Tuesday, 24 Sep 2024
AstroG.in

കഷ്ടകാലം നീങ്ങാൻ 12 ഞായറാഴ്ച ആദിത്യപൊങ്കാലയിട്ടു നോക്കൂ

ജോതിഷി പ്രഭാസീന സി.പി

എത്ര കടുത്ത കഷ്ടതകൾ നീങ്ങാനും ഉത്തമമായ പരിഹാരമാണ് ആദിത്യപൊങ്കാല. പണ്ട് കേരളീയ ഭവനങ്ങളിൽ മുത്തശ്ശിമാർ നിർബന്ധിച്ച് ഗൃഹനാഥയെ കൊണ്ട് ആദിത്യ പൊങ്കാല സമർപ്പിച്ചിരുന്നു. എന്തൊക്കെ വഴിപാടുകളും ക്ഷേത്രാരാധനയും പൂജാദികർമ്മങ്ങളും നടത്തിയിട്ടും കരകയറാത്ത ദുഃഖത്തിൽ കഴിയുന്നവർക്ക് ആദിത്യപൊങ്കാല ക്ഷിപ്രഫലം നല്കും.

സന്താനദുഃഖം, വിവാഹതടസ്സം, കടുത്ത സാമ്പത്തിക പ്രതിസന്ധി, കോടതി വ്യവഹാരം, രോഗ ദുരിതങ്ങൾ എന്നിവ പരിഹരിക്കുന്നതിന് പെട്ടെന്ന് ഫലപ്രാപ്തി നല്കി അനുഗ്രഹിക്കുന്നതിൽ ആദിത്യപൊങ്കാലയുടെ പങ്ക് അനുഭവിച്ചറിയേണ്ടതാണ്.

ആഴ്ച വ്രതങ്ങളിൽ പരമപ്രധാനമാണ് ഞായറാഴ്ച വ്രതം. എല്ലാത്തിനും സാക്ഷിയും എല്ലാത്തിന്റെയും സംരക്ഷകനുമായ ആദിത്യ ദേവനെ ഉദ്ദേശിച്ചാണ് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ആദിത്യൻ്റെ ദയാവായ്പും ദാനശീലവും ഉപാസകരോടുള്ള കാരുണ്യവും സുപ്രസിദ്ധമാണ്. പാഞ്ചാലിക്ക് അക്ഷയ പാത്രം കനിഞ്ഞു നൽകിയത് ആദിത്യ ദേവനാണ്. ആദിത്യോപാസനയിൽ സന്തുഷ്ടനായ സൂര്യദേവൻ സത്രാജിത്തിന് അമൂല്യവും അതിവിശിഷ്ടവുമായ സ്യമന്തകം രത്നം നൽകിയതും പുരാണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആദിത്യൻ പ്രസാദിച്ചാൽ ലഭിക്കാത്തത് ഒന്നുമില്ല. അതിനാൽ ഞായറാഴ്ചവ്രതം അനുഷ്ഠിക്കുന്നവരിൽ സൂര്യദേവൻ പെട്ടെന്ന് കനിയുമെന്നാണ് വിശ്വാസം

പൊങ്കാലയോടുകൂടി ഞായറാഴ്ച വ്രതം

ഞായറാഴ്ച ദിവസം രാവിലെ വ്രത നിഷ്ഠകൾ പാലിച്ച് പൊങ്കാല നൈവേദ്യം തയ്യാറാക്കി ആദിത്യന് സമർപ്പിച്ച് ആരാധിക്കുവാനാണ് നിർദ്ദേശിക്കപ്പെടുന്നത്. ഇത്തരത്തിൽ മുടക്കം വരാതെ പന്ത്രണ്ട് പൊങ്കാല വ്രതം അനുഷ്ഠിച്ചാൽ താമസിയാതെ ഉദ്ദിഷ്ട കാര്യം സാധ്യമാകുമെന്ന് ഫലശ്രുതിയിലൂടെ വ്യക്തമാകുന്നു.

ഞായറാഴ്ച വ്രതം എടുക്കുന്നവർ ശനിയാഴ്ച ദിവസം പാലിക്കേണ്ടതായ ചിലകാര്യങ്ങളുണ്ട്.ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കരുത്. അന്ന് സന്ധ്യയ്ക്ക് മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം. കുളിച്ച് ശരീര ശുദ്ധിയോടെ ശുദ്ധവസ്ത്രങ്ങൾ ധരിച്ച് മന:ശുദ്ധിയോടെ സന്ധ്യാവന്ദനം നടത്തിയ ശേഷം വൃത്തിയും ശുദ്ധിയുമുള്ള സ്ഥലത്ത് രാത്രി കിടന്നുറങ്ങണം.

ഞായറാഴ്ച ബ്രാഹ്മമുഹൂർത്തത്തിൽ തന്നെ ഉണർന്ന് നിത്യകർമ്മങ്ങൾ നിർവഹിച്ചശേഷം വീടും പരിസരവും വൃത്തിയാക്കണം. മുറ്റത്ത് കിഴക്കുഭാഗത്ത് വൃത്തിയും ശുദ്ധിയുമുള്ള സ്ഥലത്താണ് ആദിത്യ പൊങ്കാല നിവേദ്യം തയ്യാറാക്കേണ്ടത്. പറ്റുന്നവർ ഈ സ്ഥലം പശുവിൻ ചാണകം കൊണ്ട് മെഴുകി അവിടെ വേണം ആദിത്യ ദേവനുള്ള പൊങ്കാല നൈവേദ്യം തയ്യാറാക്കേണ്ടത്.

തേച്ചു വൃത്തിയാക്കിയ ഒരു ഉരുളിയോ കലമോ തയ്യാറാക്കി വയ്ക്കണം. മൂന്ന് കല്ലുകൾ ഉപയോഗിച്ച് അടുപ്പ് ശരിയാക്കണം. മണ്ണിൻ്റെ ഈർപ്പം കളയാനും തീ കത്തിപ്പിടിക്കുന്നതിനുമായി പറ്റുന്നവർ കുറച്ച് ഉമി അടുപ്പിനുള്ളിൽ നിരത്തുന്നത് നല്ലതാണ്. പൊങ്കാല നൈവേദ്യം തയ്യാറാക്കാൻ തെങ്ങിൻ്റെ കൊതുമ്പ് മാത്രമേ വിറകായി ഉപയോഗിക്കാവൂ. ഒരു കൊതുമ്പിൻ കഷണം കഴുകി വൃത്തിയാക്കി അതുപയോഗിച്ച് നിവേദ്യം ഇളക്കാം. അല്ലെങ്കിൽ ചിരട്ടത്തവി ഉപയോഗിക്കാം.

പൊങ്കാല നൈവേദ്യം ചോറായോ പായസമായോ പാകപ്പെടുത്താം. പായസമാണ് ഉദ്ദേശിക്കുന്ന തെങ്കിൽ ഉണക്കലരി (പച്ചരി) കൂടാതെ പാൽ, ശർക്കര, പഴം എന്നിവ കരുതണം. നല്ല പോലെ തേച്ചുവെളുപ്പിച്ച ഒരു നിലവിളക്കിൽ അഞ്ചു തിരികളിട്ട് എണ്ണ പകർന്ന് തെളിയിക്കാൻ പാകത്തിൽ തയ്യാറാക്കി വയ്ക്കണം. എല്ലാം തയ്യാറാക്കി കഴിഞ്ഞാൽ സൂര്യോദയത്തിനു മുമ്പായി തന്നെ സ്നാനം ചെയ്ത് ശുദ്ധമാകണം.

ഗണേശ പൂജ

ഏതു മംഗളകർമ്മത്തിലും ആദ്യമായി പൂജിക്കുന്നത് വിഘ്നേശ്വരനെയാണല്ലോ. വ്രതോപാസകർ കുളി കഴിഞ്ഞു വന്നാൽ പശുവിൻ ചാണകം കൊണ്ട് ഒരു ഗണേശ പ്രതിമ ഉണ്ടാക്കണം. വെറുതെ ഉരുട്ടിയെടുത്ത ചാണകഉരുളയിൽ ശിരസ്സിലായി ഒരു ചെമ്പരത്തിപ്പൂവ് ചൂടിക്കണം. ചാണകം മെഴുകിയ സ്ഥലത്ത് ഒരു നാക്കിലയിൽ ഗണേശനാണെന്ന സങ്കൽപ്പത്തിൽ പ്രതിഷ്ഠിക്കണം. നിലവിളക്ക് തെളിയിച്ച ശേഷം ഒരു നാക്കിലയിൽ പഴം, ശർക്കര, ഇളനീർ ,അരിയോ, നെല്ലോ നിറച്ച ഒരു നിറനാഴി, വെറ്റില, പാക്ക് എന്നിവ ഗണേശന് നിവേദിക്കണം. ഞാൻ അനുഷ്ഠിക്കാൻ പോകുന്ന വ്രതം വിഘ്നം കൂടാതെ പൂർണ്ണമാക്കുവാൻ അനുഗ്രഹിക്കണേ എന്ന് ഭഗവാനോട് പ്രാർത്ഥിക്കണം .

പൊങ്കാല തയ്യാറാക്കുന്ന വിധം

ഉരുളിയിൽ ആവശ്യമുള്ള പച്ചരി ഇട്ട് വെള്ളം ഒഴിച്ച് തീ കത്തിച്ച് നൈവേദ്യം പാകം ചെയ്യണം. കഴുകി വെച്ചിരിക്കുന്ന ചിരട്ട തവി ഉപയോഗിച്ച് ഇടയ്ക്കിടെ ഇളക്കി അരി വേവിച്ച് വറ്റിക്കണം. പായസമാണ് ഉദ്ദേശിക്കുന്നതെങ്കിൽ പാൽ, ശർക്കര, പഴം നുറുക്കിയത് എന്നിവ ചേർത്ത് പായസം തയ്യാറാക്കണം. ബാലസൂര്യൻ ഉദിച്ചു വരുമ്പോഴേക്കും നിവേദ്യം തയ്യാറായിരിക്കണം. ചാണകം മെഴുകിയ ദിക്കിൽ നാക്കില വെച്ച് നിവേദ്യം വിളമ്പി ആദിത്യ ദേവൻ പ്രസാദിക്കണേ എന്ന പ്രാർത്ഥനയോടെ ഇലയ്ക്ക് ചുറ്റും മൂന്നുരു പ്രദക്ഷിണം വച്ച് പൂവും വെള്ളവും ചേർത്ത് ആദിത്യനെ നോക്കി വണങ്ങിക്കൊണ്ട് പൂജിക്കണം.

ഇപ്രകാരം പൊങ്കാല നിവേദ്യത്തോടു കൂടിയ വ്രതം ഒരു ഞായറാഴ്ച തുടക്കത്തിൽ അനുഷ്ഠിക്കണം. തുടർന്ന് വരുന്ന 3 ഞായറാഴ്ചകളിൽ നിവേദ്യം ആവശ്യമില്ല. കുളി കഴിഞ്ഞ് സൂര്യ നമസ്ക്കാരം ചെയ്ത് ആദിത്യ സ്തോത്രങ്ങൾ ജപിച്ചാൽ മതി. മാസത്തിൽ ഒരു ഞായറാഴ്ച പൊങ്കാലയെന്ന കണക്കിൽ പന്ത്രണ്ട് പൊങ്കാല വ്രതങ്ങൾ അനുഷ്ഠിച്ച് വ്രതസമാപ്തി വരുത്താവുന്നതാണ്.

വ്രതാനുഷ്ഠാന ഫലങ്ങൾ

  1. ശരീരത്തിൽ ബാധിക്കപ്പെട്ടിട്ടുള്ള സർവ്വ രോഗങ്ങളും ഈ വ്രതാനുഷ്ഠാനത്താൽ നശിച്ചില്ലാതാകും. പരിപൂർണ്ണമായ ആരോഗ്യം ആദിത്യപ്രസാദത്താൽ സിദ്ധിക്കും.
  2. ശത്രുനാശം ഭവിക്കും.
  3. അഷ്ടൈശ്വര്യങ്ങളും ഉണ്ടാകുന്നതോടൊപ്പം ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാനാകും.
  4. വിദ്യയും വിജ്ഞാനവും ആദിത്യാനുഗ്രഹത്താൽ അഭിവൃദ്ധിപ്പെടും.
  5. സന്തതികൾക്ക് ആയുരാരോഗ്യ ഉണ്ടാകും.
  6. ഉദ്ദിഷ്ട കാര്യങ്ങൾ സഫലമാകും.
  7. നേത്ര സംബദ്ധമായ രോഗങ്ങൾക്ക് നല്ലൊരു പ്രതിവിധി കൂടിയാണ് ഞായറാഴ്ച വ്രതാനുഷ്ഠാനം.
  8. എത്ര ചികിത്സിച്ചാലും ഭേദമാകാത്ത ഉദരരോഗങ്ങൾ ശമിക്കാൻ പൊങ്കാല നിവേദ്യം നല്ലതാണ്.

ആദിത്യ ധ്യാനം

ആദിത്യ ഹ്യദയസ്തോത്ര മഹാമന്ത്രസ്യ
അഗസ്തീശ്വര ഭഗവാൻ ഋഷി:
അനുഷ്ടുപ്പ് ഛന്ദ ശ്രീ ആദിത്യാത്മ
സൂര്യനാരായണോ ദേവത

സൂര്യം സുന്ദരലോകനാഥമമൃതം
വേദാന്തസാരം ശിവം
ജ്ഞാനം ബ്രഹ്മമയം സുരേശമമലം
ലോകൈക ചിത്തം സ്വയം
ഇന്ദ്രാദിത്യനരാധിപം സുര ഗുരും ത്രൈലോക്യ വന്ദ്യം
വിഷ്ണുബ്രഹ്മശിവ സ്വരൂപ ഹൃദയേന
വന്ദേ സദാ ഭാസ്കരം

ഭാനോ ഭാസ്ക്കര മാർത്താണ്ഡ
ഛണ്ഡേ രശ്മേ ദിവാകരോ
ആയുരാരോഗ്യം ഐശ്വര്യം
വിദ്യം ദേഹി നമോസ്തുതേ

അന്യഥാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മാദ് കാരുണ്യ ഭാവേന
രക്ഷ രക്ഷ മഹാപ്രഭോ

ഓം ഹ്രീം ഘൃണി സൂര്യ
ആദിത്യേം ശ്രീം

ആദിത്യഹൃദയം
(അഗസ്ത്യമുനി ശ്രീരാമചന്ദ്രന് ഉപദേശിച്ചത് )

സന്താപനാശകരായ നമോനമ:
അന്ധകാരാന്തകരായ നമോനമ:
ചിന്താമണേ! ചിദാനന്ദായതേ നമ:
നീഹാര നാശകരായ നമോനമ:
മോഹവിനാശകരായ നമോനമ:
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമ:
സ്ഥാവരജംഗമാചാര്യായതേ നമ:
ദേവായ വിശ്വൈക സാക്ഷിണേതേ നമഃ
സത്യപ്രധാനായതത്ത്വായ തേ നമ:
സത്യസ്വരൂപയായ നിത്യം നമോ നമ:
ഇത്ഥമാദിത്യ ഹൃദയം ജപിച്ചു നീ
ശത്രുക്ഷയം വരുത്തീടുക സത്വരം

ജോതിഷി പ്രഭാസീന സി.പി
ഹരിശ്രീ ,പി ഒ : മമ്പറം ,വഴി പിണറായി , കണ്ണൂർ ജില്ല

  • 91 9961442256, 9895 112028
    Email: prabhaseenacp @ gmail.com
    Story Summary: Significance of Adithya Pongala: Preparation and Offering

error: Content is protected !!