പ്രണയം
വിവാഹത്തിലേക്ക് നീങ്ങാം. മനഃസമാധാനത്തിനായി ഈശ്വരാനുഗ്രഹം ശക്തമാക്കാൻ ശ്രമിക്കും. ധൈര്യവും
ആത്മവിശ്വാസവും വീണ്ടെടുക്കും. ചുമതലകൾ കൃത്യമായി നിർവഹിക്കും. ദൂരയാത്രകൾ മാറ്റിവയ്ക്കും
നിത്യവും 108 തവണ ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
കൂടുതൽ ഉത്തരവാദിത്തങ്ങൾ വഹിക്കേണ്ടതായി വരും. മാനസിക സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടും.
സാമ്പത്തികമായി സമയം ഏറെ നല്ലതായിരിക്കും. പക്ഷേ ആഴ്ചാവസാനം ചില കാരണങ്ങളാൽ ചെലവ് കൂടും.
സ്ഥലംമാറ്റം ലഭിക്കും. വിദൂരയാത്രയ്ക്ക് ആലോചിക്കും. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനം എടുക്കും. തെറ്റിദ്ധാരണ മാറ്റാൻ അവസരങ്ങൾ ലഭിക്കും. പങ്കാളിയുമായി ഉണ്ടായിരുന്ന തർക്കങ്ങൾ പൂർണ്ണമായും ഇല്ലാതാകും. ബിസിനസ്സിൽ നല്ല ലാഭം നേടാൻ കഴിയും. ഭദ്രകാളി പ്രീതിക്ക് കുങ്കുമാർച്ചന നടത്തി പ്രാർത്ഥിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
മാനസിക സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാനാകും. ആരോഗ്യം സൂക്ഷിക്കുക. മുതിർന്ന കുടുംബാംഗത്തിന്റെ ആരോഗ്യം വഷളാകുന്നത് ആശങ്കയ്ക്ക് കാരണമാകും. സാമ്പത്തിക ജീവിതത്തിൽ ഉയർച്ചയും താഴ്ചയും വരും. ജീവിതപങ്കാളിയുമായി വലിയ തർക്കമുണ്ടാകാൻ സാദ്ധ്യതയുണ്ട്. നല്ല പെരുമാറ്റം ചിലർ ചൂഷണം ചെയ്യും. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ കഴിവുണ്ടെന്ന് അനുഭവപ്പെടും. വ്യാപാരത്തിൽ മികച്ച നേട്ടമുണ്ടാക്കും. പരീക്ഷകളിൽ വിജയം ലഭിക്കും. ആത്മവിശ്വാസം കൂടും. നിത്യവും 108 തവണ വീതം ഓം ശരവണ ഭവഃ ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
കാഴ്ചപ്പാടിൽ ശുഭാപ്തി വിശ്വാസം നിലനിർത്തണം. അല്ലെങ്കിൽ പുരോഗതി തടസ്സപ്പെടും. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ചങ്ങാതിമാരുമായും കുടുംബവുമായും കൂടുതൽ സമയം ചെലവഴിക്കും. ഗാർഹിക സമ്മർദ്ദങ്ങളിൽ നിന്ന് കരകയറാൻ കഴിയും. കുടുംബജീവിതത്തിൽ അനേകം സദ് ഫലങ്ങൾ ലഭിക്കും.
ഒരു ഇഷ്ടം തുറന്ന്പറഞ്ഞാൽ അത് ബന്ധം നശിപ്പിക്കുക മാത്രമല്ല, ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെടുത്തുകയും ചെയ്യും. ജോലിയിൽ വീഴ്ചകൾ തിരുത്താൻ ശ്രമിക്കുക. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 ഉരു ജപിക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559



error: Content is protected !!