കാര്യസാദ്ധ്യത്തിനും രോഗശാന്തിക്കും
പന്മനത്തമ്പുരാന് മൂട വഴിപാട്
മംഗള ഗൗരി
ചിരപുരാതനമായ പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സന്താനലബ്ധിക്കും രോഗശാന്തിക്കും മറ്റ് ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിനുമായി അപൂർവമായൊരു വഴിപാടുണ്ട് ; മൂട എന്നാണ് ഇത് അറിയപ്പെടുന്നത്.
പഴം, ഉപ്പ്, അരി, ശർക്കര, മലർ, അരിയുണ്ട, നെല്ല് തുടങ്ങിയവയിൽ ഒന്ന് ഒരു പാളയിൽ പൊതിഞ്ഞ് അതിന് മുകളിൽ വൈക്കോൽ ചുറ്റി വാഴ വള്ളി കൊണ്ട് കെട്ടി കിളിക്കൂടിന്റെ മാതൃകയിൽ പന്തു പോലയാക്കി സമർപ്പിക്കുന്ന നേർച്ചയാണ് മൂട. മൂടിയത് എന്ന അർത്ഥത്തിൽ നിന്നാകണം മൂട എന്ന പദത്തിന്റെ ഉല്പത്തി. മുൻകാലത്ത് ഭക്തർ ഇത്തരത്തിൽ മൂട വീട്ടിൽ നിർമ്മിച്ചു കൊണ്ടുവന്ന് സമർപ്പിക്കുകയായിരുന്നു പതിവ്. ഇപ്പോൾ അരി, നെല്ല്, പഞ്ചസാര, ശർക്കര, പഴം,
കരിപ്പു കട്ടി, ഉപ്പ് തുടങ്ങി വിവിധ തരം മുടകൾ ദേവസ്വം സ്റ്റാളിൽ വാങ്ങാൻ കിട്ടും.
മൂട സമർപ്പിക്കാൻ ഭക്തർ ക്ഷേത്രത്തിൽ നിന്ന് നാളും പേരും പറഞ്ഞ് നിശ്ചിത സംഖ്യയൊടുക്കി (ഇപ്പോൾ 10 രൂപ) ഒടുക്കി രസീത് വാങ്ങണം. തുടർന്ന് മൂടയും രസീതും ക്ഷേത്രത്തിൽ നൽകണം. കീഴ്ശാന്തി പൂജിച്ചു തരുന്ന
മൂടയുമായി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് ഭക്തിപൂർവ്വം കൊടിമരത്തിന് മൂന്ന് വലം വച്ച് അതിന്റെ ചുവട്ടിൽ തലയ്ക്ക് ഉഴിഞ്ഞു സമർപ്പിക്കണം. ഇതാണ് ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിനായി നടത്തുന്ന മൂട വഴിപാട്. രോഗ ശമനം, സന്താനഭാഗ്യം എന്നിവയ്ക്കായി ഈ വഴിപാട് സമർപ്പിക്കുന്നവർ ധാരാളമാണ്.
പതിനാലാം നൂറ്റാണ്ടിന്റെ മധ്യാഹ്നകാലത്ത് രചിച്ചെന്നു കരുതപ്പെടുന്ന ഉണ്ണുനീലി സന്ദേശത്തിൽ പരാമർശമുളള പ്രസിദ്ധമായ മുരുക സന്നിധിയാണ് കൊല്ലം ജില്ലയിൽ ചവറയ്ക്ക് അടുത്തുള്ള പന്മന ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം. ഉണ്ണുനീലി സന്ദേശത്തിൽ പന്മന മുരുകനെ പന്മനത്തമ്പുരാൻ എന്നാണ് പ്രകീർത്തിക്കുന്നത്. പന്മനയിലെ സുബ്രഹ്‌മണ്യനെ തൊഴുതതിന് ശേഷം കന്നേറ്റിയിൽ (കന്റേറ്റി) കൂടി ഓടനാട്ടിൽ പ്രവേശിക്കാൻ സന്ദേശവാഹകനോട് കവി പറയുന്നുണ്ട്. ഉണ്ണുനീലി സന്ദേശത്തിൽ നിന്നാണ് അക്കാലത്ത് തിരുവിതാംകൂർ മുതൽ കടുത്തുരുത്തി വരെയുള്ള മഹാക്ഷേത്രങ്ങളുടെ പേരുവിവരങ്ങൾ ലഭിക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീപത്മനാഭ സ്വാമി, നരസിംഹമൂർത്തി, വേദവ്യാസൻ, ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, ശാസ്താവ്, തിരുവാമ്പാടി കൃഷ്ണൻ, ക്ഷേത്രപാലൻ എന്നീ മൂർത്തികൾക്കു പുറമെ പാൽക്കുളങ്ങര ദുർഗ്ഗ, വർക്കല ജനാർദ്ദനസ്വാമി, കൊല്ലത്ത് മൂരിത്തിട്ട ഗണപതി, പനങ്ങാവിൽ ഭദ്രകാളി, ആതിച്ചപുരത്തമ്മൻ, പന്മന സുബ്രഹ്‌മണ്യൻ, കണ്ടിയൂർ ശിവൻ, തൃക്കുരട്ടി ശിവൻ, പനയന്നർകാവ് ഭദ്രകാളി, തിരുവല്ലാ ശ്രീവല്ലഭൻ, തൃക്കൊടിത്താനത്ത് വിഷ്ണു, മണികണ്ഠപുരത്തു കൃഷ്ണൻ, ഏറ്റുമാനൂർ ശിവൻ, കോതപുരത്തു കൃഷ്ണൻ, തളിയിൽ ശിവൻ, മുതലായ മൂർത്തികളെ ഉണ്ണുനീലി സന്ദേശത്തിൽ സ്തുതിക്കുന്നു.
ബാലമുരുകനായാണ് പന്മന സുബ്രഹ്‌മണ്യസ്വാമിയെ സങ്കൽപ്പിക്കുന്നത്. കിഴക്കോട്ട് ദർശനം. ഗണപതി, അയ്യപ്പൻ, ആൽത്തറയിൽ സ്ഥാനമുള്ള ഹിഡുംബൻ
എന്നിവരാണ് പന്മനത്തമ്പുരാന്റെ സന്നിധിയിലെ ഉപദേവകൾ. തുലാമാസത്തിലെ കറുത്തവാവ് ആറാട്ടായി 11 ദിവസത്തെയും കുംഭമാസത്തിലെ അത്തം നാൾ കൊടിയേറി 11 ദിവസത്തെയും ഉത്സവങ്ങളുണ്ട്. പണ്ടൊരിക്കൽ ഉത്സവ ആറാട്ട് വേളയിൽ വിഗ്രഹം കടലിൽ പോയി. പിറ്റേന്നാണ് തിരിച്ചു കിട്ടിയത്. അതിന് ശേഷം പതിനൊന്നാം ദിവസം ആറാട്ടായി ഉത്സവം ക്രമീകരിച്ചു എന്നാണ് ഐതിഹ്യം. മകരത്തിലെ തൈപ്പൂയത്തിനും ഇവിടെ ഗംഭീരമായ ആഘോഷമാണ്. പന്മന, പൊൻമന തുടങ്ങി 5 മനക്കാരുടെ സ്വന്തമായിരുന്ന ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ
ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്.
മൂട വഴിപാടിന്റെ ആരംഭത്തെപ്പറ്റി ഒരു പുരാവൃത്തമുണ്ട്. വള്ളിയുടെ പ്രിയതമനാകാൻ മുരുകന് മോഹമുദിച്ചു. അതിനായി ഒരു സൂത്ര വിദ്യ കാഴ്ചവയ്ക്കാൻ സ്വയം തീരുമാനിച്ചു. സഹോദരൻ ഗണപതിക്ക് വേണ്ടിയെന്ന മട്ടിൽ ശർക്കരയും പഴവും ഉണക്ക വാഴയിലയിൽ കെട്ടി, വൈക്കോൽ കൊണ്ട് പൊതിഞ്ഞ് കുരുവിയുടെ കൂട് പോലെയാക്കി വള്ളി വരുന്ന തിനവയലിനടുത്ത് തൂക്കി. ശർക്കരയുടെ മണം പിടിച്ച് കൊതി പൂണ്ട് ഗണപതി ഒരു കുട്ടിയാനയായി അവിടേക്കു പാഞ്ഞെത്തി. കുട്ടിയാന പാഞ്ഞു വരുന്നത് കണ്ട് വള്ളി, ഭയന്ന് നിലവിളിച്ചപ്പോൾ മുരുകൻ ക്ഷണനേരത്തിൽ അവിടെ പ്രത്യക്ഷപ്പെടുകയും വള്ളിയെ കരവലയത്തി; കുട്ടിയാനയെ തിരിച്ചോടിച്ചു. സുബ്രഹ്‌മണ്യസ്വാമി തന്റെ ഉദ്ദിഷ്ടകാര്യത്തിനുവേണ്ടി ചെയ്ത കൗശലം കാലക്രമേണ ഭഗവാന്റെ പ്രിയപ്പെട്ട വഴിപാടായി മാറുകയും ചെയ്തു.
പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഫോൺ : 9995997296
മംഗള ഗൗരി
Story Summary: Mooda, A Rare Offering To Panmana Subramania Swamy