കലഹം മാറാൻ ദ്വിമുഖ രുദ്രാക്ഷം; ആറുമുഖം ഡോക്ടർമാർക്കും ബിസിനസുകാർക്കും
എം.നന്ദകുമാർ, റിട്ട. ഐ എ എസ്
ഒന്നു മുതൽ 21 വരെ മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണ് സാധാരണയുള്ളത്. അഞ്ചോ ആറോ മുഖങ്ങളുള്ള രുദ്രാക്ഷങ്ങളാണ് കൂടുതൽ. 15 മുഖങ്ങൾ വരെയുള്ള രുദ്രാക്ഷങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. രുദ്രാക്ഷത്തിന്റെ മുകളറ്റം മുതൽ താഴെയറ്റം വരെ കാണുന്ന അതിർവരമ്പുകളാൽ വേർതിരിക്കപ്പെട്ട ഖണ്ഡങ്ങളെ ആണ് മുഖം എന്നു പറയുന്നത്. രുദ്രാക്ഷം ഗുരുവിന്റെയോ ആത്മീയ ആചാര്യന്റെയോ നിർദ്ദേശം തേടിയ ശേഷം തിരഞ്ഞെടുത്ത് ധരിക്കുന്നത് ദോഷ ഫലങ്ങൾ ഒഴിവാക്കാം.
ഏകാഗ്രതയ്ക്ക് ഏകമുഖം
അർദ്ധചന്ദ്രാകൃതിയിലുള്ളതാണ് ഈ രുദ്രാക്ഷം. അത്യപൂർവ്വമായ ഈ രുദ്രാക്ഷം ശിവരൂപമാണ്. മന:ശക്തിയും നിശ്ചയദാർഢ്യവും ഏകമുഖ രുദ്രാക്ഷം നൽകുന്നു. ധനധാന്യാദികൾ ഉൾപ്പെടെ ഭൗതിക അഭിവൃദ്ധിയും ഏകമുഖ രുദ്രാക്ഷധാരണത്തിന്റെ ഫലമാണ്. സമ്പത്തും സദ്ഗതിയും ഈ രുദ്രാക്ഷം പ്രദാനം ചെയ്യും.
കലഹശമനത്തിന് ദ്വിമുഖം
പ്രകൃതി പുരുഷ സംബന്ധിയാണിത്. സംഘർഷം കുറയ്ക്കാനും സൗഹൃദം ഊട്ടിവളർത്താനും സമവായം ഉണ്ടാകുന്നതിനും ഈ രുദ്രാക്ഷം നല്ലതാണ്. ദേവിയുടെ പ്രതീകമായ ഈ രുദ്രാക്ഷം എല്ലാ കലഹങ്ങളും ശമിപ്പിക്കും. ഇതു ധരിക്കുന്നതിനൊപ്പം ദേവീമഹാത്മ്യം ലളിതാസഹസ്രനാമം ഇവ വായിക്കുകയും സംവാദസൂക്തം ചൊല്ലുകയും ചെയ്യുന്നത് ശാന്തിയും ഐക്യവും പ്രദാനം ചെയ്യും.
മന:ക്ഷോഭ പരിഹാരത്തിന് ത്രിമുഖം
ദുഷ്ചിന്തകളും ദുഷ്ടതകളും അകറ്റുന്നതിന് ത്രിമുഖ രുദ്രാക്ഷമാണ് നല്ലത്. ഇത് അഗ്‌നി പ്രതീകമാണ്. നിഷേധാത്മക പ്രവണതകളെ ഉന്മൂലനം ചെയ്യും. ഒപ്പം മനസുഖവും നൽകുന്നു. വിഷാദരോഗങ്ങൾ, സൈക്കോസിസ് ഇവയ്ക്ക് ഇത് നല്ല ഔഷധമാണ്. ത്രിമുഖം ധരിക്കുകയും മഹാമൃത്യുജ്ഞയം ജപിക്കുകയും ചെയ്യുന്നത് മനോരോഗങ്ങൾ അകറ്റും.
ചതുർമുഖം ബുദ്ധിക്കും വിവേകത്തിനും
വിശകലനം ചെയ്യാനുള്ള കഴിവും, ബുദ്ധിവർദ്ധിക്കാനും നാലുമുഖ രുദ്രാക്ഷം ഏറ്റവും നല്ലത്. ഇത് ബ്രഹ്മാവിന്റെ പ്രതീകമാണ്. തെളിഞ്ഞ ബുദ്ധിയും വിവേകവും സൃഷ്ടിപരമായ കഴിവുകളുടെ മികവും ഈ രുദ്രാക്ഷം ധരിച്ചാൽ ലഭിക്കും.
രക്തസമ്മർദ്ദം അകറ്റും പഞ്ചമുഖ രുദ്രാക്ഷം
ഏകാഗ്രതയ്ക്കും തപധ്യാനാദികൾക്കും ഉത്തമമാണിത്. രക്തസമ്മർദ്ദത്തെയും ഹൃദയരോഗങ്ങളെയും ചെറുക്കുന്നു. പല വലിപ്പങ്ങളിൽ കാണപ്പെടുന്ന ഈ രുദ്രാക്ഷം കാലാഗ്‌നി രുദ്രന്റെ പ്രതീകമാണ്. വിഭ്രാന്തി, വിഷാദരോഗങ്ങൾ, പിരിമുറുക്കം ഇവ ഈ രുദ്രാക്ഷം ധരിച്ച് ഉപാസിച്ചാൽ പറപറക്കും. ഈ രുദ്രാക്ഷമിട്ട പച്ചവെള്ളം രാവിലെ കുടിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്. ചില പ്രത്യേക തരം ത്വക്‌രോഗങ്ങളും മാറും.
സുബ്രഹ്മണ്യപ്രതീകമായ ഷഡ്മുഖരുദ്രാക്ഷം
എൻജിനീയർമാർ, ഡോക്ടർമാർ മറ്റു പ്രൊഫഷണലുകൾ ഇവർക്കാണ് ഈ രുദ്രാക്ഷം നല്ലത്. ചിന്താശേഷിയും കാര്യങ്ങൾ മനസിലാക്കാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും യഥാസമയം പ്രയോഗത്തിൽ കൊണ്ടു വരാനുമുള്ളശേഷി ഈ രുദ്രാക്ഷം ധരിച്ചാൽ വർദ്ധിക്കും. പുതിയ ഉൾക്കാഴ്ചകൾ, ആശയങ്ങൾ എന്നിവ ലഭിക്കും. ബിസിനസ് അത്ഭുതകരമായി അഭിവൃദ്ധിപ്പെടും. എന്നും സുബ്രഹ്മണ്യഭുജംഗം കൂടി ജപിച്ചാൽ ശത്രുക്കളെ ജയിക്കാനാകും.
ശനിദോഷ പരിഹാരാർത്ഥം സപ്തമുഖം
കാമദേവന്റെ പ്രതീകമാണ് സപ്തമുഖം രുദ്രാക്ഷം. ഭൗതിക സുഖങ്ങൾക്ക് ഇത്ര യോജിച്ച മറ്റൊരു ഉപാധിയില്ല. ഇത് ധരിക്കുന്നവരുടെ മനസിൽ ഐശ്വര്യവും ഭൗതിക പുരോഗതിയും വേണമെന്ന ആഗ്രഹം ഉണ്ടാകും. അതിനായി പ്രവർത്തിക്കാൻ മനസും സന്നദ്ധതയും ഉണ്ടാകും. ഉയർന്ന നിലയിലെത്തിച്ചേരും.
രാഹുദോഷശാന്തിക്ക് അഷ്ടമുഖം
ജീവിതത്തിലെ തടസങ്ങൾ മാറി മുന്നോട്ടു പോകാനും ഉയരങ്ങൾ എത്തിപ്പിടിക്കാനും എട്ടുമുഖങ്ങളുള്ള രുദ്രാക്ഷം ധരിക്കുക. രാഹുവിന്റെ ദോഷങ്ങൾ മാറാനും എട്ടുമുഖ രുദ്രാക്ഷം സഹായിക്കും. ഈ രുദ്രാക്ഷം ഗണേശപ്രതീകമാണ്. ഒപ്പം താഴെപ്പറയുന്ന സൂക്തം ജപിക്കണം. ബ്രഹ്മണസ്പത സൂക്തം എന്നാണ് ഇത് അറിയപ്പെടുന്നത്.
ഓം ഗണാനാം ത്വാ
ഗണപതിം ഹവാമഹേ
കവിം കവീനാം
ഉപശ്രവസ്തമം
ജ്യേഷ്ഠരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത്
ആന: ശൃണ്വൻ ഊതിഭി:
സീനസാദനം
(ഹേ ബ്രഹ്മണസ്പതേ, അങ്ങ് ഗണങ്ങളുടെ ഗണപതിയും, കവികളുടെ കവിയും, അത്യന്തം യശസ്വിയും, ശ്രേഷ്ഠനും, തേജസ്വിയും ആകുന്നു. അങ്ങയെ ഞങ്ങൾ സഹായാർത്ഥം വിളിക്കുന്നു. ഞങ്ങളുടെ സ്തുതിയെ കേട്ടിട്ട് ഭക്ഷണസാധനങ്ങളോട് കൂടി ഞങ്ങളുടെ ഗൃഹത്തിൽ വന്നിരുന്നാലും )
ഭൈരവശക്തിഭരിതമായ നവമുഖി രുദ്രാക്ഷം
ഒമ്പതുമുഖമുള്ള ഈ രുദ്രാക്ഷം സംസാര ശേഷി വർദ്ധിപ്പിക്കും. നന്നായി സംസാരിക്കാനും തലച്ചോറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ദീപിപ്പിച്ച് ആകർഷവും പ്രൗഢവും ഉജ്ജ്വലവുമായ ശൈലിയിലൂടെ ആശയങ്ങൾ പ്രസരിപ്പിക്കാൻ കഴിവുള്ളവരാക്കും. ചിന്തകളും ആശയങ്ങളും പ്രവൃത്തിപഥത്തിലെത്തിക്കാൻ ഇത്രയും സഹായിക്കുന്ന മറ്റൊരു രുദ്രാക്ഷം ഇല്ല. ഇത് ധരിച്ച് സരസ്വതി മന്ത്രങ്ങളോ ബാലാമന്ത്രങ്ങളോ താരാമന്ത്രങ്ങളോ ഉപാസിച്ച് ആചരിക്കുന്നത് നല്ലത്.
ഭീതിഹരമായ ദശമുഖം
ഭയമകറ്റുന്ന ദശമുഖ രുദ്രാക്ഷം വിഷ്ണുവിന്റെ പ്രതീകമാണ്. സുരക്ഷിതത്വ ബോധവും വിപദിധൈര്യവും ലഭിക്കാൻ ഏറ്റവും ഉത്തമം.
സാഹസികത വളർത്തും ഏകാദശ രുദ്രമുഖി
പതിനൊന്നു മുഖങ്ങളുള്ള ഈ രുദ്രാക്ഷം സാഹസികത വളർത്തും. ആത്മവിശ്വാസത്തെ ഉദ്ദീപിപ്പിക്കും. ധ്യാനത്തിനുതകുന്ന ഈ രുദ്രാക്ഷം പുതിയ ആശയങ്ങൾ പരീക്ഷിക്കാനും അന്വേഷണോൽസുകത വളർത്താനും നല്ലതാണ്.
സൂര്യപ്രീതി ചൊരിയും ദ്വാദശമുഖം
12 മുഖങ്ങളുള്ള ദ്വാദശ മുഖ രുദ്രാക്ഷം സൂര്യനെ പ്രതിനിധീകരിക്കുന്നു. വ്യക്തിത്വവികാസത്തിനും ഉയർന്ന നേതൃ ശേഷിക്കും നല്ലതാണ്. ജാതകത്തിലെ സൂര്യന്റെ സ്ഥാനം നിമിത്തമുള്ള ദോഷങ്ങൾ പരിഹരിക്കും. വലത്തേക്കണ്ണ്, ശിരസ്, ചെവികൾ, ദഹനേന്ദ്രിയവ്യവസ്ഥ, അസ്ഥികൾ ഇവയെ ബാധിക്കുന്ന രോഗങ്ങൾക്ക് ഈ രുദ്രാക്ഷം ധരിച്ചാൽ ശമനമുണ്ടാകും. ഐശ്വര്യത്തിനും വ്യക്തിപ്രഭാവത്തിനും അധികാരത്തിനും ഏറ്റവും നല്ലതാണ് ഈ രുദ്രാക്ഷം. ഇത് ധരിക്കുന്നവർക്ക് സൂര്യഭഗവാന്റെ പ്രീതി ഉണ്ടാകും.
ത്രയോദശമുഖം ദേവസേനേശന്റെ പ്രതീകം
സുബ്രഹ്മണ്യന് ഏറ്റവും പ്രിയമുള്ളതാണ് ഈ രുദ്രാക്ഷം. നിശ്ചയദാർഢ്യം, ലൈംഗികസുഖം, ഭോഗാസക്തി ഇവ വർദ്ധിപ്പിക്കും. കണ്ഠം, വൃക്കകൾ, സ്ത്രീപുരുഷ ലൈംഗികാവയവങ്ങൾ ഇവയുടെ അസുഖങ്ങൾ പൂർണ്ണമായും മാറ്റി ഭോഗസുഖങ്ങൾ അനുഭവിക്കാൻ പ്രാപ്തനാക്കും. പതിമൂന്ന് മുഖങ്ങളുള്ള ഷണ്മുഖ പ്രതീകമായ രുദ്രാക്ഷം. ശനിദോഷം തീർക്കാൻ ചതുർദ്ദശമുഖം ശിവതേജസ് ലഭിക്കുന്നതിന് ഉത്തമമായ വിരളമായ രുദ്രാക്ഷമാണ് ശനിദോഷ പരിഹാരത്തിനാണ് ധരിക്കുന്ന ചതുർദ്ദശമുഖ രുദ്രാക്ഷം. അപമൃത്യു, നിരാശ, വിപരീത അനുഭവങ്ങൾ, ഔരസാശയത്തിലും ഉദരാശയത്തിലും ഡയഫ്രത്തിലുമുണ്ടാകുന്ന അസുഖങ്ങൾ, അരക്കെട്ട്, കൈകാലുകൾ, നട്ടെല്ല് ഇവയ്ക്ക് ഉണ്ടാകുന്ന തളർച്ച, ശേഷിക്കുറവ്, എന്നിവ ലഘൂകരിക്കാനോ പൂർണ്ണമായി മാറ്റാനോ ഈ രുദ്രാക്ഷത്തിന് ശക്തിയുണ്ട്. ഭ്രൂമദ്ധ്യത്തിലെ കണ്ണ് (മൂന്നാംകണ്ണ്) തുറപ്പിക്കാൻ കഴിവുള്ളതാണ് ഈ രുദ്രാക്ഷം. പുരോഹിതജ്ഞാനം, ദീർഘദൃഷ്ടി ഇവ ഈ രുദ്രാക്ഷം ധരിക്കുന്നവർക്ക് ഉണ്ടാകും. ഇവരുടെ തീരുമാനങ്ങൾ ഫലപ്രദമായിരിക്കും. സഹജാവബോധവും പ്രവചനസാമർത്ഥ്യവും ഉണ്ടാകും. ഈ രുദ്രാക്ഷം ധരിച്ചുകൊണ്ടെടുക്കുന്ന തീരുമാനങ്ങൾ ഒരിക്കലും പാളിപ്പോകില്ല. ദുഷ്‌കരമായ പല കാര്യങ്ങളും എളുപ്പമാകും. ചിന്താശേഷി വർദ്ധിക്കും. ശിവതേജസ് ആവാഹിക്കാൻ പര്യാപ്തമായ ശേഷി പതിനാലുമുഖ രുദ്രാക്ഷത്തിനുണ്ട് എന്നതാണ് ഈ വൈശിഷ്ട്യത്തിന് കാരണം.
എല്ലാ ഗുണഫലവും നൽകുന്ന പഞ്ചദശമുഖം രുദ്രാക്ഷം, പതിനാലുമുഖ രുദ്രാക്ഷത്തിന്റെ സർവവിധ ഗുണഫലങ്ങളും നൽകുന്നതാണ്. ഊർജ്ജത്തിന്റെ അതിരറ്റ സ്രോതസുമാണ് ഈ രുദ്രാക്ഷം.
- എം. നന്ദകുമാർ, റിട്ട. ഐ എ എസ്
(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാപണ്ഡിതനുമായ ശ്രീ എം. നന്ദകുമാറുമായി ഇപ്പോൾ വീഡിയോ കൺസൾട്ടേഷന് സൗകര്യമുണ്ട്. www.astrog.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. മൊബൈൽ: 91 9497836666 )
Story Summary: Different Types of Rudraksha and Benifits of Wearing