Sunday, 24 Nov 2024
AstroG.in

കഷ്ടകാലം മാറി, ഇനി ഭാഗ്യ ദിനങ്ങൾ; വിഷു ഫലവും ദോഷപരിഹാരവും

ജ്യോതിഷാചാര്യൻ വേണു മഹാദേവ്
1197 മേട മാസം 1, 2022 ഏപ്രിൽ 14 വ്യാഴാഴ്ച രാവിലെ 8:41 മണിക്ക് പൂരം നക്ഷത്രവും ചിങ്ങക്കൂറും ശുക്ലപക്ഷത്തിൽ ത്രയോദശി തിഥിയും പന്നിക്കരണവും വ്യദ്ധി നാമനിത്യയോഗവും കൂടിയ സമയം മേടവിഷു സംക്രമം. ഇത്തവണ സംക്രമം ഉദയത്തിന് ശേഷം ആയതിനാൽ മേടം 2, വെള്ളിയാഴ്ചയാണ് വിഷു ആചരണം.

എല്ലാ ഈശ്വര വിശ്വാസികൾക്കും ഐശ്വര്യ പൂർണമായ വിഷു ആശംസിക്കുന്നു.

മേടവിഷു മുതൽ തുടങ്ങുന്ന പുതുവർഷത്തിന്റെ സാമാന്യ ഫലങ്ങളാണ് പറയുന്നത്. ഇതിന്റെ കൂടെ ജാതകം കൂടി പരിശോധിച്ചാൽ കൃത്യമായ ഗുണ ദോഷം വിലയിരുത്താനാകും. മഹാമാരി ശമിച്ച ശേഷം ഏറെ പ്രതീക്ഷാപൂർവം പിറക്കുന്ന ഈ വിഷുപ്പുലരി പൊതുവേ ഭാഗ്യദായകമാണ്. സമൂഹത്തിൽ പുത്തനുണർവ്,
സിനിമ, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം പുതിയ അവസരം, കച്ചവടത്തിലും വ്യവസായത്തിലും ഗുണകരമായ മാറ്റം, പുതിയ സംരംഭകർക്ക് നല്ല കാലം എന്നിവ ഉറപ്പായും പ്രതീക്ഷിക്കാം. പുതിയ നേട്ടങ്ങൾക്ക് അനുകൂല കാലമാണ്. എല്ലാ മേഖലകളിലും പുരോഗതി കാണുന്നു. ചെലവ് ചുരുക്കി ശീലിക്കുക. കേരളത്തിൽ രാഷ്ട്രീയ ബന്ധങ്ങളിൽ മാറ്റം വരും. രാജ്യത്ത് രാഷ്ട്രീയ നില ഇതേപോലെ തുടരും. ഇനിയും മഹാമാരി ആവർത്തിച്ചാലും കടുത്ത മരണഭയമോ വ്യാപകമായ ആശങ്കകളോ സൃഷ്ടിക്കില്ല. ഒരു തരംഗം കൂടി പെട്ടെന്ന് വന്നാലും അത് ജീവിതത്തെ ബാധിക്കില്ല.

ഓരോ കൂറിലും ജനിച്ചവരുടെ വിഷു ഫലം പരിശോധിക്കാം.

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
അപ്രതീക്ഷിതമായി ധനം വരുമ്പോൾ അന്യരെ സഹായിക്കാൻ ശ്രമിക്കുക. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധവേണം. പുതിയ പദ്ധതികൾ, മനോരഹസ്യങ്ങൾ ആരുമായും പങ്കിടരുത്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ കാര്യപ്രാപ്തിയും അനുഭവസമ്പത്തും ഉള്ളവരുടെ ഉപദേശം തേടണം. ആഢംബരം കുറയ്ക്കണം . പാഴ്ചെലവുകൾ നിയന്ത്രിക്കുക എല്ലാവരോടും സ്റ്റേഹത്തോടെയും ദയയോടെയും പെരുമാറുക. കുടുംബ പ്രശ്നങ്ങൾ നയചാതുര്യത്തോടെ പരിഹരിക്കണം. വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പുതിയ കാര്യങ്ങൾക്കായി പണം ഇറക്കുമ്പോൾ വിശദമായി അന്വേഷിക്കണം. ചെറിയ ദാമ്പത്യത്തിലെ പിണക്കങ്ങൾ സംസാരിച്ച് തീർക്കണം.

ദോഷശാന്തിക്ക് ഗണപതിക്ക് കറുകമാല, വിഷ്ണുവിന് സുദർശനാർച്ചന, ഭാഗ്യസൂക്തം, ഗുരുവായൂരപ്പന് അഹസ്സ്, എന്നിവ ചെയ്യുക. നാഗപ്രീതിയും നേടുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2)

ജീവിതം മാറി മറിയും. പ്രിയപ്പെട്ടവരുടെ സാമീപ്യം സന്തോഷം നൽകും. കളത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറും. സ്വപ്ന പദ്ധതികൾ വിജയം കാണും, കൈവരിക്കാനുതകുന്ന സന്ദർഭം വന്നു ചേരും. സാമ്പത്തിക പരാധീനങ്ങളിൽ നിന്നും മുക്തി നേടും. കർമ്മ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ജോലിയിൽ പുതിയ സാധ്യതകൾ തെളിയും. ബിസിനസിൽ ലാഭം കൂടും. വ്യാപാര തടസം മാറും. വിലപിടിപ്പുള്ള രേഖകൾ, ആഭരണങ്ങൾ തുടങ്ങിയവ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. അനാവശ്യ യാത്രകൾ കുറയ്ക്കണം. ചെറിയ ആരോഗ്യപ്രശ്നം അലട്ടിയേക്കാം.

ദോഷശാന്തിക്ക് ആയില്യം നാളിൽ നൂറും പാലും കഴിപ്പിക്കുക. ശാസ്താ പ്രീതി നേടുക. അഗതികൾക്ക് അന്നദാനം നൽകുക.

മിഥുനക്കൂറ്
(മകയിരം 1/2 തിരുവാതിര, പുണർതം 3/4)
എടുത്തു ചാടാതെയും അലസത ഒഴിവാക്കിയും പ്രവർത്തിച്ചാൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. ജാമ്യം, മധ്യസ്ഥത, വാദപ്രതിവാദം ഇവയിൽ നിന്നും വിട്ടു നിൽക്കുക. ജീവിതത്തിന് അടുക്കും ചിട്ടയും കെട്ടുറുപ്പുമുണ്ടാക്കാൻ നോക്കുക. എന്തെങ്കിലും ആരോഗ്യപ്രശ്നം ബുദ്ധിമുട്ടിച്ചാൽ അവഗണിക്കരുത്. ചികിത്സ നൽകണം. മികച്ച വ്യക്തിത്വത്തിലൂടെ ചില പുതിയ ചങ്ങാതിമാരെ ഉണ്ടാക്കാനാകും. അവരുമായി ചേർന്ന കൂട്ടുപ്രവർത്തനം ഗുണം ചെയ്യും. കാര്യമായ ഫലം കിട്ടാത്ത ജോലികൾ ചെയ്ത് സമയം കളയരുത്. അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുക. സഹോദരങ്ങളുമായും പിതാവുമായും നല്ല ബന്ധം സ്ഥാപിക്കുക.

ദോഷശാന്തിക്കായി വിഷ്ണുവിനെയും കുടുംബ ദേവതകളേയും ആരാധിക്കുക, ദുർഗ്ഗാ സംബന്ധമായ ആചരണങ്ങളും ഗണപതി ഹോമവും നല്ലത്.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ കൈവരിക്കും. ചിരകാലമായ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. പ്രിയപ്പെട്ടവരുടെ വിവാഹ കർമ്മങ്ങൾ നടത്താൻ കഴിയും. പ്രതീക്ഷിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കും. തടസപ്പെട്ട വിദേശ യാത്ര സഫലമാകും. സ്വന്തം നിഷ്കളങ്കത കാരണം വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. നേത്ര – വാത സംബന്ധമായ അസുഖങ്ങൾ അവഗണിക്കരുത്. നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കാൻ കഴിയും. ചെറിയ തോതിലുള്ള ദേഹാരിഷ്ടത ഉണ്ടാകും. മാനസിക പ്രയാസങ്ങൾക്ക് കാരണമാകുന്ന സാഹചര്യം ഒഴിവാക്കുക മനസിൽ നിന്നും വേണ്ടാത്ത ചിന്തകൾ എടുത്തു കളയണം

ദോഷശാന്തിക്ക് ശാസ്താവിന് നീരാജനം, ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി, നാഗത്തിന് നൂറുംപാലും എന്നിവ ചെയ്യുക. ഹനുമൽ പ്രീതിയും നേടുക.

ചിങ്ങക്കൂറ്
(മകം, പൂരം , ഉത്രം 1)
പ്രതിസന്ധികൾ സധൈര്യം നേരിട്ട് ജീവിത വിജയം കൈവരിക്കാൻ ശ്രമിക്കണം. കടബാധ്യത തീർക്കാൻ ബുദ്ധിപരമായി ശ്രമിക്കണം. നിരാശ വേണ്ട, കാര്യങ്ങൾ ക്രമേണ നേരെയാവും. അപ്രതീക്ഷിതമായ ചിലവുകൾ പ്രയാസം സൃഷ്ടിക്കാനിടയുണ്ട്. ശ്രേയസ്ക്കരമായ കർമ്മങ്ങൾ നിഷ്ഠയോടു കൂടിചെയ്യുക. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്. ധനനഷ്ടം അപവാദം ഇവ കരുതിയിരിത്തുക. എന്തു വില കൊടുത്തും തീരുമാനം നടപ്പാക്കാൻ ശ്രമിക്കുക. ശരിയായ തീരുമാനങ്ങൾ പ്രതിസന്ധികൾ പരിഹരിക്കും. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായി ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും. സ്വജനങ്ങളുടെ കുതന്ത്രങ്ങൾ മന:സ്വസ്ഥത കെടുത്തും. വിനോദത്തിന് കൂടുതൽ പണം ചെലവഴിക്കരുത് . ദൈവീകത വർദ്ധിപ്പിക്കുക

ദോഷശാന്തിക്കായി വൈഷ്ണവമായ ആചാരങ്ങൾ ചെയ്യുക. വിഷ്ണുസഹസ്രനാമ പാരായണം, അനാഥർക്ക് അന്നദാനം ശാസ്താ പ്രീതിയും നാഗപ്രീതിയും നേടണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം ചിത്തിര 1, 2)
പൊതുവെ മെച്ചപ്പെട്ട കാലമാണ്. എല്ലാ രംഗങ്ങളിലും ശോഭിക്കാൻ കഴിയും. ബുദ്ധിപൂർവ്വം. നിക്ഷേപിച്ചിരുന്ന സ്വത്തുക്കളിൽ നിന്നും ലാഭമുണ്ടാകും. ഉത്തരവാദിത്വം കൂടുതലുള്ള ചുമതലകൾ നിർവഹിക്കാൻ പ്രയാസപ്പെടും. എങ്കിലും സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണം സഹായകമാവും. കുടുംബ ജീവിതം സന്തോഷകരമാവും. കളത്ര വീട്ടുകാരിൽ നിന്നും ധനസഹായം ലഭിക്കും. അന്യരുടെയും സ്വജനങ്ങളുടെയും സഹകരണത്തോടെ പുതിയ സംരംഭങ്ങൾക്ക് തുടക്കമിടും. ലഘുവായ കാര്യവിഘ്നങ്ങൾ ഈശ്വര പ്രാർത്ഥനയാൽ മാറിക്കിട്ടും. വിവാഹം, മേലധികാരികളുടെ പ്രശംസ, ഭൂമി ലാഭം എന്നിവ ഉണ്ടാകും. കേസുകളിൽ എതിർപ്പ് മറികടന്ന് പിടിച്ചു നിൽക്കും. ചില പ്രശ്നങ്ങളോട് അതിരൂക്ഷമായി പ്രതികരിക്കും.
ദോഷശാന്തിക്ക് ഗണപതിഹോമം, സർപ്പപ്രീതികരമായ അനുഷ്ഠാനങ്ങൾ, ശാസ്താവിന് നീരാജനം എന്നിവ ചെയ്യുക

തുലാക്കൂറ്
(ചിത്തിര 3, 4 ചോതി , വിശാഖം 1, 2, 3 )
തൊഴിൽ രംഗത്ത് ഉത്തരവാദിത്വം വർദ്ധിക്കും. ബുദ്ധിപരമായി നീക്കങ്ങളിലൂടെ ഗുണാനുഭവങ്ങൾ ഉണ്ടാക്കും. അലസമായ സമീപനം പ്രയാസം സൃഷ്ടിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കണം. വളരെ വേഗം ലക്ഷ്യത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ നിരാശപ്പെടരുത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നിറവേറ്റുന്നതിന് ക്ഷമയും കഠിനമായ പരിശ്രമവും വേണ്ടിവരും. ബന്ധങ്ങൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുക. വാക്കുകൾക്ക് നിയന്ത്രണം വേണം. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അതിനാൽ ഏകാഗ്രത വർദ്ധിപ്പിക്കാൻ യോഗ, ഈശ്വര പ്രാർത്ഥന എന്നിവ ചെയ്യാൻ ശ്രമിക്കുക.

ദോഷശാന്തിക്ക് മഹാവിഷ്ണുവിന് സുദർശനാർച്ചന, തുളസിമാല, പായസം, ശാസ്താവിന് നീരാജനം എന്നിവ ചെയ്യുക. നാഗപ്രീതി നേടുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)

ഭാഗ്യാനുഭവങ്ങളുണ്ടാകും. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത പഠന വിജയം. കർമ്മരംഗത്ത് പുതിയ സാദ്ധ്യതകൾ എന്നിവ ഉണ്ടാവും. വിവിധ സ്രോതസുകളിൽ നിന്നും ധനം ലഭിക്കും. അത് ഉചിതമായ രീതിയിൽ നിക്ഷേപിക്കണം. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് മൂലം കൂടുതൽ ആളുകളുമായി നല്ല ബന്ധമുണ്ടാകും. സ്വാധീനശേഷി വർദ്ധിക്കും. ഈ സമയത്ത് മന:ശക്തിയും ഉത്സാഹവും വർദ്ധിക്കും. കാലങ്ങളായി ആഗ്രഹിക്കുന്ന ഭവന നിർമ്മാണം, വാഹനം മാറ്റി വാങ്ങൽ എന്നിവ നടക്കും. നിക്ഷേപങ്ങൾ നടത്തുന്നതിൽ തിരക്ക് കൂട്ടരുത്. വേണ്ടത്ര ആലോചനയില്ലാത്ത പ്രവർത്തികൾ സാമ്പത്തികമായി കുഴപ്പത്തിലാക്കും. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുൻപ് പരിചയസമ്പന്നരായ ആളുകളോട് അന്വേഷിക്കണം. കള്ളന്മാരെയും ശതുക്കളേയും കരുതിയിരിക്കുക

ദോഷശാന്തിക്ക് ശാസ്താപ്രീതി നേടുക, ദുർഗ്ഗാ ഭഗവതിക്കും ഗണപതിക്കും വഴിപാടുകൾ നടത്തുക

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ചെലവ് വർദ്ധിക്കും. എടുക്കാവുന്നതിന് അപ്പുറമുള്ള ഉത്തരവാദിത്ത്വങ്ങൾ ചുമക്കരുത്. ചുറ്റുമുള്ളവരുടെ സ്വാധീനങ്ങൾക്ക് അമിതമായി വഴങ്ങരുത്. ഗൃഹസംബന്ധമായ ചുമതലകൾ സമയ ബന്ധിതമായി പൂർത്തിയാക്കും. ദാമ്പത്യത്തിൽ കലഹം, തെറ്റിദ്ധാരണ എന്നിവ ഉണ്ടാകാതെ നോക്കണം. ആലോചിക്കാതെ ഒരു കാര്യത്തിലും അഭിപ്രായം പറയരുത്. വാഹനം ഉപയോഗിക്കുമ്പോഴും യാത്രചെയ്യുമ്പോഴും നല്ല ശ്രദ്ധ വേണം. സന്താനങ്ങളുടെ ക്ഷേമത്തിനായി ശ്രമിക്കണം. കോപം നിയന്ത്രിക്കണം സമ്മർദ്ദങ്ങൾക്കു വഴങ്ങി യാതൊരു കാര്യവും ചെയ്യരുത്.

ദോഷശാന്തിക്ക് ശ്രീകൃഷ്ണഭഗവാന് തൃക്കൈവെണ്ണ, പാൽപ്പായസം, ഭദ്രകാളിക്ക് ചുവന്ന പട്ട് സമർപ്പണം ശിവ ക്ഷേത്രത്തിൽ രുദ്ര സൂക്താർച്ചന എന്നിവ ചെയ്യുക. നാഗപ്രീതിയും നേടുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം , അവിട്ടം 1, 2)
സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇല്ലെങ്കിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും ഉണ്ടാവാൻ ശ്രമിക്കണം. നല്ല പെരുമാറ്റത്തിലൂടെ സ്നേഹം പിടിച്ചു പറ്റണം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കും വില നൽകുന്നതിലൂടെ അംഗീകാരം നേടിയെടുക്കും. ഉത്തരവാദിത്ത്വമുള്ള പല ജോലികൾ ഏറ്റെടുക്കേണ്ടി വരും. കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ ബുദ്ധിമുട്ടുകൾ നേരിടും. ഈശ്വര ചിന്ത ശക്തമാക്കണം. മേലുദ്യോസ്ഥരുമായി കലഹിക്കരുത്. അപമാനത്തിന് ഇടയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി ഒഴിവാക്കണം.

ദോഷശാന്തിക്ക് ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തി തൃക്കൈവെണ്ണ, കദളിപ്പഴം, താമരപൂവ് എന്നിവ സമർപ്പിക്കുക. ശ്രീരാമ സ്വാമിക്ക് നെയ് വിളക്ക്, ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം, ശാസ്താവിന് എള്ളുപായസം, നീരാജനം നടത്തി നാഗപ്രീതിയും നേടുക

കുംഭക്കൂറ്
(അവിട്ടം 1, 2 ചതയം, പൂരോരുട്ടാതി 1, 2, 3 )
സത്കീർത്തി പ്രതീക്ഷിക്കാം. വിചാരിക്കുന്ന പല കാര്യങ്ങളും യഥാസമയം സാധിക്കും. പുതിയ സ്ഥലത്തെ ശമ്പളത്തിൽ നല്ല മാറ്റമുണ്ടാകും. അന്യാധീനപ്പെട്ട ധനം തിരികെ ലഭിക്കും. കൂട്ടു ബിസിനസിൽ പുതിയ മാറ്റങ്ങൾ വേണ്ടിവരും. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി ചിലരെ തള്ളി പറയേണ്ടി വരും. ഓഹരി മാർക്കറ്റിൽ മികവ് ഉണ്ടാവും. ഭൂമി സംബന്ധിച്ച് അവകാശ തർക്കങ്ങൾ പരിഹരിക്കും. ആരേയും അമിതമായി വിശ്വസിക്കരുത്. പാലിക്കാൻ കഴിയാത്ത വാഗ്ദാനം നൽകരുത്. വിദ്യാർത്ഥികൾക്ക് വിദ്യാലാഭം ഉണ്ടാകും മറ്റുള്ളവരിൽ നിന്നും സഹായ സഹകരണം ലഭിക്കും. ചെറിയ ശാരിരിക ബുദ്ധിമുട്ടുകൾ അലട്ടിയേക്കാം.

ദോഷശാന്തിക്ക് അയ്യപ്പന് നീരാജനം, ഗണപതിക്ക് കറുകമാല, ജന്മ നക്ഷത്ര ദിവസം ദേവീ ക്ഷേത്രത്തിൽ നെയ്യ് പായസം, നെയ്യ് വിളക്ക്.

മീനക്കൂറ്
(പൂരൂരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഈശ്വരഭക്തി, ധർമ്മനിഷ്ഠത പരോപകാര തല്പരത എന്നിവ ഉണ്ടാവണം . മേലധികാരികളുമായി വാക്കു തർക്കത്തിന് പോവരുത്. വാക്കുകൾ സൂക്ഷിച്ചേ പ്രയോഗിക്കാവൂ. ശരിയായ ധനവിനിയോഗത്തിലൂടെ മെച്ചപ്പെട്ട നിലയിലേക്ക് സ്ഥിതിഗതി മാറ്റണം. ചെലവ് നിയന്ത്രിക്കണം. ഉത്കണ്ഠയും ആശങ്കയും പാടില്ല. അശ്രദ്ധയും അലസതയും വലിയ പ്രയാസങ്ങൾക്ക് കാരണമായേക്കാം. ജീവിത പങ്കാളിയുമായി അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കുക. മോശം കൂട്ടുകെട്ടുകളിൽ പെടരുത്. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾക്ക് മേൽ ചുമത്തപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. ക്ഷമയോടെ പ്രവർത്തിച്ചാൽ ആഹ്ലാദകരമായ ജീവിതം നയിക്കാം.

ദോഷശാന്തിക്കായി ശനിയാഴ്ച വ്രതമെടുത്ത് ധർമ്മശാസ്താ ക്ഷേത്ര ദർശനം നടത്തി ഗ്രഹപ്രീതി നേടണം. മഹാവിഷ്ണു പ്രീതിയും, നാഗപ്രീതിയും ദേവീപ്രീതിയും നല്ലത്.

ജ്യോതിഷാചാര്യൻ വേണു മഹാദേവ്
+91 8921709017
Story Summary: 2022 Vishuphalam and Devotional Remedies by Jothishacharya Venu Mahadev

Copyright 2022 Neramonline.com. All rights reserved

error: Content is protected !!