Saturday, 23 Nov 2024
AstroG.in

കാര്യസാദ്ധ്യത്തിന് അത്ഭുതശക്തിയുള്ള ഈ 5 ഹനുമാൻ ചാലിസ ജപിക്കൂ

അത്ഭുതശക്തിയുള്ള മന്ത്രമാലയാണ് ഹനുമാൻ ചാലീസ. ഇതിഹാസകവി തുളസിദാസ്‌ രചിച്ച ഹനുമാൻ ചാലീസയിൽ 40 ശ്ലോകങ്ങളുണ്ട്. ശ്രീരാമഭക്തനായ ചിരഞ്ജീവിയായ ഹനുമാൻ സ്വാമിയെ സ്മരിക്കുന്ന ഈ ശ്ലോകങ്ങളിൽ വിസ്മയകരമായ മന്ത്രസിദ്ധിയാണ് ഒളിഞ്ഞിരിക്കുന്നത്. ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയെല്ലാം നൽകുന്ന നിഗൂഢശക്തികൾ ഈ ചാലീസയിൽ നിറഞ്ഞിരിക്കുന്നു.

ശ്രീരാമഭക്തിയിലൂടെ പ്രസിദ്ധനായ ദേവനാണ് ഹനുമാൻസ്വാമി. സീതാദേവിയുടെ അനുഗ്രഹത്താലാണ് ഹനുമാൻ ചിരഞ്ജീവിയായത്. ഇപ്പോഴും രാമമന്ത്രങ്ങൾ ജപിക്കുന്നിടത്തെല്ലാം ഹനുമാന്റെ സാന്നിദ്ധ്യം ഉണ്ടാകും. രാമായണത്തിന്റെയും ഹനുമാൻ ചാലീസയുടെയുമെല്ലാം ഒരു മാഹാത്മ്യം അതാണ്.

ഹനുമാൻ ചാലീസയ്ക്ക് അസാധാരണമായ ദിവ്യത്വവും കല്പിക്കുന്നുണ്ട്. ഏതാനും തവണ ഭക്തിപൂർവം ജപിച്ചാൽ മാത്രം മതി ഏതൊരാളുടെയും സ്മൃതി പഥത്തിൽ ഈ ചാലിസകൾ രേഖപ്പെടുത്തും. ഹനുമാൻ സ്വാമിയുടെ മഹത്വങ്ങൾ വർണ്ണിക്കുന്ന ഈ ശ്ലോകങ്ങൾ വൃത്തിയും ശുദ്ധിയും പാലിച്ച് ആർക്കും ജപിക്കാം.

വിവിധ കാര്യസിദ്ധിക്ക് ഹനുമാൻ ചാലീസ ജപം വളരെ ഫലപ്രദമാണ്. ഇതിലെ ഓരോ ശ്ലോകത്തിനും മാന്ത്രിക ഫലസിദ്ധിയുണ്ട്. ഒരോ ശ്ലോകം ജപിക്കുന്നതിന്റെയും ഫലം വളരെ പെട്ടെന്ന് അനുഭവത്തിൽ വരും. കാരണം ഇത് ജപിക്കുന്നവരിൽ ഹനുമാൻ സ്വാമി പെട്ടെന്ന് പ്രസാദിക്കുമെന്നതാണ്. ഈ ചാലീസയിലെ മാന്ത്രിക ഫലസിദ്ധിയുള്ള 5 ശ്ലോകങ്ങൾ ഇവിടെ പറയുന്നു. ഈ ചാലീസകൾ ജപിക്കും മുമ്പ് നിലവിളക്ക് കത്തിച്ച് ശ്രീരാമസ്വാമിയെയും ഹനുമാൻ സ്വാമിയെയും ധ്യാനിക്കണം. സ്വന്തം കഴിവിനൊത്ത പൂജകൾ കൂടി ചെയ്ത ശേഷം ജപം നടത്തുന്നത് ഏറെ ഉത്തമം.

1
ശാരീരിക ബലത്തിന്

രാമ് ദൂത് അതുലിത് ബല് ധാമാ
അഞ്ജനി പുത്ര് പവനസുത് നാമാ

( ഇത് ജപിക്കുന്നവരുടെ ശാരീരികമായ വിഷമങ്ങൾ എല്ലാം മാറും. അത്ഭുതകരമായ കരുത്ത് ലഭിക്കും. ഈ ശ്ലോകത്തിന്റെ അർത്ഥം: അങ്ങ് ശ്രീരാമദൂതനും അതുല്യബലശാലിയുമാണ് അഞ്ജനാപുത്രൻ, പവനസുതൻ എന്നീ പേരുകളാൽ വിഖ്യാതനുമാണ്. )

2
ബുദ്ധിക്കും വിവേകത്തിനും

മഹാ ബീര് ബിക്രമ് ബജരംഗീ
കുമതി നിവാര് സുമതി കെ സംഗീ

(ഇത് ജപിക്കുന്നവർക്ക് ബുദ്ധിയും അറിവും വിവേകവും ലഭിക്കും. ഈ ശ്ലോകത്തിന്റെ അർത്ഥം മഹാവീരനും പരാക്രമശാലിയും വജ്രം പോലെ ഉറച്ച ശരീരമുള്ളവനും ദുർബുദ്ധിനിവാരകനും സദ്ബുദ്ധിപ്രചാരകനുമായ ശ്രീഹനുമാൻ വിജയിക്കട്ടെ എന്നാണ്. അതായത് സുഗ്രീവ സൈന്യത്തിലെ മഹാവീരനും പരാക്രമിയുമാണ് ഹനുമാൻ സ്വാമി. ത്യാഗം, ദയ, വിദ്യ, ദാനം, യുദ്ധം എന്നിവയുടെ പ്രതീകം. ഭക്തർക്ക് ആഗ്രഹദാതാവ്. രാമഭക്തനായതിനാൽ ദുർബുദ്ധിനാശകൻ, സദ്ബുദ്ധി പ്രചാരകൻ. ഭക്തരെ ആപത്തുകളിൽ നിന്നും രക്ഷിച്ച് സദ്‌വൃത്തിയിലേക്ക് നയിക്കും. അങ്ങനെയുള്ള ഭഗവാൻ ശ്രീ ഹനുമാൻ എന്നെന്നും നമുക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് വിജയിക്കട്ടെ എന്ന് പ്രാർത്ഥന.)

3
വിദ്യയ്ക്കും സാമർത്ഥ്യത്തിനും

ബിദ്യാവാന് ഗുനീ അതി ചാതുര്
രാമ് കാജ് കരിബേ കൊ ആതുര്

(സകല വിദ്യാ സദ്ഗുണ സമ്പന്നനും സമർത്ഥനുമാണ് അങ്ങ് . ശ്രീരാമദേവന്റെ കാര്യങ്ങൾ പൂർണ്ണമായും നിറവേറ്റുന്നവനാണ്. അങ്ങനെയുള്ള ശ്രീഹനുമാൻ വിജയിക്കട്ടെ എന്നാണ് ശ്ലോകത്തിന്റെ അർത്ഥം. എവിടെയും വിജയിക്കുന്നതിന് ആവശ്യമായ പ്രാപഞ്ചിക ജ്ഞാനം ആഗ്രഹിക്കുന്നവർ ഈ വരികൾ ജപിക്കണം. ശ്രീഹനുമാൻ പണ്ഡിതകേസരിയാണ്. എല്ലാ കലകളിലും വല്ലഭനാണ്. സകല സദ്ഗുണങ്ങളുടെയും വിളനിലമാണ്. എല്ലാവർക്കും ഉപകാരിയുമാണ്. ശ്രീരാമ കാര്യങ്ങളിൽ മറ്റാർക്കുമില്ലാത്ത പ്രത്യേക താത്പര്യവുമുണ്ട്.)

4
കാര്യസാദ്ധ്യം, ശത്രുദോഷമുക്തി

ഭീമ് രൂപ് ധരി അസുര് സംഹാരേ
രാമചന്ദ്ര് കെ കാജ് സംവാരേ

(അങ്ങ് ഉഗ്രരൂപിയായി അനേകം രാക്ഷസരെ വധിച്ചു. ശ്രീരാമദേവൻ ഏല്പിച്ച ദൗത്യം വിജയകരമായി നിറവേറ്റി. ഇതാണ് ശ്ലോകത്തിന്റെ അർത്ഥം. ശ്രീഹനുമാൻ ശ്രീരാമദേവന്റെ ക്രിയാശക്തിയാണ്. അതിനാലാണ് യുദ്ധസമയത്ത് ഉഗ്രരൂപത്തിൽ പ്രത്യക്ഷപ്പെടാനും അനേകം രാക്ഷസരെ വധിക്കാനും സാധിച്ചത്. ഇതേ കഴിവ് ഉപയോഗിച്ച് സ്വാമി ലങ്കയിൽ പോവുകയും ശ്രീരാമസന്ദേശം സീതാ മാതാവിന് കൈമാറുകയും ചെയ്തു. ശ്രീഹനുമാന്റെ ജന്മം തന്നെ ശ്രീരാമദേവന്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനു വേണ്ടി മാത്രമായിരുന്നു. ശത്രുശല്യത്താൽ വിഷമിക്കുന്നവർ, അതിൽനിന്നും മോചനം നേടാൻ ആഗ്രഹിക്കുന്നവർ, ഈ വരികൾ നിത്യവും ജപിക്കുക.)

5
രോഗമുക്തിക്ക്

ലായ് സജീവന് ലഖന് ജിയായേ
ശ്രീ രഘുബീര് ഹരഷി ഉര് ലായേ

(സഞ്ജീവനി മരുന്ന് കൊണ്ടു വന്ന് ഹനുമാൻ സ്വാമി ലക്ഷ്മണന് ജീവൻ നൽകി. ഇതിൽ സന്തുഷ്ടനായി ശ്രീരാമൻ ആഞ്ജനേയനെ ആലിംഗനം ചെയ്തു എന്ന് ശ്ലോകത്തിന്റെ അർത്ഥം. രോഗമുക്തിക്ക് ഈ വരികൾ ജപിക്കുന്നത് അത്യുത്തമം. ശ്രീഹനുമത്‌ സ്തുതിയിൽ ലക്ഷ്മണ പ്രാണദാതാ എന്നൊരു വിശേഷണമുണ്ട്. ഘോരമായ രാമ – രാവണയുദ്ധത്തിൽ മേഘനാദന്റെ ബാണത്താൽ മോഹാലസ്യപ്പെട്ടു വീണ ലക്ഷ്മണനെ രക്ഷിക്കാൻ വൈദ്യനായ ശ്രീസുഷേണന്റെ ഉപദേശം സ്വീകരിച്ച് സഞ്ജീവനി തേടിപ്പോയ ഹനുമാൻ സ്വാമി ഏറെ ക്ലേശങ്ങൾ സഹിച്ച് ഒടുവിൽ മരുത്വാമല തന്നെ കൊണ്ടുവന്നു. ഇതിൽ അത്യധികം സന്തുഷ്ടനായ രാമദേവൻ ഭക്തനായ ശ്രീഹനുമാനെ ഹൃദയത്തോട് ചേർത്ത് ആലിംഗനം ചെയ്തു.)

Story Summary: Five Most powerful Hanuman Chalisa and Benefits of its Recitation

error: Content is protected !!