Thursday, 21 Nov 2024
AstroG.in

കാമനകൾ പൂവണിയിക്കും കാമദാ ഏകാദശി;
ദാമ്പത്യസൗഖ്യവും അഭിവൃദ്ധിയും നേടാം

മംഗള ഗൗരി
മനോകാമനകൾ എല്ലാം സഫലമാക്കുന്ന ഏകാദശി വ്രതമാണ് മീനം – മേടത്തിൽ വരുന്ന ചൈത്രമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ കാമദാ ഏകാദശി. ഈ ഏകാദശി അനുഷ്ഠിച്ചാൽ ദാമ്പത്യസൗഖ്യവും, ശാന്തിയും മറ്റെല്ലാ അഭിവൃദ്ധികളും ഉണ്ടാകുമെന്നുമാണ് വിശ്വാസം. ഹിന്ദുപുരാണങ്ങൾ അനുസരിച്ച് ശകവർഷത്തിലെ ആദ്യത്തെ ഏകാദശി എന്ന പ്രത്യേകതയും കാമദാ ഏകാദശിക്കുണ്ട്. 2023 ഏപ്രിൽ 1 ശനിയാഴ്ചയാണ് ഇത്തവണ കാമദാ ഏകാദശി. അന്ന് രാത്രി 9:45 മുതൽ ഞായറാഴ്ച രാവിലെ 10:51 മണിവരെ ഹരിവാസരവേള.

ഈ ഏകാദശി നോൽക്കുന്നവർ ദശമി നാൾ അതായത് തലേദിവസം ഒരിക്കൽ എടുത്ത് വ്രതം ആരംഭിക്കണം. അന്ന് നിലത്ത് കിടന്നുറങ്ങണം. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ശയിക്കരുത്. ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്ര വസ്ത്രം ധരിച്ച് ഭഗവത് നാമങ്ങൾ ജപിക്കണം. വിഷ്ണു സഹസ്രനാമം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം തുടങ്ങിയ കീര്‍ത്തനങ്ങൾ ഭഗവാന്‍റേതായിട്ടുണ്ട്. ഇതൊന്നും ഇല്ലെങ്കിലും ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന മന്ത്രമോ ‘ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’ എന്ന മന്ത്രമോ ചൊല്ലണം; മഹാവിഷ്ണുവിന്റെ അഷ്ടോത്തരം കേൾക്കുകയോ ജപിക്കുകയോ ചെയ്യണം. ഭഗവത് കീര്‍ത്തനങ്ങൾ കേൾക്കുകയും വിഷ്ണു ക്ഷേത്രത്തിൽ ദര്‍ശനം നടത്തുകയും ചെയ്യുന്നത് വളരെ നല്ലതാണ്.

ഏകാദശി വ്രതം നോൽക്കാൻ കഴിയാത്തവർ മുകളിൽ പറഞ്ഞ മന്ത്രങ്ങൾ ജപിക്കുന്നതും ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിക്കുകയും ചെയ്താൽ തന്നെ ഈശ്വരാനുഗ്രഹം ലഭിക്കും. മന്ത്ര ജപത്തിനും ക്ഷേത്ര ദർശനത്തിനും ഹരിവാസരവേള അത്യുത്തമമാണ്. വിഷ്ണു ക്ഷേത്രത്തിൽ ഭഗവാന് നാല് പ്രദക്ഷിണമാണ് വയ്ക്കേണ്ടത്. തുളസിക്ക് ചുറ്റും മൂന്ന് പ്രദിക്ഷണം വേണം. തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാട് നടത്തുന്നത് ഐശ്വര്യപ്രദമാണ്. ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ദിവസം അരി ഭക്ഷണം പാടില്ല. പഴങ്ങളും ഗോതമ്പ് കൊണ്ടുള്ള വിഭവങ്ങളും കഴിക്കാം. ഉപവാസമാണ് ഉത്തമം. തുളസി വെള്ളം മാത്രം കുടിച്ച് ഏകാദശി വ്രതം എടുക്കുന്നവരുമുണ്ട്. ഇതിന് ആരോഗ്യം അനുവദിക്കാത്തവര്‍ക്ക് ഏകാദശി ദിവസം ഉച്ചയ്ക്ക് മാത്രം ആഹാരം കഴിക്കാം. ഗോതമ്പ് അല്ലെങ്കിൽ ഫലം ആയിരിക്കണം എന്ന് മാത്രം. ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെ ഭഗവത് നാമങ്ങൾ ഉരുവിട്ട് വ്രതം നോറ്റാൽ ഏഴ് ജന്മങ്ങളിലെ പാപം മാറുമെന്ന് വിശ്വസിക്കുന്നു. എല്ലാ പാപങ്ങളും നശിക്കാൻ മോക്ഷദാതാവായ ഗുരുവായൂരപ്പന്‍റെ അനുഗ്രഹമുണ്ടാകാൻ ദിനം മുഴുവൻ നാമ ജപത്തോടെ കഴിയുക. പകലുറക്കം കർശനമായും ഒഴിവാക്കണം . മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, കുടുംബ സ്വസ്ഥത, മന:ശാന്തി, ആയുരാരോഗ്യം, സമ്പത്തും കീര്‍ത്തിയും, ശത്രുനാശം, സന്താന സൗഭാഗ്യം എന്നിവ അനുഭവിക്കുന്നതിന് ഇടയാക്കും. ജീവിതാന്ത്യത്തിൽ മോക്ഷവും ലഭിക്കും.

ഏകാദശി വഴിപാടുകൾ, ഫലങ്ങൾ
പുരുഷ സൂക്താര്‍ച്ചന ……. ഇഷ്ട സന്താന ലബ്ധി
ഭാഗ്യ സൂക്താര്‍ച്ചന………….ഭാഗ്യസിദ്ധി, ധനാഭിവൃദ്ധി
ആയുര്‍ സൂക്താര്‍ച്ചന…… ആയുര്‍വർദ്ധന, രോഗമുക്തി
വെണ്ണനിവേദ്യം……………….. ബുദ്ധിവികാസത്തിന്
പാൽപായസ നിവേദ്യം …….ധനധാന്യ വർധന
പാലഭിഷേകം……………………കോപശമനം, കുടുംബസുഖം
സന്താനഗോപാലാർച്ചന…..സത്സന്താന ലാഭം
സഹസ്രനാമ അര്‍ച്ചന……… ഐശ്വര്യം , മംഗളസിദ്ധി
നെയ് വിളക്ക് ………… നേത്രരോഗശമനം, അഭിഷ്ടസിദ്ധി
സുദർശനഹോമം …………….രോഗശാന്തി

Story Summary: Significance and date of Kamada Ekadeshi Vritham 2023


error: Content is protected !!