Saturday, 23 Nov 2024
AstroG.in

കരിനാളിൽ മരിച്ചവർക്ക് ബലിയിട്ടവർ എന്ത് ചെയ്യണം?

അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി എന്നീ അഞ്ചു നക്ഷത്രങ്ങളാണ് മരണവുമായി ബന്ധപ്പെട്ട കരിനാളുകൾ, അഥവാ വസുപഞ്ചകം. വസുക്കളാണ് അവിട്ടം നക്ഷത്രത്തിന്റെ അധിദേവതകൾ. വസു തുടങ്ങുന്ന പഞ്ചകം എന്ന അർത്ഥത്തിലാണ് വസുപഞ്ചകമെന്ന പേര് കിട്ടിയത്. ഈ നക്ഷത്രങ്ങളിൽ ഒന്നിൽ ചില ലഗ്‌നങ്ങളും തിഥികളും ഒന്നിച്ചു വരുന്ന സമയത്ത് ഒരാൾ മരിച്ചാൽ  മരണം നടക്കുന്ന നക്ഷത്രത്തെ ആശ്രയിച്ച് ഒരു വർഷത്തിനകം അവരുടെ കുടുംബത്തിൽ തുടർ മരണം ഉണ്ടാകാനിടയുണ്ട് എന്നാണ് ചിലരുടെ വിശ്വാസം.  

അവിട്ടം അവസാനപകുതിയിൽ മരിച്ചാൽ ഒരു വർഷത്തിനുള്ളിൽ അതേ കുടുംബത്തിൽ ഒരാൾ, ചതയത്തിലെങ്കിൽ രണ്ടുപേർ, പൂരുരുട്ടാതിക്ക്  മരിച്ചാൽ ഒരു വർഷത്തിനുള്ളിൽ മൂന്നുപേർ, ഉത്തൃട്ടാതിക്കാണ് മരണമെങ്കിൽ നാലുപേർ,  രേവതിക്കാണ് മരണം സംഭവിച്ചതെങ്കിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ അഞ്ചുപേർ ഇങ്ങനെയാണ് ചില ജ്യോതിഷ വിദഗ്ധർ വസുപഞ്ചകത്തിൽ മരണം സംഭവിച്ചാലുണ്ടാകുന്ന ദോഷത്തെ വിവരിക്കുന്നത്. 

പക്ഷേ ഞായർ, തിങ്കൾ ദിവസങ്ങൾക്കും വെളുത്ത പക്ഷത്തിനും വസുപഞ്ചക ദോഷം ബാധകമല്ല. വസു പഞ്ചക ദോഷം സംഭവിക്കണമെങ്കിൽ മരണംനടക്കുന്നത് കറുത്തപക്ഷത്തിലാകണം;   ഈ പറഞ്ഞ നക്ഷത്രങ്ങൾക്ക്  ഒപ്പം ചില തിഥികളും ലഗ്‌നങ്ങളും കൂടി ഒത്തുവരണം. എങ്കിലേ ഈ നക്ഷത്രങ്ങളിൽ മരിച്ചാൽ കരിനാൾ ദോഷമെന്നു പറയാനാകൂ. അത് ഒരോന്നും ഇങ്ങനെ: കറുത്ത പക്ഷത്തിൽ അവിട്ടം നക്ഷത്രത്തിന്റെ രണ്ടാം പകുതിയായ 30 നാഴികയിൽ ചൊവ്വാഴ്ച ദിവസം ഏകാദശി തിഥിയിൽ വൃശ്ചികം ലഗ്നത്തിൽമരണം നടന്നാൽ മാത്രമാണ് ദോഷം. ചതയം നക്ഷത്രത്തിലാണ് മരണമെങ്കിൽ ബുധനാഴ്ചയും  ദ്വാദശി തിഥിയും ധനു ലഗ്നവും ഒത്തുവന്നാലാണ് ദോഷം.

പൂരുരുട്ടാതി നക്ഷത്രത്തിലാണ് മരണമെങ്കിൽ  വ്യാഴാഴ്ചയും ത്രയോദശി തിഥിയും മകരം ലഗ്നവും ചേർന്നുവന്നാലാണ് ദോഷം. ഉത്തൃട്ടാതി നക്ഷത്രത്തിലാണ് മരണമെങ്കിൽ  വെള്ളിയാഴ്ചയും  ചതുർദശി തിഥിയും കുംഭം ലഗ്നവും ഒത്തുവന്നാലാണ് ദോഷം. രേവതി നക്ഷത്രത്തിലാണ് മരണമെങ്കിൽ ശനിയാഴ്ചയും വാവും മീനം ലഗ്നവും ഒത്തുവന്നാലാണ് കുടുംബത്തിൽ തുടർമരണ ദോഷം സംഭവിക്കുക. ചിതയോട് ചേർന്ന് അഞ്ചു രൂപങ്ങൾ ദഹിപ്പിക്കുന്നത് വസുപഞ്ചക ദോഷത്തിന് പരിഹാരമാണ്. ദർഭ, കറുക, യവചിഷ്ടം ഇവകളിൽ ഏതെങ്കിലുമൊന്നുകൊണ്ടാണ് രൂപങ്ങളുണ്ടാക്കുന്നത്. അതിലേക്ക് അപമൃത്യുദോഷം ആവാഹിച്ച് ദഹനം നടത്തണം. മരിച്ചയാൾക്ക് ബലിയിടുന്നയാളിന്റെ മാസം തോറുമുള്ള പിറന്നാൾ ദിവസം ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയഹവനം നടത്തുന്നതും ശിവന് പിൻവിളക്ക് കത്തിക്കുന്നതും മരണം നടന്ന വീട്ടിൽ  മൃത്യുഞ്ജയഹോമം, യമരാജഹവനം നടത്തുന്നതും വസുപഞ്ചകദോഷത്തിൽ നിന്നുള്ള മുക്തി ഉറപ്പാക്കുന്നു. പിണ്ഡകർത്താവിന്റെ പേരിലുള്ള വഴിപാടുകളും മരണം നടന്ന വീട്ടിൽ നടത്തുന്ന മൃത്യുഞ്ജയഹോമവും പതിനാറടിയന്തിരം കഴിഞ്ഞാണ് ചെയ്യുക. മഹാമൃത്യുഞ്ജയമന്ത്രം പിണ്ഡകർത്താവ് ദിനം പ്രതി ചൊല്ലുന്നത് നല്ലതാണ്.

മഹാമൃത്യുഞ്ജയമന്ത്രം

ത്ര്യംബകം യജാ മഹേ സുഗന്ധിം

പുഷ്ടി വർദ്ധനം

ഉർവാരുകമിവ ബന്ധനാത്ത്

മൃത്യോർ മുക്ഷീയ മാമൃതാത്

എം.നന്ദകുമാർ, + 91 94 95 551142(റിട്ട.ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രാസംഗികനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാശാസ്ത്രത്തിലും മഹാ പണ്ഡിതനുമാണ് എം.നന്ദകുമാർ )

error: Content is protected !!