Thursday, 21 Nov 2024
AstroG.in

കാട്ടിലമ്മയെ മണികെട്ടി പ്രാർത്ഥിച്ചാൽ ആഗ്രഹം നടക്കും

ക്ഷേത്ര മുറ്റത്തെ ആൽമരത്തിൽ മണി കെട്ടി പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകുന്ന ദിവ്യ സന്നിധിയാണ് കാട്ടിൽമേക്കേതിൽ ക്ഷേത്രം. കൊല്ലം ജില്ലയിൽ  ചവറ, ശങ്കരമംഗലത്തിന് പടിഞ്ഞാറ് കായലും കടലും ഇരുവശമായുള്ള  തുരുത്തു പോലുള്ള പ്രദേശത്താണ് മറ്റെങ്ങുമില്ലാത്ത വഴിപാടുള്ളഈ  ഭദ്രകാളീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദാരിക നിഗ്രഹം കഴിഞ്ഞെത്തുന്ന ഉഗ്രമൂർത്തിയെയാണ് ഇവിടെ   പ്രതിഷ്ഠിച്ചിരിക്കുന്നത്.  രൗദ്രഭാവമെന്നു പറയുമെങ്കിലും  ഭക്തർക്ക് കാട്ടിൽ മേക്കതിൽ ഭഗവതി ദയാനിധിയാണ്; എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വാത്സല്യനിധിയായ അമ്മയാണ്. അതു കൊണ്ടു തന്നെ കാട്ടിലമ്മയെ ദർശിക്കാൻ എന്നും വലിയ ജനക്കൂട്ടമാണ് ഇവിടെ എത്തുന്നത്. 

പുലർച്ചെ മുതൽ ഭക്തരുടെ ഒഴുക്ക് തുടങ്ങും.ന്യായമായ സങ്കടങ്ങളും  ആഗ്രഹങ്ങളുമുള്ളവർക്ക് മാത്രമേ ഇവിടെ എത്തിച്ചേരാൻ കഴിയൂ. അവർക്കു മാത്രമേ കാട്ടിലമ്മയുടെ ദർശന ഭാഗ്യം ലഭിക്കുകയുള്ളൂ എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

അമ്മേ നാരായണ ദേവീ നാരായണാ 

മന്ത്രധ്വനിയുടെ പവിത്രതയാണ്  ഈ പുണ്യഭൂമിയുടെ ചൈതന്യം.

കായൽ കടന്ന് ജങ്കാറിൽ വേണം ഇവിടെയെത്താൻ.  കേരവൃക്ഷങ്ങൾ പച്ചവരിച്ച  തുരുത്തിൽ വിശാലമായ മണൽപ്പരപ്പിനു നടുവിൽ  നിൽക്കുന്ന ക്ഷേത്രം മനോഹരമായ കാഴ്ചയാണ് .2004ൽ ഈ ദേശമാകെ സുനാമി തിരയെടുത്തിട്ടും കാട്ടിലമ്മയെ കടലമ്മ തൊട്ടില്ല. അതാണ് ഈ അമ്മയുടെ ശക്തി .  പുലർച്ചെ 5 മണി മുതൽ  ജങ്കാറുകളുണ്ട് – മൊത്തം 3 ജങ്കാറുകൾ സർവീസിനുണ്ട്.  ജങ്കാർ ഇല്ലാത്ത സമയത്ത് വള്ളം കാണും.നാട്ടുകാർ മാത്രമല്ല ദൂരദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ വരെ ദിവസേന കാട്ടിലമ്മയുടെ അനുഗ്രഹം തേടി  എത്തുന്നു. രോഗദുരിത മോചനം, വിവാഹ തടസമോചനം, സന്താനലബ്ധി, ഉദ്യോഗലബ്ധി, വിദ്യാ തടസ്സമോചനം,  ആയുരാരോഗ്യം, വസ്തു വില്പന, വീട് വാങ്ങൽ,  കാണാതായവരെ കണ്ടെത്തുക, കട മോചനം, സാമ്പത്തിക ദുരിതമോചനം  തുടങ്ങി  പല വിധ സങ്കടങ്ങൾ ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും കാണും. 

ആഗ്രഹ സാഫല്യത്തിനുവേണ്ടിയാണ് കാട്ടിലമ്മയുടെ സന്നിധിയിൽ മണി കെട്ടി പ്രാർത്ഥിക്കുന്നത്. .  ക്ഷേത്ര മുറ്റത്തെ ആൽമരത്തിൽ മണി കെട്ടുന്നതാണ്അഭീഷ്ടസിദ്ധിക്കുള്ള ഈ വഴിപാട്.  ക്ഷേത്രത്തിൽ  മുപ്പതു രൂപ നൽകി മണി വഴിപാടിനുള്ള രസീത് വാങ്ങണം. ഒരു താലത്തിലാണ് രസീത് തരുന്നത്. വിവിധ നിറങ്ങളിലുള്ള താലങ്ങളുണ്ട്. പല കൗണ്ടറുകളിൽ പ്രസാദം വിതരണം ചെയ്യുന്നതിനുള്ള സൗകര്യത്തിനാണ് വിവിധ നിറത്തിലുള്ള താലങ്ങൾ. ഇത് കാട്ടിലമ്മയുടെ  നടയുടെ വലത്  കൗണ്ടറിൽ വയ്ക്കുക. നാളും പേരും പറഞ്ഞ് പൂജിച്ച മണി പ്രസാദം നൽകുന്ന കൗണ്ടറിൽ നിന്ന് വാങ്ങണം. ഇതു വാങ്ങി ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്തുള്ള വലിയ ആൽമരത്തിന്  ഏഴുപ്രദക്ഷിണം വച്ച ശേഷം ആലിൽ കെട്ടുക. എന്ത് ഉദ്ദേശത്തോടെയാണോ മണി കെട്ടാൻ ക്ഷേത്രത്തിൽ എത്തിയത് അത് പ്രാർത്ഥിച്ച് ദേവീകൃപ യാചിച്ച്  വേണം മണി കെട്ടാൻ. 

ഏഴു പ്രാവശ്യം ക്ഷേത്രത്തിൽ വന്ന് ഏഴു മണി കെട്ടി ഏഴാമത്തെ മണികെട്ടിനൊപ്പം പൊങ്കാലയിട്ടാലേ ഫലപ്രാപ്തിയുണ്ടാകൂ എന്ന് ചിലർ  പറയും. എന്നാൽ അങ്ങനെ  വേണ്ടെന്നാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. ഒരൊറ്റമണി കെട്ടി മനസ്‌ ഉരുകി പ്രാർത്ഥിച്ചാൽ മതി ആഗ്രഹസാഫല്യമുണ്ടാകും.  പൊങ്കാലയിടണമെന്നൊന്നും  നിർബ്ബന്ധമില്ല. മനസ്‌ നിറഞ്ഞ ഭക്തിയാണ്, അത് മാത്രമാണ് വേണ്ടത്.

മണി കെട്ടി പ്രാർത്ഥനയ്ക്ക് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പ്രതിഷ്ഠ കഴിഞ്ഞ കാലത്തൊരിക്കൽ കുടുംബാംഗങ്ങളോടൊപ്പം  ഒരു ഒൻപതു വയസുകാരി  ക്ഷേത്രത്തിൽ വന്നു. ഊമയായ ആ കുഞ്ഞ് ക്ഷേത്രമുറ്റത്തെ പേരാലിൽ ഒരു കുഞ്ഞ് മണി കെട്ടി. അത് കുട്ടി കൊണ്ടുവന്നതാണോ അതോ എവിടെ നിന്നെങ്കിലും അതിന് കിട്ടിയതാണോ എന്നൊന്നും ആർക്കും അറിയില്ല.  അരയാലിൽ മണി കെട്ടിയ കുട്ടി  അവിടെനിന്നു തന്നെ കാട്ടിലമ്മയെ പ്രാർത്ഥിച്ചു. പെട്ടെന്ന് അവൾ അമ്മേ എന്ന് ഉറക്കെ വിളിച്ചു…. കേട്ടുനിന്നവരെല്ലാം അത്ഭുതം കൊണ്ടു. മകൾ സംസാരിച്ചതുകേട്ട്  ഭക്തിവിവശരായ ബന്ധുക്കൾ അമ്മേ നാരായണായെന്ന്  വിളിച്ച് സാഷ്ടാംഗം പ്രണമിച്ചു.  അന്നുമുതൽ കാട്ടിലമ്മയുടെ സന്നിധിയിൽ  മണി കെട്ടി പ്രാർത്ഥിച്ചാൽ എന്ത്  പ്രശ്‌നത്തിനും  ദുഃഖത്തിനും പരിഹാരമുണ്ടാകുമെന്ന് വിശ്വാസമായി. അങ്ങനെ അത് വഴിപാടായി മാറി. 

മണികെട്ടി പ്രാർത്ഥിച്ച് കാര്യം നേടിക്കഴിഞ്ഞാൽ വീണ്ടും ക്ഷേത്രത്തിലെത്തി  കഴിവിനൊത്ത വഴിപാട് നടത്തി കാട്ടിലമ്മയുടെ അനുഗ്രഹം വാങ്ങണം. മണി കെട്ടി പ്രാർത്ഥിക്കുന്നതാണ് നല്ലതെങ്കിലും സ്വന്തം വീട്ടിലിരുന്ന്  പ്രാർത്ഥിച്ചശേഷം അഭിഷ്ടസിദ്ധിയുണ്ടാകുമ്പോൾ കാട്ടിലമ്മയെ വന്നു തൊഴുത്   വഴിപാട് നടത്തി മണി കെട്ടിക്കൊള്ളാം എന്ന് നേർന്നാലും ആഗ്രഹം സാധിക്കും.  എന്നാൽ കാര്യസാദ്ധ്യശേഷം ക്ഷേത്രത്തിലെത്തി മണി കെട്ടാൻ മറക്കരുത്.  പൊങ്കാല ഇടുന്നതിനോ മണി കെട്ടുന്നതിനോ പ്രത്യേക സമയമില്ല. ക്ഷേത്രം തുറന്നിരിക്കുന്ന ഏതു സമയത്തും വഴിപാട് നടത്താം.

മലയാളമാസം ഒന്നാം തീയതി ഇവിടെ വലിയ തിരക്കാണ്. അന്ന്  മഹാഗണപതി ഹോമം, ഐശ്വര്യവിളക്ക്  തുടങ്ങിയവ  ഉണ്ടാകും. ഞായറാഴ്ചകളിൽ ആദിത്യപൂജയും മാസത്തെ അവസാന വെള്ളിയാഴ്ച ശത്രുസംഹാര പുഷ്പാഞ്ജലിയും ഇരട്ടി മധുരപ്പായസവും അറുനാഴി മഹാനിവേദ്യവുമുണ്ട്. ഈ വഴിപാടുകൾ നടത്തുന്നത്  നല്ലതാണ്.
ദിവസവും പുലർച്ചെ അഞ്ചുമണിക്കാണ് നട തുറക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കും. വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും രാത്രി 8 മണിയോടെ നട അടയ്ക്കും. 

ക്ഷേത്രത്തിലെ  ഫോൺ നമ്പർ: +91 8606410469, +91 9020299000

ക്ഷേത്രത്തിന്  സംഭാവനകൾ അയയ്‌ക്കേണ്ട ബാങ്ക് അക്കൗണ്ട്: 

സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ചവറ

അക്കൗണ്ട് നമ്പർ: 33668922171. 

IFSC CODE : 0015785

ദേശീയപാതയിൽ കരുനാഗപ്പള്ളിക്കും ചവറയ്ക്കും മദ്ധ്യേ ശങ്കരമംഗലത്ത് നിന്നും പൊൻമനയിലേക്ക് ബസ്,  ഓട്ടോ, ടാക്സി എന്നിവയുണ്ട്. ശങ്കരമംഗലത്ത് നിന്നും പടിഞ്ഞാറോട്ട് കോവിൽത്തോട്ടം റോഡു വഴിയാണ് പോകേണ്ടത്.  മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. അവിടെ നിന്നും ജങ്കാറിൽ കയറി ക്ഷേത്രത്തിലെത്താം.

അമ്മേ നാരായണ ദേവീ നാരായണ

-സരസ്വതി ജെ.കുറുപ്പ്

മൊബൈൽ: +91 90745 80476

error: Content is protected !!