കലിയുഗ ദുരിത മോചനത്തിന് ഷോഡശ മഹാമന്ത്രം
കലിയുഗത്തില്‍ സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് ബ്രഹ്മാവ് നാരദമുനിക്ക് ഉപദേശിച്ചു കൊടുത്തതാണ് കലിസന്തരണ മന്ത്രം. നിത്യവും ഇത് ജപിച്ചാല്‍ എല്ലാ മനോവിഷമങ്ങളും ദുഃഖങ്ങളും അകലുമെന്ന് മാത്രമല്ല ഭഗവത് പ്രസാദം അനുഭവിച്ചറിയുന്നതിനും സാധിക്കും.
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
എന്ന ഈ മന്ത്രം ഷോഡശമഹാമന്ത്രം എന്ന പേരിലും വിഖ്യാതമാണ്. കലിയുഗത്തില്‍ ഏറ്റവും വേഗം ഈശ്വര പ്രീതി നേടാൻ അത്യന്തം ഫലപ്രദമാണ് ഈ മന്ത്രമെന്ന് വിശ്വസിക്കപ്പെടുന്നു. ലൗകിക സുഖങ്ങൾ ആസ്വദിച്ച് ഭൗതിക ക്ലേശങ്ങൾ തരണം ചെയ്ത് ജീവിച്ച ശേഷം മോക്ഷം നേടുന്നതിനുള്ള ഉപാസനാ വിധികൾ വിധിപ്രകാരം അനുഷ്ഠിക്കുവാന്‍ കലിയുഗത്തിൽ പ്രയാസമാണ്. അതുകൊണ്ടാണ് മനുഷ്യരാശിക്ക് മോക്ഷപദം ആർജ്ജിക്കാനുള്ള അതിലളിതമായ മാർഗ്ഗമായി ബ്രഹ്മാവ് നാരദമുനിക്ക് ഷോഡശ മഹാമന്ത്രം പകർന്നു നൽകിയത്.
സത്യയുഗത്തില്‍ ധ്യാനമായിരുന്നു സുപ്രധാന ഉപാസനാമാര്‍ഗം. ആ യുഗത്തില്‍ മനുഷ്യമനസ്സും കര്‍മ്മങ്ങളും കറപുരളാത്ത തരത്തില്‍ സ്ഫടിക തുല്യമായിരുന്നു. അതിനാല്‍ മോക്ഷ സിദ്ധിക്ക് ധ്യാനം തന്നെ ധാരാളമായിരുന്നു. ധ്യാനമാര്‍ഗ്ഗം സുഗമവും ഫലപ്രദവുമായിരുന്നു. ശ്രീരാമചന്ദ്രന്റെ ത്രേതായുഗത്തില്‍ യാഗവും ശ്രീകൃഷ്ണ ഭഗവാന്റെ ദ്വാപരയുഗത്തില്‍ പൂജയും അനുഷ്ഠാന കര്‍മ്മങ്ങളും പ്രധാന ഉപാസനാ മാര്‍ഗ്ഗങ്ങളായി. എന്നാല്‍ കലിയുഗമായതേടെ പ്രപഞ്ച ജീവിതത്തെ സ്വാധീനിക്കുന്നതില്‍ ഉത്കൃഷ്ട സ്ഥാനമുള്ള മനുഷ്യരുടെ മനസ്സും പ്രവര്‍ത്തികളും കൂടുതല്‍ മലീമസമായി. ഏകാഗ്രതയും ധര്‍മ്മവും നീതി ബോധവും നഷ്ടപ്പെട്ട മനുഷ്യര്‍ സുഖഭോഗ തല്പരരായി. ഭോഗതൃഷ്ണ വര്‍ദ്ധിച്ചതോടെ അവരെ ഇഹലോക ദു:ഖങ്ങളില്‍ നിന്നും രക്ഷിക്കാന്‍ അതി ലളിതമായ നാമ ജപമാണ് ഉപാസനാ മാര്‍ഗ്ഗമായി ഭഗവാന്‍ നിശ്ചയിച്ചത്. അങ്ങനെയാണ് ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണ ശേഷം ആരംഭിച്ച ഇപ്പോഴും തുടരുന്ന കലിയുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ മോക്ഷമാര്‍ഗ്ഗമായിത്തീര്‍ന്നത്.
ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ നാരദമഹര്‍ഷി ബ്രഹ്മദേവന്റെ സന്നിധിയിലെത്തി, വരാന്‍പോകുന്ന കലിയുഗത്തില്‍ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചു തരണമെന്ന് അപേക്ഷിച്ചപ്പോള്‍ ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ബ്രഹ്മാവ് ഉപദേശിച്ചു. ഏതെല്ലാം നാമങ്ങളാണ് ജപിക്കേണ്ടത് എന്ന നാരദന്റെ ചോദ്യത്തിന് മറുപടിയായി ബ്രഹ്മാവ് തന്നെ ഷോഡശ മഹാമന്ത്രം ഉപദേശിച്ചു കൊടുത്തു എന്ന് പുരാണങ്ങളില്‍ കാണുന്നു.
ഈ മന്ത്രം ആർക്കും ജപിക്കാം. ഗുരുപദേശം ആവശ്യമില്ല. എല്ലാ ദിവസവും കഴിയുന്നത്ര തവണ ജപിക്കുക. ദുഃഖങ്ങൾ അകന്ന് സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ലഭിക്കും.
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088