Friday, 20 Sep 2024
AstroG.in

കലഹവും അഭിപ്രായഭിന്നതയും തീർക്കാൻ ഇതൊന്ന് പതിവാക്കൂ…

ജ്യോതിഷരത്നം വേണു മഹാദേവ്
ലളിതാസഹസ്രനാമത്തിലെ ഒരോ നാമവും ഓരോ മന്ത്രമാണെന്ന് ആചാര്യ വിധിയുണ്ട്. അനേകായിരം ദേവീ സ്തോത്രങ്ങളുണ്ടെങ്കിലും അതിൽ ഏറ്റവും ശക്തം ലളിതാസഹസ്രനാമമാണ്. കാരണം ഇതിലെ 1008 ദേവീ നാമങ്ങളിൽ ഒന്നു പോലും ആവർത്തിക്കപ്പെടുന്നില്ല എന്നതാണ്. ഇതിലെ ഓരോ നാമവും മന്ത്രമായതിനാൽ ഒരോരോ ജീവിത പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്. അതനുസരിച്ച് കുടുംബകലഹം, അഭിപ്രായഭിന്നത, ദാമ്പത്യകലഹം, ശത്രുദോഷം, ഐക്യമില്ലായ്മ എന്നിവ കാരണം വിഷമിക്കുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്നവർ ദിവസവും സാക്ഷാൽ ശ്രീ ലളിതാംബികയെ ഓം രഞ്ജിന്യൈ നമഃ എന്ന മന്ത്രം ചൊല്ലി ഉപാസിക്കുന്നത് തികച്ചും ഗുണകരമാണ്. ശ്രീ മഹാദേവി രഞ്ജിനിയാണ്. ഏവരെയും രഞ്ജിപ്പിക്കുന്നവളാണ്. അതുകൊണ്ടാണ് ലളിതാംബികാദേവിയെ രഞ്ജിനി എന്നു പറയുന്നത്. മന:ശുദ്ധിയും ശരീരശുദ്ധിയും പാലിച്ച് രാവിലെ മാത്രം 148 തവണ വീതമാണ് ഈ മന്ത്രം ജപിക്കേണ്ടത്.

ക്ഷേത്രങ്ങളിൽ വഴിപാടായി നടത്തുന്ന ശത്രുസംഹാര പുഷ്പാഞ്ജലി ശത്രുക്കളെ സംഹരിക്കുന്നതിന് ഏതെങ്കിലും മൂർത്തിക്ക് നടത്തുന്ന പുഷ്പാഞ്ജലിയല്ല. നമ്മുടെ മനസിലെയും, നമുക്ക് ശത്രുത തോന്നുന്നവരുടെ മനസിലെയും ശത്രുതാഭാവം നശിപ്പിക്കാൻ നടത്തുന്ന പുഷ്പഞ്ജലിയാണ്. അതുകൊണ്ട് ശത്രുത തോന്നുന്നവരുടെ മനസിൽ നിന്ന് ആ വികാരത്തെ ഇല്ലായ്മ ചെയ്യുവാൻ രഞ്ജിനിയായ ദേവിയെ ഭക്തർ പ്രാർത്ഥിക്കുകയാണ് വേണ്ടത്.

ഭക്തരെ സന്തോഷിപ്പിക്കുക എന്നത് ലളിതാംബികാ ദേവിയുടെ സ്വഭാവമാണ്. മായാശക്തിയാൽ തെറ്റിദ്ധരിക്കപ്പെടുകയും മറയ്ക്കപ്പെടുകയും ചെയ്യുന്നതു കൊണ്ട് മനുഷ്യർ പല പ്രതിസന്ധികളിലും അകപ്പെട്ടു പോകുന്നു. മായയുടെ വിക്ഷേപാവരണ ശക്തികൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ദേവീ ഉപാസകരെ മഹാമായയായ ലളിതാദേവി തന്റെ മായകൊണ്ട് വിഷമിപ്പിക്കാതെ, അവർക്ക് മോക്ഷത്തിലേക്കുള്ള വഴി കാണിക്കുന്നു. കുടുംബജീവിതത്തിൽ സംഭവിക്കാവുന്ന വിദ്വേഷങ്ങൾ ദമ്പതികളെ മാത്രമല്ല രക്തബന്ധമുള്ളവരെപ്പോലും ശത്രുക്കളാക്കുന്നു. കുടുംബത്തിലെ ശാന്തിയും സമാധാനവും നഷ്ടപ്പെടുന്നു. ഇത്തരം ഘട്ടത്തിൽ ദേവി ഭക്തരെ സഹായിക്കുന്നു. ശത്രുത പുലർത്തുന്നവരുടെ മനസിൽ നിന്ന് ശത്രുത നശിപ്പിച്ച് സ്‌നേഹം പുനഃസ്ഥാപിക്കുന്നു. ശത്രുതയിൽ കഴിയുന്ന ബന്ധുക്കളെ മാത്രമല്ല സുഹൃത്തുക്കളെയും വരെ രഞ്ജിപ്പിക്കുന്നു.

ദശമഹാവിദ്യയിലെ ഭുവനേശ്വരി ദേവി രഞ്ജിനിയാണ്. മനുഷ്യരുടെ സൂക്ഷ്മ ശരീരത്തിലെ അനാഹത പത്മത്തിൽ അതായത് ഹൃദയപത്മത്തിൽ അധിവസിച്ച് ഉപാസകരുടെ മനസിലെ വികാരങ്ങൾ എല്ലാം തന്നെ സ്‌നേഹവികാരമാക്കി പരിവർത്തനം ചെയ്യുന്നു. സ്‌നേഹിക്കുവാനുള്ള കഴിവ് ഉണ്ടാക്കിക്കൊടുക്കുന്നു.
ലളിത സഹസ്രനാമത്തിലെ മുന്നൂറ്റിഒൻപതാമത്തെ നാമമാണ് രഞ്ജിനി. ഇതിലെ ഒരോ നാമവും ഓരോ മന്ത്രം ആണെന്ന് പറഞ്ഞല്ലോ. ഈ മന്ത്രങ്ങൾ ഒരോന്നും ജപിക്കുന്നതിന് പ്രത്യേക ഫലങ്ങളുണ്ട്. അത്ഭുതകരമായ ഫലദാന ശേഷിയുള്ള ഓരോ നാമവും ലളിതാദേവിയെ സങ്കല്പിച്ച് ശദ്ധ ചിത്തത്തോടെയാണ് ജപിക്കേണ്ടത്.
ശരീരശുദ്ധിയും മനശുദ്ധിയും ഉണ്ടായിരിക്കണം. സ്ത്രീ പുരുഷ ഭേദമില്ലാതെ ജപിക്കാം. ചൊവ്വ, വെള്ളി, നവമി, ചതുർദ്ദശി, പൗർണ്ണമി നാളുകൾ ജപാരംഭത്തിന് ഉത്തമം.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847475559

Summary: Devotional Remedy for Removing Quarrels
and enemies


error: Content is protected !!